നടൻ മോഹൻലാലും മകൻ പ്രണവ് മോഹൻലാലും ഒന്നിച്ചുള്ള ഒരു റീൽ പങ്കുവെച്ച് നടൻ ബോബി കുര്യൻ. "രാജാവും മകനും" എന്ന അടിക്കുറിപ്പോടെ ബോബി കുര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ തരംഗമായി. വിഡിയോയിൽ ഒരു ബാഗുമായി മുന്നിൽ നടന്നുപോകുന്ന പ്രണവിനെ കാണാം. തൊട്ടുപിന്നിലായി നടന്നു വരുന്ന മോഹൻലാൽ, വിഡിയോ എടുക്കുന്നത് കണ്ട് ക്യാമറ നോക്കി പുഞ്ചിരിക്കുന്നുണ്ട്. 'സാഗർ ഏലിയാസ് ജാക്കി' എന്ന സിനിമയിലെ പശ്ചാത്തല സംഗീതം ചേർത്താണ് ബോബി കുര്യൻ ഈ വിഡിയോ പോസ്റ്റ് ചെയ്തത്.
നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. "ലാലേട്ടൻ കിട്ടിയ അവസരമാ... വിഡിയോയും ഫോട്ടോയും എടുത്തു വെച്ചോ. ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാനാവില്ല," ഒരു ആരാധകൻ കുറിച്ചു. "എവിടന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ സീൻ..." എന്ന് മറ്റൊരു ആരാധകന്റെ കമന്റും ശ്രദ്ധ നേടി. മോഹൻലാലിന്റെ മഞ്ഞ നിറത്തിലുള്ള ഷൂസും ആരാധകരുടെ ശ്രദ്ധ ആകർഷിച്ചു.
2002-ൽ 'ഒന്നാമൻ' എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രണവ് മോഹൻലാൽ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2018-ൽ 'ആദി' എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയിൽ അരങ്ങേറി. 'ഡീയസ് ഈറേ' എന്ന ഹൊറർ ചിത്രമാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പ്രണവിന്റെ ഏറ്റവും പുതിയ സിനിമ.
English summary:
Rajaavum Makanum’: Actor Bobby Kurian Shares Reel Featuring Mohanlal and Pranav Together; Fans Embrace It