കൊച്ചി: മോഹന്‍ലാല്‍ പിന്‍മാറിയതോടെ, മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് നടന്‍ ജഗദീഷും നടി ശ്വേതാ മേനോനും രവീന്ദ്രനും. 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ആറ് പേരാണ് മത്സരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളി. പേരിലുണ്ടായ പ്രശ്‌നമാണ് പത്രിക തള്ളാന്‍ കാരണമെന്നാണ് അറിയുന്നത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് പത്രിക നല്‍കി. 74 പേരാണ് മത്സരരംഗത്തുള്ളത്. അതേസമയം, ആരോപണവിധേയര്‍ മത്സപിക്കുന്നതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ചില താരങ്ങള്‍ രംഗത്തെത്തി.
ആരോപണ വിധേയര്‍ 'അമ്മ'യുടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് നടിയും 'അമ്മ'യുടെ നിലവിലെ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസന്‍ ചോദിച്ചു. നമ്മുടെ രാജ്യത്ത് ആരോപണ വിധേയരായവര്‍ ജനാധിപത്യ രീതിയില്‍ മത്സരരംഗത്തുണ്ട്. ഒരു സംഘടനയെക്കാള്‍ വലുതാണ് രാജ്യമെന്നു താന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ രാജ്യത്ത് ആരോപണ വിധേയര്‍ മത്സരരംഗത്തുള്ളപ്പോള്‍ ഒരു സംഘടനയില്‍ ഇവര്‍ മത്സരിക്കുമ്പോള്‍ എന്താണ് പ്രശ്‌നമെന്ന് അന്‍സിബ ഹസന്‍ ചോദിക്കുന്നു.
'ഞാന്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ആരൊക്കെയാണ് പത്രിക സമര്‍പ്പിച്ചതെന്നു നാലുമണിക്ക് ശേഷം അറിയാം. ഇത്തവണ ഒരുപാട് പേര് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്. 'അമ്മ' തുടങ്ങിയിട്ട് 32 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷത്തിനിടയില്‍ ഇത്രയും ആളുകള്‍ മത്സരിക്കാന്‍ വരുന്നത് ആദ്യമായിട്ടാണ്. അപ്പോള്‍ തന്നെ അവര്‍ക്കുണ്ടായ ഒരു പോസിറ്റിവിറ്റി നമുക്ക് മനസിലാക്കാം. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അഡ്ഹോക് കമ്മറ്റി ആയിരുന്നെന്നും അന്‍സിബ പറഞ്ഞു. അതേസമയം ആരോപണവിധേയര്‍ മത്സരിക്കുന്നത് സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍ പറഞ്ഞു.
നവ്യനായര്‍, കുക്കുപരമേശ്വരന്‍, ടിനി ടോം, വിനു മോഹന്‍, അനന്യ, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ ഉള്‍പ്പടെ നിരവധി പേരാണ് മത്സരംഗത്തുള്ളത്. ഈ മാസം 31 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.