കൊച്ചി: മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നുവെന്ന് നടൻ രവീന്ദ്രൻ പറഞ്ഞു. അതുകൊണ്ടാണ് മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത് എന്നും രവീന്ദ്രൻ പറഞ്ഞു. മോഹൻലാൽ മത്സര രംഗത്ത് ഉണ്ടെങ്കിൽ മറ്റാരും മത്സരിക്കാൻ നിൽക്കില്ലെന്നും ആരോപണവിധേയർ മത്സരിക്കരുതെന്നും രവീന്ദ്രൻ ഒരു മാധ്യമത്തോട് പറഞ്ഞു.
‘മോഹൻലാൽ മത്സരിക്കില്ലെന്ന് ജനറൽ ബോഡിയിൽ തന്നെ അറിയിച്ചിരുന്നു. മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരികയാണ്. അത് ന്യായമല്ലാത്തതാണെന്ന് പലർക്കും തോന്നിയിട്ടുണ്ട്. ആരോപണവിധേയർ തെറ്റുകാരാവണമെന്നില്ല. പക്ഷേ പൊതുമണ്ഡലത്തിൽ അങ്ങനെയുള്ളവർ മാറി നിൽക്കലാണ് അഭികാമ്യം” രവീന്ദ്രൻ പറഞ്ഞു.
അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് മത്സരിക്കാനുള്ളത്. കുഞ്ചാക്കോ ബോബനോ വിജയ രാഘവനോ ഇല്ലെങ്കിൽ മത്സരിക്കുമെന്ന നിലപാടിലാണ് ജഗദീഷ്. അമ്മയിലെ താരങ്ങളിൽ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്.