ജനിമൃതികളുടെയിടവേളകളിൽ
ഓർമ്മകളശ്രുപൂജയാൽ തർപ്പണം നടത്തും
കർക്കടകവാവിന് മരണ ഗന്ധമല്ല
ജീവിതത്തിൻ വേരടിപ്പാടുകളിലിനിയും
തിരികെ വരാനാവാതെ യാത്രാമൊഴി
ചൊല്ലിയകന്ന മുഖങ്ങൾക്ക്
ജപമൊഴികളാലർച്ചന ചെയ്യും
സ്മരണാഞ്ജലികളാണ്
ഹൃദയത്തിൽ തെളിയുന്ന
പ്രാർത്ഥനാ ദീപങ്ങളാണ്
പിതൃ സ്മൃതികൾക്കും മാതൃ സ്നേഹത്തിനും
പൂർവ്വികർക്കും പുണ്യമായർപ്പിക്കും
നന്ദിയോടുള്ള നമസ്കാരമാണ്
ജന്മമർത്ഥപൂർണ്ണമാക്കുന്ന കടമയാണ്
നമുക്കിന്നു നടക്കുവാൻ സ്നേഹം നിറച്ച
പാത തീർത്തു കാലം കടന്നവരേ
മണ്ണിനും മനസ്സിനും നേർവഴി തെളിച്ചവരേ
നിങ്ങളില്ലായിരുന്നെങ്കിൽ ഞങ്ങളീ ഭൂവിലില്ല
ഒരായിരം കൃതജ്ഞതകളും വാക്കുകൾക്കതീതമാം വന്ദനവും