Image

ജനഹൃദയങ്ങളിലേക്ക് കയറി വി.എസ് എന്ന യുഗപുരുഷൻ (ഷുക്കൂർ ഉഗ്രപുരം)

Published on 24 July, 2025
ജനഹൃദയങ്ങളിലേക്ക് കയറി വി.എസ് എന്ന യുഗപുരുഷൻ (ഷുക്കൂർ ഉഗ്രപുരം)

മണ്ണിൽ മനുഷ്യർക്കൊപ്പം ജീവിച്ച മനുഷ്യൻ ഇനി വിശ്രമിക്കട്ടെ. നീതിക്കു വേണ്ടി ആളും തരവും സമയവുംനോക്കാതെ പോരാടിയിരുന്ന ഒരു യുഗപുരുഷൻ കാലാതീതനായി. ജനത്തിനും സമൂഹത്തിനും വേണ്ടി സംസാരിച്ചത് കൊണ്ട് - പോരാടിയത് കൊണ്ട് അദ്ദേഹത്തിൻറെ സ്ഥാനം ജനഹൃദങ്ങളിലായിരുന്നു. അദ്ദേഹത്തിൻറെ വിലാപയാത്ര ആ മനുഷ്യൻ ആരായിരുന്നു എന്നതിനുള്ള ഉത്തരം കൂടിയാണ്. എന്നും തൊഴിലാളി വർഗ്ഗത്തോടൊപ്പം ചേർന്നു നിന്ന പോരാളിയായ മനുഷ്യനായിരുന്നു അദ്ദേഹം. ആദ്യകാലം മുതൽ ആൾക്കൂട്ടത്തിന്റെ നടുക്കായിരുന്നല്ലോ ആ മനുഷ്യൻ്റെ ജീവിതം. അല്ലെങ്കിലും മലയാളികൾ ആ മനുഷ്യനെ എങ്ങനെ സ്നേഹിക്കാതിരിക്കും, ആ ജീവിതം തന്നെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് തണലായി നിന്നുകൊണ്ട് കരുത്തു പകർന്നത് അങ്ങനെയായിരുന്നല്ലോ. ഇങ്കുലാബ് സിന്ദാബാദ്

പാറ് പതാകെ പറക്ക് പതാകെ

വാനിൽ ഉയർന്നു പറക്കുപതാകെ... എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് വെറുമൊരു സാധാരണ പാർട്ടി പ്രവർത്തകനായ യുവത്വത്തിൽ നിന്ന് കലർപ്പില്ലാത്ത കറ കളഞ്ഞ കമ്മ്യൂണിസത്തിന്റെ കാവലായി മാറിയ കല്ലും മുള്ളും കനലും നിറഞ്ഞ സമരവീര പോരാട്ട വഴികളെ ആശയം കൊണ്ടും ആദർശം കൊണ്ടും പൊരുതി ജയിച്ച ധീരനായ കമ്മ്യൂണിസ്റ്റ്.

കാലം സാക്ഷി,......

ചരിത്രം സാക്ഷി..........

പിന്നാലെ വന്നവർക്കൊന്നും അദ്ദേഹത്തിന് പകരമാകാൻ കഴിയുമെന്ന് തോന്നുന്നില്ല.

കേരളത്തിൽ ഉണ്ടാകുന്ന ഓരോ രാഷ്ട്രീയ ചലനത്തിലും വിഎസിന്റെ നിലപാട് എന്തെന്നറിയാൻ കാതോർത്തിരുന്ന ഒരു വലിയ സമൂഹം തന്നെ ഇവിടെ ഉണ്ടായിരുന്നു.


"തല നരയ്ക്കുന്നതല്ല എന്റെ വാർദ്ധക്യം

തല നരക്കാത്തതല്ല എന്റെ യൗവനം കൊടിയ ദുഷ്പ പ്രഭുത്വത്തിനു മുന്നിൽ തലകുനിക്കാത്തതാണ് എന്റെ യൗവനം."


പ്രവൃത്തി കൊണ്ട് കൗമാരത്തിൽ ആവേശം കൊള്ളിച്ചും നിലപാട് കൊണ്ട് യൗവനത്തിൽ അത്ഭുതം  കൊള്ളിച്ചും ജീവിതം കൊണ്ട് വാർദ്ധക്യത്തിൽ വിസ്മയിപ്പിച്ചും ജീവിച്ച പ്രായം തളർത്താത്ത പോരാട്ട വീര്യത്തിന്റ ഉടമയാണ് വി. എസ്.

പുന്നപ്രയുടെയും പാലായുടെയും മണ്ണിൽ നിന്ന് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ രാഷ്ട്രീയ കേരളത്തിന്റെ പകരക്കാരനില്ലാത്ത വിപ്ലവ സൂര്യൻ.

*****

മുൻ മന്ത്രിയും ഇടതുപക്ഷക്കാരനുമായിരുന്ന മഞ്ഞളാംകുഴി അലി തൻ്റെ അനുസ്മരണക്കുറിപ്പിൽ ഇങ്ങനെയാണ് എഴുതിയത് - "പാര്‍ട്ടിക്കാര്‍ക്കിടയില്‍ താങ്കളൊരു വിഎസ് പക്ഷക്കാരനാണെന്ന് വിഎസിന് അറിയാമായിരുന്നോ?'

മലപ്പുറം ജില്ലയിലെ വിഎസിന്റെ അടുത്തയാള്‍ എന്ന് ഖ്യാതിയുണ്ടായിരുന്ന കാലത്ത് ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് എന്നോട് ചോദിച്ചതാണിത്. അതൊരു കൗതുകമുള്ള ചോദ്യമായിരുന്നു. സഖാവുമായി സിപിഎമ്മിലെ അകരാഷ്ട്രീയം ഒട്ടും സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതിരുന്ന കാലത്താണ് നേതാക്കള്‍ക്കും അതുവഴി അണികള്‍ക്കുമിടയില്‍ ഞാന്‍ കടുത്ത 'വിഎസ് പക്ഷക്കാരനാ'യത്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇടമില്ലായിരുന്നുവെന്ന് ബോധ്യപ്പെടാത്തവര്‍ രൂപപ്പെടുത്തിയ കഥ. വിഎസ് പക്ഷമെന്ന പേരു പ്രചരിക്കാന്‍ അദ്ദേഹവുമായുള്ള അടുപ്പം വഴിയൊരുക്കിയെന്നതും ശരിതന്നെയാണ്.

2001 ല്‍ മങ്കടയില്‍ മല്‍സരിക്കുമ്പോള്‍ പ്രചരണത്തിനായി അദ്ദേഹം വന്നിരുന്നു. എന്നാല്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ആ വേദി അദ്ദേഹവുമായി പങ്കിടാന്‍ കഴിഞ്ഞിരുന്നില്ല. എംഎല്‍എ ആയശേഷം എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സ്വയം പരിചയപ്പെടുത്തുന്ന സമയം. ഡോ. തോമസ് ഐസക്ക് എന്റെ പേരുവിളിച്ചു. ഉടന്‍ സമീപത്തുണ്ടായിരുന്ന വിഎസിന്റെ കമന്റ്.

'താങ്കളെ തിരഞ്ഞ് താങ്കളുടെ നാട്ടില്‍ വന്നിട്ടും കാണാനായില്ല മിസ്റ്റര്‍ അലി'. അതാണ് വിഎസിന്റെ ആദ്യത്തെ വര്‍ത്തമാനം. വാക്കുകളിലെ മൂര്‍ച്ഛയും ഗൗരവവും പറഞ്ഞുകേട്ട തെറ്റിദ്ധാരണകളും ചേര്‍ത്ത് അകലെ നില്‍ക്കാനാണ് അന്ന് ശ്രമിച്ചത്. സിപിഎമ്മിന്റെ മങ്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിഎസിനെ കൊണ്ടുവരണമെന്ന രാജേന്ദ്രന്‍മാഷിന്റെ ആവശ്യവുമായാണ് ആദ്യം അദ്ദേഹത്തിന്റെ മുന്നില്‍പോയത്. വരാമെന്നേറ്റു, വന്നു.

'വിഎസിനെ ആവശ്യമുണ്ടെങ്കി അലിയോട് പറഞ്ഞാമതിയല്ലോ' എന്ന് അന്ന് ജില്ലാസെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ട്യാക്ക പറഞ്ഞതും ഓര്‍ക്കുന്നു. പിന്നീടങ്ങോട്ട് വിഎസുമായി അടുപ്പമുണ്ടായി. നിലപാടുകളിലെ സത്യസന്ധത മനസ്സിലായിത്തുടങ്ങിയെന്നതാണ് സത്യം. മലപ്പുറത്ത് എവിടെ പരിപാടികള്‍ക്കുവന്നാലും വീട്ടില്‍ വരുകയും താമസിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായി. ആ ബന്ധമാണ് മലപ്പുറം സമ്മേളനത്തിലെ വിഭാഗീയതയിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കാന്‍ കാരണമായത്. അന്ന് വിഎസിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി വീട്ടിലെത്തിയിരുന്ന നേതാക്കള്‍ പലരും സമ്മേളനത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞുവെന്നത് എനിക്കും വിഎസിനും അത്രയും അടുപ്പമുള്ള ചിലര്‍ക്കും മാത്രമറിയുന്ന സത്യം.

'പലതും സഹിക്കാനാവുന്നില്ലെന്നും മതിയാക്കുകയാണെന്നും' ചെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിലക്കിയില്ല. അദ്ദേഹത്തിന്റെ പക്ഷക്കാരനായിരുന്നെങ്കില്‍ എന്നെ നിലനിര്‍ത്താനെങ്കിലും അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്റെ ഇഷ്ടം പോലെ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി വേര്‍പിരിഞ്ഞശേഷവും അദ്ദേഹവുമായി വ്യക്തിബന്ധം തുടര്‍ന്നു. കരുത്തുള്ള ആ നിലപാടുകള്‍പോലെ തന്നെയായിരുന്നു എന്നോടുള്ള ബന്ധവും സ്‌നേഹവും. സിപിഎം രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സന്‍മനസ്സും സ്വാതന്ത്ര്യവുമുണ്ടായിരുന്നു എന്ന ബോധ്യംതന്നെയാണ് ഞങ്ങള്‍ക്കിടയിലെ അടുപ്പം.

നിലപാടുകളുടെ ആ ഉറച്ച ശബ്ദം നിലയ്ക്കുകയില്ല.

ഓർമ്മകൾ മരിക്കുകയുമില്ല...''

****

വി.എസിനെതിരെ ചിലർ വിമർശന കുറിപ്പിട്ടപ്പോൾ കോളേജധ്യാപകനും എഴുത്തുകാരനുമായ ആരിഫ് സൈൻ ഇങ്ങനെയാണ് പ്രതികരിച്ചത് -

'നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.'

കേരളത്തിന്റെ മുൻമുഖ്യമന്ത്രിയാണ് വി. എസ്. അച്യുതാനന്ദൻ അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഈ സമയത്ത് മാന്യമായാണ് സംസാരിക്കേണ്ടത്, അതാണ് മാന്യത. അവിടെ കണക്ക് തീർക്കാൻ നിൽക്കരുത്, അതാണ് രാഷ്ട്രീയ മര്യാദ. ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ നോക്കൂ, എന്റെ ഓർമയിലെവിടെയും വി. എസ്. മുസ്‌ലിംലീഗിനെക്കുറിച്ച് നല്ല ഒരു വാചകം പറഞ്ഞതായി കേട്ടിട്ടില്ല. എന്നാൽ, തങ്ങൾ എത്ര മാന്യമായാണ് വി. എസ്.ന്റെ വിയോഗത്തിൽ അനുശോചിച്ചത്. കുഞ്ഞാലിക്കുട്ടിയോട് രാഷ്ട്രീയമായ വിയോജിപ്പ് മാത്രമായിരുന്നില്ല‌ വി.എസ്. നുണ്ടായിരുന്നത്, വ്യക്തിപരം എന്ന് തോന്നാവുന്ന കടുത്ത എതിർപ്പ് തന്നെയുണ്ടായിരുന്നു. അദ്ദേഹവും‌ വളരെ മാന്യമായാണ് വി. എസ്.ന്റെ മരണത്തോട് പ്രതികരിച്ചത്. ജനാധിപത്യത്തിന്റെ സൗന്ദര്യമാണത്.

അതേസമയം, സി. പി. എം.ലെ വി.എസ് - പിണറായി അന്യോന്യത്തിന്റെ കാലത്ത്, പിണറായിക്കെതിരെ വി. എസ്. പക്ഷത്തേക്ക് ഏകപക്ഷീയമായി ചാഞ്ഞ സമീപനമായിരുന്നു മാധ്യമം (പത്രവും ആഴ്ചപ്പതിപ്പും) സ്വീകരിച്ചത്.‌ (അതാണ് ജമാഅത്തുകാർക്ക് പിന്നീട് വിനയായതും.) അക്കാലത്ത് വി. എസ്. നെ വാഴ്ത്തുന്ന ലേഖനങ്ങൾ ഒ. അബ്ദുല്ല സാഹിബ് അടക്കമുള്ളവർ‌ മാധ്യമത്തിൽ‌ എഴുതുകയും ചെയ്തിരുന്നു.

വാക്കുകൾ ഒട്ടും അവധാനതയില്ലാതെ പലപ്പോഴും പ്രയോഗിച്ചിരുന്നു വി. എസ്. എന്നു പറയാം. ചിത്താന്ത(സിദ്ധാന്ത) വാശിക്കാരനായ ഒരു മലയാളി കമ്യൂനിസ്റ്റ് ആയിരുന്നു അദ്ദേഹം; ഫാഷിസ്റ്റ് ആയിരുന്നില്ല.

അതിനാൽ മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞതുപോലെ, 'നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.' അതൊരു മാന്യതയാണ്.

പിസ്: മറ്റൊരു സന്ദർഭത്തിൽ സഖാവ് സ്വരാജ് എഴുതിയ ഒരു ഫെയ്സ്ബുക് കുറിപ്പ് അനവസരത്തിൽ ഷെയർചെയ്യുന്നതും‌ ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ അമാന്യവും നെറികേടുമാണ്. വി.എസ്.ന് ആദരാഞ്ജലികൾ

*******

ജാവേദ് പർവേശിൻ്റെ കുറിപ്പും ഏറെ ശ്രദ്ധേയമാണ്.

"മരിച്ചവരെക്കുറിച്ച് മോശം പറയാതിരിക്കുക മാന്യതയാണ്.

എം.സ്വരാജ് മുൻപ് എഴുതിയത് പോലെ ലാറ്റിൻ പദപ്രയോഗം ഉപയോഗിച്ച്  ഡി മോർഷ്യസ് നിൽ നിസി ബോണം.

മോർഷ്യസ് അല്ല. മോർട്ടുയിസ് ആണ് ഏറെക്കുറെ ശരിയായ ഉച്ചാരണം. മോ(ർ)ച്ചറിക്ക് ആരും മോഷറി എന്നു പറയാറില്ലല്ലോ.

വി.എസ്.അച്തുതാനന്ദനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. അനവധി മുസ്ലിം വിരുദ്ധ പ്രസ്താവനകൾ വിഎസ് നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ഒരിക്കലും മുസ്ലിം വിരുദ്ധനല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ചയാളാണ്, യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ വിഎസ് വചനങ്ങളെ പൂമരശൈലിയിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും.ഭൂരിപക്ഷ ഹിന്ദു വോട്ടുകളെ ആകർഷിക്കാനുള്ള ഇത്തരം തന്ത്രങ്ങൾ ഈ പാർട്ടി എന്നും നടത്തിയിട്ടുണ്ട്. അതോടൊപ്പം ഭൂരിപക്ഷ വർഗീയതക്കെതിരേ രാജ്യത്ത് പലേടത്തും ഈ പാർട്ടിയുണ്ട് താനും. കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും കുഞ്ഞുമാണിയുമാണ് യുഡിഎഫിനെ നയിക്കുന്നത് എന്നത് ഈ പാർട്ടി ഓരോ തിരഞ്ഞെടുപ്പിലും മുദ്രാവാക്യം വിളിച്ചത് ഭൂരിപക്ഷ സമൂദായത്തിന് നൽകിയ മെസേജ് ആയിരുന്നു. അത് കൊണ്ട് ഇവരെല്ലാം വർഗീയവാദികൾ ആകുമോ ?

പൂയംകൂട്ടി മലയിൽ വിഎസിനൊപ്പം കയറിയിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അനവധി തവണ കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തു. കന്റോൺമെന്റ് ഹൗസിലെ ഹാളിനു പിന്നിൽ വെയിൽ എത്തുന്ന ചെറിയ ഏരിയയിൽ ലുങ്കിയും ടി ഷർട്ടുമിട്ട് വിഎസ് ഉലാത്തുന്നത് കാണാമായിരുന്നു. ശശിധരനും ഷാജഹാനും ജോസഫ് മാത്യുവും ബാലകൃഷ്ണനും സുരേഷും ഉൾപ്പെടെയുള്ള ടീം എപ്പോഴും ഉണ്ടായിരുന്നു.ന്യൂട്രിനോ പരീക്ഷണം വരെയുള്ള വിഷയങ്ങളിൽ വിഎസ് പത്രസമ്മേളനം നടത്തി. വിജയന്റെ വിപരീതമായിരുന്നു അന്ന്  അച്ചുതാനന്ദൻ. ബക്കറ്റിലെ വെള്ളത്തെ ഉപമിച്ച വിജയൻ പിന്നീട് കാരണഭൂതമായത് ചരിത്രം. അന്ന് പിണറായി വിജയനെ തെറിവിളിച്ച് നടന്ന വിഎസ് പക്ഷക്കാർ ഇന്ന് കാരണഭൂതം ഭജനപാർട്ടികളായി മാറിയത് കാണുന്പോൾ ചിരിവരും.

വിഎസിന്റെ ഗുണം അദ്ദേഹം ജനപക്ഷത്തു നിന്നു എന്നാണ്.ചെറിയ പ്രതിഷേധങ്ങളെപ്പോലും അദ്ദേഹം ബഹുമാനിച്ചു. വി എസ് അത് ഏറ്റെടുക്കുന്പോൾ അത് വലിയ പ്രശ്നമായി മാറി. മണ്ണ്, മനുഷ്യൻ ഇവയായിരുന്നു അവസാനകാലഘട്ടങ്ങളിൽ വി എസിന്റെ രാഷ്ട്രീയം.

മുതലാളിമാരെ കാണുന്പോൾ വിഎസ് കവാത്തു മറന്നില്ല. കോട്ടിലും സൂട്ടിലും ഫൈവ് സ്റ്റാർ ഹോട്ടലിലും വിദേശടൂറിലും അഭിരമിച്ചില്ല. പാർട്ടിയെപ്പോലും ധിക്കരിച്ചു ശരിയെന്ന് തോന്നുന്നത് പറഞ്ഞു. അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ട ആദ്യത്തെയും അവസാനത്തെയും പാഠം അതാണ്. ടി.പി.ചന്ദ്രശേഖരന്റെ വിധവ രമയെ സന്ദർശിച്ചത് നോക്കുക. അതിനേക്കാളും നല്ല ഒരു പൊളിറ്റിക്കൽ മെസേജ് അധികം ഇല്ല.

ഭൂതത്താനും സംഘവും വിഷം വമിപ്പിക്കുന്ന വെള്ളാപ്പള്ളിയെ പുകഴ്ത്തുന്പോൾ അത് ശരിയല്ല വിജയാ എന്നു പറയുന്നതാണ് വിഎസ്വത്തം. അര വിഎസ് പോലും ഇല്ലാത്തതാണ് ഈ പാർട്ടി നേരിടുന്ന ദുരന്തവും. വിഎസ് ആരോഗ്യവാനായിരുന്നെങ്കിൽ ഇവൻമാരെ കൊങ്ങക്കു പിടിച്ചു തൂക്കിനിർത്തുമായിരുന്നു.

പൂമരരീതിയിൽ വിജ്ഞാനം തോണ്ടിയെടുത്ത്  വാരി വിതറുകയാണെങ്കിൽ ഇങ്ങനെ പറയാം-  ഡെസ്മണ്ട് ടുട്ടുവിന്റെ വാക്കുകൾ ആദ്യ വായനയിൽ തന്നെ എന്റെ മനസിൽ പതിഞ്ഞു.ഇഫ് യു ആർ ന്യൂട്രൽ ഇൻ സിറ്റ്വേഷൻസ് ഓഫ് ഇൻജസ്റ്റിസ്, യു ഹാവ് ചൂസൺ ദ സൈഡ് ഓഫ് ദ ഒപ്രസർ.

വിട പ്രിയപ്പെട്ട വിഎസ്. അനവധി ഓർകൾ തന്നതിന്."

********

എഴുത്തുകാരി ഡോ. ഇന്ദുമേനോൻ എഴുതിയ അനുസ്മരണ കുറിപ്പും വേറിട്ടുനിൽക്കുന്ന ഒന്നാണ്.

"കൊച്ചു കുട്ടികളുടെ അച്ചുമാമ കൂടിയായിരുന്നു വി.എസ്. എന്തായിരുന്നു ആ ട്രെൻഡിന് കാരണമെന്നൊന്നും എനിക്കറിയില്ല. പക്ഷേ അക്കാലത്തത് വലിയ ട്രെൻഡ് ആയിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്ന ഗൗരി കുട്ടി പോലും വിഎസിന്റെ കടുത്ത ആരാധികയായിരുന്നു. സെക്രട്ടറിയേറ്റ് മീറ്റിങ്ങുകൾക്ക് പോകുമ്പോഴെല്ലാം "അച്ചുമാമയെ കാണാൻ  എന്നെയും കൊണ്ടുപോകണെ "  എന്ന് പറയും. എൻറെ അമ്മയാണോ അച്ഛനാണോ അത്തരത്തിൽ ഒരു അച്ചുമാമ കൺസപ്റ്റ് അവൾക്ക് ഉണ്ടാക്കിക്കൊടുത്തത് എന്ന് എനിക്കറിയില്ല.

വനാവകാശ നിയമത്തിന്റെ രൂപീകരണ സമയമായതിനാൽ പലതരം മീറ്റിങ്ങുകൾ കാരണം പലപ്പോഴും സെക്രട്ടറിയേറ്റിൽ പോകേണ്ടി വന്നു. കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്ത സമയങ്ങളിൽ മകളെയും കൊണ്ട് സെക്രട്ടറിയേറ്റിൽ പോവുകയല്ലാതെ വഴിയൊന്നും ഉണ്ടായിരുന്നില്ല. നാലുമണിക്ക് ശേഷമുള്ള മീറ്റിംഗ് ആവുമ്പോൾ താൽക്കാലികമായി അവളെ ചേർത്തിയ ഡേ കെയറിൽ നിന്നും കൂടെ കൂട്ടുക മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്ത് മകൾക്ക് നിൽക്കുവാൻ ഒരു ഇടം ഉണ്ടായിരുന്നില്ല.

സാധാരണ രീതിയിൽ മുഖ്യമന്ത്രി ലിഫ്റ്റിൽ പോകുമ്പോൾ മറ്റാരും അതിൽ കയറുക പതിവില്ല. സഖാവ് വിഎസ് വന്നതും ലിഫ്റ്റിലേക്ക് കയറിയതും

"എൻറെ അച്ചുമാമോ"  എന്നുപറഞ്ഞ് ഗൗരിക്കുട്ടി ഓടിപ്പാഞ്ഞ് കയറിയതും എനിക്ക് ഓർമ്മയുണ്ട്. ദേ കിടക്കുന്നു പ്രോട്ടോകോൾ.  സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ എൻറെ ഭാഗത്തുനിന്ന് വന്ന ഒരു നിരുത്തരവാദിത്വമാണത്. ഞാൻ ഓടി അവളെ പിടിക്കാൻ ശ്രമിച്ചു.

അപ്പോഴേക്കും ഗൗരിക്കുട്ടി വർത്തമാനം ആരംഭിച്ചിരുന്നു.

"ഇതിൻറെ മുകളിലാണോ വീട്? ഞാന് അമ്മയോട് എപ്പോഴും പറയും അച്ചുമാമയെ  കാണണം."

എന്തരടേ എന്ന രീതിയിൽ  ഗൺമാൻ ചിരിക്കുന്നു.  മുഖ്യമന്ത്രിയുടെ കുഞ്ഞ് ആരാധികയെ കണ്ട് എല്ലാവരും ചിരിക്കുക തന്നെയാണ്.

എൻറെ മകളാണോ എന്ന് വിഎസ് കൗതുകപ്പെട്ട് ചോദിച്ചു. "ഇങ്ങോട്ട് കേറിക്കോളൂ" എന്ന് എന്നോട് പറഞ്ഞു.

"വേണ്ട ഞാൻ മോളെ എടുക്കാം " എന്നു പറഞ്ഞിട്ട് അദ്ദേഹം സമ്മതിച്ചില്ല

പല പരിപാടികളിലായി അതിനുമുമ്പ് പരസ്പരം കണ്ടതിന്റെ ഓർമ്മ അദ്ദേഹത്തിനുണ്ട്. ഓർമ്മിക്കാതിരിക്കാൻ വഴിയില്ല. മീറ്റിങ്ങുകളിൽ ഗർഭിണിയായ ഞാൻ മന്ത്രിമാർക്കും അതിഥികൾക്കും കൊടുക്കുന്ന അണ്ടിപ്പരിപ്പും ഈത്തപ്പഴവും പഴമ്പൊരിയും എങ്ങനെ തിന്നണമെന്ന് ആലോചിച്ച് വശപ്പെടുത്തുന്ന സമയത്താണ് വി.എസ് ആ പ്ലേറ്റ് എനിക്ക് നേരെ നീട്ടിയത്.  സംഗതി എൻറെ ആർത്തി അദ്ദേഹം കണ്ടിട്ടുണ്ട്.എനിക്ക് വിശക്കുന്നു എന്ന് ഓരോ ചലനത്തിലും ഉള്ള സൂചന അദ്ദേഹം കണ്ടിട്ടുണ്ട്. വിശന്ന ഞാൻ ഒരു പ്ലേറ്റ് അണ്ടിപ്പരിപ്പ് യാതൊരു മടിയുമില്ലാതെ തിന്നു . പിന്നീട് പലപ്പോഴും അദ്ദേഹത്തിന് ഒപ്പം ഔദ്യോഗികമായ പല മീറ്റിങ്ങുകളിലും അല്ലാതെയുള്ള പല വേദികളിലും ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം സഖാവ് വിഎസ് അനുതാപത്തോടെ എനിക്ക് ഭക്ഷണം നീട്ടി. സത്യത്തിൽ ആ നീട്ടലുകൾക്ക് ഞാൻ അഭിമാനത്തോടെ കാത്തിരുന്നു എന്നതാണ് വാസ്തവം.

എന്നെയും ഗൗരി കുട്ടിയെയും ചേമ്പറിലേക്ക് കൊണ്ടുപോയി

"ടാറ്റ അച്ചുമാമ "..... അവൾ ആഹ്ലാദത്തോടെ കൈവീശി. വരുന്നവരോടും പോകുന്നവനോടും സ്കൂളിലും അവിടെയും ഇവിടെയുമല്ല അച്ചുമാമ്മയെ കണ്ടതും മിട്ടായി  കിട്ടിയതും പൊടിപ്പും തൊങ്ങലും വെച്ച്  പൊങ്ങച്ചം പറഞ്ഞു നടന്നു. മയ്യനാട് ഒരു പ്രോഗ്രാമിൽ വച്ചാണ് ആദ്യമായി എനിക്ക് ഈത്തപ്പഴം അതിന്റെ പാത്രത്തോടെ എടുത്തുതന്നത്. ഒരുപക്ഷേ ആദ്യമായി  അദ്ദേഹത്തോടൊപ്പം നേരിട്ട് വേദിയിലിരുന്നതും അന്നുതന്നെയാണ്. നാട്ടുകാർ ചോദിച്ചപ്പോഴെല്ലാം ഒരുപാട് മുൻപേ അറിയുന്ന ഒരാളാണെന്ന് വിശ്വസിച്ചപ്പോഴെല്ലാം എല്ലാം തിരുത്താൻ പോയില്ല. കുട്ടിയുടെ പൊങ്ങച്ചത്തിന്റെ സുഖം എന്ത് എന്ന് എനിക്ക് മുമ്പേ അറിയാമായിരുന്നു. ഒരു വി.എസ് കുളൂസ് ആയിരുന്നു അത്.

രാഷ്ട്രീയമായ അനവധി കാരണങ്ങൾ സഖാവിനെ വ്യത്യസ്തനാക്കിയിരുന്നു. സ്ത്രീകളെ ആക്രമിക്കുന്ന വ്യക്തികളോട് ഒരു രാഷ്ട്രീയ വ്യക്തിയെന്ന നിലയിൽ അദ്ദേഹം കാണിച്ച ധീരമായ എതിർപ്പുകൾ എനിക്ക് അത്ഭുതമായിരുന്നു. അന്നുമുതൽ ഇന്നുമതെ. ഡിപ്ലോമസിയുടെയും സൗഹൃദത്തിന്റെയും പേരുപറഞ്ഞ് ലൈംഗിക പീഡകർക്കൊപ്പം കുറ്റവാളികൾക്കൊപ്പം നിൽക്കുന്ന പല രാഷ്ട്രീയക്കാർക്കും മാതൃകയാക്കാവുന്ന പാഠമാണ് അദ്ദേഹം. ഔദ്യോഗികമോ അനൗദ്യോഗികമോ ആകട്ടെ ഏതെങ്കിലും പരിപാടിയിൽ ഒരു ലൈംഗിക പീഡകൻ ഉണ്ട് എന്ന് അറിഞ്ഞാൽ ആ പരിപാടിയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. നിലപാടുകൾ ശക്തമായിരുന്നു. പല കാര്യങ്ങളിലും മറ്റാരെക്കാളും വ്യത്യസ്തനുമായിരുന്നു. അനവധി ഓർമ്മകൾ അദ്ദേഹത്തെപ്പറ്റിയുണ്ട്.

എങ്കിലും അച്ചുമാമേ എന്ന് വിളിച്ചു ലിഫ്റ്റിൽ ഓടിക്കേറിയ കൊച്ചു കുട്ടിയോട് അദ്ദേഹം കാണിച്ച വാത്സല്യം,  അധികാരം ഒരിക്കലും ലോകത്തോടോ കുഞ്ഞുങ്ങളോടോ കാണിക്കുന്നതല്ല.

വിട വിട പ്രിയ വി.എസ്"

വി.എസ് മുഖ്യമന്ത്രി ആകുന്നതിനുമുമ്പും ശേഷവും എല്ലാം അദ്ദേഹത്തിൻറെ ചുറ്റും ആൾക്കൂട്ടം ഉണ്ടായിരുന്നു. പ്രാധാന്യമുള്ള വിഷയങ്ങളിൽ ജന വികാരങ്ങൾക്കൊപ്പം നിന്ന നിലപാടുള്ള പടത്തലവനായ വ്യക്തി ആയിരുന്നു എന്നത് കൂടിയാണ് ആ ജനപ്രിയതക്ക് പിന്നിലെ പ്രധാന കാരണം. ഇനി അദ്ദേഹം വിശ്രമിക്കട്ടെ. മണ്ണിൽ നിന്നും ജന ഹൃദയത്തിലേക്കാണ് ആ മനുഷ്യൻ കയറിയിരുന്നത് - ആദരം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക