കർക്കിടകം
ഓരോ കർക്കിടകവും തോരാമഴകളുടെ ഓർമ്മകളാണ്.
പുഴ കടന്നു വന്നു കർക്കിടകക്കാറ്റ് വാതിലിൽ മുട്ടി വിളിക്കുമ്പോൾ ഇന്നും മനസ്സിൽ ബാല്യം മിഴി തുറക്കുന്നു.
തോരാതെ മഴ പെയ്യുന്ന കർക്കിടക സന്ധ്യയിലാണ് തറവാട്ടിന്റെ പടിഞ്ഞാ റെ മുറിയിൽ പിതൃക്കൾക്ക് ദാഹം വെച്ചിരുന്നത് ( വീതി വെയ്ക്കൽ എന്നും പറയും ).
വറ കലത്തിൽ ചുട്ടെടുത്ത ഓട്ടട, ഇളനീർ, അരി വറുത്തു പൊടിച്ചത്, പഴം ഇവയൊക്കെ പടിഞ്ഞാറെ മുറിയിൽ നിരത്തി വെച്ചു വിളക്ക് കൊളുത്തി ശബ്ദത്തോടെ തുറന്നട യുന്ന മരവാതിലുകൾ മെല്ലെ ചാരി എല്ലാവരും ആ മുറിയിൽ നിന്നു പുറത്തിറങ്ങും. പിതൃക്കളുടെ ആത്മാവുകൾ പ്രിയപ്പെട്ടവരെ കാണാൻ വാവുദിവസം ഭൂമിയിൽ എത്തുമെന്നും വിളമ്പി വെച്ചിരിക്കുന്ന വിഭവങ്ങൾ കഴിച്ചു മടങ്ങി പോകുമെന്ന്യമാണ് ഇപ്പോഴും തുടരുന്ന ചടങ്ങിനെ കുറിച്ചുള്ള സങ്കല്പം.
കർക്കിടകത്തിൽ തോരാമഴയത്ത്" കാ ർന്നോന്മാർ പഴമുറവും ചൂടി വരും" എന്നായിരുന്നു അച്ഛമ്മ പറഞ്ഞു കേട്ടിട്ടുള്ളത്. അവരുടെ വരവും കാത്തു കുണ്ടനിടവഴികളിലേക്കും, തൊടികളുടെ പച്ചപ്പിലേക്കും ഇമ ചിമ്മാതെ നോക്കിയിരുന്ന ബാല്യം ആകാംക്ഷയുടെതായിരുന്നു.
പിന്നീട് മരച്ചില്ലകൾ ഉലച്ചു മഴക്കാറ്റ് ആഞ്ഞു വീശുമ്പോൾ ഇളനീരും മുറി യ്ക്കുള്ളിൽ നിരത്തി വെച്ച ഭക്ഷണപദാർത്ഥങ്ങളും വീട്ടിലുള്ളവർക്കൊപ്പം രുചിയോടെ കഴിക്കുമ്പോൾ ആത്മാവുകൾ അരൂപി കൾ ആണെന്ന തിരിച്ചറിവ് വളരെ സാവധാനത്തിൽ മനസ്സ് ഉൾക്കൊണ്ടു.
ഭൂമി വിട്ടു പോയവരുടെ ആത്മാവുകൾ പ്രിയപ്പെട്ടവരെ കാണാണെത്തുമെന്നു കരുതുന്ന കർക്കിടകവാവുകളിൽ പുതുജീവിതത്തിന്റെ യാന്ത്രി കതയിലും ഏറെ പേർ വൃതമെടുത്തു ബലിതർപ്പണം നടത്തുവാൻ പുണ്യതീർത്ഥങ്ങളിൽ മുങ്ങി നിവരുന്നത് ഇന്നും ഏവരും ആ സങ്കല്പത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്
വാവ് നാളിൽ അമ്പലത്തിൽ നമസ്കാരത്തിന് കൊടുത്തു പ്രാർത്ഥി ക്കുമ്പോൾ ഇപ്പോഴും മനസ്സിൽ തെളിയുന്നത് ആത്മാവുകൾക്കായി വിളമ്പി വെച്ച വിഭവങ്ങൾ നിരന്ന പടിഞ്ഞാറെ മുറിയാണ്. മൂവന്തിയെ മൂടി പെയ്തിറങ്ങുന്ന കർക്കിടക മഴയാണ് .
ചുറ്റിനും ചിറകടിച്ച് പറക്കുന്ന ബലിക്കാക്കകളെ കാണുമ്പോൾ തൂശനിലയിൽ ഉരുട്ടി വെച്ച ബലിച്ചോറുണ്ണാൻ അവരെ കൈകൊട്ടി വിളിച്ച ബാല്യത്തിന്റെ ഉമ്മറത്തു ഞാനിപ്പോൾ തനിച്ചാകുന്നു. എങ്കിലും മനസ്സിന്റെ ഏകാന്തമായ ഒരു കോണിലേക്ക് എല്ലാ കർക്കിടക വാവുകളിലും അവർ വിരുന്നെത്താറുണ്ട്
അവിടെ എന്റെ കണ്ണീരുപ്പ് പുരണ്ട വിഭവങ്ങളുണ്ട്..ഞാൻ മുങ്ങി നിവർന്നു ബലിതർപ്പണം ചെയ്യുന്ന സ്നേഹത്തിന്റെ പുണ്യ തീർത്ഥമുണ്ട്, പശ്ചാത്താപത്തിന്റെ അറ്റം കാണാത്ത തീരങ്ങളുണ്ട്, ജന്മപുണ്യം തേടുന്ന പ്രാർത്ഥനകളുണ്ട്.