Image

പെൺകുട്ടികൾ ഉൾകരുത്തോടെ വളരണം (ഡോ.ആനി ലിബു)

Published on 26 July, 2025
പെൺകുട്ടികൾ ഉൾകരുത്തോടെ വളരണം (ഡോ.ആനി ലിബു)

സർവ്വംസഹയായ സ്ത്രീകൾ കണ്ണീർ പരമ്പരകളിൽ മാത്രമാണെന്നും കാലം ഏറെ പുരോഗമിച്ചുകഴിഞ്ഞു എന്നും നമ്മൾ അഹങ്കരിക്കുന്നതിനിടയിലാണ് അതിനെ വെല്ലുന്ന ജീവിതങ്ങൾ പത്രവാർത്തയായി നമുക്കുമുന്നിൽ എത്തുന്നത്. ആധുനിക യുഗത്തിൽ ഒരു പെണ്ണ് ഇത്രയധികം യാതനകൾ സഹിച്ചോ എന്ന് വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടക്കാൻ ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ മടിക്കുന്നത് പങ്കാളിയോടുള്ള അതിരുകവിഞ്ഞ സ്നേഹം കൊണ്ടല്ല, സമൂഹത്തിന്റെ തുറിച്ചുനോട്ടവും കുറ്റപ്പെടുത്തലും ഭയന്നുകൊണ്ടാണ്. നാട്ടുകാരുടെ മുൻവിധികൾക്കു മുൻപിൽ പകച്ചുകൊണ്ടും അവരുടെ പരിഹാസത്തിന് പാത്രമാകുന്നത് ചിന്തിക്കാൻ കഴിയാതെയും മനസ്സിനെ കുഴപ്പിക്കുന്ന നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെയുമാണ് വിസ്മയയും,വിപഞ്ചികയും,അതുല്യയും ഉൾപ്പെടെയുള്ള സ്ത്രീകൾ ജീവിതം അവസാനിപ്പിച്ചത്. 

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇത്തരം വാർത്തകൾ ശ്രവിക്കുമ്പോൾ, സമൂഹത്തിന്റെ ഭാഗം എന്ന നിലയിൽ അറിഞ്ഞോ അറിയാതെയോ നമ്മൾ ഓരോരുത്തരും ഇതിന് ഉത്തരവാദികളാണ്. ആഴത്തിൽ ചിന്തിക്കേണ്ടതും പോംവഴി കണ്ടെത്തേണ്ടതുമായ ഒരു വിഷയമാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകുമെന്ന് ഉപദേശിച്ച് ഭർതൃഗൃഹത്തിലേക്ക് മകളെ തിരിച്ചയയ്ക്കുന്ന മാതാപിതാക്കളും തെറ്റുകാരാണ്. മകൾ അനുഭവിക്കുന്ന വേദനയുടെ ആഴം തൊട്ടറിയാൻ അച്ഛനും അമ്മയ്ക്കും സാധിക്കും എന്ന പ്രതീക്ഷയിലാണ് അവർ ജനിച്ചുവളർന്ന വീട്ടിലേക്ക് ഓടിയെത്തുന്നത്. ഏത് ആപത്തിലും അവർ ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്തമിക്കുകയും അവർക്ക് താൻ ഭാരമാകുമോ എന്ന് ചിന്തിക്കുകയും ചെയ്യുമ്പോൾ എല്ലാ വാതിലും ഒരു പെണ്ണിനുമുൻപിൽ അടയുകയാണ്. ഫേസ്‌ബുക്കിൽ 500 സുഹൃത്തുക്കൾ ഉണ്ടായിട്ടും, സ്വന്തം അവസ്ഥ വിശ്വസിച്ച് തുറന്നുപറയാൻ ആരുമില്ലാത്തവരാണ് ഇന്നത്തെ തലമുറ. ലൈക്കും കമന്റും കിട്ടുന്നതിനും സന്തുഷ്ടരാണെന്ന് ചുറ്റുമുള്ളവരെ ധരിപ്പിക്കുന്നതിനുവേണ്ടിയും ഉള്ളിലെ വേദന കടിച്ചമർത്തി നിറഞ്ഞ ചിരിയോടെ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അവർ സത്യത്തിൽ വഞ്ചിക്കുന്നത് ആരെയാണ്?

18 വയസ്സ് തികയുന്നു എന്നതിനർത്ഥം ഒരു പെൺകുട്ടി വിവാഹിതയാകണമെന്നല്ല. ഒരു കരിയർ കെട്ടിപ്പടുക്കാനുള്ള വിദ്യാഭ്യാസമാണ് പ്രധാനം.നമ്മുടെ പെൺകുട്ടികളെ ധൈര്യത്തോടെ സംസാരിക്കാൻ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതൊരിക്കലും അഹങ്കാരമല്ലെന്നും അവകാശമാണെന്നും ബോധ്യപ്പെടുത്തണം. അടുത്തിടെ ആത്മഹത്യ ചെയ്ത പെൺകുട്ടികൾ സൗന്ദര്യം,വിദ്യാഭ്യാസം,സാമ്പത്തികം എന്നിങ്ങനെയുള്ള സമൂഹത്തിന്റെ അളവുകോലുകൾ വച്ച് അളന്നാൽ പിന്നിൽ നിൽക്കുന്നവരല്ല എന്നതും ചേർത്തുവായിക്കണം. ഒരു നിമിഷംകൊണ്ട് കൈവിട്ടുപോകാവുന്ന മനസ്സിനെ തിരിച്ചുവിളിക്കാനും അത്രതന്നെ സമയം മതിയാകും. സമൂഹത്തെയും നാട്ടുകാരെയും ഭയന്ന് അവസാനിപ്പിക്കാനുള്ളതല്ല ജീവിതം. എല്ലാവരെയുംകൊണ്ട് നല്ലതുമാത്രം പറയിച്ച് ജീവിക്കാൻ ആർക്കും സാധിക്കില്ല. ഒന്നിച്ച് മുൻപോട്ടുപോകാൻ സാധിക്കില്ലെന്ന് ഒരു മകൾ പറഞ്ഞാൽ അതിന്റെ കാരണങ്ങൾ ചോദിച്ചറിയാനും അവൾക്കൊപ്പം നിൽക്കാനും കുടുംബം കൂടെ നിൽക്കണം. 'ഹാപ്പിലി ഡിവോഴ്സ്ഡ്' എന്നൊരു പുസ്തകമുണ്ട്. അതിന്റെ പേര് ഏറെ പ്രസക്തമായി തോന്നുന്നു. 

ഡിവോഴ്സ് ചെയ്യുന്നത് സന്തോഷത്തിന്റെ അവസാനമല്ല എന്നും തുടരാൻ താല്പര്യമില്ലാത്ത ബന്ധങ്ങൾക്ക് പൂർണ്ണ വിരാമം ഇടുന്നതാണ് ആനന്ദം എന്നുമാണ് ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്. ഇത്തരത്തിൽ നമ്മുടെ യുവതികളെ ബോധവൽക്കരിക്കേണ്ടതുണ്ട്. ജീവിക്കാൻ ഒരു തുണ കൂടിയേ തീരൂ എന്ന ധാരണ മാറണം. ആദ്യബന്ധത്തിൽ നിന്ന് മോചനം നേടി പിന്നീട് നല്ല ജീവിതം കിട്ടിയ ജീവിതാനുഭവങ്ങൾ മാതൃകയാക്കിയെടുക്കാം. ആത്മഹത്യ ചെയ്യുന്നതിലൂടെ ഇല്ലാതാകുന്നത് ആ വ്യക്തി മാത്രമാണ്. നമ്മുടെ നിയമസംവിധാനങ്ങൾ മുൻകാലങ്ങളിൽ ഇത്തരം കേസുകളിൽ നൽകിയ ശിക്ഷകൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാം. സ്ത്രീകളുടെ മാനസിക ആരോഗ്യവും പ്രധാനമാണ്. കൗൺസിലിങ് തേടുന്നതും കൃത്യസമയത്ത് ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതും സഹായിക്കും. ആരോരുമില്ലാതെ വന്നാൽ സ്ത്രീകളെ ചേർത്തുനിർത്തുന്ന സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ മുൻകൈ എടുക്കുന്നതും ഗുണം ചെയ്യും. സംഘടനകൾക്കും ഇക്കാര്യത്തിൽ എന്തൊക്കെ ചെയ്യാനുകുമെന്ന് ചിന്തിക്കേണ്ടതുണ്ട്.

-ഡോ.ആനി ലിബു (ഡബ്ലിയു എം എഫ് ഗ്ലോബൽ കോർഡിനേറ്റർ, സാമൂഹിക പ്രവർത്തക)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക