''തല നരയ്കുവതല്ലെന്റെ വൃദ്ധത്വം-
തല നരയ്കാത്തതല്ലെന്റെ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം...''
സ്വാതന്ത്ര്യ സമരസേനാനി ടി.എസ് തിരുമുമ്പ് എന്ന സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ ഈ കവിതാ ശകലം വി.എസ് തന്റെ ഒരു പ്രസംഗത്തില്‍ ഉദ്ധരിച്ചിരുന്നു. മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖസ്ഥാനം വഹിച്ച അഭിനവ് ഭാരത് യുവസംഘം എന്ന സംഘടനയില്‍ പ്രായക്കൂടുതലായതു കൊണ്ട് അംഗത്വം നല്‍കാത്തതിന് പ്രതികരണമായാണ് ടി.എസ് തിരുമുമ്പ് തന്റെ സര്‍ഗാത്മക പ്രതിഷേധമെന്ന നിലയില്‍ ഈ കവിത എഴുതിയത്. പ്രായക്കുടുതലിന്റെ പേരുപറഞ്ഞ് താന്‍ പരിഹസിക്കപ്പെട്ട ഘട്ടത്തിലാണ് വി.എസ് തന്റെ പ്രതിഷേധ സൂചകമായി പ്രസ്തുത വരിള്‍ ചൊല്ലിയത്. ഏതാണ്ട് 80 വര്‍ഷം മുന്‍പ് ടി.എസ് തിരുമുമ്പെഴുതിയ ഈ വരികള്‍ കേരളത്തിന്റെ സജീവ ശ്രദ്ധയിലേക്ക് വലിയൊരിടവേളയ്ക്ക് ശേഷം അങ്ങനെ വന്നെത്തുകയായിരുന്നു. അതിന് പിന്നിലൊരു കഥയുണ്ട്.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം, വി.എസാണ് അന്ന് മുഖ്യമന്ത്രി. അദ്ദേഹത്തിനന്ന് പ്രായം 87. കേരളത്തില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വി.എസിന്റെ വയസിനെ ലക്ഷ്യം വെച്ചു. വീണ്ടുമൊരിക്കല്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ 93 കാരനായ മുഖ്യമന്ത്രിയെയാകും ലഭിക്കുക എന്നായിരുന്നു പ്രസംഗം. പിന്നാലെ പാലക്കാട് ഒരു ചെറുപരിപാടിയിലായിരുന്നു ഈ കവിത പാടി വി.എസ് ഇതിന് ചുട്ട മറുപടി നല്‍കിയത്. ജന്മിത്വ വിരുദ്ധപോരാട്ടത്തിലും സ്വാതന്ത്ര്യസമരത്തിലും പതിനേഴാം വയസില്‍ തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനമാണ് തന്റേതെന്ന് വി.എസ് അന്ന് ഓര്‍മ്മിപ്പിച്ചു. രാഹുലിനെതിരെ വി.എസിന്റെ പ്രശസ്തമായ 'അമൂല്‍ ബേബി' പരാമര്‍ശവും അന്നായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വി.എസ് ഈ പരാമര്‍ശം ആവര്‍ത്തിച്ചു.
വിടചൊല്ലുമ്പോള്‍ 102 വയസുണ്ടായിരുന്നെങ്കിലും തന്റെ നിലപാടിലും പ്രവര്‍ത്തിയിലും സമീപനത്തിലും അദ്ദേഹം പ്രായത്തിനതീതനായ വ്യക്തിത്വത്തിനുടമയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പദമലങ്കരിക്കുമ്പോള്‍ അച്ചടക്കമുള്ള കോമ്രേഡും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ എണ്ണമറ്റ സമരങ്ങളുടെ തീപ്പന്തവും മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോള്‍ കറയറ്റ സാമൂഹിക സേവകനും ആയിരുന്നു വി.എസ്. പാവങ്ങളുടെ പടത്തലവനായിരുന്നു എ.കെ.ജി എങ്കില്‍ അദ്ദേഹത്തിന് ശേഷം ആ വിശേഷണത്തിന് സര്‍വധാ യോഗ്യന്‍ വി.എസ് അച്യുതാനന്ദനായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന ജനനേതാവ് എന്ന നിലയിലാണ് വി.എസ് ജനകീയനായത്. ആശ്രയമില്ലാത്തവരുടെ അത്താണിയായി ആ സഖാവ്.
അതുകൊണ്ടാണ് തിരുവനന്തപുരത്തുനിന്നും ആലപ്പുഴയിലേയ്ക്കുള്ള വിലാപയാത്ര സമയക്രമങ്ങളെല്ലാം പാടേ തെറ്റിച്ചുകൊണ്ട് അനിശ്ചിതമായി നീണ്ടുപോയത്. വിലാപയാത്ര തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ നിന്നും ആലപ്പുഴ പുന്നപ്രയിലെ വി.എസിന്റെ തറവാട്ടുവീട്ടിലെത്താന്‍ 12 മണിക്കൂറിലേറെയെടുത്തു. കോരിച്ചൊരിയുന്ന മഴയത്തും രാത്രിയില്‍ വഴിയോരങ്ങളില്‍ ലക്ഷങ്ങളാണ് തങ്ങളുടെ പ്രിയ സഖാവിനെ കാണാന്‍ കാത്തു നിന്നിരുന്നത്. അവരാരും നിരാശരായില്ല. വി.എസിനെ എല്ലാവരും അവസാനമായി കണ്ടു. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും തുടര്‍ന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ആദരവിന്റെ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കേരളം ഇത്തരത്തിലൊരു അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ല.
കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയ ഗുരു.''ഇതൊരു തീപ്പൊരിയാണ്. തീ പടര്‍ത്താന്‍ ഇവന് കഴിയും...'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അന്വര്‍ത്ഥമായിയെന്ന് പില്‍കാല ചരിത്രം തെളിയിച്ചു. പി കൃഷ്ണപിള്ള, എം.എന്‍ ഗോവിന്ദന്‍ നായര്‍, എസ് കുമാരന്‍, സി.കെ ചന്ദ്രപ്പന്‍, ടി.വി തോമസ്, കെ.ആര്‍ ഗൗരിയമ്മ തുടങ്ങിയ കേരളത്തിലെ പ്രമുഖരായ പല കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന കളര്‍കോട്ടെ മുല്ലത്തുവളപ്പിലുള്ള വലിയ ചുടുകാട്ടിലെ മണ്ണിലാണ് വി.എസും അലിഞ്ഞു ചേരുക. കേവലം ഒരു ശ്മശാനം എന്നതിലുപരി, പുന്നപ്ര-വയലാര്‍ സമരത്തിലെ രക്തസാക്ഷികളുടെ സ്മരണകള്‍ ഉറങ്ങുന്ന ഒരു ചരിത്രഭൂമിയാണ് വലിയ ചുടുകാട്.
1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തില്‍ ജീവന്‍വെടിഞ്ഞ അനേകം രക്തസാക്ഷികളെ കൂട്ടമായി അടക്കം ചെയ്ത സ്ഥലമായ വലിയ ചുടുകാട് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പുണ്യഭൂമി തന്നെയാണ്. ഇവിടെയൊരു രക്തസാക്ഷി മണ്ഡപമുണ്ട്. ദിവാന്‍ ഭരണത്തിന് അറുതി വരുത്തുന്നതിനും ''അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍...'' എന്ന് പ്രഖ്യാപിച്ചുമുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഓര്‍മ്മകളും ഈ സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വര്‍ഷവും പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി വലിയ ചുടുകാട്ടില്‍ രക്തസാക്ഷി അനുസ്മരണവും പതാക ഉയര്‍ത്തലുമെല്ലാം നടക്കാറുണ്ട്.
പുന്നപ്ര-വയലാര്‍ സമരനായകനായ വി.എസിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സമരവിയര്‍പ്പും സഹന രക്തവും വീണ മണ്ണാണിത്. ''നിന്റെ ദൗത്യം കുട്ടനാട്ടിലാണ്. അവിടെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീകള്‍ മാനഭംഗത്തിനിരയാവുന്നു. കുട്ടനാട്ടില്‍ ചെന്ന് അവരെ സംഘടിപ്പിച്ച് പോരാട്ടത്തിനിറക്കൂ...'' എന്നു പറഞ്ഞാണ് പി കൃഷ്ണപിള്ള വി.എസിനെ ചരിത്രപരമായ ദൗത്യം ഏല്‍പ്പിച്ചത്. അന്ന് പി കൃഷ്ണപിള്ളയില്‍ നിന്ന് ഏറ്റുവാങ്ങിയ ദീപശിഖയുടെ പ്രയാണം ഏറെപ്പതിറ്റാണ്ടുകള്‍ താണ്ടി ഇന്നിതാ വലിയ ചുടുകാട്ടിലെത്തി നില്‍ക്കുന്നു. പക്ഷേ, സമരപ്രയാണം അവിടെ അവസാനിക്കുന്നില്ല...അത് പുതു തലമുറകളിലൂടെ അവിരാമം തുടരും...
''കനലെരിയും സമര പഥങ്ങള്‍
കയറിയൊരാളിന്നു വരുന്നേ
കരുതലിനൊരു കാവലുപോലെ
പോലെ എരിയും സൂര്യന്‍...''