Image

ഒരിക്കലൂണ് (കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 24 July, 2025
ഒരിക്കലൂണ്  (കഥ: ശ്രീകുമാർ ഭാസ്കരൻ)

‘ഇന്ന് കർക്കിടകവാവാണ്. നേരത്തെ വരണം ഭക്ഷണം കഴിക്കാൻ. അരിയാഹാരം ഒഴിച്ചുള്ള ഭക്ഷണമാണ്.’ അനുജന്‍ ഉച്ചയായപ്പോള്‍ വിളിച്ച് ഓര്‍മ്മിപ്പിച്ചു. ഞാന്‍ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന തിരക്കിലായിരുന്നു.  
പാരമ്പര്യ ആചാരങ്ങള്‍ക്ക് ഒരു പരിധിവരെ കീഴ്പ്പെട്ടു ജീവിക്കുന്ന ഒരു കുടുംബത്തെ സംബന്ധിച്ച്, കർക്കിടകവാവിന് വളരെ പ്രസക്തിയുണ്ട്.
കര്‍ക്കിടകവാവിന് സംസ്ഥാന അവധിയാണ്. ഞാൻ പ്രവർത്തിച്ചിരുന്ന ഗവേഷണ സ്ഥാപനത്തിനും അവധിയായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അവധിയായിരുന്നില്ല. ഞങ്ങള്‍ എന്നുപറഞ്ഞാല്‍ ഞാന്‍, എന്‍റെ ഗുരു ഡോ. ശര്‍മ്മ,   സുരേഷ്, സന്തോഷ്‌, അനില്‍.  
ഞങ്ങൾ ഒരു പ്രോജക്ട് റിപ്പോര്‍ട്ട്‌ തീർക്കാനുള്ള അഹോരാത്ര പണിയിലായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ആ പ്രോജക്ട് റിപ്പോര്‍ട്ട്‌  ടൈപ്പ് ചെയ്ത് കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കേണ്ടതായിട്ടുണ്ടായിരുന്നു. സുപ്രീം കോര്‍ട്ടും ഇടപെട്ടിട്ടുള്ള ഒരു പ്രൊജക്റ്റ്‌ ആയതുകൊണ്ട് അത് നീട്ടിവെക്കുക സാദ്ധ്യമായിരുന്നില്ല. സമയബന്ധിതമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. അതുകൊണ്ട് അഹോരാത്രം ഞങ്ങൾ ഗവേഷണകേന്ദ്രത്തിൽ ഇരുന്നു പണിയെടുക്കുന്ന സമയം. തലേന്ന് രാത്രി ശരിക്ക് ഉറങ്ങാൻ പറ്റിയില്ല. അതിന്റെ ക്ഷീണം എല്ലാവര്‍ക്കും ഉണ്ട്. 
സാറിൻറെ നേതൃത്വത്തിൽ പ്രോജക്റ്റിന്റെ ഫീല്‍ഡ്സ്റ്റഡി നടക്കുമ്പോൾ അതിന്റെ സംയോജകന്‍ ഞാനായിരുന്നു. ഫീല്‍ഡ്സ്റ്റഡി കഴിഞ്ഞുള്ള റിപ്പോര്‍ട്ട്‌ ടൈപ്പിംഗ് പരിപാടി നടക്കുകയായിരുന്നു അനുജന്‍ വിളിക്കുമ്പോള്‍. രണ്ടുദിവസം കൊണ്ട് ടൈപ്പിംഗ് പൂര്‍ത്തീകരിക്കണം. പിന്നെ അവസാന വട്ട തിരുത്തല്‍ പരിപാടിയും കഴിഞ്ഞു വേണം റിപ്പോര്‍ട്ട്‌ അയക്കാന്‍. 
കർക്കിടക വാവാണ്. വൈകിട്ട് നാലുമണിയോടു കൂടി റിപ്പോർട്ടിന്റെ പ്രാഥമിക രൂപം ടൈപ്പ് ചെയ്തു കഴിഞ്ഞു. ഇനി അത് അവസാന തിരുത്തല്‍ നടത്തി അയക്കണം. അതിന് ഇനിയും രണ്ടു ദിവസം കൂടി ഉണ്ട്. ഞങ്ങൾക്ക് സമാധാനമായി. 
നാലുമണി ആയപ്പോള്‍ ഞാന്‍ ഗുരുവിനോട് അനുവാദം വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു. ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് തൃശ്ശൂരിലേക്ക്.  അവിടെ നിന്നും അഞ്ചു മണിക്കൂര്‍ ദൂരമുണ്ട് എന്‍റെ നാട്ടിലേക്ക്. 
ഞാന്‍ അഞ്ചരയോടുകൂടി തൃശ്ശൂര്‍ കെ. എസ്. ആർ. ടി. സി. ബസ്റ്റാൻഡിൽ എത്തി. അവിടെ  അന്ന് ചരിത്രത്തിൽ ആദ്യമായി എന്‍റെ നാട്ടിലേക്കുള്ള ബോര്‍ഡു വെച്ച ഒരു ഫാസ്റ്റ്   പാസ്സഞ്ചര്‍   ബസ്സ് കിടക്കുന്നു. അതുവരെ അങ്ങനെ ഒരു ബസ്സ്‌ ഞാന്‍ കണ്ടിട്ടില്ല. 
ആദ്യമായിട്ടാണ് എൻറെ നാടിന്റെ ബോര്‍ഡു  വച്ച ബസ്സ്‌ കാണുന്നത്. ഞാന്‍ അതില്‍ കയറി മുന്‍സീറ്റില്‍ ഇരിപ്പായി. സാധാരണ  ഞാന്‍ ബസ്സിന്റെ മുന്‍സീറ്റില്‍ ആണ് ഇരിക്കുക. രണ്ടു കാരണമാണ്. ഒന്ന് കുടുക്കം കുറവാണ്. രണ്ട് കാഴ്ചകള്‍ നന്നായി കണ്ടു പോകാം. 
ബസ്സില്‍ കയറുന്നതിനു മുന്‍പ് ഞാൻ കൗണ്ടറിൽ അന്വേഷിച്ചപ്പോൾ ‘അഞ്ച് അമ്പതിന് ബസ്സ് പുറപ്പെടും’ എന്ന് അവർ പറഞ്ഞു. 
ഇനിയും പത്ത് മിനിറ്റ് ഉണ്ട്. ബസ്സില്‍ അധികം യാത്രക്കാരില്ല. ഏറിയാല്‍ ഒരു മുപ്പതു പേര്‍ കാണും.
ഞാനെങ്ങനെ ഇരിക്കുമ്പോള്‍ ബസ്സിന്റെ ഡ്രൈവർ ബസ്സില്‍ കയറി. ഞാന്‍ അത്ഭുതപ്പെട്ടു. അത്  മനോജ് ആയിരുന്നു. 
മനോജിനെ എനിക്ക് മുൻപരിചയം ഉണ്ട്. ഒരു ഒന്‍പതു വർഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പി. ജി. കഴിഞ്ഞ ഉടനെ എൻറെ ഒരു സുഹൃത്തിന്‍റെ ട്യൂഷൻ സെൻററില്‍ ഏതാനം  മാസം അധ്യാപകനായി പ്രവർത്തിച്ചിരുന്നു. അന്ന് മനോജ് അവിടെ മിക്ക ദിവസങ്ങളിലും വന്നിരിക്കും. എൻറെ സുഹൃത്തിൻറെ അയൽക്കാരനായിരുന്നു മനോജ്. പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്തത് കൊണ്ട് സമയം കളയാന്‍ വന്നിരിക്കുന്നതാണ്. 
മനോജ്‌ എപ്പോഴും മുറുക്കിക്കൊണ്ടിരിക്കും. മുറുക്കാന്‍ വായിലില്ലാതെ മനോജിനെ കാണാന്‍ കഴിയില്ല. അതാണ്‌ അവന്റെ ഏക ദുശ്ശീലം. മനോജ്‌ വളരെ സരസനായ ഒരു മനുഷ്യനാണ്. ഞാൻ കാണുമ്പോൾ മനോജിന് ഇരുപത്തിയഞ്ച് വയസ്സ് പ്രായമേയുള്ളൂ. ഒരു കാവി കൈലിയും വെള്ള ഷര്‍ട്ടും. അതായിരുന്നു അവന്റെ എന്നത്തേയും വേഷം. 
മനോജ്‌ ഒരു വലിയ സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് എനിക്ക് ആദ്യം അറിയാമായിരുന്നില്ല. മനോജ് എന്നെ കാണുമ്പോൾ ഒരു അധ്യാപകനോട് കാണിക്കുന്ന ബഹുമാനം കാണിക്കുമായിരുന്നു. കാണുമ്പോള്‍ ചിരിക്കും. അതിൽ കൂടുതൽ പരിചയപ്പെടാൻ ഞാനും ശ്രമിച്ചില്ല. അല്ലെങ്കിൽ തന്നെ ഇടിച്ചുകയറി പരിചയപ്പെടുന്ന ശീലം പണ്ടേയില്ല. 
പിന്നീട് മനോജിനെപ്പറ്റി എന്റെ സുഹൃത്ത് പറഞ്ഞു കേട്ടപ്പോൾ എനിക്ക് അവനോട് ഒരു പ്രത്യേക മമതയും തോന്നി. 
മനോജ് ഡിഗ്രി കഴിഞ്ഞ വ്യക്തിയാണ്. പിതാവ് ഒരു ലോയറാണ്. അറിയപ്പെടുന്ന ഒരു ക്രിമിനൽ അഭിഭാഷകന്‍. ആ മനുഷ്യനെപ്പറ്റി മുന്‍പേ ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് മനോജ് എന്നുള്ള കാര്യം അപ്പോഴാണ് എനിക്ക് മനസ്സിലായത്. അദ്ദേഹം സമീപമുള്ള ഒരു ക്ഷേത്രത്തിലെ ഭരണസമിതി അദ്ധ്യക്ഷന്‍ കൂടിയാണ്. പൊതുസമ്മതനാണ്. വക്കീല്‍ പണിയില്‍ക്കൂടി നല്ല വരുമാനമുള്ള വ്യക്തിയാണ്. എന്നാല്‍ മനോജിനെ കണ്ടാൽ അദ്ദേഹത്തിന്റെ മകനാണ് എന്ന് തോന്നുമായിരുന്നില്ല. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു മനുഷ്യൻ. 
പിന്നീട് എന്‍റെ സുഹൃത്താണ് മനോജിനെപ്പറ്റി എന്നോട് പറഞ്ഞത്. 
“തന്തേം മോനും തമ്മില്‍ ചേരില്ല. കീരിയും പാമ്പും പോലെയാണ്. അതുകൊണ്ട് പിതാശ്രീയുടെ കണ്ണില്‍പ്പെടാതിരിക്കാനാണ് അവന്‍ നമ്മുടെ ഇന്‍റ്റിട്യൂട്ടില്‍ വന്നിരിക്കുന്നത്.”
മനോജിന് ഒരു ചേട്ടൻ ഉണ്ട്. എഞ്ചിനീയറാണ്. മനോജ് ഡിഗ്രി കഴിഞ്ഞ് പിന്നെ തുടര്‍പ്പഠനത്തിന് പോയില്ല. ഡിഗ്രി കാലത്തുണ്ടായ ഒരു പ്രണയമാണ് മനോജിനു പ്രശ്നമായത്‌. വീട്ടുകാരുടെ എതിര്‍പ്പ് വക വെക്കാതെ മനോജ്‌ കാമുകിയെ വിവാഹം കഴിച്ചു. ഞാൻ കാണുമ്പോൾ മനോജ്‌ വിവാഹിതനാണ്. അതൊക്കെ പിന്നീടാണ് എനിക്ക് മനസ്സിലായത്.
ആ മനോജാണ് ബസിന്റെ ഡ്രൈവർ. എനിക്ക് അത്ഭുതം തോന്നി. ഞാന്‍  മനോജിനെ വിളിച്ച്  സ്നേഹം കാണിച്ചു. എന്താണ് വിശേഷം എന്നന്വേഷിച്ചു. വെറുതെ ചോദിച്ചതാണ്. പക്ഷെ മനോജിനു പറയാന്‍ കുറെ വിശേഷങ്ങള്‍ ഉണ്ടായിരുന്നു.
ബസ്സിന്റെ ഇടതു സൈഡ് സീറ്റിലിരുന്ന എന്നെ സംസാരിക്കാനുള്ള സൗകര്യത്തിന് മനോജ്‌  അവന്റെ തൊട്ടു പിന്നിലുള്ള സീറ്റില്‍ വിളിച്ചിരുത്തി. ബസ്സ്‌ പുറപ്പെട്ടു. കൃത്യം അഞ്ച് അമ്പതിന്. അതാണ്‌ ബസ്സിന്റെ സമയം. ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
“ആകെ വശപ്പെശകാണ് മാഷേ” മനോജ്‌ സംസാരിച്ചു തുടങ്ങി.
“എന്താ കാര്യം” ഞാന്‍ ചോദിച്ചു.
“ഒന്നും പറയണ്ട. ഒരു പെണ്ണ് കെട്ടി. അവിടുന്ന് തുടങ്ങി ദുരിതം.”
“ഇഷ്ടമില്ലെങ്കില്‍ കെട്ടാതിരുന്നാല്‍ പോരായിരുന്നോ”. മനോജിന്റേത് പ്രേമവിവാഹമായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഞാന്‍ അത് മറച്ചുവെച്ചു.
“അതെങ്ങനെ പറ്റും. ഞാന്‍ പ്രേമിച്ചതല്ലേ. വീട്ടുകാര് കെട്ടിച്ചതല്ലല്ലോ. അവരെന്നും എന്‍റെ ആ വിവാഹത്തോട് എതിരായിരുന്നു. അങ്ങനെ ഇരുപത്തിനാലാമത്തെ വയസ്സില്‍ ഞാന്‍ ഒരു ഭര്‍ത്താവായി.”മനോജ്‌ പറഞ്ഞു.
“മനോജിനു ഒരു ചേട്ടനില്ലേ.”ഞാന്‍ ചോദിച്ചു.
“അതാര് പറഞ്ഞു”
“ഹരി മാഷ്‌ പണ്ട് പറഞ്ഞിട്ടുണ്ട്.”ഹരി മാഷ് മനോജിന്റെ അയല്‍ക്കാരന്‍ ആയിരുന്നു. എന്‍റെ സഹപ്രവര്‍ത്തകനും.
“ങ്ഹാ. ചേട്ടന്‍ അന്ന് കെട്ടിയിരുന്നില്ല. അതായിരുന്നു പ്രധാന പ്രശ്നം. മൂപ്പിലാന്‍ അതോടെ ഇടഞ്ഞു. മൂപ്പിലാന് പേരും പെരുമയും സമ്പത്തും ഒക്കെയുള്ള ഒരു മരുമോളെയായിരുന്നു താല്പര്യം. നമ്മുടെ പെണ്ണിന് അതൊന്നുമുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ എന്റേത് അസ്ഥിക്ക് പിടിച്ച ബന്ധമൊന്നുമായിരുന്നില്ല മാഷേ. കണ്ടു പരിചയപ്പെട്ടു. ചുമ്മാ സമയം കളയാന്‍ വാറ്റിനില്‍ക്കാന്‍ ഒരു പെണ്ണ്.  അത്രയേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷെ നമ്മളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ വലിയ സൗഹൃദം കാണിച്ചു. ഈ ബന്ധം നമ്മുടെ അയൽക്കാർ മുഖാന്തരം മൂപ്പിലാന്‍ അറിഞ്ഞു. പിന്നെ വഴക്കായി വക്കാണമായി അകെ ചളമായി. അപ്പോൾ എനിക്ക് ഒരു വാശി തോന്നി. എങ്കില്‍ കെട്ടിയിട്ടു തന്നെ കാര്യം എന്നായി. നിലനില്‍പ്പ്‌ ഒരു പ്രശ്നമായിരുന്നില്ല. അന്ന് എനിക്ക് ഒരു ടിപ്പര്‍ ലോറിയുണ്ടായിരുന്നു. മൂപ്പിലാന്‍ വാങ്ങിത്തന്നത്. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഞാൻ ഒരു ടിപ്പർ മുതലാളിയാണ്. ലോറി വന്നപ്പോള്‍ ഞാന്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് എടുത്തു.  അതാണ്‌ പിന്നീട് പ്രയോജനപ്പെട്ടത്‌.”
“അമ്മയുടെ നിലപാടെന്തായിരുന്നു.”
“എന്താവാന്‍. അവരും എന്‍റെ ധിക്കാരത്തെ അംഗീകരിച്ചില്ല. ഞങ്ങളുടേത് ഒരു രജിസ്റ്റര്‍ മാര്യേജ് ആയിരുന്നു മാഷേ. അവള്‍ടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. പ്രശ്നം എനിക്കായിരുന്നു. അവിടെ ഞാന്‍ ജയന്റെ റോള് കളിച്ചു. കല്യാണം കഴിഞ്ഞു നേര് വീട്ടിലേക്കു തന്നെ ചെന്നു. ആരും നമ്മളെ മൈന്‍ഡ് ചെയ്തില്ല. വീട്ടില്‍ നമ്മള്‍ പുകഞ്ഞ കൊള്ളിയായി. ഫലത്തില്‍ നമ്മള്‍ വീട്ടില്‍ ഒറ്റപ്പെട്ടു. പിന്നെ പെണ്ണിനെയും വിളിച്ചുകൊണ്ടു ഞാന്‍ ഒരു വാടക വീട്ടിലേക്കു മാറി.” മനോജ്‌ പറഞ്ഞു.
“തുടക്കം ശുഭമായിരുന്നു അല്ലെ” ഞാന്‍ ചോദിച്ചു.
“ഹ്ആ. ഒരു ടിപ്പര്‍ ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങള്‍ ഭംഗിയായിപ്പോയി. ഒരു ആക്സിഡന്‍ട് ഉണ്ടാകുന്നതു വരെ”
“ആക്സിഡന്റോ?”
“ങ്ഹാ. അതിനാലാണ് നമ്മുടെ അടിക്കല്ലിളകിപ്പോയത്. ടിപ്പറിനു അന്ന് നല്ല ഓട്ടം ഉണ്ടായിരുന്നു. അന്ന് പൊതുവേ വയൽ നികത്തി വീട് വെക്കുന്ന ഒരു കാലഘട്ടമാണ്. കുന്നുകൾ ഇടിച്ച് മണ്ണ് ടിപ്പറിൽ അടിച്ചു വയല്‍ നികത്തുന്ന സമയം. പാര്‍ട്ടിക്കാര് പ്രശ്നം ഉണ്ടാക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലുമൊക്കെ നക്കാപ്പിച്ച കൊടുത്തു ഒതുക്കിയിരുന്ന സമയം. ടിപ്പറിനു പിടിപ്പതു പണിയുണ്ടായിരുന്നു. 
ഗള്‍ഫ്‌ പാര്‍ട്ടികള്‍ ചുളു വിലക്ക് വയല്‍ വാങ്ങി നികത്തി വീട് വച്ച് തുടങ്ങിയ കാലം. എനിക്ക് ചാകരയായിരുന്നു. ഒരുപാട് കാലം ഈ പരിപാടി നടക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് ഏറ്റവും എളുപ്പം വയല്‍ നികത്താന്‍ എല്ലാവരും താല്പര്യപ്പെട്ടു. 
രണ്ടു രീതിയിലാണ് മാഷേ ഓട്ടം. ഒന്ന് കിലോമീറ്റർ ചാര്‍ജുവച്ച്. മറ്റേത് ഒരു ലോഡു മണ്ണടിക്കുന്നതിന് ഇത്ര എന്ന നിരക്കില്‍. ട്രിപ്പ് ചാര്‍ജ്. കിലോമീറ്റർ ചാർജിന് ഒരു കൃത്യമായ തുക കിട്ടും പക്ഷേ നമ്മൾ ട്രിപ്പ്ഉടമ്പടിയില്‍ ഇടപാട് ഉറപ്പിക്കും. അത് വന്‍ ലാഭമായിരുന്നു. കിലോമീറ്റർ ചാർജിന് കിട്ടുന്നതിനെക്കാട്ടിലും കൂടുതൽ ലാഭം കിട്ടും. കിലോമീറ്റർ ചാർജിന് മണ്ണടിക്കുമ്പോൾ, ഒരു അഞ്ചു കിലോമീറ്റർ ദൂരെയുള്ള ഒരു സ്ഥലത്താണ് മണ്ണടിക്കുന്നതെങ്കിൽ ഒരു ദിവസം ഒരു ആറു ട്രിപ്പ് അല്ലെങ്കിൽ ഏറിയാല്‍  ഒരു എട്ട് ട്രിപ്പ് ഒക്കെയാണ് അടിക്കുക. പക്ഷേ നമ്മൾ ട്രിപ്പ് വച്ചിട്ട് ഉടമ്പടി തയ്യാറാക്കുമ്പോൾ ഒരു ദിവസം പന്ത്രണ്ടു മുതല്‍ പതിനാറ് ട്രിപ്പ് വരെ അടിക്കും. 
വെളുപ്പിനെ നാലുമണിക്ക് തുടങ്ങിയാല്‍ രാത്രി പത്തുവരെ അടിക്കും. അല്ലെങ്കില്‍ പതിനൊന്നു വരെ. വയലില്‍ പെട്രോള്‍ മാക്സ് വെച്ച് വയല്‍ നികത്തല്‍ പരിപാടി. ഈ പരിപാടിക്ക് വയല്‍ ഉടമസ്ഥനും തയ്യാറാവും. അല്പം പൈസ കൂടുതൽ ചെലവായാലും നേരത്തെ വയൽ നികത്താൻ പറ്റും. എപ്പോഴാണ് പാർട്ടിക്കാർ കൊടി കുത്തുക എന്ന് പറയാന്‍ പറ്റില്ലല്ലോ.  ഓരോ ദിവസവും നിർണായകമാണ്.
വയൽ നികത്തല്‍ പകുതിക്കു വച്ച് ആരെങ്കിലും കൊടികുത്തിയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. ഞായറാഴ്ച ഉൾപ്പെടെ ഡ്രൈവർക്ക് എക്സ്ട്രാ പൈസ കൊടുത്ത് നമ്മൾ ടിപ്പർ ഓടിക്കും. അങ്ങനെ വളരെ പെട്ടെന്ന് നല്ല വരുമാനമായി. ആ ഓട്ടത്തിന്റെ പച്ചയിലാണ് വിവാഹം. ഓടി കുറെ പൈസ ആയിക്കഴിഞ്ഞപ്പോള്‍ രണ്ടാമതൊരു ടിപ്പർ കൂടി എടുക്കാൻ ഞാന്‍ തീരുമാനിച്ചു. അതാണ്‌ കുരിശായത്”.
ഒന്ന് നിര്‍ത്തിയിട്ടു മനോജ്‌ തുടര്‍ന്നു. 
“രണ്ടാമതൊരു ടിപ്പര്‍ എടുക്കുന്നതിനു പിന്നില്‍ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു മാഷേ. വിവാഹം കഴിഞ്ഞു ഒരു ടിപ്പര്‍ കൂടി എടുത്താല്‍ വന്ന പെണ്ണിന്റെ ഐശ്വര്യം  ആണെന്ന് കരുതി മൂപ്പിലാന്‍ ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കും എന്നാണ് ഞാന്‍ കണക്കു കൂട്ടിയത്. പക്ഷെ എന്‍റെ കണക്കു കൂട്ടല്‍ അമ്പേ പാളിപ്പോയി.”
“എന്ത് പറ്റി ” ഞാന്‍ ചോദിച്ചു.
“അതൊരു എരണംകെട്ട വണ്ടിയായിരുന്നു. രണ്ടാമത് എടുത്തത്”
എന്നിട്ട് മനോജ്‌ ഒരു ഫിലോസോഫി പറഞ്ഞു. 
“മാഷേ, എടുക്കുന്ന വണ്ടിയും കെട്ടുന്ന പെണ്ണും നല്ലതല്ലെങ്കില്‍ ഒരുത്തന്‍ എപ്പോള്‍ തെണ്ടി എന്ന് ചോദിച്ചാല്‍ മതി. എന്‍റെ രണ്ടാമത്തെ വണ്ടി അത്തരത്തില്‍ ഒന്നായിരുന്നു. ഞാൻ രണ്ടാമതെടുത്തത്  ഒരു സെക്കൻഡ് ടിപ്പറായിരുന്നു. അതിന്റെ ബ്രേക്കിന് ചെറിയ പ്രശ്നം ഉണ്ടായിരുന്നു. നിരപ്പിലിട്ടു ഓടിച്ചു നോക്കിയപ്പോള്‍ ആ പ്രശ്നം നമുക്ക് മനസ്സിലായില്ല. ഉടമസ്ഥനും അത് നമ്മളോട് പറഞ്ഞില്ല.  ഞാൻ ടിപ്പർ ഉറപ്പാക്കി. എഴുപത് ശതമാനം പൈസ കൊടുത്ത് ടിപ്പർ കൊണ്ടുവന്നു. പിന്നീട് രണ്ടു മാസം കൂടി കഴിഞ്ഞ് ബാക്കി പൈസയും കൊടുത്തു ബാധ്യത തീര്‍ത്തു. അതും ഓടിച്ചു തുടങ്ങി. അത് പ്രധാനമായും പാറമടയിലാണ് ഓടിച്ചത്. പഴയ വണ്ടിയാണല്ലോ. ഒരിക്കല്‍ പാറ ലോഡുമായി വരുന്ന സമയത്ത് അത് അപകടത്തില്‍പ്പെട്ടു. 
പലപ്പോഴും ഡ്രൈവർമാര്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. അതൊരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. എപ്പോഴും ഇറക്കം ഇറങ്ങുമ്പോൾ ഗിയര്‍ ഇട്ടേ ഇറങ്ങാൻ പാടുള്ളൂ. നമ്മുടെ പ്ലസ്‌ ടു പയ്യന്മാര്‍ ചെയ്യുന്നതുപോലെ ഇറക്കം ന്യൂട്രലടിച്ചു പരമാവധി വേഗതയില്‍ ഓടിക്കരുത്. കാരണം എന്തെങ്കിലും കാരണവശാൽ പെട്ടെന്ന് വണ്ടി നിര്‍ത്തേണ്ടി വന്നാല്‍ ഗിയറില്‍ കിടക്കുന്ന വണ്ടിക്കതു  സാദ്ധ്യമാകും. മാത്രമല്ല ഗിയറില്‍ കിടക്കുന്ന വണ്ടി ഒരു പരിധിക്കപ്പുറം വേഗതയില്‍ പോകില്ല. എന്തുകൊണ്ടും അത് സുരക്ഷിതമാണ്. പക്ഷെ നമ്മുടെ ഡ്രൈവര്‍ ഒരു പയ്യനായിരുന്നു. ഒരു പ്ലസ്‌ ടു പയ്യന്റെ ത്രില്ലിലാണ് അവന്‍ വണ്ടി ഓടിച്ചിരുന്നത്. അവന്‍ കാണിച്ചിരുന്ന ഒരു വലിയ മണ്ടത്തരമുണ്ട്. ഇറക്കത്തില്‍ വണ്ടി ന്യൂട്രലിൽ ഇട്ടു വരും. രണ്ടു തുള്ളി ഡീസല്‍ ലാഭിക്കാനാണ് അവന്‍ ഈ കലാപരിപാടി കാണിച്ചിരുന്നത്. ഞാന്‍ പലപ്പോഴും വഴക്കുപറഞ്ഞിട്ടുള്ളതുമാണ്. കാര്യമുണ്ടായില്ല. അവന്‍ പഴേപടി തന്നെ തുടര്‍ന്നു. അതാണ്‌ പിന്നീട് അപകടത്തിനു കാരണമായതും.
ഒരിക്കല്‍ പാറ കേറ്റി വരവേ ഒരു ഇറക്കത്തില്‍ അവന്‍ ന്യുട്രലടിച്ചു വന്നു.  പരമാവധി പോകുന്നതിനു വേണ്ടി ബ്രേക്ക് കൊടുക്കാതെ. ഇറക്കം ചെന്ന് നില്‍ക്കുന്നത് മെയിന്‍ റോഡിലേക്കായിരുന്നു. മെയിന്‍ റോഡിലേക്ക് കയറുമ്പോൾ സൂക്ഷിക്കണം. വണ്ടികള്‍ വരും. പ്രത്യേകിച്ചും ലെവൽ ഇല്ലാതെ കോളേജൂ പിള്ളാര്‍ ബൈക്കില്‍ ചെത്തി നടക്കുന്ന കാലം. ടിപ്പര്‍ കൊണ്ട് തന്നെ ധാരാളം അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയം. വളരെ സൂക്ഷിക്കണമായിരുന്നു. ടിപ്പർ ഒരു മരണവണ്ടി ആണെന്ന് പൊതുവേ ലേബൽ ചെയ്യപ്പെട്ട സമയം. കാരണം ഈ മണ്ണടിക്കാനുള്ള മരണപ്പാച്ചിലില്‍ ഒരുപാട് മരണങ്ങൾ ടിപ്പർ മുഖാന്തരം ഉണ്ടായിട്ടുണ്ട്. സത്യമാണ്. 
ടിപ്പർ കാലന്റെ വണ്ടി എന്ന നിലയിൽ അറിയപ്പെട്ടിരുന്ന സമയം. കരിങ്കല്ലു ലോഡുമായി വണ്ടി ഇറങ്ങി വരുമ്പോൾ  ഇറക്കത്തിന്റെ അവസാനം ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി. ചവിട്ടുമ്പോള്‍ ബ്രേക്കില്ല.
ഭാഗ്യത്തിന് മെയിന്‍ റോഡില്‍ക്കൂടി ആ സമയം വണ്ടിയൊന്നും വന്നില്ല. പക്ഷേ ടിപ്പര്‍ റോഡു ക്രോസ് ചെയ്തു എതിരെ ഉണ്ടായിരുന്ന വീടിന്റെ മതിലില്‍ ഇടിച്ചുകയറി. മതില്‍ തകര്‍ത്തു വീടിന്റെ ഭിത്തിയില്‍ ഇടിച്ചു നിന്നു. 
വണ്ടിക്ക് അത്യാവശ്യം നല്ല വേഗത ഉണ്ടായിരുന്നു. ഇടിയുടെ ശക്തിയില്‍ വണ്ടിയിലുണ്ടായിരുന്ന കരിങ്കല്ല് അത്രയും മുന്നോട്ടു മറിഞ്ഞ് ഡ്രൈവറിന്റെ ക്യാബിന്‍റെ മുകളില്‍ വീണു. ക്യാബിനിലുണ്ടായിരുന്ന ഡ്രൈവര്‍ കല്ലുവീണു ചതഞ്ഞുപോയി. നാട്ടുകാര്‍ ഓടിക്കൂടി കല്ല്‌ എടുത്തുമാറ്റി ഡ്രൈവറെ ക്യാബിനില്‍ നിന്നും വലിച്ചൂരിയെടുത്തു ഹോസ്പിറ്റലില്‍ എത്തിച്ചു. വല്ലാത്തൊരു ആക്സിഡൻറ് ആയിരുന്നു അത്. ഡ്രൈവർ ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. നാല് മണിക്കൂറിനു ശേഷം.   മരിക്കുന്നതിനു മുന്‍പ് അവന്‍ വിവരങ്ങള്‍ എല്ലാം പറഞ്ഞിരുന്നു. അങ്ങനെയാണ് വിവരങ്ങൾ നമ്മൾ അറിയുന്നത്. 
ഐശ്വര്യം ഉണ്ടാവാൻ വേണ്ടി എടുത്ത വണ്ടി മൂലം എന്‍റെ ആദ്യ വണ്ടിയും വില്‍ക്കേണ്ടി വന്നു. ഇടി കൊണ്ട് തകര്‍ന്ന മതിലിനും, വീടിനും, പിന്നെ ഡ്രൈവറുടെ വീട്ടുകാര്‍ക്കും നഷ്ട്ടപരിഹാരവും കേസ് നടത്തിപ്പുമൊക്കെയായി ഇരുപതു ലക്ഷം പൊട്ടി. ഇതിലൊന്നും മൂപ്പിലാന്‍ ഇടപെട്ടില്ല. 
എല്ലാം കഴിഞ്ഞപ്പോള്‍ പിന്നെ ഞാനും ഭാര്യയും വാടകവീടും മാത്രമായി. അന്ന് ആദ്യമായി ആത്മഹത്യയെപ്പറ്റി ഞാന്‍ ചിന്തിച്ചു മാഷേ. പക്ഷെ ധൈര്യം പോരായിരുന്നു. 
ആ സാഹചര്യത്തിലാണ് ഞാൻ മാഷിനെ ട്യൂഷൻ സെൻററിൽ കാണുന്നത്. എൻറെ ഗതികെട്ട സാഹചര്യത്തില്‍. വീട്ടിൽ നിന്നും പുറത്തായി, വാടക കൊടുക്കാൻ നിവൃത്തിയില്ല, ജോലിയുമില്ല, വണ്ടിയും പോയി, അങ്ങനെ ആകെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഞാൻ മാഷിനെ കാണുന്നത്. അന്നൊക്കെ വളരെ വൈകിയേ ഞാന്‍ വീട്ടിൽ ചെല്ലൂ. 
അങ്ങനെയിരിക്കെ അന്ന് ഒരു ദൈവസഹായം ഉണ്ടായി. ഞാന്‍ എന്നോ എഴുതിയിട്ടിരുന്ന ഒരു ടെസ്റ്റ്‌ ഉണ്ടായിരുന്നു. കെ. എസ്. ആര്‍. ടി. സി ഡ്രൈവര്‍ പോസ്റ്റിലേക്കുള്ള ടെസ്റ്റ്‌. അതില്‍ സെലക്ഷന്‍ കിട്ടി. എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് കെ. എസ്. ആർ. ടി. സി.യില്‍ നിന്നും അപ്പോയിൻമെന്റ് വരുന്നത്. എനിക്ക് കിട്ടിയ രക്ഷാമാർഗ്ഗം. ഞാൻ അതിൽ കേറിപ്പിടിച്ചു. അങ്ങനെ ഞാന്‍ കെ. എസ്. ആര്‍. ടി. സി ഡ്രൈവറായി.”
ഇത്രയും കഥ മനോജ് എന്നോട് ചുരുക്കിപ്പറഞ്ഞു. എന്നിട്ട് അവന്‍ കൂട്ടിച്ചേര്‍ത്തു.
“മാഷേ സമയം ശരിയല്ല. ജാതകവശാല്‍ ഇപ്പോള്‍ ശനിദശയാണ്. അതും ശനിയില്‍ കണ്ടകശ്ശനി. കണ്ടകൻ പോന്ന പോക്കാ.
‘കണ്ടകശ്ശനി കൊണ്ടേപോകൂ’ എന്നാണ് പഴമക്കാര്‍ പറയുന്നത്. ദൈവാധീനത്തിന് ഇതുവരെ ജീവാപായം ഉണ്ടായില്ല മാഷേ.” 
മനോജ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞങ്ങള്‍ തൃശ്ശൂരില്‍ നിന്നും ഏതാണ്ട് ഇരുപതു കിലോമീറ്റര്‍ പിന്നിട്ടിരുന്നു. വണ്ടി നാഷണല്‍ ഹൈവേയില്‍ക്കൂടി പോവുകയായിരുന്നു. മനോജ്‌ വലിയ വേഗതയില്‍ അല്ല വണ്ടി ഓടിച്ചിരുന്നത്. റോഡിന്റെ  ഓപ്പോസിറ്റ് സൈഡിൽ കൂടി ധാരാളം കണ്ടെയ്നർ ലോറികള്‍ നിരയായി കോയംമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്നുണ്ടായിരുന്നു. 
“മാഷെന്താ ഇവിടെ” മനോജ്‌ ചോദിച്ചു.
ഞാന്‍ എന്‍റെ ഗവേഷണസപര്യ ചുരുക്കിപ്പറഞ്ഞു. പിന്നെ ചോദിച്ചു.
“മനോജ്‌ നേരത്തെ മുതലേ ഈ റൂട്ടില്‍ ഉണ്ടോ. ഞാന്‍ ഇതുവരെ കണ്ടില്ലല്ലോ.”
“ഇല്ല മാഷെ. ഇന്ന് ആദ്യമായിട്ടാണ് ഞാന്‍ ഈ റൂട്ടില്‍. സാധാരണ ഞാന്‍ തിരുവനന്തപുരം റൂട്ടിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഞാന്‍ പകരക്കാരനായി വന്നതാണ്.” മനോജ്‌  പറഞ്ഞു. 
“മാഷ്‌ ഈ സമയത്താണോ വീട്ടിലേക്കു പോകുന്നത്”
“ഞാന്‍ അങ്ങനെ എല്ലാ ആഴ്ചയിലും വീട്ടില്‍ പോകാറില്ല. ഇന്ന് ഒരിക്കലൂണായതുകൊണ്ട് പോകുവാ.” ഞാന്‍ പറഞ്ഞു.
“ഒരിക്കലൂണോ”
“ങ്ഹാ. ഇന്ന് കറുത്ത വാവല്ലേ. ഇന്ന് പിതൃക്കള്‍ക്കെല്ലാം വീട്ടില്‍ ബലി ഇടും. അച്ഛനാണ് ബലി ഇടുന്നത്.  ബലി ഇടുന്ന വ്യക്തി അന്നേ ദിവസം ഒരു നേരമേ അരി ആഹാരം കഴിക്കുകയുള്ളൂ. അത് ബലി ഇട്ട ശേഷമുള്ള ബലിച്ചോറാണ്. അതാണ്‌ ഒരിക്കല്‍ ഊണ്. രാത്രിയില്‍ നമ്മള്‍ ചോറ് കഴിക്കില്ല പകരം എല്ലാവരും ചപ്പാത്തിയോ മറ്റോ കഴിക്കും. ചോറ് ഒഴിവാക്കും. എന്‍റെ വീട്ടില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ രാത്രിയില്‍ ചപ്പാത്തിയുണ്ടാക്കുകയുള്ളു. അത് കര്‍ക്കിടക വാവിനാണ്.” 
“മാഷിന് ബലി ഇടാന്‍ കൂടണ്ടേ.”
“വേണ്ട. അത് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാണ് ഇടുന്നത്. ഇപ്പോള്‍ അത് അച്ഛനാണ്. കുടുംബത്തിലെ എല്ലാ പിതൃക്കള്‍ക്കും വേണ്ടി എല്ലാ കര്‍ക്കിടകവാവിനും ഇതുപോലെ ഒരിക്കലൂണിരുന്ന് അച്ഛന്‍ ബലി ഇടും. എങ്കിലേ പിതൃക്കള്‍ക്ക് മോക്ഷം കിട്ടൂ എന്നാണ് വിശ്വാസം.” ഞാന്‍ പറഞ്ഞു.
അല്‍പനേരം മനോജ്‌ ഒന്നും പറഞ്ഞില്ല. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
“ഞാനൊക്കെ മരിച്ചാല്‍ ഒരിക്കലൂണിരുന്നു ബലി ഇടാന്‍ ആരെങ്കിലുമുണ്ടാവുമോ മാഷേ”. 
ഒരു ആത്മഗതം എന്നപോലെ മനോജ്‌ ചോദിച്ച ആ ചോദ്യത്തിനു ഞാന്‍ മറുപടി പറഞ്ഞില്ല. കാരണം വിവാഹം കഴിഞ്ഞു പത്ത് വര്‍ഷത്തിലേറെയായിട്ടും സന്താന സൗഭാഗ്യമില്ലാതെപോയ മനോജിന്റെ ദുഃഖം എനിക്ക് മനസ്സിലാകുമായിരുന്നു. ഞാന്‍ നിശ്ശബ്ദം മുന്നോട്ടു നോക്കിയിരുന്നു. 
പെട്ടെന്നാണ് അത് സംഭവിച്ചത്. 
ഇരുപത്തിയാറ് ടണ്ണിന്റെ ഒരു  വലിയ കണ്ടെയ്നർ ലോറി വരി തെറ്റിച്ച്  ഞങ്ങളുടെ ബസ്സിന്റെ മുന്നിലേക്ക്‌ ഇടിച്ചുകയറി വന്നു. കഷ്ട്ടിച്ചു ഒരു നൂറ് മീറ്റര്‍ അകലത്തില്‍. 
അത് ഞങ്ങളുടെ ബസ്സിനു നേരെ ഇടിച്ചുകയറി വരുകയാണ്.അത്യാവശ്യം നല്ല വേഗതയില്‍. കണ്ടെയ്നർ ലോറി ബസ്സ് ഇടിച്ചു തകർക്കും എന്ന കാര്യം ഏതാണ്ട്  ഉറപ്പായി. ചെറിയ ചാറ്റൽ മഴയും ഉണ്ട്. ബസ്സ് പെട്ടെന്ന് ചവിട്ടി നിർത്താനും പറ്റാത്ത സാഹചര്യം. 
അപ്പോള്‍ ഞാൻ കാണുന്ന ഒരു കാഴ്ച. 
മനോജ് ‘അയ്യോ’ എന്ന് പറഞ്ഞുകൊണ്ട് രണ്ട് കൈയ്യുകൊണ്ടും മുഖംപൊത്തി ഡ്രൈവര്‍ സീറ്റില്‍ പുറകിലേക്ക് തിരിഞ്ഞിരിക്കുന്നതാണ്. 
ഞാന്‍ അത് സ്തബ്ധനായി നോക്കിയിരുന്നു. 
മരണം തൊട്ടു മുന്‍പില്‍ ഇടിച്ചു കയറി വരികയാണ്. 
പെട്ടെന്നാണ് ആ അത്ഭുതം നടന്നത്. ബസ്സിന്റെ തൊട്ടു മുന്‍പില്‍ എത്തിയപ്പോള്‍ ആരോ എടുത്തു മാറ്റി വെച്ചതുപോലെ കണ്ടെയ്നർ ലോറിയുടെ ഡ്രൈവര്‍ക്യാബിന്‍ ലെഫ്റ്റിലേക്കു തെന്നിമാറി ഇടതുകൂടി പോകുന്ന മറ്റു കണ്ടെയ്നർ ലോറികളുടെയും ബസ്സിന്റെയും ഇടയിലൂടെ ഒരു ആപ്പ് ഇടിച്ചു കയറ്റുന്നതുപോലെ ഇടിച്ചുകയറി മുന്നോട്ടു പോയി. 
ചാറ്റല്‍ മഴയായതുകൊണ്ട് യാത്രക്കാര്‍ സൈഡിലെ ഷട്ടര്‍ ഇട്ടിരിക്കുകയായിരുന്നു. ബസ്സിന്റെ മുന്‍പിലത്തെ മിററും ഷട്ടറുമെല്ലാം വലിയ ശബ്ദത്തില്‍ ഉരച്ചെടുത്തുകൊണ്ട് കണ്ടെയ്നർ ലോറി കടന്നുപോയി. 
ശബ്ദം കേട്ട് യാത്രക്കാര്‍ എല്ലാം ഉണര്‍ന്നു. പലരും നല്ല ഉറക്കത്തില്‍ ആയിരുന്നു. സമയം എട്ടു മണിയോടടുക്കുന്നു. 
ഈ സമയമത്രയും മനോജ്‌ തിരിഞ്ഞിരിക്കുകയായിരുന്നു. 
ബസ്സ്‌ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. 
റോഡു നേരെയായിരുന്നതുകൊണ്ട് ബസ്സിന്റെ യാത്രക്ക് കുഴപ്പം ഉണ്ടായില്ല. 
ഒരു നിമിഷം കഴിഞ്ഞു. 
മനോജ്‌ പരിസരബോധം വീണ്ടെടുത്തു. നേരെയിരുന്നു. പിന്നെ ബസ്സ്‌ സൈഡിലേക്ക് ഒതുക്കി നിര്‍ത്തി. ആ ഭാഗം വയലായിരുന്നു.
എല്ലാവരും പുറത്തിറങ്ങി. മനോജ്‌ വയല്ക്കരയിലുണ്ടായിരുന്ന ഒരു മൈല്‍കുറ്റിയില്‍ ഇരുന്നു. ഞാന്‍ അവന്റെ സമീപത്തു ചെന്ന് എന്‍റെ കൈവശം ഉണ്ടായിരുന്ന വെള്ളത്തിന്‍റെ ബോട്ടില്‍ നീട്ടി. മനോജ്‌ അത് വാങ്ങിക്കുടിച്ചു. പിന്നെ ദൂരേക്ക്‌ നോക്കിയിരുന്നു. അപ്പോഴും മനോജിന് അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല.  
“നമുക്കുവേണ്ടി ആരെങ്കിലും ഒരിക്കലൂണിരിക്കേണ്ട സമയമായിട്ടില്ല.” 
ഞാന്‍ പതുക്കെപ്പറഞ്ഞു. മനോജ്‌ അത് കേട്ടില്ല. അപ്പോഴും വിട്ടുമാറാത്ത തരുപ്പില്‍ അവന്‍ മരവിച്ചിരിക്കുകയായിരുന്നു. വിദൂരതയിലേക്ക് നോക്കിക്കൊണ്ട്‌. 
അല്പം കഴിഞ്ഞു മനോജ്‌ എന്നെ ഒന്ന് നോക്കി. രക്തം വറ്റി വിളറിവെളുത്ത മുഖം. പിന്നെ പോക്കെറ്റില്‍ നിന്നും മൊബൈല്‍ എടുത്തു കൊരട്ടി പോലിസ് സ്റ്റേഷനിലും നാട്ടിലെ കെ. എസ്. ആര്‍. ടി. സി. ഡിപ്പോയിലും  അക്സിഡന്റ് റിപ്പോര്‍ട്ട് ചെയ്തു. പിന്നെ സാവകാശം ബസ്സില്‍ കയറി. ഞങ്ങള്‍ യാത്ര പുറപ്പെട്ടു. 
തികച്ചും നിശ്ശബ്ദമായ യാത്ര. 
പിന്നീട് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഞാൻ ഗവേഷണ കേന്ദ്രത്തിൽ നിന്നും നാട്ടിലേക്ക് പോകാന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ നേരത്തെ എത്തി. അഞ്ചരയ്ക്ക്. കാരണം മനോജിന്റെ ബസ്സിൽ യാത്ര ചെയ്യാൻ. പക്ഷെ ആ ബസ്സ്‌ സ്റ്റാന്‍ഡ്‌  പിടിച്ചിരുന്നില്ല. ഞാൻ കൗണ്ടറിൽ അന്വേഷിച്ചു. അപ്പോൾ കൗണ്ടറിൽ ഇരുന്ന ആള്‍ പറഞ്ഞു. 
“ആ വണ്ടി ക്യാന്‍സല്‍ ചെയ്തു. നല്ല കളക്ഷനുള്ള ട്രിപ്പായിരുന്നു. എന്നിട്ടും നിര്‍ത്തി. മുകളില്‍ ഉള്ളവര്‍ പറയുന്നത് നമുക്ക് കേട്ടല്ലേ പറ്റൂ. ആരോട് പറയാന്‍”. ഈര്‍ഷ്യയോടെ അയാള്‍ തിരിഞ്ഞിരുന്നു.
“ഒരിക്കലൂണിന് ആരെങ്കിലും ഇരിക്കേണ്ട സമയമായില്ല.” ഞാന്‍ ആത്മഗതം  എന്നോണം പറഞ്ഞു. 
“എന്ത്” അയാള്‍ ചോദിച്ചു.
“ഒന്നുമില്ല” ഞാന്‍ പറഞ്ഞു.
ഞാന്‍ തിരിഞ്ഞു നോക്കി. ബസ്സുകള്‍ അടുക്കി നിര്‍ത്തിയിരിക്കുന്നു. അതില്‍ എന്‍റെ നാട്ടിലേക്കുള്ള ആ  ബസ്സില്ല. ഇനി ഉണ്ടാവുകയുമില്ല.
അന്ന് ഒരിക്കലൂണു ദിനത്തിൽ മാത്രമുണ്ടായ ഒരു ട്രിപ്പ്. 
മനോജിന്റെ സ്പെഷ്യൽ ട്രിപ്പ്.
എന്നിൽ ഒരു ചിരി പൊട്ടി. 
പണ്ട് ചുടലക്കളത്തിൽ വെച്ച്  നാരാണത്തുഭ്രാന്തനു നേരെ മരണഭീക്ഷണിയുമായി ചുടലകാളി ഉറഞ്ഞു തുള്ളിയപ്പോൾ അവരെ നോക്കി നാരാണത്തുഭ്രാന്തൻ  ചിരിച്ച അതേ ചിരി. 
അര്‍ഥരഹിതമായ ചിരി.

dr.sreekumarbhaskaran@gmail.com

*****************************
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക