RK Ramesh Architect Kozhikode
എന്റെ കസിൻ ജോസ് ഫിലിപ്പിനൊപ്പം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ വാസ്തുവിദ്യ ബാച്ചിൽ ബിരുദമെടുത്ത ആർ കെ രമേഷ്. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അവർ ഒന്നിച്ചു ഒരുദിവസം ഞങ്ങളുടെ പൊൻകുന്നത്തെ വീട്ടിൽ വന്നത്. അന്നുമുതൽ ഒരു ജ്യേഷ്ഠനെപോലെ ഞങ്ങളുടെ കുടുംബസുഹൃത്തായി കണ്ട രമേഷ്ചേട്ടൻ കഴിഞ്ഞ ആഴ്ച്ച ഞങ്ങളെ വിട്ടുപിരിഞ്ഞു. ഞാൻ കോഴിക്കോടു ചെല്ലുമ്പോഴൊക്കെ അവരുടെ വീട്ടിലെ അതിഥി ആയിരുന്നെങ്കിലും, സ്വന്തം വീടുപോലെയുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം എന്റെ സുഹൃത്തായ രമേഷിന്റെ ഇളയ സഹോദരൻ ആർ ക്കെ സതീഷിനെ വിളിച്ചു വിശഷങ്ങൾ അറിഞ്ഞിരുന്നു. സഞ്ചയനം കോഴിക്കോടുവെച്ചായിരുന്നു എന്നും സുഖമില്ലാതിരുന്നതുകൊണ്ടു പോകാൻ പറ്റിയില്ല എന്നും സതീഷ് പറഞ്ഞു.
വർഷങ്ങൾക്കു ശേഷം ഞാൻ മലപ്പുറത്തു അസിസ്റ്റന്റ് എൻജിനീയറായി ചാർജെടുക്കുമ്പോഴും അവരുടെ എല്ലാ സഹകരണങ്ങളും ഉണ്ടായിരുന്നു. വിശേഷദിവസങ്ങളിൽ ഞങ്ങൾ എൻജിനീയേഴ്‌സ് ഒന്നിച്ചു കൂടാറുണ്ടായിരുന്ന സായാഹ്നങ്ങൾ സന്തോഷകരമായിരുന്നു. ഗീതച്ചേച്ചിക്കും അതിൽ സന്തോഷമായിരുന്നു. അവസാനം ഞാൻ രമേഷ്ചേട്ടന്റെ വീട്ടിൽ താമസിച്ചത് ഡി സി യുടെ 2016 ലെ സാഹിത്യോൽത്സവത്തിനായിരുന്നു. അന്നദ്ദേഹം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബെൻസ് കാറാണ് എനിക്കു യാത്രക്കായി വിട്ടുതന്നത്.
കോഴിക്കോട് നഗരത്തിന്റെ മുഖഛായ മാറ്റിയ ജെ ആർ ബി ആർക്കിടെക്ച്ചറൽ ഫേം (Jose Ramesh and Babu )ആരംഭിച്ചത് എഴുപതുകളുടെ ആരംഭത്തിലാണ്.JRB എന്നത് കേരളത്തിലെ ആദ്യത്തെ ആർക്കിടെക്ച്ചറൽ ഫേം ആയിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ആദ്യം തിരുവനന്തപുരത്താണ് തുടങ്ങിയതെങ്കിലും,പിന്നീട് കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. ഞാനും ഒരു വേനൽ അവുധിക്കാലത്ത് അവരോടൊപ്പം താമസിച്ചിട്ടുണ്ട്.
പഠിച്ച പാഠങ്ങളല്ലാതെ ഒരു മുടക്കുമുതലുമില്ലാതെ കോഴിക്കോടു നഗരത്തിലെ ബിഗ് ബസാറിൽ തുടങ്ങിയ ഒരു ചെറിയ ഓഫിസ് അതായിരുന്നു അവരുടെ തുടക്കം. ഓഫീസിലെ ആദ്യത്തെ ടൈപ്‌റൈറ്റർ കൊടുത്തത് അവർ അന്തോനിച്ചായൻ എന്നു വിളിക്കുന്ന എന്റെ അപ്പനായിരുന്നു. അവർക്കു ഒരു കാറുമേടിക്കാനുള്ള സാമ്പത്തികം ഒന്നുമില്ലായിരുന്നതുകൊണ്ട്, യാത്രക്കായി ഞങ്ങളുടെ അംബാസിഡർ കാറും അപ്പൻ കുറേനാളത്തേക്കു
കൊടുത്തിരുന്നു. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും രമേഷും ഇടപെട്ടിരുന്നു. പ്രീഡിഗ്രിക്കു ചേർന്നപ്പോൾ എന്നെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ കൊണ്ടുവിട്ടത് അവർ മൂന്നുപേരുംകൂടി ആയിരുന്നു. പിന്നീട് എഞ്ചിനീയറിംഗ് കോളേജിൽ പോകാനുള്ള പ്രചോദനവും ആ മൂവർസംഘമായിരുന്നു. പതിനഞ്ചു വർഷങ്ങൾക്കുശേഷം അവർ പിരിഞ്ഞെങ്കിലും അവസാനംവരെ മൂവരും സൗഹൃദത്തിലായിരുന്നു.
കുട്ടിക്കാനത്തുള്ള പാലസ് അവന്യു റിസോർട്ട് രൂപകൽപന ചെയ്തതു രമേഷ്‌തന്നെ ആയിരുന്നു. ചീഫ് മിനിസ്റ്റർ പിണറായി സഖാവിന്റെ വീടും രമേഷ് ആണ് ചെയ്തത് എന്നാണറിയാൻ കഴിഞ്ഞത്.
അമേരിക്കയിലുള്ള എന്റെ വീട്ടിൽ രമേഷ്‌ചേട്ടനും ഗീതചേച്ചിയും ഒന്നിലധികം തവണ വന്നിട്ടുണ്ട്. ഞങ്ങൾ കാലിഫോർണിയയിൽ വീടു മേടിക്കുമ്പോഴും രമേശിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു. രമേഷ്ചേട്ടന്റെ സുഹൃത്തായിരുന്ന എഞ്ചിനീയർ പി എ രാമചന്ദ്രൻ എൺപതുകളിൽ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സാൻ ഫ്രാൻസിസ്കോയിൽ പഠിക്കാൻ വന്നപ്പോഴാണ് അവിടെ സ്റ്റുഡന്റായിരുന്ന പ്രേമയെ കണ്ടതും എനിക്കുവേണ്ടി പ്രൊപ്പോസ് ചെയ്തതും. എന്റെ അമേരിക്കൻ സ്വപ്നത്തെപ്പറ്റി രമേഷ് ചേട്ടൻതന്നെയാണ് രാമചന്ദ്രനോട് പറഞ്ഞിരുന്നതും.
എല്ലാംകൊണ്ടും ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തീരുമാനങ്ങളിലും അവിഭാജ്യഘടകമായിരുന്നു ആ നല്ല സുഹൃത്തിന്റെ അഭിപ്രായം. അതിൽ എന്റെ കസിൻ ജോസ്ചേട്ടൻ ആറു വർഷം മുൻപേ ഞങ്ങളെ വിട്ടുപിരിഞ്ഞു. രാമചന്ദ്രൻ ഡിപ്പാർട്ട്മെന്റ് വിട്ട് കുറച്ചുനാൾ മസ്‌ക്കറ്റിൽ ആയിരുന്നു. അദ്ദേഹം ആവസാനകാലത്തെഴുതിയ ഒരു ഓർമപുസ്തകത്തിന്റെ അവതാരിക എഴുതിയത് ഞാനായിരുന്നു. അദ്ദേഹവും അകാലത്തിൽ യാത്രയായി. ബാബുമാത്രം ഇപ്പോഴും ഹൈദ്രാബാദിൽ പ്രാക്ടീസ് ചെയ്‌യുന്നു.
എല്ലാംകൊണ്ടും ഞങ്ങളുടെ പ്രിയപ്പെട്ട ഫാമിലി സുഹൃത്തായിരുന്ന രമേഷ്‌ചേട്ടന്റെ വേർപാടിൽ എന്റെയും കുടുംബത്തിന്റേയും ആദരാഞ്ജലികൾ