Image

ഗീതാഞ്ജലി (ഗീതം 100: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 26 July, 2025
ഗീതാഞ്ജലി (ഗീതം 100: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 100

I Dive down into the depth of the ocean of forms, hoping to gain the perfect pearl of the formless.

No more sailing from harbour to harbour with this my weather-beaten boat. The days are long passed when my sport was to be tossed on waves. And now I am eager to die into the deathless.

Into the audience hall by the fathomless abyss where swells up the music of toneless strings I shall take this harp of my life.

I shall tune it to the notes of forever, and, when it has sobbed out its last utterance., lay down my silent harp at the feet of the sil-ent.

ഗീതം 100

കഷ്ടപ്പെട്ടു കിടന്നുഴന്നു വസുധാരൂപിത്വ വാരാശിയില്‍
കാലം പോക്കിയലഞ്ഞു തേടുമൊരരൂപാമൂല്യ രത്‌നത്തെ ഞാന്‍
ജീര്‍ണ്ണിച്ചാതുരമായെന്‍ നൗകയിനിയും ഘട്ടങ്ങളാര്‍ന്നെന്നുമേ
ജാതാലസ്യമലഞ്ഞിടില്ലയതിനാല്‍ സര്‍വ്വത്ര നോക്കട്ടെ ഞാന്‍ !

കല്ലോലങ്ങളിലാണ്‍ടു നീന്തി മറിയാന്‍ നേരം നമുക്കില്ലിനി
കല്ലോലങ്ങളിലൂടെ വഞ്ചി തുഴയാനും കാലമില്ലേതുമേ!
അപ്രാപ്യാമൃതമാ മഗാധതയിലെത്തീട്ടന്ത്യമായ് സാമ്പ്രതം
സംപ്രാപിപ്പതിനാഗ്രഹിപ്പതമരത്വം മാത്രമേ നിര്‍ണ്ണയം!

കര്‍ണ്ണാഗോചരമായ് സദായൊഴുകുമീ ഗാനസ്വനാലസ്യമാം
പ്രാകാരത്തിനഗാഥതയ്ക്കുമകമേയേറുന്നു ഞാന്‍ ജീവിത –
തന്ത്രീവീണയുമായനശ്വര വിലാപാന്ത്യശ്രുതിക്കന്ത്യമായ്
നാഥാ ! ത്വത്പ്പദതാരിലായ് നിഭൃതമാമീ വീണ യര്‍പ്പിപ്പു ഞാന്‍ !
………………………..

അരൂപിയായ രത്‌നത്തെത്തേടി രൂപസാഗരത്തില്‍ ഞാന്‍ മുങ്ങിക്കിടക്കുന്നു. ജീര്‍ണ്ണിച്ച തോണിയുമായി കടവുകള്‍ തോറും ഇനി അലയുകയില്ല. തിരമാലകള്‍ക്കിടയിലെ കുത്തിമറിയല്‍ അവസാനിപ്പിക്കാനുള്ള സമയമായി. അമൃതത്തിന്റെ അഗാധതയില്‍എത്തി അമരത്വം കൈവരിക്കാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു കര്‍ണ്ണങ്ങള്‍ക്ക് അഗോചരമായ ആ ഗാനം സദാ മുഴങ്ങുന്ന സഭാതലത്തിന്റെ അഗാധതയിലേക്ക് എന്റെ ജീവിതവല്ലകിയുമായി ഞാന്‍ പ്രവേശിക്കും ശാശ്വതമായ ശ്രുതി മീട്ടി അന്തിമമായ
നിശ്ചലപാദങ്ങളില്‍ നിശ്ശബ്ദമായ എന്റെ വീണ ഞാന്‍ കാഴ്ച വയ്ക്കും.

ജാതാലസ്യം = ആലസ്യത്തോടുകൂടി നിഭൃതം = സത്യമുള്ള , വിനയമുള്ള
വസുധാ = ഭൂമി വാരാശി = സമുദ്രം
കര്‍ണ്ണാഗോചരം = കര്‍ണ്ണങ്ങള്‍ക്കൂ കേള്‍ക്കാന്‍ പറ്റാത്ത
അരൂപാമൂല്യരത്‌നം = അരൂപിയായ അമൂല്യരത്‌നം
അമരത്വം = മരണമില്ലായ്മ.

Read More: https://www.emalayalee.com/writers/22

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക