Image

മഴയങ്ങനെ തന്നെ പെയ്യുന്നു (രമാ പിഷാരടി)

Published on 25 July, 2025
മഴയങ്ങനെ തന്നെ  പെയ്യുന്നു (രമാ പിഷാരടി)

നനഞ്ഞൊരിലത്തുമ്പിൽ
മഴത്തുള്ളികളോർമ്മ
പുതുക്കിച്ചിത്രം വരച്ചിരിക്കും
ഗ്രാമങ്ങളിൽ
ഇഴതെറ്റിയ പട്ട് പോലൊരു
പൂവിന്നിതൾ
മുടീയിൽ മേഘച്ചുരുളണിയും
നിശാകാശം
ശില്പശാലയിൽ കൊത്തുകല്ലുകൾ-
തണുപ്പിൻ്റെ പച്ച കുത്തിയ
പായൽപ്പടർപ്പിൻ ചിത്രാങ്കണം
കടൽപ്പക്ഷിക്ൾ ദേശാടകരോ
വന്നേ പോയി
മരച്ചില്ലയിൽ നനഞ്ഞൊട്ടിയ
കിളിത്തൂവൽ
വെട്ടിയും തിരുത്തിയും വാക്കിനെ-
ചൊല്ലിപ്പെയ്ത യുദ്ധത്തിനൊടുവിലെ-
ശബ്ദശൂന്യതയ്ക്കുള്ളിൽ
മഴ പാകുന്നു അരിമണികൾ
മണ്ണിൽ തൊട്ട് വളരുന്നൊരു മരം
പൂമരമാവാമത്
മരത്തിൻ ശ്വാസങ്ങളിൽ

കൊടുങ്കാറ്റുറങ്ങുന്ന മൃദംഗധ്വനി,
ഗൂഢരഹസ്യത്താക്കോൽക്കൂട്ടം,
അന്ധഗായകർ പാടി നീങ്ങുന്ന-
വഴിക്കൊരു തംബുരുമീട്ടിക്കൂടെ-
പോകുന്ന കാട്ടാറുകൾ,
മഴകൊട്ടിയയിലത്താളങ്ങൾ ,
ശ്രുതിചേർക്കേയിടറിപ്പൊട്ടിപ്പോയ
വീണക്കമ്പികൾ, ശ്വാസമിടയ്ക്ക്
നിർത്തിപ്പോയൊരിടയ്ക്കായലുക്കുകൾ!

മഴയങ്ങനെ തന്നെ പെയ്യുന്നു
കലമ്പുന്നു, കവിതയ്ക്കെഴുത്തിൻ്റെ
മൺപേനയെടുക്കുന്നു
മഴയങ്ങനെ തന്നെ പെയ്യുന്നു
തോരുന്നതുണ്ടിടക്കുണ്ടൊരു മൗനം
എന്നെപ്പോലതേ മഴ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക