Image

സമയം വില്‌ക്കുന്ന കടയില്‍ (കഥ: അര്‍ഷാദ്‌ ബത്തേരി)

Published on 04 October, 2012
സമയം വില്‌ക്കുന്ന കടയില്‍ (കഥ: അര്‍ഷാദ്‌ ബത്തേരി)
മുത്തച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രാചീനമായൊരു ഘടികാരം പവിത്രനു സമ്മാനിച്ചിരുന്നു. തേക്കുമരംകൊണ്ടുതീര്‍ത്ത വീതിയേറിയ പെന്‍ഡുലമുള്ളത്‌. കാലങ്ങള്‍ അഗാധമായൊരു ഓര്‍മപ്പെടുത്തലായി മുഴക്കിയും അക്കങ്ങളിലേക്ക്‌ ചൂണ്ടുന്ന സ്വര്‍ണ്ണനിറമുള്ള സൂചികള്‍ നിമിഷങ്ങളിലേക്ക്‌ അലൗകികമായി ഒഴുകിയും കൂടെയുള്ള ഘടികാരം നിലച്ചുകിടക്കുന്നതു കണ്ടുകൊണ്ടാണ്‌ പവിത്രനുണര്‍ന്നത്‌.

ഘടികാരത്തിന്റെ നിശ്ചലതയില്‍ മൂന്നു കാലങ്ങളിലും അന്ധകാരത്തിന്റെ വന്‍ മതിലുകളുയര്‍ന്നുകിടക്കുന്നു. ഭൂമിയില്‍ അജ്ഞാതമായൊരു തുരുത്തിലേക്കെറിയപ്പെട്ടിരിക്കുന്നു.

അല്‌പനേരം ശവപ്പെട്ടിയിലെന്നപോലെ കിടന്നു.

പത്താം വയസ്സില്‍ കിട്ടിയ ആദ്യ സമ്മാനം. ഒരുപക്ഷേ, അവസാനത്തെയും. മുത്തച്ഛന്‍ മരിക്കുന്നതിന്റെ തലേന്നാള്‍ പവിത്രനെ അടുത്തു വിളിച്ചു വരുത്തി. നെഞ്ചിലെ കരിമ്പിന്‍പൂക്കുലകള്‍ പോലുള്ള രോമങ്ങളില്‍ തടവിക്കൊണ്ടു പറഞ്ഞതെല്ലാം ചെവിയില്‍ വീണ്ടും ഒച്ചവച്ചു.

``പവീ, മുത്തച്ഛന്‍ പട്ടാളത്തിലുള്ള കാലത്ത്‌ കൊണ്ടുവന്നതാണിത്‌. വര്‍ഷങ്ങളൊരുപാട്‌ കഴിഞ്ഞിരിക്കുന്നു. ഇവിടെയിപ്പോ ഇതാര്‍ക്കും വേണ്ട. മോനിതെടുത്തോ. സൂക്ഷിക്കണം. കെട്ടോ?'' മുത്തച്ഛന്റെ പുഞ്ചിരി പര്‍വതങ്ങള്‍ക്കുമേല്‍ വീഴുന്ന സായാഹ്നവെയിലായി തിളങ്ങി..മങ്ങി.

പകലിന്റെ നീളന്‍ നിഴല്‍ക്കൈകള്‍ ഘടികാരത്തെ എത്തിപ്പിടിക്കുവാന്‍ ചുവരിലേക്ക്‌ നീളുന്നതു കണ്ട്‌ കട്ടിലില്‍ നിന്ന്‌ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഘടികാരത്തിനടുത്തേക്കു ചെന്നു. ആട്ടിയാട്ടി ,സമയത്തെ അകറ്റുന്ന പെന്‍ഡുലം നിശ്ശബ്‌ദതയ്‌ക്കു കീഴടങ്ങിയിരിക്കുന്നു. ചെവികള്‍ മാറിമാറിവച്ചു നോക്കി. യാതൊരു അനക്കവും കേള്‍ക്കുന്നില്ല. ഈ ഘടികാരത്തില്‍ ഇമകളര്‍പ്പിച്ചാണ്‌ പവിത്രന്‍ സൂക്ഷ്‌മതയെ ഒറ്റക്കൊളുത്തിട്ട്‌ വലിച്ചടുപ്പിച്ചത്‌. ധ്യാനനിരതനായത്‌. തുടച്ചു വൃത്തിയാക്കാത്ത ഒരു ദിവസംപോലുമുണ്ടായിട്ടില്ല. അങ്ങനെ ചെയ്യുമ്പോഴെല്ലാം വീട്ടുകാരു പറയും.

``ന്റെ പവിത്രാ നിനക്കിതൊന്നും നിര്‍ത്താറായില്ലേ? അതിന്റെ ശബ്‌ദം കേള്‍ക്കുമ്പോള്‍ത്തന്നെ കലികേറും. ഉമ്മറത്തല്ലേ മുത്തച്‌ഛന്റെ ഫോട്ടോ തൂക്കിയിട്ടിരിക്കുന്നത്‌. അതു പോയി വൃത്തിയാക്കിക്കൂടോ നെനക്ക്‌''

``എനിക്കിതു മതി. അന്നും ഇന്നും ഒരേസ്വരത്തില്‍ പറയും''

ബാല്യത്തില്‍ മുത്തച്ഛനോടൊപ്പം വയല്‍വരമ്പിലൂടെ നടക്കാന്‍ പോയിരുന്ന വൈകുന്നേരങ്ങളിലൊരിക്കല്‍ മുറിഞ്ഞ വരമ്പിനപ്പുറം മുത്തച്‌ഛനും ഇപ്പുറം പവിത്രനും അകറ്റപ്പെട്ടു.ഇടയില്‍ കുത്തിയൊഴുകുന്ന നീര്‍ച്ചാലിനെ നോക്കി കരഞ്ഞുകൊണ്ടുനിന്ന പവിത്രന്റെ കുഞ്ഞുവിരലുകളിലേക്ക്‌ എത്തിപ്പിടിച്ചടുപ്പിച്ച മുത്തച്ഛന്റെ വേരുകള്‍പോലുള്ള വിരലുകളുടെ ദൃഢതയോര്‍ക്കെ പവിത്രനു തേങ്ങലടക്കാന്‍ കഴിഞ്ഞില്ല. ഇതു സമ്മാനമായി ലഭിച്ച ദിവസം വൃക്ഷങ്ങളോടും പക്ഷികളോടും പൂമ്പാറ്റകളോടും ആഹ്ലാദം വിളിച്ചറിയിച്ചുകൊണ്ട്‌ പറമ്പിലൂടെ എത്രനേരം ഓടി നടന്നിട്ടുണ്ടെന്ന്‌ തീര്‍ച്ചപ്പെടുത്താനാവില്ല.

ലോകം പിടിച്ചടക്കിയ സന്തോഷത്താല്‍ സ്‌കൂള്‍ മുറ്റത്തിരുന്നു ഘടികാരത്തെക്കുറിച്ച്‌ വിവരണത്തിന്റെ ഉത്സവം കഴിച്ചിട്ടുണ്ട്‌. അതിന്റെ മുഴങ്ങുന്ന ശബ്‌ദം, സൂചികളുടെ ചടുലത, രാത്രിയില്‍ അക്കങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നക്ഷത്രങ്ങള്‍.. കോളേജിലെത്തിയപ്പോഴേക്കും അതിന്മേലുള്ള കൗതുകങ്ങളെല്ലാം ഒലിച്ചുപോകുകയും ഘടികാരം ഒരു അവയവമായിത്തീരുകയും ചെയ്‌തു.

പകലിലെ എല്ലാ വൈഷമ്യങ്ങളുടെയും വേദനകള്‍ രാത്രികളിലാണല്ലോ ആക്രമിക്കാറുള്ളത്‌. അപ്പോഴൊക്കെ ഘടികാരം പവിത്രനു ചുറ്റും കാവല്‍പ്പടയാളികളായി ക്‌ടക്‌..ടിക്‌.. ക്‌ടക്‌.. ടിക്‌.. എന്നു കവാത്തു നടത്തും. ഉറക്കത്തിന്റെ ഗാഢതയില്‍ ഭീകരസ്വപ്‌നങ്ങളോട്‌ മല്ലിടുമ്പോള്‍ ശബ്‌ദമുയര്‍ത്തി സ്വപ്‌നങ്ങളെ മുറിച്ചു വീഴ്‌ത്തി രക്ഷിക്കും. അങ്ങനെയങ്ങനെ ഘടികാരം പവിത്രനു ജീവതാളത്തിന്റെ ചക്രങ്ങളായിത്തീര്‍ന്നു.

എന്റെ മുത്തച്ഛന്‍

ഒരു ഘടികാരമാണ്‌

നിമിഷങ്ങളുടെ ആവാഹനങ്ങളില്‍

ഭൂതവും ഭാവിയും

കൈകോര്‍ത്തിവിടെ

പ്രദക്ഷിണം വെക്കുന്നു.

ചരിത്രവും നീതിയും

മറന്നു മയങ്ങുമ്പോള്‍

ഓര്‍മപ്പെടുത്തലുകളുടെ

രഥചക്രങ്ങളായി ഉരുളുന്നു.

പണ്ടെന്നോ കുറിച്ചുവച്ച കവിതയുടെ വരികളെല്ലാം ഓര്‍മയുടെ ഭൂഗോളത്തില്‍ക്കിടന്നു കറങ്ങി. വിറയ്‌ക്കുന്ന ചുണ്ടുകള്‍ ഘടികാരത്തില്‍ ഗാഢമായി സ്‌പര്‍ശിച്ചു. പതുക്കെയെടുത്തു മേശപ്പുറത്തുവച്ചു. അനക്കമില്ലാതെയുള്ള അതിന്റെ കിടപ്പുകണ്ട്‌ പവിത്രന്‍ നീറിപ്പുകഞ്ഞു.

മറ്റൊരു ആലോചനയ്‌ക്കു നില്‍ക്കാതെ കടലാസില്‍ പൊതിഞ്ഞെടുത്ത്‌ തിരക്കിട്ട്‌ പട്ടണത്തിലേക്കു നടന്നു. ആശങ്കകളുടെ കീഴ്‌ക്കാംതൂക്കുകളില്‍ ജീവന്റെ തുടിപ്പുകളുടെ എണ്ണം കുറഞ്ഞുവരുന്നതായറിഞ്ഞു.

``ആരെയാണ്‌ ഇതൊന്നു വിശ്വസിച്ചേല്‌പ്പിക്കുക.''മാര്‍ക്കറ്റ്‌ റോഡിലെ തിരക്കേറിയ, ഇടുങ്ങി വൃത്തികേടായി കിടക്കുന്ന വഴിയിലൂടെ സഞ്ചരിച്ച്‌ കട കണ്ടുപിടിച്ചു. മാറാല പിടിച്ച വളരെ ചെറിയ മുറി. അതില്‍ പൊടി നിറഞ്ഞ ചീന്തുവീണ ചില്ലുകൂട്ടിനുള്ളില്‍ അലസമായി കിടക്കുന്ന സമയമാപിനികള്‍ പുരാതനമായൊരു ശ്‌മശാനത്തെ ഓര്‍മപ്പെടുത്തി.

``ഇവിടെയിങ്ങനെ കിടക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഇന്നുതന്നെ കൊണ്ടുപോകണം.'' ഘടികാരത്തില്‍ തടവിക്കൊണ്ട്‌ പറഞ്ഞു.''എന്താണിത്‌? '' കറുത്ത്‌ തടിച്ചൊരാള്‍ കസേര വിട്ടെഴുന്നേറ്റു പവിത്രന്‍ ഘടികാരം മെല്ലെമേശയില്‍ വെച്ച്‌ കടലാസ്‌ പതുക്കെ നീക്കി.

കടക്കാരന്റെ ചീര്‍ത്ത മുരടന്റെ കൈ ഘടികാരത്തില്‍ വെച്ചപ്പോള്‍ പവിത്രനു ശ്വസതടസ്സമനുഭവപ്പെട്ടു.

അയാളതെടുത്ത്‌ തിരിച്ചും മറിച്ചും നോക്കിയശേഷം ഒന്നു കുലുക്കി. രോഷം സഹിക്കാന്‍ കഴിയാതെ പവിത്രന്‍ കാലിന്റെ പെരുവിരല്‍ നിലത്തമര്‍ത്തി.

``ഏതു കാലത്തുള്ളതാണ്‌ ഹേ.. ഇത്‌?'' അയാള്‍ വീണ്ടുമെടുത്ത്‌ കുലുക്കി ചോദിച്ചു.

``അങ്ങനെ കുലുക്കല്ലേ. ചില്ല്‌ പൊട്ടിപ്പോകും.'' പവിത്രന്‍ പൊട്ടിത്തെറിച്ചു.

``ഇതു നേരെയാവില്ല, നേരെയാവില്ല സുഹൃത്തേ,'' ചിരിക്കൊപ്പം വികൃതമായ രീതിയില്‍ തലയാട്ടിക്കൊണ്ട്‌ അയാള്‍ ആവര്‍ത്തിച്ചു. ``ഒരു കാര്യം ചെയ്യാം. ഞാനിത്‌ പഴയവിലയ്‌ക്ക്‌ എടുത്തോളാം. ചില്ലിന്റെയും മരത്തിന്റെയും തൂക്കം കുറയും.'' ആക്രിക്കച്ചവടക്കാരന്റെ കൗശലത്തോടെ സ്വന്തമാക്കാന്‍ ഒരുങ്ങവേ അയാളുടെ കണ്ണുകളില്‍ ഒളിച്ചിരിക്കുന്ന കള്ളനെ പവിത്രന്‍ കണ്ടുപിടിച്ചു. അരിശം പ്രയാസപ്പെട്ടൊതുക്കി ഘടികാരം നെഞ്ചോടു ചേര്‍ത്തുവെച്ച്‌ പവിത്രന്‍ വേഗത്തില്‍ നടന്നു.

തീക്ഷ്‌ണമായ ഉഷ്‌ണം. ഫുട്‌പാത്തിലെ കച്ചവടക്കാരുടെ ബഹളങ്ങള്‍ക്കിടയിലൂടെ തളര്‍ച്ചയോടെ നടക്കുമ്പോഴാണ്‌ സമയത്തിന്‌ താങ്ങാനാവാത്ത ഭാരമുണ്ടെന്നറിഞ്ഞത്‌. വെയിലേറ്റ്‌ ഘടികാരത്തിനു ചൂടുപിടിച്ചിരിക്കുന്നു. നിരത്തിന്റെ ഒരു വശത്തായി സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമയ്‌ക്കരികിലെത്തിയ പവിത്രനു മുന്നോട്ട്‌ നീങ്ങാന്‍ കഴിയാതെ വന്നു. ഗാന്ധിജിയെക്കുറിച്ച്‌ ആദ്യമായി പറഞ്ഞുകൊടുത്തത്‌ മുത്തച്ഛനായിരുന്നു.

``പവീ, സൂക്ഷിച്ച്‌! ഗാന്ധിജിയുടെ ഫോട്ടോ താഴെയിടല്ലേ''

``നമ്മുടെ ഗാന്ധിജിയെ ആരാ മുത്തച്ഛാ കൊന്നത്‌ ? ബ്രിട്ടീഷുകാര്‌ പറഞ്ഞിട്ടാണോ ആ ദുഷ്‌ടന്‍ അതു ചെയ്‌തത്‌?''

മുത്തച്ഛന്‍ പവിത്രനെ ചേര്‍ത്തുപിടിച്ചു.

``അയ്യോ, പവീ ബ്രിട്ടീഷുകാരു പറഞ്ഞിട്ടൊന്നുമല്ല നമ്മുടെ ഗാന്ധിജിയെ കൊന്നത്‌. ഇങ്ങനെയൊക്കെയാരാ പറഞ്ഞുതന്നത്‌. ചരിത്രം ഒരിക്കലും തെറ്റായി പഠിക്കരുത്‌ മോനേ..''

``പിന്നെയെന്തിനാ മുത്തച്ഛാ? എന്തിനാണങ്ങനെ ചെയ്‌തത്‌?''

പവിത്രന്റെ ചോദ്യങ്ങള്‍ക്ക്‌ മുത്തച്ഛന്‍ ഉത്തരം നല്‌കിയില്ല. പകരം കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗങ്ങളിലേക്കു തള്ളിയിടുകയാണുണ്ടായത്‌. അവിടെവച്ചാണ്‌ ചരിത്രമറിയാനുള്ള മൂന്നാംകണ്ണ്‌ മുത്തച്ഛന്‍ പവിത്രനു വച്ചുകൊടുത്തത്‌.

തിരക്കുപിടിച്ച റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ഘടികാരം കൈയില്‍ നിന്നു ചെറുതായൊന്നു വഴുതി ഉള്ള്‌ നടുങ്ങി. കാല്‍വെപ്പുകളുടെ താളം തെറ്റി. കാഴ്‌ച മങ്ങി. മതം തെറ്റായി കുടിച്ചുകുടിച്ച്‌ അന്ധരായവരുടെ ജാഥ നഗരത്തെ ഇളക്കിമറിച്ചു നീങ്ങുകയാണ്‌. കൂടുതല്‍ ആളുകള്‍ അതിലേക്കു ലയിച്ചു ചേരുന്നു. പവിത്രന്‍ ഘടികാരത്തില്‍ മുറുക്കിപ്പിടിച്ചു. പിടിവിട്ടുപോകരുതേയെന്ന പ്രാര്‍ഥനയോടെ. പവിത്രന്റെ അജ്ഞതയുടെ താഴ്‌വാരത്തില്‍ കരുണയേക്കാളും സ്‌നേഹത്തേക്കാളും വലിയ മതങ്ങളില്ലായെന്ന വിത്തുകള്‍ പാകിയത്‌ മുത്തച്ഛനായിരുന്നു. ജാഥ നീങ്ങിയപ്പോള്‍ ഘടികാരം ഉയര്‍ത്തി ചെവിക്കു നേരെവച്ചു. എത്രാമത്തെ തവണയാണ്‌ ഇങ്ങനെ ചെയ്യുന്നതെന്ന്‌ നിശ്ചയമില്ലായിരുന്നു.

``ഒരു മിടിപ്പെങ്കിലുമുണ്ടാക്കൂ'' അങ്ങേയറ്റം തളര്‍ന്ന യാചന നഗരത്തില്‍ അനാഥമായി തേങ്ങി. പവിത്രന്‌ പനി പിടിച്ചു. വായ നിറയെ കയ്‌പ്‌. ഇതിനിടയില്‍കാണുന്ന റിപ്പയര്‍ കടകളിലെല്ലാം കയറിയിറങ്ങി. അവരെല്ലാം ഘടികാരം കാണുമ്പോഴേക്കും ഊറിയൂറിച്ചിരിച്ചു. ചിലരാകട്ടെ മൂക്കാതെ പഴുത്ത ബുദ്ധിജീവികളെപ്പോലെ സംസാരിച്ചു.

``ഇതൊരു കാലഘട്ടത്തിന്റേതാണ്‌. സമയമറിയണമെങ്കില്‍ ഇതില്‍ ത്തന്നെ നോക്കണമെന്നൊരു വിശ്വാസംതന്നെയുണ്ടായിരുന്നു. ഏറ്റവും വില്‌പനയുള്ളൊരു മോഡലായിരുന്നു. കേട്ടോ. പക്ഷേ, ഇന്നിതിന്റെ ശബ്‌ദം , ഹൗ! ടെറിബിളാണ്‌.'' ചുവരില്‍ തൂങ്ങിക്കിടക്കുന്ന ഗാന്ധിജിയുടെ ഫോട്ടോയിലേക്കൊന്നു നോക്കിയശേഷം പവിത്രന്‍ അവിടെനിന്നും ഇറങ്ങി. അറപ്പിക്കുന്ന വാചകക്കസര്‍ത്തുകളും ഉദാഹരണങ്ങളും ഛര്‍ദ്ദിക്കുകയല്ലാതെ ആരും പരിഹാരം കണ്ടെത്താന്‍ സഹായിച്ചില്ല. സൂര്യനസ്‌തമിച്ചതും രാത്രിയുടെ പൊട്ടുതെളിഞ്ഞുവരുന്നതുമൊന്നും അറഞ്ഞില്ല. നടക്കാനുംകൂടിയുള്ള ശേഷി നഷ്‌ടപ്പെട്ടുനില്‌ക്കുമ്പോഴാണ്‌ പോസ്റ്റ്‌ ഓഫീസിന്‌ സമീപമുള്ള ടൈം വേള്‍ഡ്‌ എന്ന ചുവന്ന അക്ഷരത്തില്‍ തിളങ്ങുന്ന ബോര്‍ഡ്‌ കണ്ടത്‌. കുഴഞ്ഞ കൈകള്‍ക്ക്‌ അല്‌പം ജീവന്‍വച്ചു. അതിനകത്തേക്കു പാഞ്ഞുകയറിയ പവിത്രന്‍ സ്‌തംഭിച്ചുനിന്നു. ചുവരില്‍ കൊളുത്തിയിട്ട കൗതുകം തുളുമ്പുന്ന ഘടികാരങ്ങളുടെ ലോകം. വിവിധയിനം വലിപ്പത്തിലുള്ള ഓരോന്നിലും വ്യത്യസ്‌ത സമയങ്ങള്‍. കണ്ണുകള്‍ ഇറുക്കിപ്പിടിച്ച്‌ വീണ്ടും തുറന്നുനോക്കി .എന്താണ്‌ യഥാര്‍ഥ സമയം? ചിലതില്‍ ഒന്‍പത്‌ മണിയാണ്‌.

പത്ത്‌..

ഏഴര..

മൂന്ന്‌...

അഞ്ചര... ചിതറിക്കിടക്കുന്ന സമയം. കാലങ്ങളില്ലാത്ത ഒരിടത്തേക്കുതന്നെ കൊണ്ടുപോകയാണല്ലോ. ഇവിടെനിന്നാണോ തെറ്റിയ സമയങ്ങള്‍ വില്‌ക്കപ്പെടുന്നത്‌. പരിഭ്രമിച്ചുനില്‍ക്കുന്ന പവിത്രനെ ചെമ്പന്‍മുടിയോടുകൂടിയ ചെറുപ്പക്കാരന്‍ സമീപിച്ചു.

``ഉം, എന്തുവേണം?''

``ഇതൊരു ഘടികാരമാണ്‌, കേടുവന്നു.''

``ഇവിടെനിന്നു വാങ്ങിയതാണോ?'' ``അല്ല!''

``സോറി, ഇവിടെ കമ്പനി പ്രൊഡക്‌റ്റ്‌ മാത്രമേ സെയില്‌ ചെയ്യുന്നുള്ളൂ. അതിനെന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ സര്‍വീസ്‌ ചെയ്‌തുകൊടുക്കാറുണ്ട്‌. അല്ലാതെ...''

``അങ്ങനെ പറയരുത്‌. ഒന്നു ശരിയാക്കിത്തരൂ.''

ചെറുപ്പക്കാരന്‍ പവിത്രനെയൊന്നു നോക്കി. ഘടികാരവുമെടുത്ത്‌ കറുത്ത ഗ്ലാസ്സിന്റെ വാതില്‍ തുറന്ന്‌ അകത്തേക്കുപോയി അടഞ്ഞ വാതിലിന്റെ പുറത്ത്‌ അന്യര്‍ക്ക്‌ പ്രവേശനമില്ലായെന്ന്‌ എഴുതിവച്ചിരിക്കുന്നു. അകത്തുനിന്ന്‌ ഒച്ചയും അനക്കവുമൊന്നും കേള്‍ക്കുന്നില്ല. ഏറെയായിട്ടും വാതില്‍ തുറക്കുന്നില്ല. പവിത്രനു ക്ഷമയറ്റു.

``ആരെങ്കിലുമൊന്നകത്തേക്കു പോയിരുന്നെങ്കില്‍ വേഗം വരാന്‍ പറഞ്ഞുവിടാമായിരുന്നു. അകത്തുനിന്നാരെങ്കിലുമൊന്നു വന്നിരുന്നെങ്കില്‍ വിവരങ്ങള്‍ ചോദിച്ചറിയാമായിരുന്നു. പവിത്രന്റെ കാത്തിരിപ്പിനു നീളമേറി വന്നു. മയങ്ങിപ്പോയ പവിത്രന്‍ വാതില്‍ തുറക്കുന്നതു കേട്ട്‌ ഞെട്ടിയുണര്‍ന്നു. ചെറുപ്പക്കാരനും മദ്ധ്യവയസ്‌കനായ ഒരാളും പുറത്തേക്കിറങ്ങി വന്നു.

``നോക്ക്‌, ഇതു ശരിയാവില്ല, കൊണ്ടുപൊയ്‌ക്കോളൂ.''മദ്ധ്യവയസ്‌കന്‍ പറഞ്ഞു

``ഒന്നു ശ്രമിച്ചുകൂടെ?''

``ശരിയാവില്ല. അത്രയ്‌ക്കു പഴക്കമുണ്ട്‌.''

ചെറുപ്പക്കാരന്‍ പവിത്രന്റെ അടുത്തേക്കു വന്നു.

``നിങ്ങള്‍ക്കു വേണമെങ്കില്‍ ഇവിടെയുള്ള ലേറ്റസ്റ്റ്‌ മോഡലിലൊരെണ്ണെമെടുക്കാം. പകരം ഇതു ഞങ്ങള്‍ക്കു തന്നേക്കൂ. കാര്യമൊന്നുമില്ല. വെറുതെ ഷോക്കേസില്‍ വെക്കാനാണ്‌.'' ചെറുപ്പക്കാരന്റെ മുഖത്ത്‌ അപഹരിക്കാനുള്ള സൂത്രവിദ്യകളുടെ ചുഴി. മദ്ധ്യവയസ്‌കന്‍ വൃത്തിയുള്ള വെളുത്ത പേപ്പറില്‍ പൊതിഞ്ഞ്‌ ഇളകാതെ ഘടികാരം പവിത്രനു നേരെ നീട്ടി. ഏറ്റുവാങ്ങുമ്പോള്‍ അതിന്റെ തണുപ്പ്‌ തട്ടി പവിത്രന്‍ നടുങ്ങി. പുറത്തേക്കിറങ്ങിയപ്പോള്‍ വീണ്ടു ക്ഷീണം പിടികൂടി. താനും ഘടികാരവും എവിടെയെങ്കിലും വീണു തകര്‍ന്നേക്കുമെന്ന്‌ പവിത്രനു തോന്നി.

ഇതിന്റെ ഭാരം കുറഞ്ഞുവോ? അവര്‍ ഇതിനുള്ളില്‍ നിന്നെന്തെങ്കിലും മോഷ്‌ടിച്ചിട്ടുണ്ടാവ്വോ? സമയവും വര്‍ഷങ്ങളുടെ എണ്ണവും കിട്ടാതെയുള്ള നടത്തം. ഓര്‍മകളിലേക്കു മറവിയുടെ പൂപ്പല്‍ പടര്‍ന്നുകയറി. ``ഇനി ഞാനെന്ത്‌ ചെയ്യും? തനിക്കു ചുറ്റുമുള്ളവരെയൊന്നും പവിത്രനു കാണാന്‍ കഴിഞ്ഞില്ല. മഞ്ഞുകട്ടയുടെ തണുപ്പുള്ള ഘടികാരവും താങ്ങി ശൂന്യതയിലേക്കുള്ള ഒഴുക്ക്‌. എപ്പോഴോ വളരെ ചെറിയൊരു ശബ്‌ദം തന്റെ മാംസത്തില്‍ വന്നു തൊടുന്നുണ്ടെന്ന തോന്നലില്‍ പവിത്രന്‍ നിന്നു.

``വെറും തോന്നലല്ലെ?'' തലയൊന്നു കുടഞ്ഞു ഘടികാരം ഉയര്‍ത്തിപ്പിടിച്ചു.

``നേരിയ തരിപ്പുണ്ടോ?'' റോഡിന്റെ അരികുചേര്‍ന്നു നിന്നു.

വേഗത്തില്‍ കടലാസ്‌ വലിച്ചു കീറി. യാതൊരു ചലനവും കാണാനായില്ല.

``എന്തായിരുന്നു കേട്ട ശബ്‌ദം.'' ഒരിക്കല്‍കൂടി മുഖമതില്‍ മുട്ടിച്ചു കണ്ണുകള്‍ ഘടികാരത്തിലേക്കു കുത്തിയിറക്കി. പവിത്രനില്‍നിന്ന്‌ ഒരു നിശ്വാസമുയര്‍ന്നു.

``ക്‌ടക്ക്‌..ടിക്‌..ക്ക്‌ടക്‌..ടിക്‌..'' സൂചികള്‍ പതുക്കെ സംസാരിക്കുന്നു.. പവിത്രന്റെ രക്തത്തിനുള്ളിലൂടെ നൂറായിരം ജീവന്‍ പാഞ്ഞു കളിച്ചു.

``സൂചികള്‍ സഞ്ചരിക്കുന്നുണ്ട്‌..'' അതിഗാഢമായി ഘടികാരത്തെ ചുംബിച്ചുകൊണ്ട്‌ തെളിഞ്ഞുവന്ന ആകാശത്തേക്കൊന്നു നോക്കി. ഓടുന്നതിനിടയില്‍ , ഒരൊറ്റക്കരച്ചിലോടെ പവിത്രന്‍ വിളിച്ചു.

``മുത്തച്ഛാ..!''
സമയം വില്‌ക്കുന്ന കടയില്‍ (കഥ: അര്‍ഷാദ്‌ ബത്തേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക