ജനസംഖ്യാ വര്‍ധനവ് നടത്തിയാണ് മലപ്പുറത്തെ നിയമസഭാ സീറ്റുകളുടെ എണ്ണം മുസ്ലീം ലീഗ് വര്‍ധിപ്പിച്ചതെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എസ്.എന്‍.ഡി.പി യോഗം മലപ്പുറം, നിലമ്പൂര്‍ യൂണിയന്‍ കഴിഞ്ഞ ഏപ്രില്‍ 5-ാം തീയതി സംഘടിപ്പിച്ച ചുങ്കത്തറയിലെ ശ്രീനാരായണ കണ്‍വന്‍ഷനില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലയാളുകള്‍ കാണുന്നതെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നുമാണ് വെള്ളാപ്പള്ളി അന്ന് മുസ്ലീം ലീഗിന്റെ പേരെടുത്തു പറയാതെ ആക്ഷേപിച്ചത്.
എന്നാല്‍ അധികം താമസിയാതെ കേരളം മുസ്ലീം ഭൂരിപക്ഷ നാടാവുമെന്ന് പച്ചയ്ക്ക് പറഞ്ഞിരിക്കുകയാണിപ്പോള്‍ വെള്ളാപ്പള്ളി. കോട്ടയത്ത് എസ്.എന്‍.ഡി.പി നേതൃസംഗമത്തില്‍ നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ കേരളം മുസ്ലീം ഭൂരിപക്ഷ പ്രദേശമാകുമെന്നും മുഖ്യമന്ത്രി സ്ഥാനമാണ് മുസ്ലീംലീഗിന്റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ദ്ധിക്കുകയാണ്, കേരളത്തിലെ മറ്റിടങ്ങളില്‍ ജനസംഖ്യ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണ് ചെയ്യുന്നത്, മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണ്, ലീഗ് തിരു-കൊച്ചിയില്‍ സീറ്റ് ചോദിച്ചുവാങ്ങും എന്നൊക്കെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.
ഇതുസംബന്ധിച്ച് വിശദീകരണവുമായി പിന്നീട് അദ്ദേഹം രംഗത്തുവരികയും ചെയ്തു. ''മലപ്പുറം ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ഈഴവ സമുദായത്തിനില്ല. മുട്ടാളന്‍മാരുടെ മുമ്പില്‍ മുട്ടുമടിക്കില്ല. ക്രിസ്ത്യാനിയും മുസ്ലീമും നായരും നന്നായി ജീവിക്കണം. മുസ്ലീങ്ങള്‍ക്കിടയില്‍ പല കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും സമുദായകാര്യങ്ങള്‍ വരുമ്പോള്‍ അവര്‍ ഒന്നിക്കും. മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്നു പറയുന്നത് വരെ എത്തിയിരിക്കുകയാണ്. ഇവിടെ ജനാധിപത്യം മരിച്ചു, മതാധിപത്യത്തിലേക്ക് നമ്മള്‍ എത്തി. ഒരു ഈഴവനെയും ഇവിടെ വളരാന്‍ അനുവദിക്കുന്നില്ല. ഈഴവരുടെ സംഘടിതശക്തിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തില്‍ നമുക്കും വേണ്ടെ അധികാരത്തിലുള്ള അവകാശം...?'' ഇങ്ങനെ പോയി വെള്ളാപ്പള്ളിയുടെ വാക്കുകള്‍.
മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണെന്നും അത് മുസ്ലീം ലീഗിന് നേട്ടമുണ്ടാക്കുന്നുവെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. 2001-ലെ സെന്‍സസിനെ അടിസ്ഥാനമാക്കി 2002 ഓഗസ്റ്റില്‍ ആരംഭിച്ച മണ്ഡല പുനര്‍നിര്‍ണ്ണയം 2008-ലാണ് അവസാനിച്ചത്. ഇതിന്‍ പ്രകാരം 2011-ലാണ് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കൊല്ലം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓരോ മണ്ഡലം വീതവും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ രണ്ട് മണ്ഡലം വീതവും ഏഴ് മണ്ഡലങ്ങള്‍ തെക്കന്‍-മധ്യ കേരളത്തില്‍ കുറഞ്ഞു. അതേസമയം കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓരോ മണ്ഡലം വീതവും മലപ്പുറത്ത് നാല് മണ്ഡലങ്ങളും പുതുതായി വന്നു. അതോടെ മലബറില്‍ ഏഴ് മണ്ഡലങ്ങള്‍ വര്‍ദ്ധിച്ചു എന്നതാണ് വസ്തുത.
സംസ്ഥാനത്ത് ഇനിയൊരു മണ്ഡല പുനര്‍ നിര്‍ണ്ണയം വരുമ്പോള്‍ പൊതുവില്‍ മലബാറിലെ ജില്ലകളില്‍ ഏഴ് മുതല്‍ 10 വരെ സീറ്റ് വര്‍ദ്ധിക്കുകയും തെക്കന്‍-മധ്യ കേരളത്തില്‍ സീറ്റുകള്‍ കുറയുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. കാലാകാലങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ വ്യത്യാസം വരുന്നത്. 2011-ലെ സെന്‍സസ് നോക്കിയാല്‍ തെക്കന്‍ ജില്ലകളില്‍ കാര്യമായ ജനസംഖ്യാ വര്‍ധനവ് ഉണ്ടായിട്ടില്ല. മലബാറില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ പുനര്‍നിര്‍ണ്ണയത്തില്‍ നിലവിലെ മണ്ഡലങ്ങളെ പുനക്രമീകരിച്ചപ്പോള്‍ മണ്ഡലങ്ങള്‍ കുറഞ്ഞത് തെക്കന്‍-മധ്യ കേരളത്തിലെ ജില്ലകളിലാണ്. വര്‍ദ്ധിച്ചതാകട്ടെ മലബാറിലെ ജില്ലകളിലുമാണ്.
2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യ 3,33,87,677 ആണ്. ഇതില്‍ ഹിന്ദു-54.73 ശതമാനം, മുസ്ലീങ്ങള്‍-26.56 ശതമാനം, ക്രിസ്ത്യന്‍-18.38 ശതമാനം എന്നിങ്ങനെയാണ് മതപരമായ അനുപാതം. 2011-ന് ശേഷം സെന്‍സസ് നടത്തിയിട്ടില്ലാത്തിനാല്‍, നവജാത ശിശുക്കളുടെ എണ്ണം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഡാറ്റയാണ് പുതിയ കണക്കുകള്‍ അറിയാനുള്ള ഏക വഴി. ഇത് പൂര്‍ണ്ണമായും ശരിയാകണമെന്നില്ല. 2006-ലെ നവജാത ശിശുക്കളുടെ ജനനനിരക്ക് മതപരമായി വേര്‍തിരിച്ച് പരിശോധിച്ചാല്‍, കേരളത്തില്‍ മൊത്തം ജനനനിരക്കില്‍ 46 ശതമാനം ഹിന്ദു സമുദായത്തിലും 35 ശതമാനം മുസ്ലീം സമുദായത്തിലും 17 ശതമാനം ക്രൈസ്തവ സമുദായത്തിലുമാണ്. ജനനം പോലെ തന്നെ മരണവും നടക്കുന്നുണ്ടല്ലോ.
അതേസമയം, ദേശീയ തലത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം 2026 വരെ മരവിപ്പിച്ചിരിക്കുകയാണ്. 2026-ലെ സെന്‍സസിന് ശേഷമായിരിക്കും അടുത്ത മണ്ഡല പുനര്‍ നിര്‍ണ്ണയം നടക്കുക. എന്നാല്‍ കേരളത്തില്‍ പൊതുവില്‍ ജനസംഖ്യ കുറഞ്ഞുവരികയാണെന്നും എല്ലാ വിഭാഗങ്ങളിലും ആ കുറവ് കാണാനാകുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ വിലയിരുത്തേണ്ടത്. മലബാറില്‍ നിയമസഭാ മണ്ഡലങ്ങള്‍ വര്‍ധിച്ചുവെന്നത് ശരിയാണെങ്കിലും വിലപേശലിലൂടെ മണ്ഡലം കൈക്കാലാക്കാവുന്ന തരത്തില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചിട്ടുണ്ടെന്ന് മേല്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നില്ല.
വെള്ളാപ്പള്ളി നടത്തിയത് വിദ്വേഷ പ്രകടനമാണെന്നാണ് പൊതുവെയുള്ള ആരോപണം. ഇടത് സര്‍ക്കാരില്‍ ഇസ്ലാം മതപണ്ഡിതനായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, മുസ്ലീം ലീഗ് തുടങ്ങിയവര്‍ അവിഹിതമായി സ്വാധീനം ചെലുത്തുവെന്നും, മലപ്പുറം ജില്ലയെയും മുസ്ലീം സമുദായത്തെയും പേരെടുത്തു പറഞ്ഞുമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍. വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തള്ളിയിട്ടുണ്ട്. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണമെന്ന് സി.പി.എം പ്രസ്താവനയില്‍ പറയുന്നു.
വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയാതെയുള്ള പ്രസ്താവനയില്‍ എസ്.എന്‍.ഡി.പി യോഗം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടുന്നത്. വെള്ളാപ്പള്ളി നടേശന്‍ തുടര്‍ച്ചയായി മുസ്ലീം സമുദായത്തിനെതിരെ നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതിരുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
മലപ്പുറം കേന്ദ്രമാക്കി മുസ്ലീങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന പ്രചാരണം പണ്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. അതിന് വലിയ ആയുസും ഉണ്ടായിരുന്നില്ല. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെന്നത് മറ്റൊരു കാര്യം. എസ്.ഡി.പി.ഐ ആണ് ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നത്.
ഇന്ത്യയില ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്ലീം, ക്രൈസ്തവ ജനസംഖ്യ കൂടിയെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തയ്യാറാക്കിയ വര്‍ക്കിങ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ജനസംഖ്യ 1950-നെ അപേക്ഷിച്ച് 43.15 ശതമാനവും ക്രൈസ്തവര്‍ 5.38 ശതമാനവും സിഖുകാര്‍ 6.58 ശതമാനവും വര്‍ധിച്ചുവത്രേ. 2011-ലെ സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയിലെ ആകെ ജനസംഖ്യ ജനസംഖ്യ 4,112,920 ആണ്. 70.24 ശതമാനമുള്ള മുസ്ലീങ്ങളാണ് ഏറ്റവും കൂടുതല്‍. ഹിന്ദു-27.60 ശതമാനം, ക്രിസ്ത്യന്‍-1.98 ശതമാനം എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളുടെ കണക്ക്.