മതവിശ്വാസങ്ങൾ പലർക്കും പലതാണ്. ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളിൽ ജീവിക്കുന്നു. എന്നാൽ സ്വന്തം മതം മാത്രം സത്യമെന്നു ശഠിക്കുന്ന സങ്കുചിതമനോഭാവമുള്ള ഒരു വ്യക്തി ഒരിക്കൽ ഈ ലേഖകനോട് ചോദിച്ചു. "നിങ്ങളുടെ ഗീതയിൽ (ആ പ്രയോഗം തന്നെ തെറ്റ്. ഗീത ആരുടെ?) കൊല്ലും കൊലയും ഭസ്മം എറിയലുമല്ലാതെ എന്താണുള്ളത്? മതഭ്രാന്ത് കൊണ്ട്അജ്ഞത അനുഭവിക്കുന്ന ആ സാധു മനുഷ്യനെപ്പോലെ അനേകരുണ്ട്. അങ്ങനെയുള്ളവരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ അറിവില്ലായ്മകൊണ്ട് മറുപടി പറയാനറിയാതെ മിഴിച്ചുനിൽക്കേണ്ടിവരുന്ന ഹൈന്ദവവിശ്വാസികളുണ്ട്. ഹൈന്ദവവിശ്വാസത്തിൽ നിന്നും മാറിപ്പോയവരിൽ ഭൂരിപക്ഷം പേർക്കും ഗീത കേട്ടറിവുപോലുമില്ലായിരുന്നു എന്ന സത്യം ഭാരതീയരെ ഞെട്ടിക്കുന്നതാണ്.
ഗീത ഭാരതത്തിന്റെ പവിത്രമണ്ണിൽ പിറന്നുവീണിട്ടും അതെന്താണെന്നു അറിയാത്തവരും അറിയാൻ ശ്രമിക്കാത്തവരുമായ ഭാരതീയരുണ്ട്. ഭഗവത്ഗീത ഒരു പുണ്യ വേദപുസ്തകമാണ്. എന്നാൽ അത് ഒരു മതഗ്രന്ഥമല്ല. ഈ ഗ്രൻഥം മാനവരാശിക്ക് കിട്ടിയ ഒരു സന്ദേശമാണ്. ഇന്നത്തെ പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട് ഭാവിയിലേക്ക് പുരോഗമിക്കാനുള്ള സഹായക ഗ്രന്ഥമാണ് ഗീത. ബന്ധനങ്ങളിൽ നിന്ന് മനുഷ്യരെ സ്വതന്ത്രമാക്കാൻ ഗീത പാരായണം സഹായിക്കുന്നു.
ഉപനിഷത്തുകളാകുന്ന പശുക്കളിൽ നിന്ന് കറവക്കാരനായ ഗോപാലകൃഷ്ണൻ കറന്നെടുത്ത പാലാണ് ഗീതയെന്നു വിശ്വസിച്ചുവരുന്നു.ഗീത ഉപനിഷത്തുക്കളുടെ സാര സംഗ്രഹമാണെന്നു വിവക്ഷ. ഗുരുവും ശിഷ്യനുമായുള്ള സംഭാഷണ രൂപത്തിലാണ്. ഉപനിഷത്തുക്കൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഉപനിഷത്ത് എന്ന വാക്കിനു താഴെ അടുത്തിരിക്കുക എന്ന അർത്ഥമാണ്. (അടുത്തിരുന്നു കേൾക്കുക എന്നുകൂടി അർത്ഥമുണ്ടെന്നു പണ്ഡിതർ) ചിരന്തനഭാരതത്തിന്റെ അമൂല്യ സമ്പത്താണ് ഉപനിഷത്തുക്കൾ.
ഭഗവത്ഗീതയുടെ പഴക്കത്തെച്ചൊല്ലി തർക്കങ്ങൾ ഉണ്ട്. കൃസ്തുവർഷത്തിനു നൂറു വർഷം മുമ്പേയാണതിന്റെ വർഷങ്ങളുടെ ഉത്ഭവമെന്നു ചിലർ വിശ്വസിക്കുമ്പോൾ ഇതിനു അയ്യായിരത്തിൽപരം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ചിലർ വാദിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഗീത ഉപനിഷത്തുക്കളുടെ സാരമാകുമ്പോൾ അതിന്റെ പഴക്കം ഊഹിക്കാവുന്നതാണ്.
യുദ്ധഭൂമിയിൽ വച്ച് അർജ്ജുനനെ യുദ്ധസന്നദ്ധനാക്കാൻ അവിടെ വച്ച് ഉണ്ടാക്കിയ ഒരു തത്ത്വശാസ്ത്രമാണ് ഗീതയെന്ന് ധരിച്ചിട്ടുള്ളവർ അനവധി പേരുണ്ടാകും. എന്നാൽ അതല്ല വാസ്തവമെന്ന് ഗീത തന്നെ പറയുന്നു.
ഇമം വിവസ്വതേ യോഗം
പ്രോക്താവനഹമവ്യയം
വിവസ്വാൻ മനവേ പ്രാഹ
മനരീക്ഷാകവബ്രവീത് (4:1)
ഈ യോഗശാസ്ത്രം, പണ്ട് ഞാൻ സൂര്യന് ഉപദേശിച്ചു. സൂര്യൻ സ്വപുത്രനായ മനുവിനും, മനു അവന്റെ പുത്രനായ ഇക്ഷ്വാകുവിനും അത് കൈമാറി. ഇങ്ങനെ പരമ്പരയാ തുടർന്നുപോയ യോഗം രാജർഷിമാർക്കും ലഭിച്ചു. അതു തന്നെയാണു ഞാനിപ്പോൾ നിനക്കും പറഞ്ഞുതരുന്നത്.ഇതിൽ നിന്നും നാം എന്താണു മനസിലാക്കേണ്ടത്?ഭഗവത് ഗീതയുടെ ദർശനം ഒട്ടും പുതിയതല്ല.
യാഥാർത്ഥഭക്തന് ഉണ്ടാകേണ്ട ഗുണത്തെക്കുറിച്ച് ഗീത പറയുന്നത് വിവേചനം, അതായത് നല്ലതും ചീത്തയും തിരിച്ചറിയൽ, ഇന്ദ്രിയസംയമനം വൈ രാഗ്യം, മനഃസംയമനം, ലൗകികവും ഭൗതികവുമായ കാര്യങ്ങളിൽ ആകർഷിക്കപ്പെടാതിരിക്കൽ തുടങ്ങിയവയാണ് തത്വജ്ഞാനങ്ങൾ അനുസരിച്ച് ജീവിക്കാൻ വേണ്ടിഒരാൾ അനുഷ്ഠിക്കുന്ന പ്രായോഗിക മാർഗ്ഗങ്ങളെ യോഗശാസ്ത്രങ്ങൾ എന്ന് പറയുന്നു. വർത്തമാനകാലത്തെ മാതൃകാപരമായ ഔന്നിത്യത്തിലേക്ക് ഉയർത്താൻ ഒരാൾ ശ്രമിക്കുന്നതിനെ യോഗ എന്ന് പറയുന്നു. ക്രോധത്തിൽ നിന്നും കാമം ഉണ്ടാകുന്നു. വിഷയാസക്തിയിൽ നിന്നും കാമം ഉണ്ടാകുന്നു. ക്രോധത്തിൽ നിന്നും അവിവേകം ഉണ്ടാകുന്നു. അവിവേകത്തിൽ നിന്നും സ്മൃതിഭ്രംശം ഉണ്ടാകുന്നു. സ്മൃതിഭ്രംശത്തിൽ നിന്നും ബുദ്ധിനാശം ഉണ്ടാകുന്നു. ബുദ്ധിനാശത്തിന്റെ ഫലം അവനവനെ തന്നെ നശിപ്പിക്കുന്നു,
ഗീതയിലെ അദ്ധ്യായങ്ങളെ യോഗ എന്നാണു വിശേഷിപ്പിക്കുന്നത്. ഗീത പദാനുപദം പരിഭാഷ ചെയ്യുകയല്ല. ഈ ലേഖകനറെ ഉദ്ദേശ്യം എന്നാൽ ഗീത എന്താണെന്ന് ഒരു സാമാന്യജ്ഞാനം താൽപ്പര്യമുള്ളവർക്ക് പകരാനുള്ള എളിയ ശ്രമമാണിത്. ഉറ്റവരും പ്രിയപ്പെട്ടവരും വളരെ കാലമായി എന്നോട് ആവശ്യപ്പെട്ട ഒരു കാര്യത്തിന്റെ പൂർത്തീകരണമാണിത്. ഇങ്കളീഷിൽ പലരും എഴുതിയിട്ടുള്ള ഗീത വായിച്ചുണ്ടാക്കിയ ഒരു സരളസംഗ്രഹമാണിത്. ഇത് ഗീതയുടെ പൂർണ്ണമായ പരിഭാഷയോ, വ്യാഖ്യാനമോ ആണെന്ന് അവകാശപ്പെടുന്നില്ല. പക്ഷെ ഒരു സാധാരണക്കാരന് ആവശ്യം മനസ്സിലാക്കാൻ വേണ്ടി വളരെ ലളിതമായ തയ്യാറാക്കിയ വിവരങ്ങൾ ആണ്. നിങ്ങൾ അടുത്ത ലക്കങ്ങളിലായി ഇ-മലയാളിയിൽ വായിക്കാൻ പോകുന്നത്. ഈ ലേഖകന്റെ സംസ്കൃതഭാഷയിലുള്ള പരിജ്ഞാനം വളരെ പരിമിതമാണ്. എങ്കിലും സംസ്കൃതത്തിലുള്ള പ്രധാനപ്പെട്ട ശ്ലോകങ്ങൾ അർഥം വ്യക്തമാക്കി വായനക്കാരുടെ സൗകര്യത്തിനായി കൊടുത്തിട്ടുണ്ട്.
കർമ്മം എന്ന് കേൾക്കുമ്പോൾ എല്ലാവരും ധരിക്കുന്നത് പ്രവർത്തിയെന്നാണ്. പ്രവർത്തി ചെയ്യാൻ പ്രേരിപ്പിക്കുന്ന ആഗ്രഹത്തെയാണത്രെ കർമ്മം എന്ന് പറയുന്നത്. കർമ്മത്തിന്റെ അനന്തര ഫലങ്ങൾ അതു ചെയ്യാനുണ്ടായ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കും. ഭക്ഷണം പാകം ചെയ്യുന്നതിന് കർമ്മഫലമില്ല. വിശന്നിരിക്കുന്നവർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്നത് സത്കർമ്മമാണ്. ഭക്ഷണത്തിൽ വിഷം കലർത്തി ആളുകൾക്ക് കൊടുക്കാൻ വേണ്ടി പാകം ചെയ്യുന്നത് ദുഷ്കർമ്മമാണ്. പ്രവർത്തിയുടെ പിറകിലുള്ള ഉദ്ദേശ്യമാണ് പ്രധാനം, തെളിഞ്ഞതും നേരായതുമായ ചിന്തയെപ്പറ്റിയാണ് ഗീത പ്രതിപാദിക്കുന്നത്.
ആഗ്രഹം ഒരു മാനസിക പ്രവർത്തിയാണ്. അതു ചിലപ്പോൾ ഒരു പ്രവർത്തിചെയ്യാൻ നമ്മെ പ്രേരിപ്പിക്കാം അല്ലെങ്കിൽ ചെയ്യാതിരിക്കാൻ വിലക്കാം. മനസ്സിൽ ഒരു പാട് വീഴ്ത്തികൊണ്ട് ആ ചിന്ത ഒരു കർമ്മമുണ്ടാക്കുന്നു. ഭൂതകാലത്തിലെ ആ ചിന്ത വർത്തമാനകാലത്തിൽ ആകൃതി വയ്ക്കുന്നു. അത് ഭാവിയെ തീരുമാനിക്കുന്നു. വർത്തമാനം മാറ്റാൻ പ്രയാസമാണ് പക്ഷെ കർമ്മങ്ങളിലൂടെ ഭാവിയെ രൂപീകരിക്കാൻ നമുക്ക് കഴിയും.
മനുഷ്യശരീരത്തിൽ ബുദ്ധി, അഹം, ബോധം, മനസ്സ് എന്നിവ ആന്തരിക ഇന്ദ്രിയങ്ങളായി വർത്തിക്കുന്നു. നല്ല ബുദ്ധി, തെറ്റും ശരിയും തിരിച്ചറിയുന്നു. അത് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നു. ഉപനിഷത്ത് ഈ കാര്യം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നു. ശരീരത്തെ ഒരു തേരിനോട് ഉപമിക്കുന്നു. ബുദ്ധിയാണ് തേരാളി അത് കുതിരകളെ അതായത് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നു. മനസ്സാകുന്ന കടിഞ്ഞാൺ പിടിച്ചുകൊണ്ട് ബുദ്ധി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് തേരിനെയും (ശരീരം) അതിന്റെ യജമാനനെയും (ആത്മാവ്) കുഴിയിൽ ചാടിക്കും. ഇന്ദ്രിയങ്ങളെ നിയന്ത്രണത്തിൽ വച്ചിട്ടുള്ള ബുദ്ധികൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം. മനസ്സ് എപ്പോഴും ബാഹ്യ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. മനസ്സ് ദുർബലമാണെങ്കിൽ ആഗ്രഹങ്ങളെ അടക്കാൻ അശക്തമാകുന്നു.
ശരിയും തെറ്റും തിരിച്ചറിയാൻ ബുദ്ധിയുള്ളവർക്ക് കഴിയുന്നു. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൽ ശരിയായ ബുദ്ധി സ്ഥിതി ചെയ്യുന്നു . തപസ്സ്, ദാനം, യജ്‌ഞം എന്നിവയിലുഉടെ അത് മനുഷ്യന് നേടാൻ കഴിയും. നമ്മളിലുള്ള ഒരു കുരുക്ഷേത്രമുണ്ട്. ഒരു മഹാഭാരതയുദ്ധം ദിനംപ്രതി അവിടെ ഒരുങ്ങുന്നു. നമ്മുടെ അജ്ഞതയാണ് അന്ധനായ ധൃതരാഷ്ട്രർ നമ്മടെ ആത്മാവ് ആണ് അർജുനൻ നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന ഈശ്വരനാണ് തേരാളി. നമ്മുടെ ശരീരം രഥവും. ഇന്ദ്രിയങ്ങളാണ് കുതിരകൾ. നമ്മുടെ അഹംഭാവം, അഹങ്കാരം, കാപട്യം, കാമം, അസൂയ, ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയവ നമ്മുടെ ശത്രുക്കളും ദൈനംദിന ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഗീത പഠിപ്പിക്കുന്നു. ജ്ഞാനമാർഗ്ഗം, ഭക്തിമാർഗ്ഗം, കർമ്മമാർഗ്ഗം എന്നീ മൂന്നു തത്വങ്ങൾ ഗീത വിവരിക്കുന്നു. താമരയിതൾ വെള്ളം തൊടാതെ വെള്ളത്തിൽ നിൽക്കുന്നപോലെ കർമ്മബന്ധത്തിൽ നിന്നു മുക്തരായി ജീവിതം തുടരാൻ ഗീതാ പാരായണം ഒരാളെ പ്രാപ്തമാക്കുന്നു.
ഹിമാലയസാനുക്കളുടെ പ്രശാന്തതയിൽ ധ്യാനനിമഗ്നരായിരുന്ന മഹർഷിമാരിൽ നിന്നും വേദങ്ങളും ഉപനിഷത്തുക്കളും ഉണ്ടായി. ഉപനിഷത്ത്തത്വങ്ങൾ ഉൾക്കൊള്ളുന്ന ഗീത മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. മനുഷ്യന്റെസങ്കടങ്ങളും സംശയങ്ങളും സംഘർഷങ്ങളും അവനെ കുഴയ്ക്കുന്ന സമ്മർദ്ദങ്ങളും അവനെ നിരുന്മേഷനാക്കുമ്പോൾ ഗീതാ പാരായണം അവനെ ഉയർത്തെഴുന്നേൽപ്പിക്കുന്നു. അജ്ഞതയുടെ അന്ധകാരത്തിലുഴലുന്ന മനുഷ്യരാശിക്ക് ശരിയായ പാന്ഥാവും വെളിച്ചവും നൽകാൻ ഭഗവാൻ പാടിയ ഗീത ശ്രദ്ധാപൂർവം വായിക്കാതെയും വായിച്ചത് മനസ്സിലാകാതെയും ഗീതയിലെ ശ്ലോകങ്ങളെ പലരും തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. അത്തരം തെറ്റിധാരണകൾ തീർക്കാൻ ശരിയായ പഠനം ശരിയായ ഉൾക്കാഴ്ച അത്യാവശ്യമായി വരുന്നു. പലരും വാക്കുകളെ അതിന്റെ ഉപരിപ്ലവമായ അർത്ഥത്തിൽ മാത്രം ഊന്നിനിന്നുകൊണ്ട് എടുക്കുന്ന നിലപാടുകൾ പലപ്പോഴും അവർക്കും അത് ശ്രദ്ധിക്കുന്നവർക്കും അനർത്ഥങ്ങളാണ് ഉണ്ടാക്കുക. ബുദ്ധികൊണ്ടും മനസ്സുകൊണ്ടും കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് ആവശ്യമാണ്.
ഹതാവോ പ്രാപ്‍യസ്യ സ്വർഗ്ഗം
അവ ഭോക്ഷ്യസേ മഹീം
തസ്മാദ്യത്തിഷ്ഠ കൗ ന്തേയ
യുദ്ധായകൃത നിശ്ച്ചയ (2:37)
വധിക്കപ്പെട്ടാൽ സ്വർഗ്ഗപ്രാപ്തി ഉണ്ടാകും വിജയിച്ചാൽ നീ ഭൂമിയെ സ്വന്തമാക്കും. അതുകൊണ്ട് യുദ്ധത്തിന് ദൃഢനിശ്ച്ചയം ചെയ്തു നീ എഴുന്നേൽക്കുക കൗന്തേയ എന്ന് ശ്രീകൃഷ്ണൻ അർജ്ജുനനോട് പറയുന്നുണ്ട്. ഈ ഭാഗം വായിച്ച് ഗീത മനുഷ്യരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നു വിശ്വസിക്കുന്നത് അജ്ഞതയാണ്. അർജുനനും കൃഷ്ണനും നിൽക്കുന്നത് ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിലാണ് തിന്മക്കെതിരേയുള്ള ധർമ്മയുദ്ധത്തിലാണ് അർജുനൻ പോരാടേണ്ടത് ഭഗവൻ കൃഷ്ണൻ അർജുനനോട് കർമ്മനിരതനാകാനാണ് ഉദ്ഘോഷിക്കുന്നത്. ജീവിതത്തോടാണ് നമുക്ക് യുദ്ധം ചെയ്യേണ്ടത് പ്രയാസങ്ങൾ കണ്ട് തളർന്നിരിക്കാതെ ആത്മധൈര്യത്തോടെ വെല്ലുവിളികളെ നേരിടാനുള്ള കരുത്താർജ്ജിക്കയാണ് വേണ്ടത്.
ഗീത അമൃതാണ്. അനശ്വരതപ്രാപിക്കാൻ നിത്യവും ഇത് പഠനം ചെയ്യുക. ഗീത നിങ്ങളുടെ സന്തതസഹചാരിയും അഭ്യുദയകാംക്ഷിയുമാണ്. ഗീത നിത്യപാരായണം ചെയ്യുന്നവർക്ക് പരിപൂർണ്ണജ്ഞാനവും പരമോന്നതമായ സമാധാനവും ശാശ്വതമായ സ്വർഗീയ അനുഭൂതിയും അമരത്വവും ലഭിക്കുന്നു. അർജുനനും കൃഷ്ണനും തമ്മിലുള്ള സംവാദത്തിലൂടെ ജീവിതത്തിന്റെ സത്യങ്ങൾ വ്യാസൻ നമുക്കായി വെളിപ്പെടുത്തിത്തരുന്നു. മനുഷ്യൻ എപ്പോഴും തെറ്റും ശരിയും അന്വേഷിച്ച് വലയുന്നു. തിന്മകളുടെ എണ്ണവും കരുത്തും (101 പേര്) എപ്പോഴും നന്മയെക്കാൾ (5 പേര്) കൂടുതലാവുന്നതും തന്മൂലം മനുഷ്യമനസ്സുകളിൽ ഭീതി പരക്കുന്നതും സ്വാഭാവികം. എന്നാൽ നന്മയുടെ ഭാഗത്ത് എപ്പോഴും ഈശ്വരാനുണ്ടെന്ന വിശ്വാസമുണ്ടായിരിക്കണം. (ശ്രീ കൃഷ്ണ ഭഗവാൻ പാണ്ഡവപക്ഷത്തായിരുന്നു.)
നൂറ്റൊന്നു പേരായ കൗരവരും അഞ്ചുപേരായ പാണ്ഡവരും സഹോദരന്മാരായ ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും മക്കളാണ്. പാണ്ഡുവിന്റെ മരണത്തിനുശേഷം ജന്മനാൽ അന്ധനായ ധൃതരാഷ്ട്രർ രാജ്യാധികാരം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മൂത്തപുത്രനായ ദുര്യോധനൻ സൂചികുത്താനുള്ള സ്ഥലംപോലും പാണ്ഡവർക്ക് വിട്ടുകൊടുക്കുവാൻ തയ്യാറായില്ല. ഭഗവൻ കൃഷ്ണൻ മധ്യസ്ഥത വഹിച്ച് അനേകം ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലപ്രദമാകാതെ യുദ്ധം എന്ന അവസാന തീരുമാനത്തിൽ എത്തുകയായിരുന്നു. പാണ്ഡവർക്ക് രാജ്യത്തിൻറെ പകുതി, അല്ലെങ്കിൽ അഞ്ചുപേർക്ക് താമസിക്കാനുള്ള സ്ഥലം അതുമല്ലെങ്കിൽ ഒരിടം എന്നീനിർദേശങ്ങൾ ദുര്യോധനൻ പരിഗണിക്കാതെ തള്ളിക്കളയുകയായിരുന്നു. മഹാഭാരതത്തിലെ ഭീഷ്മപർവം 25 മുതൽ 42 വരെയുള്ള പതിനെട്ട് അദ്ധ്യായങ്ങളിലായി ഗീത ഉൾക്കൊള്ളുന്നു. മഹാഭാരതത്തിന്റെ വിശിഷ്ടമായ സംഭാവനയാണ് ഭഗവത്ഗീതയും വിഷ്ണുസഹസ്രനാമവും ഇതിൽ ഭഗവത് ഗീത യുദ്ധത്തിന് മുമ്പും വിഷ്ണുസഹസ്രനാമം യുദ്ധത്തിനുശേഷവും അവതരിക്കപ്പെട്ടു.
ജാത്യാന്ധനായ ധൃതരാഷ്ട്രർക്ക് ഹസ്തിനപുരിയിലെ രാജധാനിയിലിരുന്നുകൊണ്ട് ദൂരെ കുരുക്ഷേത്രത്തിൽ നടക്കുന്ന സംഭവങ്ങൾ കാണാനാഗ്രഹമുണ്ടെങ്കിൽ യോഗശക്തിയാൽ കാഴ്ച്ച നൽകാമെന്ന് ഭാരതയുദ്ധം ആരംഭിക്കുന്നതിനു മുമ്പ് വ്യാസമഹർഷി പറഞ്ഞിരുന്നു.എന്നാൽ യുദ്ധം നേരിട്ടു കാണണമെന്നില്ല യുദ്ധ വിവരങ്ങൾ പറഞ്ഞു കേട്ടാൽ മതിയെന്നാണ് ധൃതരാഷ്ട്രർ പറഞ്ഞത്. അതനുസരിച്ച് ധൃതരാഷ്ട്രരുടെ മന്ത്രിയായ സജ്ഞയനു ആ ശക്തി വ്യാസമഹർഷി കൊടുക്കുകയുണ്ടായി. വളരെ അധികം നാശനഷ്ടങ്ങൾ ഇരുഭാഗത്തും വരുത്തിക്കൊണ്ട് യുദ്ധം തുടർന്നു. പത്താം ദിവസം ഭീഷ്മർ അർജുനന്റെ ശരം തറച്ച് നിലം പറ്റിയെന്നു ദുഃഖവാർത്ത കേട്ട ധൃതരാഷ്ട്രർ മോഹാലസ്യപ്പെട്ടു. ബോധം വീണു കിട്ടിയപ്പോൾ യുദ്ധത്തിന്റെ പൂർണ്ണ വിവരങ്ങൾ തുടക്കം മുതലേ അറിയണമെന്ന് ധൃതരാഷ്ട്രർ ആവശ്യപ്പെട്ടു. ഈ ആഗ്രഹത്തോടെ ധൃതരാഷ്ട്രർ ചോദിക്കുന്ന ചോദ്യവും സജ്ഞയൻ നൽകുന്ന മറുപടി വിവരണവുമാണ് ഭഗവത്ഗീത. യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴല്ല ഭഗവൻ കൃഷ്ണൻ അർജുനന് ഗീത ഉപദേശിച്ചത്. യുദ്ധാരംഭത്തിനു മുമ്പ് ഗീതോപദേശം കഴിഞ്ഞിരുന്നു..
കർമ്മം, ജീവാത്മാവ്, പരമാത്മാവ്, ബന്ധങ്ങൾ, ശരീരം, ജ്ഞാനം, ഭക്തി, മോക്ഷം, എന്നിവയെക്കുറിച്ചുള്ള അർജുനനറെ സംശയങ്ങൾ തീർത്തുകൊടുക്കുകയും അതിനായി താൻ ആരെന്നു വിശ്വരൂപത്തിലൂടെ അർജുനന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു ഭഗവൻ കൃഷ്ണൻ. സംശയം തീർന്നപ്പോൾ അർജുനൻ യുദ്ധത്തിന് തയ്യാറായി, ഭഗവൻ പറഞ്ഞു.
സർവ ധർമാൻ പരിത്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാ സർവപാപേഭ്യോ
മോക്ഷയിഷ്യാമി മാ ശു ച: (18:66)
(സർവ്വ ധർമ്മങ്ങളും പരിത്യജിച്ചിട്ട് എന്നെ മാത്രം ശരണം പ്രാപിക്കുക. ഞാൻ നിന്നെ സകല പാപങ്ങളിൽ നിന്നും മുക്തനാക്കും. വ്യസനിക്കേണ്ട. (ഗീത 18:66 )
അടുത്ത വെള്ളിയാഴ്ചമുതൽ ഗീതയുടെ ഒന്നാം അദ്ധ്യായമായ "അർജുന വിഷാദയോഗം" ആരംഭിക്കുന്നു.
ശുഭം
Read More: https://www.emalayalee.com/writers/11