കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി, അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയത് ഉദ്യാഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആക്ഷേപത്തിന് ബലമേറുന്നു. 'ജയിലിലെ ജയില്‍' എന്നറിയപ്പെടുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ '10 ബി' ബ്ലോക്കില്‍ നിന്ന് ഇന്ന് വെളുപ്പിന് 4.15-ഓടെ ചോടിപ്പോയ ഗോവിന്ദച്ചാമിയെ ഏതാണ്ട് അഞ്ച് മണിക്കുറിനകം തന്നെ പരിസര പ്രദേശത്ത് നിന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത് നാടകീയമായാണ്. നൂറ് ശതമാനം സുരക്ഷാ വീഴ്ച ഈ സംഭവത്തില്‍ ഉണ്ടായിട്ടുണ്ട്. ഡി.പി.ഒ രജീഷ്, എ.പി.ഒ-മാരായ അഖില്‍, സഞ്ജയ് എന്നീ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യ്തിരിക്കുകയാണ്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ഐ.ജി വി ജയകുമാറിന്റെ ഈ നടപടി.
കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്നതാണ് 10 ബി ബ്ലോക്ക്. ഏതാണ്ട് മൂന്നാഴ്ചത്തെ ആസുത്രണത്തിനൊടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് നിഗമനം. ഇത് നിരവധി സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആ പരിസരത്തുനിന്ന് സംഘടിപ്പിച്ച ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ സെല്ലിന് പുറത്തു കടന്നത്. കമ്പികള്‍ ഉപ്പ് ഉപയോഗിച്ച് പൊതിഞ്ഞ് തുരുമ്പിപ്പിച്ചിരുന്നു. ഓരോ ദിവസവും കുറേശെ അറുത്തു. ഉണക്കാനിട്ടിരുന്ന പുതപ്പ് എടുത്ത് ഏഴര മീറ്റര്‍ പൊക്കമുള്ള മതിലിന് മുകളിലെ ഇരുമ്പ് ഫെന്‍സിങ്ങില്‍ കെട്ടി അതില്‍ തൂങ്ങിയായിരുന്നു രക്ഷപെടല്‍.
രണ്ട് വലിയ ഡ്രമ്മുകള്‍ അടുക്കി വച്ചാണ് ഇയാള്‍ മതിലിന് മുകളില്‍ കയറിയത്. രണ്ടു വര്‍ഷമായി ഇലക്ട്രിക് ഫെന്‍സിങ്ങില്‍ വൈദ്യുതി പ്രവാഹമില്ലെന്നത് ജയിലധികൃതരുടെ കുറ്റകരമായ അനാസ്ഥയുടെ തെളിവാണ്. ഒരു ഹെഡ് വാര്‍ഡന്‍, രണ്ട് വാര്‍ഡന്‍മാര്‍ എന്നിവര്‍ 24 മണിക്കൂറും നിരീഷിക്കുന്നതാണ് 10 ബി ബ്ലോക്ക്. രാപകല്‍ വ്യത്യാസമില്ലാതെ അഞ്ച് മിനിറ്റ് ഇടവിട്ട് ഇവര്‍ സെല്ലുകളിലൂടെ റോന്ത് ചുറ്റണം എന്നാണ് ചട്ടം. എന്നാല്‍ സെല്ലുകളില്‍ സി.സി.ടി.വി ക്യാമറയില്ല. വരാന്തയില്‍ ഉണ്ട്. ഗോവിന്ദച്ചാമി കമ്പി അറുക്കുന്നത് എന്തുകൊണ്ട് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല..? ഇയാള്‍ സെല്ലിന് പുറത്തിറങ്ങിയത് ആരും കാണാതിരുന്നത് എന്തുകൊണ്ട്..? ആരുടെയു കണ്ണില്‍പ്പെടാതെ വിവിധ ബ്ലോക്കുകള്‍ ഇയാള്‍ എങ്ങനെ മറികടന്നു..? പരസഹായമില്ലാതെ 7.5 മീറ്റര്‍ ഉയരമുള്ള മതിലിന് മുകളില്‍ ഒറ്റക്കൈയ്യനായ ഗോവിന്ദച്ചാമിക്ക് കയറാനാവുമോ..? എന്നിങ്ങനെ ഉയരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ജയിലധികൃതര്‍ സമാധാനം പറയേണ്ടിവരും.
നേരത്തെ ബിരിയാണിക്കും രുചിയുള്ള ഭക്ഷണത്തിനുമായി ബഹളം വയ്ക്കുകയും നിരാഹാരം വരെ കിടക്കുകയും ചെയ്തിരുന്ന ഗോവിന്ദച്ചാമി ഇപ്പോള്‍ വെറും ചപ്പാത്തി മാത്രമാണ് മൂന്നുനേരവും കഴിക്കുന്നത്. അങ്ങനെ വളരെ എളുപ്പത്തില്‍ ജയില്‍ ചാടാന്‍ പാകത്തില്‍ തന്റെ ശരീരഭാരം പകുതിയായി കുറച്ചു. ഇടക്കാലത്ത് തടിച്ചുകൊഴുത്തിരുന്ന ഗോവിന്ദച്ചാമി ഇപ്പോള്‍ തീര്‍ത്തും മെലിഞ്ഞ മട്ടിലാണ്. തനിക്ക് ചോറ് കഴിക്കാന്‍ പറ്റില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഇയാള്‍ ജയില്‍ ഡോക്ടറില്‍ നിന്ന് സംഘടിപ്പിച്ചിരുന്നു. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യമാക്കി കുറച്ചിരുന്നു. എന്നാല്‍ താന്‍ വധശിക്ഷയ്ക്ക് തീര്‍ത്തും അര്‍ഹനാണെന്ന് തെളിയിക്കുന്നതാണ് ഈ നരാധമന്റെ ജയില്‍ ചാട്ടം. ജയില്‍ ചാടാനായി ഇയാള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം ഉയരുന്നുണ്ട്. കാരണം ഇയാള്‍ക്ക് വലിയ സ്വാധീനങ്ങള്‍ ഉണ്ട്.
പകുതി ഇല്ലാത്ത ഇടതു കൈ മറയ്ക്കാന്‍ തലയില്‍ ഭാണ്ഡക്കെട്ടുമായി നടന്നുപോകുന്ന ഗോവിന്ദച്ചാമിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഒരു യുവാവ് പേര് വിളിച്ച് ചോദിച്ചപ്പോള്‍, അയാള്‍ ഓടിപ്പോവുകയായിരുന്നു. പിന്നീട് ഒരു ഓട്ടോറിക്ഷ ഡ്രൈവറും ഈ യുവാവും ചേര്‍ന്ന് പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഈ വിവരമാണ് പൊലീസിന് നിര്‍ണ്ണായക തുമ്പായത്. യുവാക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ണൂര്‍ ഡി.സി.സി ഓഫീസിന് സമീപമുള്ള കാടിനുള്ളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും വ്യാപക പരിശോധന തുടങ്ങി.
പൊലീസ് നായയും മണം പിടിച്ച് ഈ കെട്ടിടത്തിനു സമീപം എത്തിയിരുന്നു. പരിശോധനയ്ക്കിടെ, കെട്ടിടത്തിനുള്ളില്‍ ആരുമില്ലായിരുന്നെങ്കിലും, സമീപത്തെ ഒരു കിണറ്റില്‍ ഒളിച്ചിരുന്ന നിലയിലാണ് ഗോവിന്ദച്ചാമിയെ കണ്ടെത്താനായത്. പൊലീസ് എത്തിയതറിഞ്ഞ് ഇയാള്‍ കിണറ്റിലേക്ക് ചാടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഏറെ ശ്രമകരമായാണ് ഇയാളെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ജയില്‍ ചാടിയ വാര്‍ത്തയറിഞ്ഞയുടന്‍ സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഏവരെയും ഞെട്ടിച്ച സൗമ്യ വധം നടന്നത് 2011 ഫെബ്രുവരി ഒന്നിനാണ്. എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ നിന്ന് സൗമ്യയെ തള്ളിയിട്ട ശേഷം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസ് കേരളത്തില്‍ വലിയ ജനരോഷത്തിന് ഇടയാക്കുകയും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സൗമ്യ വധക്കേസിന്റെ നാള്‍വഴി ഇങ്ങനെ...
2011 ഫെബ്രുവരി 1: തൃശൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിക്കുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയും മരണം ഉറപ്പാക്കി കടന്നുകളയുകയും ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെ പിന്നീട് കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
2011 ഫെബ്രുവരി 6: ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗോവിന്ദച്ചാമിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. സൗമ്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നു. ഇതോടെ കേസ് കൊലപാതകവും ബലാത്സംഗവുമായി മാറുന്നു.
2011 മാര്‍ച്ച്: ഗോവിന്ദച്ചാമിക്ക് വേണ്ടി, ഈയിടെ അന്തരിച്ച ബി.എ ആളൂര്‍ എന്ന അഭിഭാഷകന്‍ ഹാജരാകുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കാരണം ആളൂര്‍ നേരത്തെ നിരവധി ഹൈപ്രൊഫൈല്‍ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായ വ്യക്തിയായിരുന്നു.
2011 മാര്‍ച്ച് 23: തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നു.
2011 മാര്‍ച്ച് 31: കേസ് തൃശൂര്‍ അതിവേഗ കോടതിയിലേക്ക് മാറ്റുന്നു.
2011 ഒക്ടോബര്‍ 26: തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബലാത്സംഗം, കൊലപാതകം, ട്രെയിന്‍ യാത്രക്കാരെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
2011 നവംബര്‍ 11: ഗോവിന്ദച്ചാമിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും തൃശൂര്‍ അതിവേഗ കോടതി വിധിക്കുന്നു. ബലാത്സംഗത്തിന് ജീവപര്യന്തവും കൊലപാതകത്തിന് വധശിക്ഷയും നല്‍കി. ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് 7 വര്‍ഷം കഠിനതടവും മറ്റ് കുറ്റങ്ങള്‍ക്ക് 1 വര്‍ഷം തടവും വിധിച്ചു.
2012: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നു.
2013 ഡിസംബര്‍ 17: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെക്കുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ഹൈക്കോടതിയും അംഗീകരിക്കുന്നു.
2014: ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നു.
2016 സെപ്റ്റംബര്‍ 15: സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി വരുന്നു. കൊലപാതകക്കുറ്റം റദ്ദാക്കുകയും ബലാത്സംഗം ഉള്‍പ്പെടെയുള്ള മറ്റ് കുറ്റങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊലപാതക ഉദ്ദേശ്യത്തോടെയായിരുന്നില്ലെന്നും. ബലാത്സംഗം തെളിയിക്കപ്പെട്ടെങ്കിലും സൗമ്യയുടെ മരണകാരണം ട്രെയിനില്‍ നിന്ന് വീണതു മൂലമുള്ള പരിക്കുകളാണെന്നും കോടതി നിരീക്ഷിച്ചു. ഇത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചു.
2016 നവംബര്‍ 11: സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുന്നു. സൗമ്യയുടെ അമ്മയും റിവ്യൂ ഹര്‍ജി നല്‍കി.
2016 നവംബര്‍ 17: റിവ്യൂ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കേസില്‍ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പരസ്യമായി പറയുന്ന അപൂര്‍വ സാഹചര്യവും ഉണ്ടായി.
2016 നവംബര്‍ 17: സുപ്രീം കോടതി റിവ്യൂ ഹര്‍ജികള്‍ തള്ളുന്നു. ഇതോടെ ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം ശിക്ഷ അന്തിമമായി.
2025 ജൂണ്‍ 25: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുലര്‍ച്ചെ ജയില്‍ചാടി. മണിക്കൂറുകള്‍ക്കകം പിടിയിലായി.
***
ഫ്യൂഡല്‍ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ജയിലുകള്‍ എന്നത് രാജകടുംബങ്ങള്‍ക്കും, സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്കും മാത്രമായിരുന്നു. അന്ന് ജയിലുകള്‍ പണിതിരുന്നത് രാജകൊട്ടാരങ്ങളിലും, കോട്ടകളിലും ആയിരുന്നു. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ തെറ്റു ചെയ്താല്‍ ഉടനടി ശിക്ഷ നല്‍കപ്പെട്ടു. ക്രമേണ ഫുഡല്‍ വ്യവസ്ഥയില്‍ നിന്നും മുതലാളിത്ത വ്യവസ്ഥയിലേക്ക് സമൂഹം മാറിയപ്പോള്‍ ജയിലുകള്‍ എന്നത് ഭരണകൂടങ്ങളെ നിലനിര്‍ത്തുന്നതിനുള്ള ശിക്ഷാ കേന്ദ്രങ്ങളായി മാറി.
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ ശിക്ഷിക്കുന്ന ശിക്ഷാ കേന്ദ്രങ്ങളായിരുന്നു ജയിലുകള്‍. പഴയകാലങ്ങളില്‍ അന്തേവാസികളുടെ പരിപാലനം എന്നത് അവര്‍ ഏര്‍പ്പെട്ടിട്ടുള്ള കുറ്റക്യത്യങ്ങള്‍ക്ക് തുല്യമായ ശിക്ഷ പ്രതികാര ഭാവേന മടക്കിക്കൊടുക്കുക, സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക തുടങ്ങിയ ഭയപ്പെടുത്തുന്ന ശിക്ഷാരീതികളായിരുന്നു അവലംബിച്ചിരുന്നത്.
കാലക്രമേണ ഈ സമീപനത്തില്‍ നിന്നും മാറി ആധുനിക രീതികളായ സുരക്ഷ, തിരുത്തല്‍, മാനസ്സാന്തരം, ക്ഷേമം, പുനരധിവാസം, സമൂഹ പുനപ്രവേശം എന്നീ ചികിത്സാരീതിയിലേക്ക് മാറിയിട്ടുണ്ട്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേരിടുന്നതിനുമായി 'കേരളാ പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ് (മാനേജ്‌മെന്റ്) ആക്ട്, 2010' എന്ന നിയമം രൂപീകരിക്കപ്പെട്ടു.
2014 മെയ് 23-ന് ഈ ആക്ടിന്റെ 99-ാം വകപ്പ് പ്രകാരം 2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാര്‍ഗ്ലീകരണ സേവനങ്ങളും (നിര്‍വഹണം) ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജയില്‍ ഉദ്യാഗസ്ഥരും സാമ്പത്തിക കാര്യത്തിലും സ്വാധീനത്തിലും പ്രബലരായ തടവുകാരുമായി ജയില്‍ ഉദ്യാഗസ്ഥര്‍ക്ക് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിലേയ്ക്ക് വെളിച്ചം വീശുന്ന സംങവങ്ങളുടെ പട്ടികയിലാണ് ഗോവിന്ദച്ചാനിയുടെ ഈ ജയില്‍ചാട്ടം.
ഏതായാലും പുതിയൊരു നിയമ യുദ്ധം ഇവിടെ തുടങ്ങുകയാണ്. പുറത്തിറങ്ങിയാല്‍ ഗോവിന്ദച്ചാമി വളരെ അപകടകാരിയാണ്. ഇയാളെ വീണ്ടും നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് നിലവിലുള്ള ശിക്ഷയില്‍ നിര്‍ണായക മാറ്റം വരുത്താനാവുമോയെന്നാണ് അറിയേണ്ട്. അപ്രകാരം സാധിക്കുമെങ്കില്‍ കൊലക്കയറില്‍ കുറഞ്ഞതൊന്നിനും ഈ കാപാലികന്‍ അര്‍ഹനല്ല എന്നതാണ് സത്യം. സമൂഹം അത് ആഗ്രഹിക്കുന്നു.