ഈ വിഹിതം, അവിഹിതം എന്നും തേച്ചിട്ടു പോയി എന്നും ഏറെ കേൾക്കുന്ന ഒരു കാലഘട്ടം ആണല്ലോ ഇത്. വിഹിതം ആയതു സർവ്വരാലും അംഗീകരിക്കപ്പെട്ടത്. മറ്റേതു ഒളിച്ചും പതുങ്ങിയും നടന്നു ചീത്തപ്പേരിൽ പെട്ടാതെ സൂക്ഷിക്കാൻ ഏറെ കഷ്ടപ്പെടേണ്ടത്..
എല്ലാവരും അംഗീകരിച്ചു പോകുന്ന വിഹിതത്തിൽ ചിലപ്പോൾ വേണ്ടുന്നത്ര ജീവിത സുഗന്ധമോ മനോഹാരിതയോ പങ്കാളികൾ തമ്മിൽ ഇല്ലാതെ വരുന്ന ഒരു കാലം സംജാതമാകാറുണ്ട്. അത് സ്വാഭാവികം.. മക്കൾ വളർന്നു അവരുടെ വഴിക്കു പറന്നു പോയാൽ പിന്നെ മുഖത്തോട് മുഖം നോക്കി ഇരിയ്ക്കാൻ ഈ പങ്കാളികളെ കാണു. അവർക്കാണെങ്കിൽ അപ്പോൾ കാര്യമായി ഒന്നും പറയാനും കേൾക്കാനും ഉണ്ടായെന്നും വരില്ല.
അപ്പോൾ ആകും ഒരു അവിഹിതം പ്രണയം എന്ന പേരിൽ ഇൻസ്റ്റ വഴിയോ ത്രെഡിൽ തൂങ്ങിയോ fb വഴിയോ, മാട്രിമോണിയൽ വഴി വൃദ്ധർ ക്കൊ ഒക്കെ പൂത്തുലഞ്ഞു വരുന്നത്..അത് പ്രണയമൊന്നുമല്ല എന്ന് ഏവർക്കും അറിയാം. വെറും കാമപൂരണം മാത്രം ആകും ഏറെ പേരുടെയും ലക്ഷ്യം.. ഇനി അതിൽ ഉള്ളത് ആത്മാർഥത ആണെങ്കിൽ കാമം ശമിച്ചാലും അവർ പരസ്പരം ആ ബന്ധം നിലനിർത്തും. അത് വളരെ അപൂർവ്വം. ഇല്ലെങ്കിൽ ആണ് പിന്നെ അതിനു തേപ്പ് എന്ന് പേര് വരുന്നത്.. അപ്പോൾ ഒന്ന് ചിന്തിച്ചാൽ മതി.. തേയ്ക്കാൻ വിധേയരാകുന്ന പെണ്ണുങ്ങൾ ഒന്നോർക്കുക.. ഇന്നലെ കണ്ട ഒരാളെ പെരുമാറ്റമോ മുഖമോ നോക്കി വിശ്വസിക്കുകയോ അയാൾ വിളിക്കുന്നു എന്ന് വെച്ചു തനിച്ച് കാണാനോ ശ്രമിക്കരുത്. ഇനി അഥവാ കണ്ടേ അടങ്ങു എന്നൊരു ഭ്രമം തോന്നിയാൽ അപ്പുറത്ത് ഒരു കുടുംബസ്ഥനോ, പ്രായത്തിൽ ചെറുപ്പം ഉള്ളവനോ, ഒരിക്കലും ഒരു ജീവിതം തന്നു കൂടെ കൂട്ടാൻ പറ്റാത്തവനോ എങ്കിൽ ഒരിക്കലും പിന്നെ അവന്റെ കഴുത്തിൽ തൂങ്ങരുത്. അവനെ അവന്റെ വഴിക്കു വിടുക. നിങ്ങൾ സ്വന്തം വഴിയിലൂടെ നിങ്ങളുടെ വിഹിതത്തിലേക്കും പോരിക.
അങ്ങോട്ട് കയറിച്ചെല്ലാൻ ഉള്ള വഴി ഇങ്ങോട്ട് ഇറങ്ങി പോരാൻ ഉള്ളത് കൂടി ആയേക്കും എന്ന ഒരു വിദൂര ചിന്ത എങ്കിലും ഇത്തരം ബന്ധങ്ങളിൽ ചെന്നു പെടുമ്പോൾ മനസ്സിൽ ഉണ്ടായിരിക്കണം.
നാളെ മറ്റൊരുത്തന്റെ ചുമലിൽ അവന് വേണ്ടാതെ വലിച്ചെറിയാൻ തോന്നുന്ന ഭാരം ആകാതിരിക്കുക. എന്നെങ്കിലും അവൻ "ഇനി നിന്നെ എനിക്ക് വേണ്ടെ" ന്നു പറഞ്ഞാൽ നെഞ്ചത്തടി ച്ചു കരയാതെ ഡിപ്രഷൻ ബാധിച്ചു തേങ്ങിയും മോങ്ങിയും ഇരിക്കാതെ പോയി നന്നായി ഒന്ന് തേച്ചു കുളിക്കുക.. ഓർമ്മകൾ വല്ലപ്പോഴും കയറി വന്നാൽ അതിലെ പറന്നു നടന്നിട്ടു പൊയ്ക്കൊള്ളും. ഇനി നിന്നെ വേണ്ട എന്ന് പറയുന്ന ഒരാളിനോട് കാരണം ചോദിക്കാം വേണമെങ്കിൽ.. ചോദിച്ചില്ല എങ്കിലും കുഴപ്പമില്ല. കാരണം നിങ്ങൾ ആരെന്നും എന്തെന്നും നിങ്ങൾക്കറിയാം.. അതിൽ പാതിപോലും അയാൾ അറിഞ്ഞും കാണില്ല.. ജീവിക്കുക. "ഇതാണ് ഞാൻ നിങ്ങൾ കണ്ട നിങ്ങളോടൊപ്പം നിന്ന വെറും ഒരു കാമമോഹിത മാത്രം അല്ല ഞാൻ" എന്ന് നിങ്ങൾ നിങ്ങളായി തന്നെ ജീവിച്ചു കാണിച്ച് കൊടുക്കുക...
ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റുന്നവരേ ഇത്തരം അവിഹിതങ്ങൾക്ക് പോകാവൂ. അല്ലാത്തവർ ആ വിഹിതത്തിൽ തന്നെ ചുരുണ്ടു കൂടി കിടന്നു ഉറങ്ങുക എന്നല്ലാതെ എന്ത് പറയാൻ..
കാരണം കാഴ്ചയിൽ എത്ര വിശ്വാസം ഒരാളിൽ തോന്നിയാലും ആ ആൾ അങ്ങനെ ആകണം എന്നില്ല.. ലോകം കണ്ട ഏറ്റവും ഭീകരരായ fraudukal ഉള്ളത് മാട്രിമോണിയൽ സൈറ്റുകളിൽ ആണ്. ഒരു widower എന്ന് കൊടുക്കുന്ന ആൾ ചിലപ്പോൾ ഈ ജന്മം ഡിവോഴ്സ് കിട്ടാത്ത awaiting divorcee ആയിരിക്കും. അവർക്കു വേണ്ടത് ചുമ്മാ ഒരു നേരമ്പോക്ക്.. ഒരു കറക്കം.. കിട്ടിയാൽ ഒന്ന് രുചിച്ചു പോകാം. അത് കൊണ്ടു കൗമാരം മുതൽ വാർദ്ധക്യം വരെ ഉള്ള കാലഘട്ടം പെണ്ണ് സ്വയം ഒന്ന് സൂക്ഷിക്കുന്നത് അവൾക്കു നല്ലതായിരിക്കും.. ഒരുത്തൻ കഴുത്തിൽ കുരുക്കിട്ട് കൊല്ലാനോ നിങ്ങൾക്ക് തന്നെത്താൻ തൂങ്ങിച്ചാ കാനോ, ഒന്നും ഏറെ നേരം വേണ്ടല്ലോ... സ്ത്രീകൾ ദുർബലർ ആണ്. പലപ്പോഴും ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും നഷ്ടം ഇലയ്ക്ക് തന്നെ അല്ലെ.?നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആകില്ല എന്ന് പറയുന്ന അതേ നാവ് കൊണ്ടു തന്നെ എനിക്ക് ജീവിക്കാൻ നീ ഇല്ലാതെയും സാധിക്കും എന്ന് തുറന്ന് പറയുക. അപ്പോൾ ആണ് നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുന്നത് എന്ന പരമമായ സത്യവും തിരിച്ചറിയുക.
ഇനി പെണ്ണുങ്ങൾ fraud കളും ഇഷ്ടം പോലെ കാണും. കാശ് പോയി പോക്കറ്റ് കാലിയാകാതെ പുരുഷന്മാരും സൂക്ഷിക്കുക. കാശ് മോഹിച്ചു വരുന്നവൾ എങ്കിൽ നിങ്ങളുടെ കീശ കീറുമ്പോൾ ചിലപ്പോൾ വേറെ ഒരാളെ അവൾ കണ്ടു പിടിച്ചിരിക്കും.
(മധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീ ഈ കഴിഞ്ഞ ദിവസം കരഞ്ഞു കണ്ണും മുഖവും വീങ്ങി ഒരാൾ തേച്ചിട്ട് പോയി എന്ന് പറയുന്നത് കാണാൻ ഇടയായി. അപ്പോൾ തോന്നിയ ചില ചിന്തകൾ )