വളരെ കാലങ്ങൾക്ക് ശേഷമാണ് കർക്കടകമാസത്തിൽ നാടുകാണാൻ കഴിഞ്ഞത്. മഴ തകർത്തു പെയ്യുന്ന പുലർകാലങ്ങൾ. അമ്മയും മറ്റുള്ളവരും പറയുന്നത് സൂര്യനെ ഒന്നു കാണാൻ കൊതിയായി എന്നാണ്. എന്നിട്ടും മഴയെ ആർത്തിയോടെ നോക്കിക്കാണാനായിരുന്നു എനിക്കിഷ്ടം.
വീട്ടിലുള്ളവരെല്ലാം ചൂടുചായ മൊത്തിക്കുടിച്ച് അവിടവിടെ ചടഞ്ഞുകൂടിയിരിപ്പുണ്ട്. ഞാൻ മഴ ആസ്വദിച്ച് മഴയുടെ വിവിധഭാവങ്ങൾ സുക്ഷ്മമായി കാണുന്ന തിരക്കിലും. മഴ തരുന്ന അനുഭൂതി അതനുഭവിച്ചാലെ അറിയൂ. എനിക്ക് പലപ്പോഴും തോന്നാറുണ്ട് നാടുവിട്ടതിലെ എന്റെ ഏറ്റവും വലിയ നഷ്ടം ഈ മഴകളാണെന്ന്.
"ദൈവമെ ഇതെന്തോരു മഴയാണ്? കറുത്തവാവ് കഴിയാതെ കുറയുമെന്നു തോന്നുന്നില്ല. വീട്ടിനകത്താകെ ഒരു മണമാണ്. പകുതി ഉണങ്ങിയതുണിയുടെയോ, കറിക്കൂട്ടുകളുടെയോ, മറ്റെന്തൊക്കെയോ ചേർന്ന ഒരു പൂപ്പൽ മണം. ഒന്നു വെയിൽ കാണാതെ എങ്ങനെയിത് മാറാനാണ്? ഒന്നു പുറത്തേക്കിറങ്ങീട്ടെത്ര ദിവസമായി." അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
അമ്മയുടെ പരിഭവം പറച്ചിൽ ശരിവച്ചപോലെ തൊഴുത്തിൽ നിന്ന് അമ്മിണിപ്പശു ദയനീയമായി അമറിക്കരഞ്ഞു.
"അമ്മിണീ, ന്റമോളെ നിന്നെക്കുറിച്ചും ഓർമ്മയുണ്ട്. നീയും ആ തൊഴുത്തിന്റെ പുറത്തേക്കിറങ്ങിയിട്ട് ദിവസങ്ങളായീന്നല്ലെ?. നമുക്ക് പരസ്പരം മനസ്സിലാവും. നീയെങ്കിലും ഉണ്ടല്ലൊ ഒന്നുമിണ്ടിപ്പറയാൻ. ബാക്കി എല്ലാവരും സമയാസമയം കൈകഴുകി വന്ന് ഊൺമേശയ്ക്കരികിലിരിക്കുമ്പോഴാണ് വരവറിയിക്കാൻ അമ്മേ ... എന്നൊന്ന് വിളിക്കുകയെങ്കിലും ചെയ്യുന്നത്".
അമ്മ അമ്മിണിയോടെന്നപോലെ പറഞ്ഞു.
എനിക്ക് ചുണ്ടിലൂറിയ ചിരി മറയ്ക്കാനായില്ല. അതല്പം ശബ്ദത്തിൽ പുറത്തേക്കു വന്നു. "ആകെ കുറച്ചുദിവസത്തേക്ക് വന്ന നിനക്കും മഴകണ്ടിരിയ്ക്കാനാണല്ലോ ഇഷ്ടം. ഇതാ നിന്റെ ചായ. ചൂടാറണ്ട". അമ്മ ചായക്കപ്പ് നീട്ടിക്കൊണ്ടു പറഞ്ഞു. അമ്മയുടെ വാക്കുകളിൽ ഞാനും ഒപ്പം കൂടുന്നില്ലെന്ന പരിഭവം നിറഞ്ഞു നിന്നു.
ചായക്കപ്പ് വാങ്ങി അമ്മയുടെ കവിളിലൊന്നു തലോടി അതുമായി മുകളിലത്തെ ബാൽക്കണിയിലേക്ക് പോയി. എറിച്ചിലടിച്ച് ബാൽക്കണിമുഴുവൻ നനഞ്ഞിരിക്കുന്നു. മ്ം എന്തുചെയ്യാൻ. ജനലിലൂടെ മഴയാസ്വദിച്ച് ചായകുടിക്കാം. യു എസ്സിലെ മഴയ്ക്ക് ഈ ഭംഗിയില്ല. ജനലരികിലേക്ക് കസേരവലിച്ചിടുമ്പോഴാണ് പിന്നിൽ നിന്ന് ഒരു വിളികേട്ടത്. "എഡീ... നീ എന്തെടുക്കുവാ"?
തിരിഞ്ഞു നോക്കി വല്ലിയേച്ചി. വല്യച്ഛന്റെ മകളാണ്.
"ആഹാ.. ഈ മഴയെത്തെവിടുന്നാണ്. എങ്ങനെ വന്നു? നനഞ്ഞിട്ടില്ലല്ലോ?" ഒരു നാവിൽ എന്റെ വക കുറെ ചോദ്യം.
"മോൻ കാറിൽ കൊണ്ടു വിട്ടു. നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞു വന്നതാണ്. കുറച്ചുകഴിഞ്ഞെവിടോ പോകുന്നു, നാലഞ്ചുദിവസം കഴിയും വരാനെന്ന് കുഞ്ഞമ്മ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു. അതാ രാവിലെ ഇങ്ങു പോരുന്നെ. അല്ലെങ്കിൽ ഇനി എന്നു വരാനാണ്?".
പകുതി കാര്യമായും ബാക്കി പകുതി പരിഭവമായും വല്ലിയേച്ചി പറഞ്ഞു.
"മോളെ ഈ ചായകൊണ്ടു പോകൂ, വല്ലിയ്ക്കു കൊടുക്കൂ". അമ്മ വിളിച്ചുപറഞ്ഞു.
ചായയുമായി എത്തുമ്പോൾ കണ്ടു എന്നത്തെയും പോലെ ആ കുഞ്ഞിക്കുരുവി നനഞ്ഞ ചിറകുകൾ ജനൽ ഗ്ലാസ്സിൽ നോക്കി ചിക്കിയുണക്കുന്നത്.
വന്ന ദിവസം മുതൽ കാണുന്ന കാഴ്ച. ആദ്യം രണ്ടുദിവസം പറന്നു വന്ന് ഗ്ലാസ്സിൽ ചുണ്ടുകൊണ്ട് മുട്ടി ചിലച്ചുയുരകയും വീണ്ടും വരികയും ചെയ്യുന്നുണ്ടായിരുന്നു.
തന്നെപ്പോലെ മറ്റൊരു കിളിയെന്നോർത്താവണം സന്തോഷിക്കുകയും പരിഭവിക്കുകയും വഴക്കിടുകയുമൊക്കെ ചെയ്തത്.
മൂന്നാലു ദിവസം ആയപ്പോൾ മനസ്സിലായീന്നു തോന്നുന്നു അത് തന്റെ തന്നെ പ്രതിബിംബം എന്ന്. കുറെ നേരം ബാൽക്കണിയിലെ ചാരുബഞ്ചിന്റെ മുകളിലിരുന്ന് ചാഞ്ഞും ചരിഞ്ഞും നോക്കും. പിന്നെ പതിയെ പറന്നുവരും. ചുണ്ടുരുമ്മും. ഈ മഴയത്ത് കുരുവിയ്ക്കും ഒരു രസമായിന്ന് തോന്നി.
അങ്ങനെ ഒരു ദിവസം അകത്തിരുന്ന് തന്നെ വീക്ഷിക്കുന്ന മറ്റൊരു ജീവിയെ കുരുവി കണ്ടത്. കുറച്ചുനേരം നോക്കിയിരുന്നു, ജനൽ ഗ്ലാസ്സിൽ ചുണ്ടുകൊണ്ടു മുട്ടി. പറന്നുപോയി. പിന്നീടതൊരു പതിവായി. ഞാനവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും വന്ന് മൃദുവായി മുട്ടി, ചിലച്ചു തന്റെ ആഹ്ലാദം പ്രകടിപ്പിച്ച് പറന്നു പോകും.
ഞാനും ക്രമേണ ആ കുരുവിയെ കാത്തിരിയ്ക്കാൻ തുടങ്ങി. ഞാൻ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് കുരുവിയെ നോക്കിച്ചിരിച്ച് സന്തോഷം അറിയിച്ചു.
നീ എന്താ അവിടെ നില്ക്കുന്നെ? ചായ തണുത്തുപോകും. വല്ലിയേച്ചി ഓർമ്മിപ്പിച്ചപ്പോൾ വാതിൽ ചാരി ചേച്ചിയ്ക്കടുത്തേക്കു വന്നു.
വിശേഷം ചോദിക്കുന്നതിനിടയിൽ ജനൽ പാളികളിൽ വീണ്ടും മുട്ടുകേട്ടു. അല്പം ഉച്ചത്തിലുള്ള മുട്ട്. രണ്ടുദിവസമായി ഇതും പതിവാണ്. അതൊരു ബലിക്കാക്കയാണ്. അതും മുഖം നോക്കാൻ വരുന്നതാവും. ഞാനിറങ്ങിച്ചെല്ലും വരെ കൊക്കിട്ടുമുട്ടും. സ്വൈരത നശിപ്പിയ്ക്കാൻ വന്ന ഏതോ ജന്മമെന്നപോലെ എന്നെ ചാഞ്ഞും ചരിഞ്ഞും നോക്കിയിട്ട് പറന്നുപോകും.
ഈ ഗ്ലാസ്സിനെന്തെങ്കിലും പ്രത്യേകത ഉണ്ടോ? സ്വയം ചോദിച്ചു. മഴയല്ലെ? അവർക്കും പറന്നു നടക്കാൻ ഇടമില്ലല്ലോ? നനഞ്ഞ ചിറകുമായി എങ്ങനെ പറന്നുല്ലസ്സിയ്ക്കാൻ. അതോ മനുഷ്യരെപോലെ അവരും സ്വന്തം സൗന്ദര്യം നോക്കുന്നതാണോ? കൊക്കിട്ടു മുട്ടുമ്പോഴുള്ള സംഗീതം അവർക്കും ഹരമാകുന്നുണ്ടാവും.
ചേച്ചി പഴയതും പുതിയതും ആയ കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. പണ്ട് കുട്ടിയായിരുന്നപ്പോൾ ചേച്ചിയ്ക്കൊപ്പം ഊഞ്ഞാൽ പടിയിൽ നിറുത്തി ആയത്തിൽ തണ്ടുവലിച്ച് മാവില കടിച്ചെടുത്തതും രാത്രിയിൽ വാഴയുടെ നിഴൽ കണ്ട് പ്രേതം എന്നലറിവിളിച്ച് പേടിച്ചു പനിപിടിച്ചുകിടന്നതും, പാലപൂക്കുന്ന രാത്രികളിൽ കുറുക്കൻ ഓരിയിടുന്നത് കേട്ട് യക്ഷി വരുന്നു എന്ന് പേടിച്ച് കട്ടിലിന്നടിയിൽ കയറി ഒളിച്ചിരുന്നതും എല്ലാം.
നിനക്കോർമ്മയുണ്ടോ സുമംഗലയെ? ചേച്ചി ചോദിച്ചു.
ഉണ്ട്. കിഴക്കൻ മലകളിലെ പ്രേതകഥകളുമായി
ഓരോ അവധിക്കാലവും ഞങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ആളല്ലെ? എങ്ങനെ മറക്കും. ആ ചേച്ചി ഇപ്പോഴെവിടാണോ എന്തോ?"
വല്ലിയേച്ചി പറഞ്ഞു. "അവൾ മരിച്ചുപോയി". കുറച്ചുനാളായി. എങ്ങനെ? ഞാൻ ചോദിച്ചു.
"എന്തോ പകർച്ചപ്പനി വന്നതാണ്." ചേച്ചി പറഞ്ഞു.
ഞാൻ ചോദിച്ചു. ചേച്ചി അതൊക്കെ ഓർക്കുന്നുണ്ടോ?
"എങ്ങനെ മറക്കും. മാടന്റെ വരത്തുപോക്കും, ശാരീടെ തലപൊട്ടിപ്പോകും എന്ന് പറഞ്ഞ് നിലിവിളിച്ച് ആളെ കൂട്ടിയതും". ചേച്ചി ഉറക്കെ ചിരിച്ചു.
വല്ലിയേച്ചി ആണ് മുതിർന്ന കുട്ടി. പത്താംക്ലാസ്സിലാണെന്നു തോന്നുന്നു. ഞാൻ രണ്ടാം ക്ലാസ്സിലും. ഞങ്ങൾ കുട്ടികളെല്ലാം കൂടി ഒരുമുറിയിലായിരുന്നു ഉറക്കം. സ്ക്കൂൾ അവധി ആയാൽ ബന്ധുക്കളെല്ലാം തറവാട്ടിൽ ഒത്തുകൂടും. അതൊരു ഉത്സവകാലം തന്നെ. മംഗല ചേച്ചീടെ സ്റ്റോക്കിൽ പ്രേതകഥകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട്.
മിക്കവാറും രാത്രികളിൽ ചങ്ങലക്കിലുക്കം കേൾക്കുക പതിവായിരുന്നു. സാധാരണ സ്ക്കൂൾ ദിവസങ്ങളിൽ നേരത്തെ ഉറങ്ങുന്നതാണ് പതിവ്. അതുകൊണ്ട് നേരത്തെ ഒരിക്കലും ഈ ചങ്ങലക്കിലുക്കം കേട്ടിരുന്നില്ല.
മംഗല ചേച്ചി പറഞ്ഞു "മാടന്റെ വരത്തുപോക്കാണ്. അതാണ് ചങ്ങലക്കിലുക്കം" എന്ന്. ഒപ്പം കുറുക്കന്റെ ഓരിയിടലും, പട്ടികളുടെ കുരയും എല്ലാം കൂടി ഭീകരമായ ഒരന്തരീക്ഷം. പുറത്തെ കുറ്റാക്കുറ്റിരുട്ടിൽ പുറത്തേക്ക് നോക്കാൻ പോലും ധൈര്യം ഉണ്ടാവില്ല. ഈ സമയത്ത് ആരെങ്കിലും പുറത്തുണ്ടെങ്കിൽ അവരെ മാടൻ അടിച്ചിടും.
ആയിടക്ക് മരിച്ച ഒരാളെ മാടൻ അടിച്ചതാണെന്നും പൊടിപ്പും തൊങ്ങലും ചേർത്ത് മംഗല ചേച്ചി പറഞ്ഞു വച്ചു.
ഞങ്ങളാരെങ്കിലും ഓവർസ്മാർട്ടായി മുതിർന്നവരോടെങ്ങാനും ചോദിച്ചാലോ എന്ന് വച്ച് ഒരു മുൻകരുതലും അവരെടുത്തു." ഇത് ആരോടെങ്കിലും പറഞ്ഞാൽ പറയുന്ന ആളിന്റെ തലപൊട്ടിച്ചിതറും. ആ തല മാടൻ പൊട്ടിക്കുന്നതാണ്".
സ്വന്തം തലയും ജീവനും നഷ്ടപ്പെടാതിരിക്കാൻ ഞങ്ങളെല്ലാം ശ്രദ്ധിച്ചു. ആരും ഒന്നും മിണ്ടാതെ കഴിച്ചുകൂട്ടി.
ഒരുപാട് കാലം മാടനെയും ചങ്ങലക്കിലുക്കത്തെയും കാതോർത്ത് ഭന്നുവിറച്ച് കഴിച്ചുകൂട്ടി. അങ്ങനെ അവധിക്കാലം കഴിഞ്ഞ് ഒരുമുറിയിൽ ഒരുമിച്ച് കിടക്കാനുള്ള അനുവാദം അവസാനിച്ചു, എല്ലാവരും അവധിക്കാലാഘോഷം കഴിഞ്ഞ് അവരവരുടെ വീടുകളിലേക്ക് പോയി.
ഞങ്ങളും അപ്പച്ചിയുടെ രണ്ടുമക്കളും മാത്രമായി. വല്ലിയേച്ചിയുടെ വീട് തൊട്ടടുത്തുതന്നെ ആയതുകൊണ്ട് ചേച്ചിയും തൊട്ടടുത്ത വീട്ടിലെ അച്ഛന്റെ അപ്പച്ചിയുടെ മകന്റെ കുട്ടികളും എല്ലാം പകൽ സമയങ്ങളിൽ ഒരുമിച്ചുതന്നെ ഉണ്ടായിരുന്നു. മാടനെ ഓർക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചെങ്കിലും രാത്രികളിൽ ചങ്ങലക്കിലുക്കത്തിന് ചെവിവട്ടം പിടിച്ച് ഭയന്നുറങ്ങുക പതിവായി.
അങ്ങനെ ഒരുദിവസം അപ്പച്ചിയുടെ ഇളയമകൾ തനിയെ മുറ്റത്തിരിക്കുമ്പോൾ വീണ്ടും അതേ ചങ്ങലക്കിലുക്കം. ഭയന്നുവിറച്ച അവൾ അലറിക്കരഞ്ഞ് അകത്തേക്കോടി. അമ്മയും അപ്പച്ചിയും എല്ലാരും കൂടി അവളെ ആശ്വസിക്കുന്നതിനൊപ്പം കാരണം ചോദിക്കാൻ തുടങ്ങി.
അവൾ അത് പറഞ്ഞാൽ തലപൊട്ടിത്തെറിച്ചാലോ, മാടൻ പകലും ഇറങ്ങിത്തുടങ്ങിയോ എന്നൊക്കെ ഭയത്തോടെ ഞങ്ങൾ പരസ്പരം നോക്കി. ഒടുവിൽ ഭയം കൂടുകയും അമ്മയും അപ്പച്ചിയും ചോദിച്ചുകൊണ്ടിരിക്കയും ചെയ്തപ്പോൾ തലയുടെ കാര്യം അവൾ മറന്നു. ഞങ്ങൾക്ക് തടയാൻ കഴിയും മുന്നെ അവൾ കാര്യം പറഞ്ഞു.
അവളുടെ തലപൊട്ടിത്തെറിക്കുന്ന ശബ്ദം പേടിച്ച് ഞങ്ങളെല്ലാം ചെവി അടച്ച് ഒച്ചയെടുത്തു കരയാൻ തുടങ്ങി. ശാരീടെ തലപോയേ, കരച്ചിലിന് ശക്തി കൂടി.
എന്തെന്നു മനസ്സിലാവാതെ അമ്മയും അപ്പച്ചിയും മിഴിച്ചുനില്ക്കെ
ശാരി സന്തോഷത്തോടെ പറഞ്ഞു. "എന്റെ തലപൊട്ടീല. നോക്കൂ എനിക്ക് തലയുണ്ട്". അവളുറക്കെ ചിരിയും കരച്ചിലും ആകെ ബഹളം. പതിയെ കണ്ണുതുറന്ന ഞങ്ങളും ഉറക്കെ ചിരിച്ചു, തുള്ളിച്ചാടി.
ഒന്നും മനസ്സിലാവാതെ നിന്ന അമ്മയും അപ്പച്ചിയും ചോദിച്ചു ഇങ്ങനെ ആരാണ് പറഞ്ഞതെന്ന്.
ചേച്ചിയെ വഴക്കുപറയുന്നതും ഇനി വീട്ടിലേക്ക് കേറ്റാതിരുന്നാലോ എന്നൊക്കെ ആലോചിക്കുമ്പോഴേക്കും വീണ്ടും കേട്ടു ചങ്ങലക്കിലുക്കം.
പേടിയോടെ അമ്മയെയും അപ്പച്ചിയേയും കെട്ടിപ്പിടച്ചു നിന്നപ്പോൾ അമ്മ പറഞ്ഞു. "വരൂ. വരത്തുപോക്കുള്ള മാടനെ കാണണ്ടെ" എന്ന്.
സംശയത്തോടെ അമ്മയ്ക്കൊപ്പം ചെന്നപ്പോഴാണ് കണ്ടത് തൊട്ടടുത്ത വീട്ടിലെ പട്ടി "പഠാണി" തുടലഴിച്ച് ഓടുന്നത്.
രാത്രി ചിലപ്പോഴൊക്കെ തുടലോടെ അവനെ അഴിച്ചുവിട്ടിരുന്നു. അവനാണ് മാടനെന്ന് മനസ്സിലായതോടെ അതുവരെ ഉണ്ടായിരുന്ന മണ്ടത്തരമോർത്ത് നാണം തോന്നിയെങ്കിലും ആ ഭയം പോയല്ലോ എന്നാശ്വസിച്ചു. കരച്ചിലും പേടിയും ചിരിയായി മാറി.
ഈ മാടന്റെ വരത്ത്പോക്ക് കഥയുടെ ഉപജ്ഞാതാവിനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. അവർ വടക്കൻ മലബാറിലെവിടെയോ താമസമാക്കി.
കുട്ടിക്കാലം ഒരിക്കലും പൊടിപിടിക്കാത്ത, പഴകാത്ത ഒരു പുസ്തകം ആണ്. എത്ര വായിച്ചാലും മതിവരാത്ത എന്നും പുതുമണം പരക്കുന്ന പുസ്തകം.
മഴയുടെ ആരവത്തിൽ ഞങ്ങളുടെ ചിരി മുങ്ങിപ്പോവുമ്പോഴും ജനൽ ഗ്ലാസ്സിൽ കൊക്കുകൊണ്ടു മുട്ടുന്ന ശബ്ദം ഞങ്ങളുടെ രസച്ചരടു പൊട്ടിച്ചു. ചേച്ചി ചോദിച്ചു 'മോളെ അതൊരു ബലിക്കാക്ക അല്ലെ'?
"അതെ ചേച്ചി, രണ്ടുമൂന്നു ദിവസമായി ഇത് തുടങ്ങീട്ട്. ആദ്യം ഒരു കുരുവി ആയിരുന്നു. അതിപ്പോഴും ഒരു രസമായി വന്നു കൊക്കിട്ടുമുട്ടി ചിലച്ചു പറന്ന് പോകും. പക്ഷെ ഈ കാക്ക ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങിച്ചെല്ലും വരെ മുട്ടിക്കൊണ്ടിരിക്കും. ഈ മഴക്കാലത്ത് മനുഷ്യരെ കാണാൻ കിട്ടാത്തോണ്ട് അതിനു തോന്നിയ കുസൃതി ആവും. ഞാനല്ലാതെ ആരും ഇല്ലല്ലോ ഈ മുറിയിൽ ഇറങ്ങിനോക്കാനും". ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
"മോളെ ഇവിടെ ബലിക്കാക്കകൾ അപൂർവ്വം ആണ്. അങ്ങനെ കാണാറില്ല. ശ്രാദ്ധത്തിന് ബലിച്ചോറെടുക്കാൻ പോലും എത്രനേരം കൈകൊട്ടിയാലാണ് ഒന്നു വരുന്നത്. ഇതിപ്പോൾ..." ചേച്ചി ആലോചനയിലായി
പൊടുന്നനെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടിയപോലെ ചേച്ചി പറഞ്ഞു, ഇത് ഉറപ്പായും ഇളയച്ഛനാവും. നീ വന്നതറിഞ്ഞ് കാണാൻ വന്നതാവും. അല്ലെങ്കിൽ ഇത്രകാലവും ഈ ജനലിവിടെ തന്നെ ഉണ്ടായിരുന്നു. ഇതിനുമുമ്പും മഴക്കാലം വന്നിട്ടില്ലെ? ആരായാലും നിന്നെ കാണാൻ തന്നെ".
കുട്ടിയായിരുന്നപ്പോഴാണെങ്കിൽ ഞാനാകെ പേടിച്ച് വിറച്ചേനെ. ഇന്ന് മരിച്ചവർ ബലിക്കാക്കയായി വരും എന്നുള്ളതൊക്കെ വെറും വിശ്വാസം ആണെന്നറിഞ്ഞിട്ടും അതൊരാശ്വാസമായി തോന്നി.
എങ്കിലും ചേച്ചിയെ തിരുത്താനൊന്നു ശ്രമിച്ചു. 'ചേച്ചീ ഗ്ലാസ്സിൽ തന്റെ നിഴൽ കണ്ട് പറന്നു വന്നതാവും. കൊക്കുകൊണ്ട് മുട്ടിയപ്പോൾ ശബ്ദം കേട്ടു. ഇഷ്ടം തോന്നിക്കാണും'.
ചേച്ചി തുടർന്നു. ഏയ് അതൊന്നുമല്ല. വാവല്ലെ വരുന്നത്. തീർച്ചയായും ആത്മാക്കളൊക്കെ ഭൂമിയിലേക്ക് വന്നുകാണും. അവർക്കൊന്നും നമ്മളെയൊക്കെ കാണാതിരിയ്ക്കാൻ ആവില്ല. നീയും ബലിയിടണം ഇത്തവണ. കുറെ ആയില്ലെ ഈ കാലത്തൊന്നും നീ കാണാറില്ലല്ലോ? ഉറപ്പായും നിന്നെ തേടി വരുന്നതാണ്. അതാണ് നീ ഇറങ്ങിച്ചെല്ലും വരെ മുട്ടുന്നത്.
ചേച്ചീ അങ്ങനെ ഒന്നും ഇല്ല. അതൊക്കെ നമ്മുടെ വിശ്വാസങ്ങളാണ്.
"ആയിക്കോട്ടെ. നീ വിശ്വസിക്കണ്ട. ഞങ്ങളൊക്കെ ഈ വിശ്വാസങ്ങളിലൂടെ ആണ് ആശ്വാസം കണ്ടെത്തുന്നത്".
എനിക്കും തോന്നി. ഒന്നും ഉള്ളതല്ലെങ്കിലും ചില വിശ്വാസങ്ങൾക്ക് ജീവനോളം വിലയുണ്ടെന്ന്. വെറും വിശ്വാസങ്ങളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ വിശ്വാസങ്ങളിലൂടെ മുന്നോട്ടു നോക്കുമ്പോൾ വല്ലാത്ത ഒരാശ്വാസം ആണ്. പ്രീയപെട്ടവരാരും നമ്മളെ വിട്ടുപോകുന്നില്ലെന്ന തോന്നൽ. കൂടെ ഉണ്ടെന്ന തോന്നലിൽ ആശ്വസിയ്ക്കുന്ന വെറും മനുഷ്യനാവാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നതെന്ന് തോന്നി.
വാതിൽ തുറന്നിറങ്ങിച്ചെന്ന് കാക്കയെ വേഗം ഓടിച്ചുകളയാൻ തോന്നാതെ ഞാനും ചേച്ചിയുടെ വിശ്വാസത്തെ എന്നോടു ചേർത്തു വച്ചു.