അങ്ങനെ ഞാനും അന്തോണിയപ്പാപ്പനും (എൻ്റെ അപ്പനല്ല) കൂടി കഫേ കുടിക്കാനിരുന്നു. അപ്പാപ്പൻ വാതോരാതെ മിണ്ടിക്കൊണ്ടിരുന്നു. ഞാൻ വാ പൊളിച്ചിരുന്ന്.......ഓ....സി സി, എന്നും കണ്ണു തുറിപ്പിച്ച് "വേറോ " ന്നും തല താളത്തിലാട്ടി "ചേർത്തോ " യെന്നും പറഞ്ഞുകൊണ്ടിരുന്നു. മുഖത്ത് അത്യാവശ്യത്തിന് എക്സ്പ്രഷൻസ് കൊടുക്കുന്നുന്നായിരുന്നു. എല്ലാം ഒരൂഹം വച്ചായിരുന്നുന്ന് പ്രത്യേകം പറയണ്ടല്ലോ. അപ്പാപ്പൻ "ബ്രാവ, ബ്രാവ "(മിടുക്കി) എന്ന് പറഞ്ഞ് എന്നെ പ്രോൽസാഹിപ്പിച്ചു കൊണ്ടേയിരുന്നു.
അങ്ങനങ്ങനെ അവസാനം അപ്പാപ്പൻ ഒരു വാക്ക് മൂന്നാല് വട്ടം എടുത്ത് പറഞ്ഞു. "ത്രോപ്പോ പാസിയേൻസാ " എന്നാരുന്നു അത്. ത്രോപ്പോ ന്ന് പറഞ്ഞാ കൂടുതൽ എന്നാ അർത്ഥം. ഈ "പാസിയൻസാ "ന്ന് പറഞ്ഞാ ഭയങ്കര തളർവാതം പിടിപ്പെട്ട ഒരു തരം രോഗം എന്നാ ഞാൻ മനസ്സിലാക്കീത്. ഇറ്റാലിയൻ നമ്മക്കത്ര പിടിയൊന്നും ഇല്ലെന്ന് അപ്പാപ്പനറിയാം. അതോണ്ട് അപ്പാപ്പൻ പറയുന്നേൻ്റെ കൂട്ടത്തിൽ ആംഗ്യഭാഷയിടുന്നുണ്ട്.
ത്രോപ്പോ പാസിയാൻസാ ആണ്. നിനക്ക് ചെയ്യാൻ കഴിയോ ന്ന് ചോയ്ച്ചപ്പോ ഞാൻ ചാടിക്കേറി ആവേശത്തോടെ പറഞ്ഞു. " ചേർത്തോ ". ഉം. ഭയങ്കര കോൺഫിഡൻസാരുന്നു അപ്പോഴെനിക്ക് . കാരണം തളർന്ന ഒരമ്മാമാണെങ്കി വല്ല വറ്റും വെള്ളോം മരുന്നും കൊടുത്താ അവടടങ്ങി കെടന്നോളോല്ലോ.
ഇനി അടുത്തത് ശമ്പളക്കാര്യം ആണ്. അത് ഞാൻ വെള്ളം വെള്ളം പോലെ പഠിച്ച് വെച്ചണ്ട്. ആ ഒരു കാര്യത്തില് നമ്മള് മലയാളികള് ഇവടൊറ്റക്കെട്ടാ. ആഹാ. കിട്ടണ്ട ഒരു കാര്യത്തിലും നമ്മക്കൊരു പിശുക്കും ഇല്ല. ഞാൻ മണിമണി പോലെ
കാര്യം പറഞ്ഞു. അപ്പാപ്പൻ കമാന്നെതിർത്തൊരക്ഷരം പറഞ്ഞില്ല. ഒക്കെ സമ്മതിച്ചു. എന്തോരം നല്ല മനുഷൻ.
" ബെല്ല..... അന്തിയാമോ അ കാസ. വെദിയാമോ വേലിയ. " ബെല്ല .......ന്ന് പറഞ്ഞാ എന്താന്നറിയോ. സുന്ദരീ, പൊന്നേ, ചക്കരേ ന്നൊക്കാ അർത്ഥം 'ട്ടാ. കാര്യം ഏത് അണ്ടനേം അടകോടനേം കണ്ടാലും അവരടെ കാര്യം കഴിയണ വരെ ഇറ്റാലിയൻസ് അവരെ "ബ്രാവ, ബെല്ല " എന്നൊക്കെ നാഴികക്ക് നാൽപത് വട്ടം പുകഴ്ത്തും. വിളിക്കും. അത് കേട്ട് നമ്മള് മഞ്ഞുകൊണ്ടട്ട് കാര്യം ഒന്നൂല്യ. ന്നാലും കേക്കുമ്പോ ഒരു കുളിര്. ഒരു രസം. ല്ലേ.....
" സുന്ദരിക്കുട്ടി ....... നമ്മക്ക് വീട്ടിപോയി വേലിയമ്മാമേനെ കണ്ടാലോ " എന്നപ്പാപ്പൻ ചോയ്ച്ചപ്പോ "ചേർത്തോ " എന്നല്ലാതെ ഞാനെന്താ പറയാ. പിന്നെനിക്ക് എൻ്റെ റൂം എൻ്റെ ബാത്ത്റൂം ഇതൊക്കെ ചെക്ക് ചെയ്യേം വേണം.
അങ്ങനെ ഞങ്ങള് വേലിയമ്മാമ്മേടെ അടുത്തെത്തി. എന്നെ കണ്ടപ്പഴേ വേലിയമ്മാമ........ വീൽചെയറിലിരുന്ന്
"ചാവോ .... കിയാരാ....... " ( ഹായ് ഡിയർ എന്ന് ചിരിച്ച് അടുത്തുവിളിച്ച് മൂന്നാല് ചുംബനങ്ങട്ട് തന്നു. എൻ്റെമ്മ എനിക്കൊരുമ്മ തന്ന ഓർമ്മ ഇല്ലാ എനിക്ക്. സർവ്വത്ര കാര്യത്തിലും പിശുക്കിയായോണ്ട് ഈ കാര്യത്തിലും പിശുക്കി. അപ്പനേം മൊടക്കിക്കാണും. പിന്നേ...... അ....അതോണ്ട് ഞാനും ആ കാര്യത്തിലൊരു പിശുക്കിയാരുന്നു. ഇവടെ വന്ന് കൊണ്ടും കൊടുത്തും ആ മടിയങ്ങട് മാറീന്ന് പറഞ്ഞാ മതിലോ. ( ആരും തെറ്റിദ്ധരിക്കല്ലേ ''.....)
എന്തോരം നല്ല അമ്മാമ . എന്തോരം നല്ല അപ്പാപ്പൻ. അമ്മാമ കെടപ്പല്ല. വീൽച്ചെയറിലാ. ആംഗ്യഭാഷേന്ന് മനസിലാക്കിയ പോലെ ഒരു ഭാഗം അനങ്ങില്ല. ഒരു കയ്യും ഒരു കാലും. കെടപ്പല്ലെങ്കിലെന്താ....... വീൽച്ചെയറിലാണല്ലോ. ഞാൻ സഹായിക്കാതെ അനങ്ങാൻ പറ്റില്ല. പാവം. എന്നൊക്കെ ആശ്വസിച്ച് ഞാനത് ഫിക്സ് ചെയ്തു. അപ്പാപ്പൻ വീണ്ടും പാസിയൻസാ
ആവർത്തിച്ചു. അത് കേട്ട് അമ്മാമ കുഞ്ഞിനേപ്പോലെ ചിരിച്ചു.
ദൈവത്തോട് പ്രാർത്ഥിക്കാം ന്നും പറഞ്ഞ് പിന്നേം മൂന്നാലുമ്മ വാങ്ങിച്ചും കൊടുത്തും ഞാൻ തിരിച്ചുപോന്നു. പിന്നെ രണ്ടു ദിവസം കഴിഞ്ഞ് ജോലിക്ക് കേറി.
"പാസിയേൻസാ '..... ത്രോപ്പോ പാസിയേൻസ്സാ....... " അതെന്താന്ന് പഠിക്കാനൊള്ള ഗുരുകുലത്തിലേക്കാണ് ഞാനന്ന് ഏതോ കാല് വച്ച് കേറിത് .