ഇന്നലെ ഉച്ച രണ്ടുമണി കഴിഞ്ഞപ്പോഴാണ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നും വി എസ് എന്ന ചുരുക്കപ്പേരിൽ ജനഹൃദയങ്ങളിൽ ചേക്കേറിയ കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അച്യുതാനന്ദന്റെ ചേതനയറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചത്. അനന്തപുരിയുടെ വഴിയോരങ്ങളിൽ പതിനായിരക്കണക്കിനാളുകൾ അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുവാൻ കാത്തുനിന്നു. ദൃശ്യമാധ്യമങ്ങൾ നിറയെ ആ യാത്രയുടെ കാഴ്ചകൾ. ജനങ്ങൾക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ പ്രത്യേക പോയിന്റുകൾ മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരുന്നു. ഓരോ പോയിന്റുകളും കടന്നുകിട്ടാൻ സമയമേറെ വേണ്ടിവന്നു. കേരളത്തിലെ ഒട്ടുമുക്കാൽ ജനങ്ങളും രാവേറും വരെ നിർന്നിമേഷരായി ആ യാത്ര കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
അർദ്ധരാത്രിവരെ ആ ദൃശ്യങ്ങൾ ടിവിയിൽ കണ്ടുകൊണ്ടിരുന്നു. കൊട്ടിയം പിന്നിട്ടപ്പോൾ ആയിരിക്കണം ഉറങ്ങാൻ കിടന്നതു. നാലുമണിക്ക് ഉണരാൻ അലാറം സെറ്റുചെയ്തു കിടന്നു. എന്നാൽ ഉറങ്ങാൻ കഴിയുന്നില്ല. എപ്പോഴായിരിക്കും ഹരിപ്പാട് എത്തുക എന്ന ഉദ്വേഗമായിരുന്നു എനിക്ക്. അദ്ദേഹത്തെ അവസാനമായി ഒന്ന് കാണണം. അദ്ദേഹത്തെപ്പോലെ ഒരാൾ ഇന്നു ജീവിച്ചിരിപ്പില്ല. ഇനി ഒരിക്കലും കേരളത്തിന്റെ മണ്ണിൽ അദ്ദേഹത്തെപ്പോലെ ഒരു കമ്മ്യുണിസ്റ്റോ പൊതുപ്രവർത്തകനോ ജീവിക്കുവാനുള്ള സാധ്യതയും ഇല്ല.
രണ്ടുപ്രാവശ്യത്തെ രാത്രിയിൽ ഞെട്ടി ഉണർന്നു. ഇല്ല. ഹരിപ്പാട്ട് എത്താൻ ഇനിയും സമയം ഏറെ വേണ്ടിയിരിക്കുന്നു. വീണ്ടും മയങ്ങി. ഉണർന്നപ്പോൾ രാവിലെ ഏഴര ആയി. ഓടിച്ചെന്നു ടി വി വീണ്ടും ഓൺ ചെയ്തു. ഭാഗ്യം. കായംകുളം പിന്നിട്ടു കരിയിലക്കുളങ്ങര എത്തുന്നതേയുള്ളു. പെട്ടന്ന് തയ്യാറായി ഹരിപ്പാട് ഗവൺമെന്റ് ആശുപത്രി ജങ്ഷനിലേക്കു ഓടി. അപ്പോൾ സമയം എട്ടുമണി കഴിയുന്നതേയുള്ളു. നാഷണൽ ഹൈവേ അറുപത്തിആറിന്റെ ഇരുവശവും നോക്കെത്താത്ത ദൂരത്തിൽ ജനങ്ങൾ. അവരുടെ ഇടയിൽ ഞാനും ഒരിടം കണ്ടെത്തി. ചെറിയ ചാറ്റമഴ പെയ്യുന്നുണ്ടായിരുന്നു. മഴനനയാതിരിക്കാൻ കരുതിയിരുന്ന ചെറിയ ഒരു ചുവന്ന ടർക്കി തൂവാല ഞാൻ തലയിൽ വിരിച്ചു വി.എസിനെയും കാത്തുനിന്നു. ചാറ്റമഴ കൂസാതെ എനിക്ക് ചുറ്റും കാത്തു നിന്ന പുരുഷാരത്തെ ഞാൻ ഒന്നു വീക്ഷിച്ചു. ഏറെ ദൂരം താണ്ടി എന്നേക്കാൾ ഏറെ മുൻപേ അവിടെ എത്തിയവർ. ചിലർ കോട്ടയത്ത് നിന്നും അതിനും അപ്പുറങ്ങളിൽ നിന്നും പ്രത്യേക വണ്ടികളും പിടിച്ചെത്തിയവരാണ്.
തീരെ ചെറിയ കുട്ടികൾ മുതൽ ഏറെ പ്രായം എത്തിയവർ വരെ. അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കൈയും പിടിച്ചു നിൽക്കുന്ന കുഞ്ഞുങ്ങൾ. ഏറെ വേണ്ടപ്പെട്ട ആരോ വിട്ടുപോയിരിക്കുന്നു എന്നവർ മനസ്സിലാക്കിയിരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും ആൺ കുട്ടികളും പെൺകുട്ടികളും യുവാക്കളും അടങ്ങുന്ന ആൾക്കൂട്ടങ്ങൾ നിരനിരയായി കാത്തുനിൽക്കുകയാണ്. അവരുടെയൊക്കെ മനസ്സുകളിൽ എങ്ങനെയാണു ഈ മനുഷ്യൻ ഇത്ര ശക്തമായി കുടിയേറിയത്?
ആലപ്പുഴയുടെ മണ്ണ് കമ്മ്യൂണിസത്തിന്റെ രക്തം വീണു ചുവന്ന മണ്ണാണ്. കേവല മാനുഷിക അവകാശങ്ങൾക്കുവേണ്ടി പോരാട്ടം നടത്തി രക്തസാക്ഷികളായ അനേകർ ജീവിച്ചു മറിച്ച മണ്ണ്. പുന്നപ്രയും വയലാറും അതുപോലെയുള്ള സമരഭൂമികളും ഏറെയുള്ള നാട്. ജന്മിത്തവും നാടുവാഴിത്തവും അടക്കിവാണ ഫ്യൂഡൽ മാടമ്പികൾക്കെതിരെ എല്ലാം സ്വയം നഷ്ടപ്പെടുത്തി പിൻപേ വരുന്നവർക്കുവേണ്ടി ജീവൻ ബലികൊടുത്തവർ. തോക്കിനു മുൻപിൽ വാരിക്കുന്തവുമായി പൊരുതാൻ മുന്നിട്ടിറങ്ങി ജീവൻ നഷ്ടപ്പെട്ടവരുടെ പിന്മുറക്കാർ എനിക്ക് ചുറ്റും നിൽക്കുന്നവരുടെ ഇടയിലും ഏറെയുണ്ട് എന്നുള്ളത് നിസ്സംശയം. അങ്ങനെയുള്ളവക്ക് വി എസിനെ പോലെ പ്രിയപ്പെട്ട മറ്റൊരാൾ എങ്ങനെ ഉണ്ടാവാൻ?
ലോകദൃഷ്ടിയിൽ പഴഞ്ചൻ നിലപാടുകളും പിന്തിരിപ്പൻ നയങ്ങളും സ്വീകരിച്ച ആളായിരുന്നു ഒരിക്കൽ വി എസ്. കംപ്യൂട്ടറിനെതിരെയും ഹൈവേകൾക്കെതിരെയും അദ്ദേഹം സമരം നയിച്ചിട്ടുണ്ട്. വിവാദപരമായ വെട്ടിനിരത്തലിന്റെ സ്പോൺസർ ആയി അദ്ദേഹം വേഷം ഇട്ടിട്ടുണ്ട്. ബീഡി വ്യവസായമാണ് ഏറ്റവും വലിയ വ്യവസായം എന്ന് കരുതിയ കമ്മ്യൂണിസ്റ്റുകൾ ജീവിച്ച നാടാണല്ലോ കേരളം. എന്നാൽ വി എസ് എന്ത് നിലപാട് എടുത്തിട്ടുണ്ട് എങ്കിലും അതൊക്കെയും താൻ വിശ്വസിച്ച തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പാവങ്ങളുടെയും ദുർബലരുടെയും താല്പര്യങ്ങൾ കൂടി സംരക്ഷിക്കപ്പെടണം എന്ന താല്പര്യം കൊണ്ടായിരുന്നു.
ഏറെപ്പേരുടെ നഷ്ടപ്രതീക്ഷളുടെ പ്രതിരൂപമായിരുന്നു വി എസ്. പാവപ്പെട്ടവരും നിരാലംബരും സുരക്ഷിതമായ കിടപ്പാടം പോലും എന്നും ഇല്ലാത്ത ഏറെ മനുഷ്യർ കേരളത്തിലുണ്ട്. അന്നന്നത്തെ അന്നത്തിനുവേണ്ടി അധ്വാനിക്കുന്ന ആണും പെണ്ണും ഇവിടെ ഏറെയുണ്ട്.
നിർഭാഗ്യവശാൽ, വി എസ് പ്രതിനിധാനം ചെയ്ത കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഇന്നു കേരളത്തിൽ അന്യം നിന്നുവോ എന്ന് സംശയിക്കേണ്ടിയിയ്ക്കുന്നു. പഴയ ഭൂമാഫിയയുടെ സ്ഥാനത്തു ഇന്നു പാറമട മാഫിയകൾ തൊഴിലാളി നേതാക്കൾ നേരിട്ട് തന്നെ യാതൊരു ജാള്യതയും കൂടാതെ നടത്തുന്നു. സംഘടിത ശക്തി എന്ന ഉമ്മാക്കി കാട്ടി എന്തു നീതികേടും നടത്താൻ മനഃസാക്ഷിക്കുത്തില്ലാത്തവരായി ഏറെ പാർട്ടിനേതാക്കളും കുട്ടിസഖാക്കളും മാറിയിരിക്കുന്നു. ഇരക്കുപകരം വേട്ടക്കാരന്റെ പക്ഷം നിൽക്കാൻ പലർക്കും മടിയില്ല എന്നതാണ് നിർഭാഗ്യകരം. സിദ്ധാർത്ഥന്മാർ ഇവിടെ ക്രൂരമായി കൊല്ലപ്പെടുമ്പോൾ ആർത്തട്ടഹസിക്കുന്നവർ ഭരണത്തണലിൽ സംരക്ഷിക്കപ്പെടുന്നതും നാം കാണുന്നു.
വി. എസിനെ പോലെ നീതിക്കുവേണ്ടി പൊരുതാൻ ഇനി ആരുണ്ട്? ഭൂമി കൈയേറ്റങ്ങൾക്കെതിരെ, തണ്ണീർത്തട നികത്തലുകൾക്കെതിരെ, പരിസ്ഥിതിക്കുവേണ്ടി ഇനി ആരു ഉച്ചത്തിൽ ശബ്ദിക്കും? രാഷ്ട്രീയ എതിരാളികളെ ഏറ്റവും മനുഷ്യത്വരഹിതമായി വെട്ടിനുറുക്കോമ്പോൾ അവരുടെ വിധവകളെ ചേർത്തുപിടിക്കാൻ ആരു ധൈര്യപ്പെടും? നേരിനുവേണ്ടി നിലകൊള്ളുന്നവരെ ഒറ്റപ്പെടുത്തുമ്പോൾ ആശ്വാസ വചനമെങ്കിലും ചൊരിയാൻ ആരുണ്ടാവും?
വഴിയോരങ്ങളിൽ ഇരവിനെ പകലാക്കി കാത്തുനിന്ന എണ്ണിയാലൊടുങ്ങാത്ത സാധാരണക്കാരുടെ ഉള്ളിൽ ഇത്തരം നീറുന്ന ചിന്തകളാവുമോ? കേരളത്തിലെ വെറും സാധാരണക്കാർക്ക് പ്രതീക്ഷ അർപ്പിക്കാനും തോളോട് തോൾ ചേർന്ന് ജാതി-മത ഭേദമില്ലാതെ ഒരു പരിധിവരെ സമത്വ വികാരത്തോടെ പ്രവർത്തിക്കാനും ഇടനൽകുന്ന മറ്റൊരു പ്രസ്ഥാനം ഇവിടെ ഉണ്ടായിട്ടില്ല എന്നത് കാണാതിരിക്കാനും ആവുന്നില്ല.
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ആലപ്പുഴയിൽ വലിയചുടുകാട്ടിൽ നിന്നും ഉയരുന്ന വലിയ ആരവം ദൃശ്യ മാധ്യമങ്ങളിൽ കേൾക്കാം. അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിഎസിന്റെ ഭൗതിക ശരീരം നമ്മുടെ ദൃഷ്ടിയിൽനിന്നും എന്നന്നേക്കുമായി മറയും. ഇനി ഒരിക്കലും മടങ്ങി വരാത്ത ഭൂമികയിലേക്കു മറയുന്ന മനസാക്ഷിയുടെ വിളികേട്ടിരുന്ന മനുഷ്യനായ ആ കമ്മ്യൂണിസ്റ്റിനു അന്ത്യാഭിവാദ്യങ്ങൾ! ലാൽ സലാം!