Image

കടൽമീനുകളുടെ കിണറുകൾ ( കവിത : ജയന്തി അരുൺ )

Published on 23 July, 2025
കടൽമീനുകളുടെ കിണറുകൾ ( കവിത : ജയന്തി അരുൺ )

തിളയ്ക്കുന്ന വെയിൽ

കറുത്തകുടകൊണ്ടുമറച്ച്

ആദ്യത്തെ കാമുകനെ

(അവസാനത്തെയും )

കാണാനിറങ്ങിയതാണ്.

ഭർത്താവിന്റെ

ഉച്ചവിശപ്പിന്

പൊതിച്ചോറിലേക്കുള്ള

മൊരിഞ്ഞ കരിമീൻ

ഇലയിൽപ്പൊതിഞ്ഞു

തലേന്നത്തെപ്പത്രം

കീറിയപ്പോളതാ

മനസ്സിനെ

ചൂണ്ടയിൽക്കൊരുത്തു

വലിച്ചെടുത്തവൻ

ചരമക്കോളത്തിൽ

ചിരിച്ചിരിക്കുന്നു.

കിണറ്റിൽച്ചാടിയവന്

തീരേ ചേരാത്ത ചിരി.

ഇതുപോലൊരു നട്ടുച്ച

വെയിലിലേക്കാണ്

നീയെന്നെ തേച്ചെന്നവനും

തേക്കേണ്ടിവന്നെന്നു ഞാനും

രണ്ടു ദിശയിലേക്ക്

കുടചൂടിയിറങ്ങിപ്പോയത്.

മപ്പാസിലെ കരിമീൻമുള്ള്

തൊണ്ടയിൽക്കുരുങ്ങി

ആശുപത്രിയിൽ

ഓക്കാനിച്ചിരിക്കുന്ന

വായിലേക്കവന്റെ സംശയം:

"എടിയേ, കടലുമീനുകൾ

എങ്ങനെയാണ്

ആത്മഹത്യ ചെയ്യുന്നത്?'

ലഹരിക്കടലിന്റെയാഴങ്ങളിൽ

മുങ്ങിപ്പൊങ്ങി

കലങ്ങിച്ചീർത്തകണ്ണുകളിൽ

മീനുകൾ ചത്തു കിടന്നു.

വാഴത്തോട്ടത്തിലെ

കാവൽപ്പുരയിൽ

കാട്ടാനയോടുപൊരുതി

നടുപോയിക്കിടപ്പായിട്ടും

ഒറ്റപ്പാളിജനൽക്കാഴ്ചകളിൽ

നിറഞ്ഞുതുളുമ്പി,

എല്ലുന്തിയ അപ്പന്റെ

കണ്ണിൽത്തിളങ്ങിയ പച്ചപ്പ്,

കുലച്ചു വെട്ടിപ്പഴുത്ത

സ്വപ്‌നങ്ങൾ....

തൊണ്ടയിൽക്കുടുങ്ങാതെ

ചത്തമീനിന്റെ മുള്ളേ.....

പ്രണയപ്പെട്ട വസന്തങ്ങൾ

സ്വപ്നം കണ്ടുകണ്ടു

പണയപ്പെട്ട ചതുപ്പുകൾ

ഉഴുതുമറിക്കാതെ

കുഴൽക്കിണറുകളിലേക്ക്

ശ്വാസംമുട്ടിയവൾ

പുഴയും കടലും മണത്തു.

ഉപ്പുവെള്ളത്തിൽച്ചീർത്ത

മീൻകണ്ണുകൾ...

ഉപ്പുവെള്ളത്തിൽച്ചീർത്ത

മീൻകണ്ണുകളെ ദഹിപ്പിച്ചു

മനസ്സിലെ ചാരംകോരി

കനലൂതിയൂതി

അത്താഴത്തിലേക്കായി, കരയിൽപ്പിടഞ്ഞുചത്ത

കടൽമീനുകളെ

കണ്ണില്ലാതെ,

തലയില്ലാതെ

ചട്ടിയിൽത്തിളപ്പിച്ചു.

കടൽമീനുകളേ

കിണറിന്റെയാഴം

അളന്നതെന്തിന്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക