Image

മൃത്യുവിനെ മാടിവിളിച്ച ഹീറോ (ടി.ശരത് ചന്ദ്രന്‍)

(ടി.ശരത് ചന്ദ്രന്‍) Published on 25 July, 2025
മൃത്യുവിനെ മാടിവിളിച്ച ഹീറോ  (ടി.ശരത് ചന്ദ്രന്‍)

ഒരു കറുത്ത പ്രഭാതം. ഇരുണ്ടു കൂടിയ മഴക്കാറുകള്‍ പ്രകാശരശ്മികളെ കൂടുതല്‍ കരുവാളിച്ചു തോന്നിപ്പിച്ചു.. ഇടയ്ക്കിടെ ചാറ്റല്‍ മഴ പെയ്തു കൊണ്ടിരുന്നു.


1980 നവംബര്‍ 16-ാം തീയതി രാവിലെ മദ്രാസിലെ പാംഗ്രോവ് ഹോട്ടലിലെ ഒരു മുറിയില്‍ ബാലന്‍ കെ. നായരും ഞാനും അന്ന് നടക്കേണ്ട കോളിളക്കം ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
ഡ്രൈവര്‍ മനോഹര്‍ പെട്ടെന്ന് റൂമിലേയ്ക്കു കടന്നു വന്ന് ഷൂട്ടിംഗിനു പോകേണ്ടിയിരുന്ന ഫൈറ്റ് ഗ്രൂപ്പിന്റെ ജീപ്പ് അപകടത്തില്‍പ്പെട്ട വിവരം പറഞ്ഞു. ഒരു സ്റ്റണ്ട് താരത്തിന് നിസ്സാര പരിക്കുകളേയുള്ളൂവെന്ന് പറഞ്ഞുകേട്ടതുകൊണ്ട് ഞങ്ങള്‍ സംഭവം കാര്യമായി എടുക്കാതെ സംസാരവിഷയത്തിലേക്ക് തിരിഞ്ഞു.

സി.വി. ഹരിഹരന്റെ നിര്‍മ്മാണക്കമ്പനിയായ സുഗുണാസ്‌ക്രീനിന്റെ 'കോളിളക്കം' എന്ന മള്‍ട്ടിസ്റ്റാര്‍ സിനിമാസ്‌ക്കോപ്പ് അന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. മധു, സോമന്‍, ജയന്‍, സുകുമാര്‍, ബാലന്‍ കെ.നായര്‍, എം.എന്‍. നമ്പ്യാര്‍, കെ.പി.ഉമ്മര്‍ മദ്രാസില്‍ എത്തിയിട്ടുണ്ട്.

പാംഗ്രോവ് ഹോട്ടലിന്റെ മുന്‍ഭാഗത്താകെ തിരക്കാണ്. ഷൂട്ടിംഗിനുവേണ്ടി പോകേണ്ട ഒരു ഡസന്‍ ജീപ്പുകളും ടെക്‌നീഷ്യന്മാരും അവിടവിടെ മഴ തോരുന്നതും കാത്തുനില്‍പ്പാണ്.

സമയം രാവിലെ 9.30 കഴിഞ്ഞു. മഴ കാരണം ഷൂട്ടിംഗിനു പുറപ്പെടാന്‍ വൈകീക്കൊണ്ടിരുന്നു. ഫൈറ്റ് മാസ്റ്റര്‍ വിജയന്‍ മഴയെ കണക്കിലെടുക്കാതെ ലൊക്കേഷനിലേയ്ക്ക് തിരിച്ചു. കൂടെ ഓരോരുത്തരായി.

ചാറ്റമഴയല്ലെ മാറും. ഷൂട്ടിംഗ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ആകാശം തെളിയും. നമുക്കു പോകാം.ബാലേട്ടന്‍ എ്‌ന്നോടു പറഞ്ഞു. അപ്പോഴേയ്ക്കും നടന്‍ ജയനും മേക്കപ്പ്മാന്‍ മോഹന്‍ദാസും(ഇന്നത്തെ ജയമോഹന്‍) അവരുടെ ഫിയറ്റ് കാറില്‍ കയറി.

ബാലേട്ടന്റെ മേക്കപ്പ്മാന്‍ വെങ്കിടേശ്വരനോട് ലോക്കേഷനിലാക്കാം മേക്കപ്പ് എന്നും പറഞ്ഞ് ഞങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മനോഹര്‍ സ്വാമിയുടെ കറുത്ത നിറമുള്ള അംബാസിഡര്‍ കാറില്‍ യാത്ര തിരിച്ചു.
ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത് സിറ്റിയില്‍ നിന്ന് അകലെയുള്ള ഷോളാവാരത്തുളള ഗ്രൗണ്ടിലാണ്. അവിടം ഡിഫന്‍സിന്റെ റണ്‍വേയാണ്. ഗവണ്‍മെന്റില്‍ നിന്നും എല്ലാവിധ പെര്‍മിഷനും വാങ്ങിയിട്ടുണ്ട്. ബോംബെയില്‍ നിന്ന് ഷൂട്ടിംഗിനാവശ്യമുള്ള ഹെലികോപ്റ്റര്‍ അവിടെയാണ് വരിക. ഞാനും ബാലേട്ടനും മറ്റും യാത്ര ചെയ്തിരുന്ന കാര്‍ ഡ്രൈവര്‍ മനോഹറിന് വഴിയൊന്ന് തെറ്റി.  അതു പല പ്രാന്തപ്രദേശങ്ങളിലൂടെയും കയറിയിറങ്ങി ഒടുവിലൊരു മെയിന്‍ റോഡില്‍ വന്നെത്തി. അപ്പോഴതാ മുന്നില്‍ ജയന്റെ വെളുത്ത ഫിയറ്റ് കാര്‍ ഞങ്ങള്‍ക്ക് മുന്നിലായി ഓടിക്കൊണ്ടിരിക്കുന്നു.


ആകാശം തെളിഞ്ഞു തുടങ്ങി. ഇളംചൂടുള്ള വെയിലും വന്നുചേര്‍ന്നു. ജയന്റെ കാര്‍ ഞങ്ങള്‍ക്ക് സൈഡു തന്നു. മഴ പെയ്‌തൊടുങ്ങിയതു കാരണം എതിരേ  വീശുന്ന കാറ്റിനു ചെറിയ തണുപ്പുണ്ടായിരുന്നു.


കുറേ ദൂരം ചെന്നപ്പോള്‍ ഞങ്ങള്‍ കാര്‍ നിര്‍ത്തി ഷോളോവാരത്തേയ്ക്കുള്ള  വഴി ആരാഞ്ഞു. ജയന്റെ കാര്‍ ഞങ്ങള്‍ക്കു തൊട്ടുപിന്നിലും നിര്‍ത്തി. ഫിയറ്റ് കാറിന്റെ സൈഡ് ഗ്ലാസ്സിലൂടെ ഞാനും ബാലേട്ടനും ജയനെ കണ്ടു.
ഓഹോ ജയനും ഷോളാവാരത്തേക്കുള്ള വഴിയറില്ല. ബാലേട്ടന്‍ ഓരോടെന്നില്ലാതെ ചോദിച്ചു.

അതുകൊണ്ടായിരിക്കും നമുക്ക് സൈഡ് തന്നത്. നമ്മളും വഴിയറിയാതെ യാത്ര ചെയ്യുകയാണെന്ന് ജയന്‍ അറിഞ്ഞു കാണില്ല. ഞാന്‍ മറുപടി പറഞ്ഞു.


ലൊക്കേഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം രാവിലെ 10.30 കഴിഞ്ഞിരുന്നു.


അടുത്തുള്ള ഗസ്റ്റ്ഹൗസില്‍ സംവിധായകനായ പി.എന്‍. സുന്ദരം, നിര്‍മ്മാതാവ് സി.വി. ഹരിഹരന്‍  വിജയാനന്ദ് തുടങ്ങി എ്ല്ലാവരും എത്തിച്ചേര്‍ന്നിരുന്നു. വിജയാനന്ദ് ജയന്  ഷേക്ക്ഹാന്‍ഡ് കൊടുത്തു സ്വീകരിച്ചു. ബാലേട്ടന്‍ ധൃതിയില്‍ മേക്കപ്പ്‌റൂമിലേയ്ക്ക് നടന്നു.


വിജയാനന്ദ് എന്നോട് കുശലാന്വേഷണം നടത്തി. എന്റെ കസിന്‍ മനദ്രാസ് ലിത്തോ പ്രസ്സ് ഓണര്‍ സോമശേഖറിന്റെ ശുപാര്‍ശയിലാണ് എനിക്ക് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞത്. 'വക്ത്' എന്ന ചിത്രത്തിന്റെ റീമേക്കാണ് കോളിളക്കം. ഹിന്ദിയില്‍ ബല്‍രാജ് സാഹിനി, സുനില്‍ദത്ത്, രാജ്കുമാര്‍, ശശികപൂര്‍ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.

സംവിധായകന്‍ പി.എന്‍.സുന്ദരം സാര്‍ ലൊക്കേഷനിലേക്ക് നടന്നപ്പോള്‍ ഞാനും കൂടെ പോയി. സഹസംവിധായകനായ സോമന്‍ അമ്പാട്ടും മേലാറ്റൂര്‍ രവിവര്‍മ്മയും എന്നെ ഗസ്റ്റ് ഹൗസിലേക്ക് മടക്കി വിളിപ്പിച്ച് ഷൂട്ടിംഗിന്റെ ചില കാര്യങ്ങള്‍ ചര്‍ച്ച നടത്തി. 'സമയം ഏറെയായില്ലേ- ടിഫിന്‍ കഴിച്ചിട്ട്  ആകാം' രവിവര്‍മ്മയാണ് അത് പറഞ്ഞത്. അപ്പോഴേക്കും ജയനും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.


പ്രൊഡക്ഷന്‍ മണി ടിഫിനുമായി എന്റെയടുത്തു വന്നു. 'ഞാനും ടിഫിന്‍ കഴിച്ചിട്ടില്ല' ജയന്‍ പറയേണ്ട താമസം ഞാന്‍ എന്റെ ടിഫിന്‍ ജയന് കൊടുപ്പിച്ചു. ഞാനും ജയനും ഇഡഢലിയും ഉഴുന്നുവടയും കഴിക്കുന്നതിനിടയില്‍ പരസ്പരം ഓരോന്ന് ചോദിച്ചറിഞ്ഞു.


'ദീപം എങ്ങനെയുണ്ട്?' ഞാന്‍ തിരക്കി. 'It is a good film ഹൗസ് ഫുള്ളാണ്. സംവിധായന്‍ പി. ചന്ദ്രകുമാര്‍ വിളിച്ചിരുന്നു'. ജയന്‍ മറുപടി പറഞ്ഞു.
എന്നോട് ജയന്‍ സംസാരിച്ച അവസാനത്തെ സംഭാഷണം ഇതാണെന്നാണ് എന്റെ ഓര്‍മ്മ.


ജയന്‍ ധൃതിയില്‍ ലൊക്കേഷനിലേക്ക് ഫിയറ്റ് കാറില്‍ പോയി. പിന്നാലെ ഞാനും സോമനും വര്‍മ്മാജിയും. ഈ സോമന്‍ അമ്പാട്ടാണ് പില്‍ക്കാലത്ത് ഞാനെഴുതിയ 'ഒപ്പം ഒപ്പത്തിനൊപ്പം' എന്ന മോഹന്‍ലാല്‍, ശങ്കര്‍ ചിത്രത്തിന്റെ സംവിധായകന്‍. കാന്തിഹര്‍ഷ ഖാന്‍ സാബാണ് നിര്‍മ്മാതാവ്. മീനമ്പാക്കത്തുനിന്നും ഹെലികോപ്റ്റര്‍ ലൊക്കേഷനില്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്തതു കാരണം ജയനും റൗഡികളും തമ്മിലുള്ള ചില സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങി. അതിനിടെ ഹെലികോപ്ടര്‍ വന്നെത്തി. ജയനും ബാലേട്ടനും തമ്മിലുളള ചില സംഘട്ടനരംഗങ്ങള്‍ അതിനുള്ളില്‍വെച്ചു ചിത്രീകരിച്ചു.


ഷൂട്ടിംഗിനിടയില്‍ കാവി വസ്ത്രധാരിയാ സോമനും, സുകുമാരനും ലൊക്കേഷനില്‍ എത്തി. കുശലാന്വേഷണവും കഴിഞ്ഞ് ഡ്രസ്സ് മാറാന്‍ ഗസ്റ്റ് ഹൗസിലേക്കു പോയി. അവര്‍ക്കു പിന്നാലെ വന്ന മധുസാര്‍ ജയനെ വിളിച്ച് മാറ്റിനിര്‍ത്തി പുതിയ ചിത്രത്തിന്റെ കാള്‍ഷീറ്റിനെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു.

ഷോട്ട് റെഡിയായതു കാരണം ജയന്‍ വീണ്ടും സ്‌പോട്ടിലേക്ക് നടന്നു. മധുസാര്‍ മേ്ക്കപ്പ് റൂമിലേയ്ക്കും. മധുസാറിന്റെ കൂടെ ബാലേട്ടന്‍ പോയത് ആരും ശ്രദ്ധിച്ചിരുന്നില്ല. എടുക്കാന്‍ പ്ലാന്‍ ചെയ്ത ഷോട്ടില്‍ സുകുമാരന്‍ ഓടിച്ചു വരുന്ന ബൈക്കിനു പിന്നില്‍ ജയന്‍ കയറി നിന്ന് ബാലേട്ടന്‍ പറന്നുയരാന്‍ ശ്രമിക്കുന്ന ഹെലികോപ്റ്ററില്‍ പിടിച്ചു കയറണം. ഷോട്ട് റെഡിയായപ്പോള്‍ ബാലേട്ടനെ കണ്ടില്ല. വിളിക്കാന്‍ ആളിനെ വിട്ടിട്ട് ബാലേട്ടന്റെ ഡ്യൂപ്പിനെ ഇരുത്തി ചിത്രീകരണം തുടങ്ങി.


സുകുമാരന്‍ ബൈക്ക് ഓടിച്ചു വരുന്നു. ബൈക്കിനു പിന്നില്‍ ജയന്‍ കയറി നില്‍പ്പുണ്ട്. അവര്‍ക്ക് മീതെ ഹെലികോപ്റ്റര്‍ പോകുന്നു. ബൈക്കില്‍ നിന്ന ജയന്‍ ഹെലികോപ്റ്ററിന്റെ ലാന്‍ഡിംഗ് ലഗ്ഗില്‍ പിടിച്ചു കയറുകയും സംവിധായകന്‍ നിര്‍ദ്ദേശിച്ചതിനുമതീതമായി ജയന്‍ ലാന്‍ഡിംഗ് ലഗ്ഗില്‍ കാലുകോര്‍ത്ത്ു തൂങ്ങി. ഹെലികോപ്റ്റര്‍ ഒന്ന് ചാഞ്ചാടിയെങ്കിലും അല്പമുയര്‍ന്ന് പറക്കുകയും യാതൊരു കുഴപ്പവും കൂടാതെ ഷോട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു.


ഹെലികോപ്റ്ററിന്റെ പൈലറ്റ് ഹിന്ദിയില്‍ സംവിധായകന്‍ പി.എന്‍.സുന്ദരം സാറിനോട് കോംപ്റ്റര്‍ ഒരു നിശ്ചിത ഉയരത്തില്‍ പൊങ്ങിയിട്ടേ കൂടുതല്‍ ആകഷനുകള്‍ കാണിക്കാവൂ എ്‌ന് നടനോട് പറയാന്‍ പറഞ്ഞു. ഹിന്ദി അറിയാവുന്ന ജയന്‍ ഞാന്‍ എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്തിട്ടുള്ളവനാണെന്നും എനിക്കെല്ലാം അറിയാമെന്നും പറഞ്ഞു.


അപ്പോഴാണ് ബാലേട്ടന്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് എത്തിയത്. ബാലേട്ടന്റെ ഡൂപ്പിനെ വച്ച് കഴിഞ്ഞ ഷോട്ടെടുത്തതില്‍ ഒരല്പം നീരസം പ്രകടിപ്പിച്ചു.


ഇതുകേട്ട ജയന്‍ എടുത്ത ഷോട്ട് ഒന്നു കൂടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലേയും സൂപ്പര്‍നടന്മാരെ ചിത്രീകരിച്ചിട്ടുള്ള പി.എന്‍.സുന്ദരം സാര്‍ ജയന്റെ നിര്‍ബ്ബന്ധ ബുദ്ധിയ്ക്കു മുന്നില്‍ വഴങ്ങുകയായിരുന്നു.


ശിവാജി ഗണേശന്‍, എന്‍.ടി.രാമറാവു, ജിതേന്ദ്ര തുടങ്ങിയ നടന്മാര്‍ അവരവരുടെ സംവിധായകന്മാരോട് പി.എന്‍. സുന്ദരം ഛായാഗ്രാഹകനാകണമെന്ന് ആവശ്യപ്പെടുക പതിവാണത്രേ.


മലയാളത്തില്‍ സൂപ്പര്‍ ഹിറ്റുകളായ അയോദ്ധ്യ, ആയിരം ജന്മങ്ങള്‍, അപരാധി തുടങ്ങിയ പ്രേംനസീര്‍ ചിത്രങ്ങളുടെ സംവിധായകുമാണ് സുന്ദരം സാര്‍.


സംവിധാകന്‍ കഴിവും വേണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞു. ജയന്‍ നിര്‍ബ്ബന്ധബുദ്ധി കാണിച്ചു. അന്ന് മദ്രാസിലെ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന അമിതാഭ് ബച്ചന്റെ ഒരു ഹിന്ദി ചിത്രത്തില്‍ അദ്ദേഹം ഡ്യൂപ്പില്ലാതെ ഹെലികോപ്റ്ററില്‍ പിടിച്ചു കയറുന്ന രംഗമാണ് ജയന്‍ സംവിധായകനോട് കാരണമായി പറഞ്ഞത്.


ചിത്രീകരണം വീണ്ടും തുടങ്ങി. ഹെലികോപ്റ്ററില്‍ ബാലേട്ടനും ക്യാപ്റ്റനും പറക്കുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ സുന്ദരം സാര്‍ ക്യാമറയുമായി ജീപ്പില്‍. ജീപ്പിനു തൊട്ടുപിന്നില്‍ ജയനേം കൂട്ടി സുകുമാരന്‍ ബൈക്കിലും ചേയ്‌സ് തുടങ്ങി. സുന്ദരന്‍ സാറിന്റെ സഹായികള്‍ മറ്റു രണ്ടു ക്യാമറകളുമായി മറ്റൊരു കോണിലും. ഹെലികോപ്റ്റര്‍ ബൈക്കിനു മീതെ പറക്കുമ്പോള്‍ ബൈക്കിനു പിന്നില്‍നിന്നുകൊണ്ട് ജയന്‍ ഹെലികോപ്റ്ററിന്റെ സ്റ്റാന്‍ഡിംഗ് ലഗ്ഗിലേക്ക് തൂങ്ങുന്നു.


ജയനേയും കൂട്ടി പറക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ച കോംപ്റ്ററിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് അത് 90 ഡിഗ്രി ആംഗിളില്‍ ഗ്രൗണ്ടിലേക്ക് വീണു പൊങ്ങി കുറെ അകലേക്ക് നിലം പതിച്ചു. പ്രൊപ്പുല്ലന്‍ ഒടിഞ്ഞതു ജയന്റെ തലയില്‍ അടിച്ചു.
ഹെലികോപ്റ്ററിന്റെ ബാലന്‍സ് നഷ്ടപ്പെട്ടപ്പോള്‍ ജയന്‍ നിലത്തേക്ക് ചാടുകയാണുണ്ടായതെന്നു തോന്നുന്നു. അതോ പിടി വിട്ടതോ? ഏതായാലും ജയന്റെ തലയ്ക്ക് ഏറ്റ മാരമായ മുറിവിലൂടെ രക്തം ധാരധാരയായി ഒഴുകി. ജയന്‍ കൈകൊണ്ട് തലയ്ക്കു പൊത്തിപ്പിടിച്ചുകൊണ്ട് 'ഹോസ്പിറ്റലിലേക്ക് പോകാം' എന്നു പുലമ്പി. ജയനേയും കൂട്ടി അദ്ദേഹത്തിന്റെ തന്നെ ഫിയറ്റ് കാറില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കല്ലിയൂര്‍ ശശി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. പ്രൊപ്പല്ലര്‍ ഒടിഞ്ഞ കോപ്റ്റര്‍ കുറെ അകലെയാണ് നിലം പതിച്ചത്. തീ കത്തുന്നുണ്ടായിരുന്നു. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് കത്തുമെന്ന് ഭയന്നു. പൈലറ്റ് അവിടെനിന്ന് നിര്‍വീര്യനായി നടന്നുവരുന്നുണ്ടായിരുന്നു.
കോപ്റ്ററിന്റെ അടുത്തായി കിടന്ന ബാലേട്ടനേയും കൂട്ടി ഞാനും കൂട്ടരും രാവിലെ ലൊക്കേഷനിലേക്ക് വന്ന മനോഹറിന്റെ കാറില്‍ വടപളനിയിലെ വിജയാ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. മഴ പെയ്തു തുടങ്ങി.
എവിടെ നിന്നോ വന്ന മഴ ലൊക്കേഷനില്‍ കൂടുതല്‍ ആപത്തുകള്‍ ഉണ്ടാക്കിയില്ല. പെട്രോള്‍ ടാങ്ക് പൊട്ടിയില്ല.


വിജയാ ഹോസ്പിറ്റലിലെത്തിയ ബാലേട്ടനെ ശുശ്രൂഷിക്കാന്‍ ഡോക്ടര്‍ മോഹന്‍ദാസ് അതീവശ്രമം ആരംഭിച്ചു. ബാലേട്ടന് ഗുരുതരാവസ്ഥ ഒന്നുമില്ല.


ഇടതുകാലിന്റെ ഒടിവു കാരണം പ്ലാസ്‌റററിട്ടു. മുറിവു കാരണം തലയ്‌ക്കൊരു ബാന്‍ഡേജ്. തിരക്കഥാകൃത്ത് ജോസഫ് മാടപ്പള്ളി, സംവിധായകന്‍ കെ.ജി. രാജശേഖരന്‍ തുടങ്ങിയവര്‍ വന്നെത്തി. ജയനേയും കൊണ്ട് ജനറല്‍ ഹോസ്പിറ്റലിലേക്ക് പോയ കല്ലിയൂര്‍ ശശിയെ കോണ്‍ടാക്റ്റ് ചെയ്യാന്‍ ഇന്നത്തെപ്പോലെ സെല്‍ഫോണ്‍ ഇല്ല.
പിന്നീട് അറിഞ്ഞത് ജയനേയും കൂട്ടിപ്പോയ കാര്‍ മഴവെള്ളം കാരണം വളരെ താമസിച്ചാണ് ഹോസ്പിറ്റലിലെത്തിയത് എന്ന്.

തലച്ചോറില്‍ രക്തം കട്ടിയായി തുടങ്ങിയെന്നും മരണം ആക്ഷന്‍ ഹീറോയെ കാര്‍ന്നു തിന്നുവെന്നും.


ഞാന്‍ നിശ്ചലനായി നിന്നുപോയി. എത്രനേരം അങ്ങനെ നിന്നുവെന്നും അറിയില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക