മഹാരാജാവ് കല്‍പ്പിച്ചു നല്‍കിയ വൈദ്യന്‍ സ്ഥാനം കൊണ്ട് കൊട്ടാരം കണ്ണു വൈദ്യന്മാരെന്നു പേരെടുത്ത വൈദ്യന്മാരെത്തേടിയാണ് ഞാന്‍ തേവലക്കരയില്‍ എത്തുന്നത്. വൈദ്യന്‍ പേരുള്ള ഒരുപാടുപേരെക്കണ്ടു പക്ഷേ അവരാരും കണ്ണു ചികിത്സ നടത്തുന്നില്ല.
അയ്യായിരമെങ്കിലും 'വൈദ്യന്‍'മാരുള്ള നാട്ടില്‍ അലോപ്പതി വൈദ്യന്‍മാര്‍ പലരുണ്ട്. പക്ഷെ കണ്ണു ചികിത്സകര്‍ രണ്ടേ രണ്ടുപേര്‍--തേവലക്കരയോടു ചേര്‍ന്ന മൈനാഗപ്പള്ളിയില്‍ കുളത്തിന്മേല്‍ തോമസ് കോശി വൈദ്യനും മകന്‍ മാത്യു ടി.വൈദ്യനും.
കണ്ണു ചികിത്സയില്‍ ഏഴാം തലമുറ: തോമസ് കോശി വൈദ്യന്‍
കര്‍ണാടകത്തിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത് സയന്‍സസില്‍ നിന്ന് ആയുര്‍വേദത്തില്‍ ബിഎഎംഎസ് നേടിയ മാത്യു, കൂടെപഠിച്ച കണ്ണൂര്‍ സ്വദേശിനി നിമ്മിയെ ജീവിതപങ്കാളിയാക്കി പപ്പായോടൊപ്പം കുന്നിന്മേല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ നടത്തുന്നു. കണ്ണിനും പൈല്‍സിനും വന്ധ്യതക്കും ചികിത്സയുണ്ട്. കുട്ടികള്‍ ഇല്ലാത്ത അഞ്ഞൂറോളം പേര്‍ക്ക് ഗര്‍ഭ ധാരണത്തിന് വഴിയൊരുക്കിയതായി മാത്യു അഭിമാനപൂര്‍വം പറഞ്ഞു.
അഷ്ടമുടിക്കായല്‍; മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസി. വര്‍ഗീസ് തരകന്‍
ദൈവങ്ങളുടെ നാടായ ദേവലോകക്കര എന്ന പേരു ലോപിച്ചാണ് തേവലക്കരയുണ്ടായതെന്നാണ് ഐതിഹ്യം. ദേവീക്ഷേത്രവും ചാലിയം ജമാ അത്ത് മോസ്‌കും മര്‍ത്തമറിയം പള്ളിയും തോളോട് തോള്‍ ചേര്‍ന്ന് നിലകൊള്ളുന്നെങ്കിലും അവിടെ നിന്ന് ദൈവം ഒളിച്ചോടിപ്പോയോ എന്ന് സംശയിക്കണം. നിഷ്‌കളങ്കനായ മിഥുന്‍ എന്ന പതിമൂന്നുകാരന്‍ വൈദ്യുതാഘാതമേറ്റു മരിക്കാന്‍ ഇടയാക്കിയ നരാധമന്മാര്‍ക്കിടയില്‍ ദൈവം എങ്ങിനെ കാണും?
ആലിസ്-ഗീവര്‍ഗീസ് വൈദ്യന്‍; ഡോ. ജോണ്‍ തരകന്‍-ഡോ.സിസ തോമസ്
എനിക്ക് ആ ഗ്രാമവുമായുള്ള ആത്മബന്ധം മുക്കാല്‍ നൂറ്റാണ്ടു മുമ്പ് എന്റെ മുത്തശ്ശന്‍ കുര്യന്‍ കണ്ണുചികിത്സക്കായി തേവലക്കരയില്‍ പോയിരുന്നു എന്നതാണ്. വല്യപ്പച്ചന് ഹെര്‍ണിയ ഓപ്പറേഷന്‍ നടത്തിയ നെയ്യൂരിലെ ഡോ. സോമര്‍വെലിന്റെയും കണ്ണുചികിത്സനടത്തിയ തേവലക്കര വൈദ്യരത്‌നം എംകെ കോശി വൈദ്യന്റെയും കഥകള്‍ കേട്ട് ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്.
അഷ്ടവൈദ്യന്മാരില്‍ ഒരാളായ കോട്ടയം വയസ്‌കര മൂസിന്റെ കീഴില്‍ ആയുര്‍വേദം പഠിച്ചയാളായിരുന്നു 1993 ല്‍ തൊണ്ണൂറ്റിമൂന്നാം വയസില്‍ അന്തരിച്ച കോശി വൈദ്യന്‍. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ ചി കിത്സ നടത്തുന്ന തോമസ് കോശി; അദ്ദേഹത്തിന്റെ മകന്‍ ഡോ. മാത്യു തോമസ്.
കരളയിക്കുന്ന അന്ത്യരംഗം പകര്‍ത്തിയത് അഭയ് സഞ്ജീവ് (കേ.കൗ. കൊല്ലം)
കൊല്ലത്തുനിന്നു 13 കി മീ അകലെ അഷ്ടമുടിക്കായല്‍ ചുറ്റിവരിഞ്ഞു കിടക്കുന്ന പ്രകൃതി മനോഹരമായ പഞ്ചായത്താണ് തേവലക്കര. മുട്ടിയുരുമ്മിക്കിടക്കുന്നു മൈനാഗപ്പള്ളി, ശാസ്താംകോട്ട, പന്മന, ചവറ പഞ്ചായത്തുകള്‍. മിഥുന്‍ പഠിച്ച ഹൈസ്‌കൂള്‍ മൈനാഗപ്പള്ളിയുടെ അതിര്‍ത്തിക്കുള്ളിലാണെങ്കിലും തേവലക്കര സ്‌കൂള്‍ എന്നാണ് രേഖകളില്‍.
കാരണം പണ്ട് രണ്ടും ഒരൊറ്റ പഞ്ചായത്ത് ആയിരുന്നു. മൈനാഗപ്പള്ളിയുടെ പോസ്റ്റ് ഓഫീസ് ഇന്നും തേവലക്കരയിലാണെന്നു പ്രസിഡന്റ് വര്‍ഗീസ് തരകന്‍ അറിയിച്ചു. മിഥുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സ്‌കൂളില്‍ എത്തിയവരുടെ കൂട്ടത്തില്‍ അലുംനിയായ തരകനും ഉണ്ടായിരുന്നു.
ഡോ.സുരേഷ് മാധവ്, സുബേദാര്‍ മേജര്‍ പ്രസന്നന്‍ പിള്ള; വ്ളോഗര്‍ പ്രജിത്, ശുഭി
രാവിലത്തെ എറണാകുളം-കൊല്ലം മെമുവില്‍ ശാസ്താംകോട്ട ഇറങ്ങിയാല്‍ മൂന്ന് കി മീ ദൂരമേയുള്ളൂ തേവലക്കരയുടെ നടുമുറ്റമായ മാര്‍ക്കറ്റു ജംക് ഷനിലേക്ക്. സുഹൃത്ത് സുബേദാര്‍ മേജര്‍ പ്രസന്നന്‍ പിള്ളയുടെ കാറില്‍ അവിടെയെത്തി. കേക്ക് വേള്‍ഡ് റെസ്റ്റോറന്റില്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഒരുകിമീ അകലെ അദ്ദേഹത്തിന്റെ നാടായ നടുവിലേക്കരയിലെത്തി.
കാര്‍ഗിലും ലഡാക്കിലും പൂഞ്ചിലുമെല്ലാം 30 വര്‍ഷം സൈനിക സേവനം ചെയ്തു അമൃത് സറില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രസന്നന്‍ പിള്ള, ഗോപിനാഥന്‍ ഉണ്ണിത്താന്റെയും പത്മാവതിപിള്ളയുടെയും മകനാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ ബന്ധു. അന്തരിച്ച അമ്മയുടെ ഓര്‍മ്മക്കാണ് പത്മവിലാസം എന്നു വീട്ടുപേര്‍.
ജേക്കബ് വൈദ്യന്‍; സഹോദരന്‍ നടന്‍ പ്രിന്‍സ്, നായിക രശ്മി-അന്നും ഇന്നും
250 അംഗങ്ങളുള്ള തേവലക്കര എക്സ് സര്‍വീസ് ലീഗിന്റെ സജീവാംഗം. തേവലക്കര ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ ലീഗ് പ്രസിഡന്റ് എന്‍ ദിവാകരന്‍, സെക്രട്ടറി ജോണ്‍ ദാനിയല്‍ എന്നിവരോടൊപ്പം മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
'ട്രാവലോക്രസി' ബാനറില്‍ യൂട്യൂബില്‍ 'തേവലക്കര എന്റെ നാട്' എന്ന മൂന്നു ഭാഗമുള്ള വ്ളോഗ് സൃഷ്ട്ടിച്ച പ്രജിത് പി.പിള്ള, പ്രസന്നന്‍പിള്ളയുടെ മകനാണ്. ഡല്‍ഹി നോയിഡയില്‍ എക്‌പ്ലോറോ ടെക്നോളജീസ് സിഇഒ. ഭാര്യ ശുഭി അഗര്‍വാളുമൊത്ത് ലോകമാകെ സഞ്ചരിക്കുന്നു. ന്യൂജേഴ്സിയില്‍ നിന്ന് വാങ്ങിയ ബെന്‍സ് കാര്‍ ഡ്രൈവ് ചെയ്തു ഇരുവരും കൂടി മെനഞ്ഞെടുത്ത ന്യൂയോര്‍ക്കിനെക്കുറിച്ചുള്ള വ്ളോഗ് ഞാന്‍ ഈയിടെ കണ്ടു വിസ്മയിച്ചു.
മൂന്നു ഭാഗം കണ്ടിട്ടും തേവലക്കര വൈദ്യന്മാരെപ്പറ്റി ഒരക്ഷരം ഇല്ലല്ലോ എന്ന് പരാതിപ്പെടാനാണ് ഞാന്‍ ആദ്യമായി പ്രജിതിനെ വിളിക്കുന്നതും അങ്ങിനെ അച്ഛനെ പരിചയപ്പെടുന്നതും. വൈദ്യന്മാരെപ്പറ്റിയും അവിടത്തെ തരകന്മാരെപ്പറ്റിയും മറ്റൊരു വീഡിയോ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നു പ്രജിത് പറഞ്ഞു. അച്ഛനമ്മമാരോടൊപ്പം അഞ്ചാം വയസില്‍ നാടുവിട്ടു ഉത്തരേന്ത്യയില്‍ പഠിച്ചുവളര്‍ന്ന ആളാണെങ്കിലും കേരളം എന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
'ലാല്‍സലാം' ഹിറ്റ് ചിത്രത്തിന് കഥയെഴുതിയ ചെറിയാന്‍ കല്പകവാടി
തേവലക്കരക്കു അഭിമാനിക്കാവുന്ന പലരുണ്ട്. ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും എംഡിയുമായ ആദ്യത്തെ വനിത ആലീസ് വൈദ്യന്‍ നാട്ടുകാരിയാണ്. എസ്ബിഐ ഡെപ്യുട്ടി എംഡി ഗീവര്‍ഗീസ് വൈദ്യനാണ് ഭര്‍ത്താവ്. ഐഎസ്ആര്‍ഒയില്‍ സയന്റിസ് റ്റ് ആയിരുന്ന ഡോ.ജോണ്‍ തോമസ് തരകനും തേവലക്കരയുടെ പുത്രനാണ്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. സിസ തോമസ് ഭാര്യ.
'കണ്ണിനു ചികില്‍സിച്ചതിലേറെ പുതിയ കാഴ്ചപ്പാടുകളിലേക്ക് കണ്ണ് തുറപ്പിച്ചതിലായിരുന്നു ടികെ വര്‍ഗീസ് വൈദ്യന്റെ താല്പര്യം,' വൈദ്യന്റെ നൂറാം ജന്മവാര്‍ഷികത്തിനു മനോരമയില്‍ ശ്രീജിത് കെ വാര്യര്‍ എഴുതി. 'ഞാന്‍ വിളിച്ചതിലധികം മുദ്രാവാക്യങ്ങളൊന്നും സഖാവ് വിളിച്ചിട്ടില്ല,' എന്ന് 'ലാല്‍സലാം' ചിത്രത്തില്‍ സ്റ്റീഫന്‍ നെട്ടൂരാന്‍ (മോഹന്‍ ലാല്‍) മുഖ്യമന്ത്രി സേതു (മുരളി) വിനോട് പറയുന്നുണ്ട്. വൈദ്യന്റെ മകനും മൂര്‍ച്ചയോടെ അതെഴുതിയതു വര്‍ഗീസ് വൈദ്യന്റെ മകന്‍ ചെറിയാന്‍ കല്പകവാടി.
ടിവി തോമസിനോടും വിഎസ് അച്യുതാനന്ദനോടും ഒപ്പം ഇടതു രാഷ്ട്രീയത്തില്‍ പയറ്റി വളര്‍ന്ന വര്‍ഗീസ്സ് വൈദ്യന്‍ ദാരിദ്ര്യത്തെ നേരിട്ടത് കോണ്‍ട്രാക്ട് പണി ചെയ്തുകൊണ്ടാണ്. കര്‍ഷകത്തൊഴിലാളി യൂണിയനില്‍ വൈദ്യന്‍ പ്രസിഡന്റും അച്യുതാനന്ദന്‍ വൈസ് പ്രസിഡന്റും ആയിരുന്നു. എല്ലാവരും അധികാര ശ്രേണിയില്‍ ഉയര്‍ന്നു പോയിട്ടും വൈദ്യന്‍ പിന്നില്‍ നിന്നു പിന്തുണച്ചു. ആലപ്പുഴക്കടുത്ത് ദേശീയ പാതയോരത്തു വൈദ്യന്‍ പണിത കല്പകവാടി റെസ്‌റോറന്റ് ഇന്നും മനസും വയറും നിറയ്ക്കുന്നു.
മലയാറ്റൂരിന്റെ സര്‍വീസ് സ്റ്റോറിയില്‍ വര്‍ഗീസ് വൈദ്യന്‍
തേവലക്കരയുടെ ഏറ്റവും പ്രശസ്തനായ പാചകക്കാരന്‍ ഷെഫ് സുരേഷ് പിള്ളയാണെന്നു 'തേവലക്കര വേരറിവിന്റെ ചരിത്രം' രചിച്ച പന്തളം എന്‍എസ്എസ് കോളജ് പ്രൊഫസര്‍ ഡോ. സുരേഷ് മാധവ് സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാരനായ സുരേഷ് നടത്തിയ ഗവേഷണത്തില്‍ ചരിത്ര സാക്ഷികളായ നൂറ്റമ്പതോളം പേരെ നേരില്‍ക്കണ്ടു. അവരില്‍ 107 വയസുള്ള ഒരാള്‍ ഈയിടെയാണ് കടന്നു പോയത്.
ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ടത് തെങ്ങുംവിളയില്‍ ജേക്കബ് വൈദ്യനെയാണ്. രണ്ടരനൂറ്റാണ്ടു മുമ്പ് ഇളനീര്‍കൊണ്ട് നസ്യം ചെയ്തു അമ്മയുടെ കണ്ണുരോഗം ശമിപ്പിച്ചതിനു അനിഴം തിരുനാള്‍ മഹാരാജാവ് വൈദ്യന്‍ സ്ഥാനം കല്‍പ്പിച്ച് നല്‍കിയ കാലം മുതലുള്ള ചരിത്രം കാണാപ്പാഠമാണ് തമ്പി എന്ന ഈ ഏഴാം തലമുറക്കാരന്. പെരുമണ്‍ ദുരന്തത്തില്‍ സേവനം ചെയ്ത ഹാം റേഡിയോ സംഘത്തിന്റെ തലവന്‍ ആയിരുന്നു. വിന്‍ചെസ്റ്റര്‍ ഉള്‍പ്പെടെ രണ്ടു തോക്കുകള്‍ക്കു ലൈസന്‍സുണ്ട്.
അനുജന്‍ പ്രിന്‍സ് അലക്‌സാണ്ടര്‍ ബോംബെയില്‍ ബിസിനസ് കാരനാണെങ്കിലും ചരിത്രം പേറുന്ന തറവാട് ശ്രദ്ധയോടെ സംരക്ഷിച്ചിരിക്കുന്നു. ഉണ്ണിമേരി നായികയായിനിര്‍മ്മിച്ച 'കഥപറയും കായല്‍', 'അമ്പലക്കര പഞ്ചായത്ത്', 'വര്‍ഷങ്ങള്‍ പോയതറിയാതെ' എന്നീ ചിത്രങ്ങളില്‍ നായകന്‍ ആയിരുന്നു. ഹിന്ദിയിലും പ്രത്യക്ഷപെട്ടു.
തേവലക്കരയുടെ രുചി രാജാവ് ഷെഫ് സുരേഷ് പിള്ള
'വര്‍ഷങ്ങള്‍ പോയതറിയാതെ'യില്‍ യേശുദാസും ചിത്രയും മാറിമാറി പാടിയ 'ഇലപൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി' എന്ന ഗാനം ഹിറ്റ് ആയി. നായികയായി അഭിനയിച്ച ആലപ്പുഴ ജില്ലാ കലാതിലകം രശ്മി കൈലാസിന്റെ സിനിമാജീവിതം ആ ഒരൊറ്റച്ചിത്രം കൊണ്ട് അവസാനിച്ചു. ഹരികുമാറിനെ വിവാഹംചെയ്തു നൃത്തവിദ്യാലയം നടത്തുന്നു.
കൊല്ലം എസ്. എന്‍. കോളജില്‍ ഡോ. എന്‍.ഐ. നാരായണന്റെ ശിഷ്യനായി സംസ്‌കൃതത്തില്‍ ബിരുദം നേടിയ ആളാണ് ജേക്കബ് വൈദ്യന്‍. അദ്ദേഹം നല്‍കിയ യാത്രാമൊഴിയുടെ സാരം ഇങ്ങിനെ: 'ആകാശത്തു നിന്നു വീഴുന്ന ജലം കടലില്‍ എത്തിച്ചേരുന്നതു പോലെ സര്‍വദൈവങ്ങളെ നമസ്‌കരിച്ചാലും കേശവന്‍ (മഹാവിഷ്ണു) എന്ന ഒരു ബിന്ദുവിലാണ് എത്തിച്ചേരുക.' ഇന്നത്തെ നരന്മാര്‍/നരാധമന്മാര്‍ അതു കേള്‍ക്കുന്നില്ലല്ലോ!
'ആകാശാത്ത് പതിതം തോയം
യഥാ ഗഞ്ചതി സാഗരം
സര്‍വ ദേവ നമസ്‌കാരം
കേശവം പ്രതി ഗഞ്ചതി'
ചിത്രം
1. ഒരേയൊരു 'വൈദ്യന്‍' കുടുംബം- മാത്യു തോമസ്, നിമ്മി തോമസ്, ജോഹാന്‍ മാത്യു
.