Image

മായാദർപ്പണം (കവിത: വേണുനമ്പ്യാർ)

Published on 25 July, 2025
മായാദർപ്പണം (കവിത: വേണുനമ്പ്യാർ)

കണിക നോക്കിയപ്പോൾ
കണ്ണാടിയിൽ കണ്ടത് തരംഗമുഖം

പുഴു നോക്കിയപ്പോൾ
കണ്ണാടിയിൽ കണ്ടത് ശലഭമുഖം

തിര നോക്കിയപ്പോൾ
കണ്ണാടിയിൽ കണ്ടത് കടൽമുഖം

നാവികൻ നോക്കിയപ്പോൾ
കണ്ണാടിയിൽ കണ്ടത് തുറമുഖം

ശൂന്യത നോക്കിയപ്പോൾ
കണ്ണാടിയിൽ കണ്ടത് നിറമുഖം

പാതിര നോക്കിയപ്പോൾ
കണ്ണാടിയിൽ കണ്ടത് മയൂഖമുഖം

നീ നോക്കിയപ്പോൾ
കണ്ണാടിയിൽ കണ്ടത് എൻമുഖം

നമ്മളൊന്നിച്ച് നോക്കിയപ്പോൾ
കണ്ണാടിയിൽ കണ്ടത് പ്രണയമുഖം

**

നോക്കിയും കണ്ടും
കണ്ടും നോക്കിയും
കാലമങ്ങനെ പോയപ്പോൾ
കാലനും ഒരു മോഹം
മായക്കണ്ണാടി കാണ്മാൻ.

കണ്ണാടിയിൽ കാലൻ കണ്ടതെന്തെന്നാർക്കുമറിയില്ല
കണ്ണാടിക്കുള്ളിൽ നിന്നും നീണ്ടു വന്ന
ഒരു ഉരുക്കുമുഷ്ടി
കാലന്റെ കൊങ്ങയ്ക്ക് ഇടിച്ചുവത്രെ!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക