Image

സുകൃത സ്മൃതികൾ... സ്മരണാഞ്ജലികൾ...(കുര്യൻ കെ തോമസ്)

Published on 23 July, 2025
സുകൃത സ്മൃതികൾ... സ്മരണാഞ്ജലികൾ...(കുര്യൻ കെ തോമസ്)

(തൊണ്ണൂറ്റി ആറാം വയസ്സിൽ അന്തരിച്ച കോട്ടയം കോത്തല ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻറ് യുപി സ്കൂൾ റിട്ട അധ്യാപിക തറക്കുന്നേൽ സാറാമ്മ ഉലഹന്നാൻ. എൺപതു വയസ്സ് പിന്നിട്ട പൂർവ്വവിദ്യാർത്ഥികൾക്കെന്നപോലെ നാടിനാകെ പ്രിയങ്കരിയായ സാറാമ്മ സാർ. ആ ജീവിതവഴികളിൽ കൊളുത്തിവെച്ച മൺചിരാതുകൾപോലെ തെളിയുന്ന ഓർമ്മകൾ.)


അന്നൊരു ശനിയാഴ്ച (19 ജൂലൈ 2025) ആയിരുന്നു. തറക്കുന്നേൽ കുടുംബത്തിലെ ഏറ്റവും മുതിർന്ന അമ്മയുടെ ചിരിമായാത്ത മുഖം അവസാനമായി കണ്ടു. രാജിയും അന്ത്യചുംബനം നൽകി ഐപിസി ബഥേൽ സഭയുടെ പതിനാലാം മൈലിലുള്ള ഉദയപുരം സെമിത്തേരിയിലേക്ക് ആ അമ്മയെ യാത്രയാക്കി. സഹോദരൻ സജിയുടെ വീട്ടിൽനിന്നും ആഹാരവും കഴിച്ചു ഞങ്ങൾ മടങ്ങി.

ഓർമ്മയായത് ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻറ് യുപി സ്കൂൾ റിട്ട അധ്യാപിക തറക്കുന്നേൽ സാറാമ്മ ഉലഹന്നാൻ (96). കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട സാറാമ്മ സാർ. എസ്ബിടി മാനേജർ ആയിരുന്ന പരേതനായ ടി എസ് ഉലഹന്നാന്റെ ഭാര്യ. പരിപ്പ് കോമടത്തുശേരിൽ വാഴയിൽ പോത്തന്റെ മകൾ. ബിലീവേഴ്സ് ഹോസ്പിറ്റൽ കാർഡിയോളജികൾ... വിഭാഗത്തിലെ ഡോ ടി യു സക്കറിയ എന്ന ബെന്നിച്ചായന്റെയും അദ്ദേഹത്തിന്റെ ഭാര്യ പാമ്പാക്കുട മാരേക്കാട്ട് കുഞ്ഞുമോളുടെയും അമ്മ. കൊച്ചുമക്കൾ നിതിന്റെയും അമിയുടെയും വല്യമ്മച്ചി.

ഈ അമ്മയും അപ്പച്ചനും അവരുടെ വീടും കുട്ടിക്കാലം മുതൽ രാജിക്ക്‌  സ്നേഹത്തിന്റെയും കരുതലിന്റെയും ഓർമ്മയാണ്. തറക്കുന്നേൽ കുടുംബവിശേഷങ്ങളിൽ പലതും കല്യാണശേഷം കോത്തല വീട്ടിലെത്തിയപ്പോൾ മുതൽ സെഹിയോൻ പള്ളി വിശേഷങ്ങൾക്കൊപ്പം തീൻമേശയിലെ സംഭാഷണങ്ങൾക്കിടയിൽ രാജിയുടെ സഹോദരൻ സജി പങ്കുവെച്ചവയും.

രാജിയുടെ ഇച്ചായൻ അച്ചൻകുഞ്ഞിന്റെ പിതാവ് ചാക്കോയുടെ (കുഞ്ഞൂഞ്ഞ്) സഹോദരൻ സ്കറിയയുടെ (കറിയാച്ചൻ) നാലു ആൺമക്കളിൽ രണ്ടാമനായിരുന്നു  ടി എസ് ഉലഹന്നാൻ  എന്ന കുഞ്ഞൂഞ്ഞ്. ഇച്ചായൻ അച്ചൻകുഞ്ഞിനും അമ്മ കുഞ്ഞമ്മക്കും ഇരുവരും ഏറെ പ്രിയപ്പെട്ടവർ. ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും ആശ്രയിച്ചിരുന്നവരും. ചെങ്ങഴിയിൽ പ്രദേശത്തെ തറക്കുന്നേൽ വീട്ടിലെ അപ്പച്ചൻ സഹോദരങ്ങൾ തങ്കമ്മക്കും മോളിക്കും സജിക്കും എന്നപോലെ രാജിക്കും ‘ചെങ്ങഴിലപ്പച്ചൻ’ ആയി. അമ്മച്ചി ‘ചെങ്ങഴിലമ്മ’യും.

ഇലവനാക്കുഴിയിൽ മാത്തൻ (കൊച്ച്), ടി എസ് കുറിയാക്കോസ് (കുഞ്ഞിക്ക), ഇളങ്കാവ് ക്ഷേത്രത്തിനടുത്ത് തറക്കുന്നേൽ തറവാട്ടിലെ ടി എസ് ഫീലിപോസ് (പാപ്പച്ചൻ) ഇവരായിരുന്നു ഭർതൃസഹോദരങ്ങൾ. മീനടം സ്രായിക്കാട്ട് കൊച്ചിന്റെ ഭാര്യ പെണ്ണമ്മ, തോട്ടയ്ക്കാട് തണങ്ങുംപൊതിക്കൽ ഉണ്ണിയുടെ ഭാര്യ അന്നാമ്മ, മണർകാട് നടുവിലേടത്ത് പാപ്പച്ചൻ സാറിൻറെ ഭാര്യ മറിയാമ്മ ടീച്ചർ, ഇവർ മൂന്ന് ഭർതൃസഹോദരിമാർ. രാജിയുടെ ഇച്ചായന് രണ്ടു സഹോദരങ്ങളും എട്ടു സഹോദരിമാരും.

തറക്കുന്നേൽ വീട്ടിൽ കഴിഞ്ഞ തലമുറയിൽ ഇനി ശേഷിക്കുക നാലാളുകൾ. അഡ്വ ടി പി വർഗീസ് എന്ന അച്ചൻകുഞ്ഞപ്പാപ്പനും കൊച്ചമ്മയും. തറവാട്ടിലെ പാപ്പച്ചനുപ്പാപ്പാന്റെ കൊച്ചമ്മ. പിന്നെ കുപ്പമല കുറിയാപ്പാന്റെ ആനിയമ്മ കൊച്ചമ്മ. പുതുപ്പള്ളി എറികാട് മണലേൽ കുടുംബാംഗമായ കൊച്ചമ്മ പുതുപ്പള്ളി ഗവ ഹൈസ്കൂളിൽ എന്റെ അമ്മയുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനി.

രാജിയുടെ കുട്ടിക്കാല ഓർമ്മകളിൽ പറേകുന്നും സെഹിയോൻ പള്ളിയും എൻഎസ്എസ് സ്കൂളും ഇളംങ്കാവ് ദേവീക്ഷേത്രവുമുണ്ട്. വീട്ടിൽ പശുവുള്ള കാലത്ത് പാലുമായി പോകുമായിരുന്ന പറേകുന്ന് ജംഗ്ഷനു തെക്കുപടിഞ്ഞാറായി വഴിക്കു മേലെയുള്ള പാരപ്പറ്റുകെട്ടിയ വീടുണ്ട്. ആ വീട്ടിൽനിന്നും എന്നും കൃതം ഒമ്പതുമണിക്ക് ഇളങ്കാവ് ക്ഷേത്രത്തിനടുത്ത കയറ്റത്തിനുമുമ്പുള്ള വയലുങ്കൽ വീടിന്റെ മുന്നിലൂടെ രണ്ടു കിലോമീറ്ററോളം ദൂരെയുള്ള ഇടക്കാട്ടുകുന്നിലെ സ്കൂളിലേക്ക് സാരിയുടുത്ത് ബാഗും കുടയുമായി നടന്നുപോകുന്ന സാറാമ്മ സാറെന്ന അധ്യാപികയുണ്ട്. ഈ കാഴ്ച കണ്ടു വഴിക്ക് ഇടത്തെ തൊടിയിലെ വീട്ടിന്റെ അരമതിലുള്ള കെട്ടിയടക്കാത്ത തിണ്ണയിൽനിന്നു ചിരിച്ചു  കൈവീശിക്കാട്ടുന്ന മുറിപാവാടക്കാരിയുണ്ട്. കല്യാണത്തലേന്ന് കുഞ്ഞിക്കാപ്പാപ്പന്റെ പെണ്ണമ്മക്കൊച്ചമ്മക്കൊപ്പം കല്യാണവിശേഷങ്ങൾ തിരക്കാനും കല്യാണപ്പെണ്ണിന്റെ ആഭരണങ്ങളും കല്യാണസാരിയും കാണാനുമെത്തിയ അമ്മയുടെ പ്രസന്നമായ മുഖവുമുണ്ട്.

ബെന്നിച്ചായൻ മെഡിക്കൽ പഠനവും പ്രാക്റ്റീസുമായി വെല്ലൂരു കഴിയുന്ന കാലത്ത് തറവാട്ടിലെ പാപ്പച്ചൻ ഉപ്പാപ്പന്റെ മൂത്തമകൻ സണ്ണിയായിരുന്നു കൂട്ടായി കരുതലായി കൂടെ. നാട്ടുവഴിയെ ബസ്സും നാട്ടിൽ മെഡിക്കൽ ഷോപ്പും ഇല്ലാതിരുന്ന അക്കാലത്ത് രാവിലെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ നടന്നു പന്ത്രണ്ടാം മൈൽ കുരിശിൽനിന്നും നഗരത്തിലേക്കു ബസ്സിൽ പഠിക്കാൻ പോകുന്ന വീട്ടുകാരികുട്ടിയെ മരുന്നുകുറുപ്പടികൾ ഏൽപ്പിക്കുന്ന അമ്മ. തന്നയക്കുന്ന കുറുപ്പടികാട്ടി കോട്ടയത്ത് നഗരമദ്ധ്യത്തിലെ കല്പക സൂപ്പർ മാർക്കറ്റിന്റെ തെക്കുകിഴക്കെ മൂലയിലുള്ള മെഡിക്കൽ ഷോപ്പിൽനിന്നും വാങ്ങിയ മരുന്നുകൾ. നഗരത്തിലെ പഴക്കടകളിൽനിന്നും വാങ്ങിയിട്ടുള്ള പഴങ്ങൾ...

എഴുപതുകളുടെ രണ്ടാം പാതിയിൽ കോത്തല സെഹിയോൻ പള്ളിയിലായിരുന്നു ബന്നിച്ചായൻറെ കല്യാണം. പറേകുന്നു ജംഗ്ഷനു തൊട്ടുവടക്കുപടിഞ്ഞാറുള്ള കോത്തല എൻഎസ്എസ് സ്കൂൾ ഹാളിൽ നടന്ന റിസപ്ഷൻ. അന്ന് ആദ്യമായി കഴിച്ച മട്ടൻ ബിരിയാണി അവൾ പങ്കുവെച്ച മറക്കാനാവാത്ത രുചിയോർമ്മ.

എനിക്ക് പന്ത്രണ്ടാം മൈലിൽ കെകെ റോഡരികിൽ താമസിച്ചിരുന്ന കുപ്പമലയിലെ മീശക്കാരൻ അപ്പച്ചനെപ്പോലെ ചെങ്ങഴിയിൽ അപ്പച്ചനും വിവാഹ നിശ്ചയംതൊട്ട് തറക്കുന്നേൽ വീട്ടിലെ ഏറ്റവും അടുപ്പമുള്ള  മുതിർന്ന ആളുകൾ. വിവാഹമുറപ്പിക്കൽ ചടങ്ങിൽ കാര്യങ്ങൾ സംസാരിച്ചത്‌ തറക്കുന്നേൽ കുടുംബയോഗം ഭാരവാഹിയായിരുന്ന കുപ്പമലയിലെ അപ്പച്ചൻ. ചെറുതല്ലാത്ത കടലാസുപൊതിയും ബാങ്കിൽനിന്നും മാറിയെടുത്ത കെട്ടുപൊട്ടിക്കാത്ത പുതിയ കറൻസി നോട്ടുകളുടെ സീരിയൽനമ്പറുകളും നോട്ടിന്റെ വിലയും ആകെത്തുകയും വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയ കടലാസും കൈമാറിയത് ബെന്നിച്ചായനെപോലെ സംസാരിക്കുന്ന അപ്പച്ചൻ. മീരാച്ചീയുടെ ജനനത്തിന് തൊട്ടുമുമ്പായിരുന്നു അപ്പച്ചന്റെ മരണം. കാര്യങ്ങൾ ചിട്ടയായ പട്ടികയാക്കി എഴുതി സൂക്ഷിക്കുന്ന പിതാവിന്റെ ശീലം പഠിക്കുന്ന കാലംമുതൽ ബെന്നിച്ചായനും കിട്ടി. ഇത് സംസ്കാരചടങ്ങിനിടെ തറക്കുന്നേൽ ലാൽ പങ്കുവെച്ച പുതിയ അറിവ്.

വിവാഹശേഷം സെഹിയോൻ പള്ളി ജംഗ്ഷനിൽനിന്നും വടക്കോട്ടുള്ള വഴിയെ ഭാര്യവീട്ടിലേക്കു പോകുമ്പോൾ കോത്തല എൻഎസ്എസ് ഹൈസ്കൂൾ ഗ്രൗണ്ടിനും വഴിക്കും പടിഞ്ഞാറായിരുന്നു അപ്പച്ചന്റെയും അമ്മച്ചിയുടെയും കിഴക്കോട്ട് ദർശനമായ വലിയ ഒറ്റനിലവീട്. ഇളങ്കാവ് ദേവീക്ഷേത്രത്തിനടുത്തുള്ള തറക്കുന്നേൽ തറവാടുപോലെ രാജിയുടെ വയലുങ്കൽ വീടിനോട് ഏറ്റവും അടുത്തുള്ള തറക്കുന്നേൽ വീട്. വഴിയരികിൽ ജോയിച്ചായന്റെ വീടുകഴിഞ്ഞുള്ള രണ്ടാമത്തെ തറക്കുന്നേൽ വീട്. പഴയ വയലുങ്കൽ വീടിനു മുന്നിൽ ഇടത്താണ് സജി പണിത പുതിയ ഇരുനിലവീട്.

മീരാച്ചിക്കുമുണ്ട് ബെന്നിച്ചായന്റെ വീടിനെപ്പറ്റിയും അമ്മച്ചിയെയും  കുഞ്ഞുമോൾ ആൻറിയെയും കുറിച്ചുമുള്ള ഇത്തിരി ഓർമ്മകൾ. പുതുക്കിപ്പണിയുകയും ലാൻഡ്സ്കേപ്പിംഗ് നടത്തുകയും ചെയ്ത ആ വീട്  ആർക്കിടെക്ട് നീനാ കോരയുടെ സുവർണ്ണരേഖ ഡിസൈൻ സ്ഥാപനത്തിൽ പ്രാക്ടീസ് ചെയ്യുന്ന കാലത്ത് അവൾ സന്ദർശിച്ചിരുന്നു.

താരക്കുട്ടി  ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ എംബിബിഎസിനു ചേർന്നകാര്യം അവിടെ കാർഡിയോളജി  വിഭാഗത്തിലുള്ള ബെന്നിച്ചായനെ രാജി  അറിയിച്ചിരുന്നു. പഠിപ്പിക്കാൻ ക്ലാസിലെത്തിയ ബെന്നിച്ചായൻ താരാ കുര്യനെ അന്വേഷിച്ചു. അടുത്തു ചെന്നിട്ട് പറഞ്ഞു, "അമ്മയുടെ കസിനാണ് കേട്ടോ..." താരക്കുട്ടിക്കൊപ്പം ഞങ്ങളും അഭിമാനത്തോടെ ഓർത്തുവയ്ക്കുന്ന നിമിഷം.

അമ്മയെ കാണാൻ ഒരിക്കൽ വീട്ടിലെത്തിയപ്പോൾ താൻ അഞ്ചോ ആറോ വയസ്സുള്ള കൊച്ചുകുട്ടിയായിരുന്നപ്പോൾ പണ്ട് സൺഡേസ്കൂളിൽ ബെന്നിച്ചായൻ പാടികേട്ട 'റോജാ മലരേ…' (രണ്ടു ലോകം, 1977) എന്ന പാട്ടിനെകുറിച്ച് രാജി ഓർമ്മിപ്പിച്ചു. മൂന്നൂനാലു വർഷത്തെ ഇടവേളയ്ക്കുശേഷം താരക്കുട്ടിയുടെ എംബിബിഎസ് പഠനകാലത്ത് ബിലിവേഴ്സ് ഹോസ്പിറ്റൽ ഇടനാഴിയിലൂടെ ഞങ്ങൾ നടക്കുമ്പോൾ റൗണ്ട്സിനിറങ്ങിയ അദ്ദേഹം കുശലം പറയുന്നതിനിടയിൽ പഴയ പാട്ടുകഥ രാജിയെ തിരുത്തി. താൻ പാടിയത് ‘റോജാ മലരേ…'  എന്ന താരതമ്യേന പുതിയ ഗാനമല്ലന്നും  ‘കല്പന തൻ അളകാപുരിയിൽ…’എന്ന ഏറെപഴയ പാട്ടായിരുന്നെന്നും പറഞ്ഞു. പി എ തോമസ് സംവിധാനം ചെയ്ത സ്റ്റേഷൻ മാസ്റ്റർ (1966) സിനിമയിലെ ഭാസ്ക്കരൻ മാസ്റ്റർ രചിച്ച് ബി എ ചിദംബരനാഥ് സംഗീതം പകർന്നു യേശുദാസ് പാടിയ കല്പനതൻ അളകാപുരിയിൽ പുഷ്പിതമാം പൂവാടികളിൽ റോജാപ്പൂ നുള്ളിനടക്കും രാജകുമാരീ…,’ എന്ന അനശ്വരഗാനം.

അവസാനം കാണുമ്പോൾ  അമ്മ വീട്ടിനകത്ത് വീൽചെയർ ഉരുട്ടി സ്വീകരണമുറിയിലെത്തി. ചെറിയ കാര്യങ്ങൾവരെ പഴയകാലങ്ങൾ എണ്ണിപ്പറഞ്ഞു. പണ്ടെന്നപോലെ കാപ്പിയും പലഹാരങ്ങളും നൽകി  യാത്രയാക്കി.

സംസ്കാരച്ചടങ്ങിനിടയിൽ പങ്കുവെച്ച ഓർമ്മകളിൽ ചിലത് ആ ജീവിതവഴികളിൽ കൊളുത്തിവെച്ച മൺചിരാതുകൾപോലെ തെളിയുന്നു. ഓർമ്മകൾ പങ്കുവെച്ചവരിൽ പ്രിയപ്പെട്ട സാറാമ്മ സാറിന്റെ എൺപതു വയസ്സ് പിന്നിട്ട പൂർവ്വവിദ്യാർത്ഥികളും ഉണ്ടായിരുന്നു. സുകൃതസ്മൃതികളായി, സ്മരണാഞ്ജലികളായി അവ മനസ്സിൽ നിറയുന്നു...

തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നറുപുഞ്ചിരിയായ്   നടന്നുമറഞ്ഞ അമ്മച്ചിയെപ്പോലെ ആ വീടും അവിടുത്തെ മനുഷ്യരും സ്നേഹം പകർന്നു തന്നവരാണ്. ആ നല്ല ഓർമ്മകളുമായി തൊഴുകൈയ്യോടെ തലകുനിക്കുന്നു.

E-mail: kuriankthomas242@gmail.com   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക