കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോവുകയും പിന്നീട് പിടിയിലാവുകയും ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന 10-ബി ബ്ലോക്കില്‍ നിന്നുള്ള ഈ ജയില്‍ ബ്രേക്കില്‍, വീഴ്ച പരസ്യമായി സമ്മതിച്ച് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ രംഗത്തുവരികയും സുരക്ഷാ വീഴ്ച വരുത്തിയതിന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.കെ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ അഖില്‍ ചാരിറ്റ്, എസ് സഞ്ജയ് എന്നിവരെ ഉത്തരമേഖലാ ഡി.ഐ.ജി വി വിജയകുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇന്ന് റിമാന്‍ഡ് ചെയ്ത് അയച്ചു.
നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണങ്ങള്‍ക്കും വകുപ്പ് തല പരിശോധനകള്‍ക്കും പുറമെയാണ് സംഭവത്തില്‍ പ്രത്യേക അന്വേഷണം നടക്കുക. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റിട്ട. സി.എന്‍ രാമചന്ദ്രന്‍ നായര്‍, സംസ്ഥാന പൊലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് എന്നിവര്‍ക്കാണ് പ്രത്യേക അന്വേഷണത്തിന്റെ ചുമതല. ജയിലുകളിലെ സുരക്ഷ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നിരവധി സുപ്രധാന തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ജയില്‍ സംവിധാനം എങ്ങിനെയൊക്കെയാണെന്ന് പരിശോധിക്കാം. ശിക്ഷാ സംവിധാനങ്ങളിലൊന്നായിട്ടാണ് ജയിലുകള്‍ രൂപപ്പെട്ടതെങ്കിലും ഇന്ന് കുറ്റ വിചാരണാ കാലത്തും വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കാനും സാമൂഹ്യ സുരക്ഷിതം ഉറപ്പാക്കാനും കരുതല്‍ നടപടി എന്ന നിലയിലും ജയിലുകള്‍ ഉപയോഗിക്കുന്നു. രാജവാഴ്ച കാലത്ത് രാജാക്കന്മാരുടെ കൊട്ടാരത്തോടനുബന്ധിച്ച് തടവറകളും ഇരുട്ടറകളും എല്ലാ രാജ്യങ്ങളിലുമെന്നപോലെ കേരളത്തിലുമുണ്ടായരുന്നു.
ആധുനിക ശിക്ഷാ സംവിധാനമെന്ന നിലയില്‍ കേരളത്തിലെ ജയിലുകളുടെ തുടക്കം തിരുവിതാംകൂറിലായിരുന്നു. 1862-ല്‍ മൂന്ന് ജയിലുകള്‍ തിരുവിതാംകൂറില്‍ ആരംഭിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ജയിലുകള്‍ എന്നായിരുന്നു അവ അറിയപ്പെട്ടത്. 1873-ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ആരംഭിച്ചുപ്രവര്‍ത്തനം തുടങ്ങി. 1886-ല്‍ സെന്‍ട്രല്‍ പൂജപ്പുരയിലേക്ക് മാറ്റി സ്ഥാപിച്ചു. കേരളത്തിലുള്ള മൂന്ന് സെന്‍ട്രല്‍ ജയിലുകളിലൊന്ന് പൂജപ്പുര ജയിലാണ്. ഇവ കൂടാതെ ചെറുകാലാവിധി ശിക്ഷകള്‍ വിധിച്ചിട്ടുള്ള തടവുക്കാരെ പാര്‍പ്പിച്ചിരുന്നത് നാട്ടിലുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലായിരുന്നു.
കേരളത്തിലെ ജയിലുകളുടെ ആസ്ഥാനം പൂജപ്പുരയിലാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനു തൊട്ടടുത്തായിട്ടാണിത്. ജയില്‍ വിഭാഗത്തിന്റെ തലവനെ ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്‍സ്) അല്ലെങ്കില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്‍സ്) എന്നറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ സഹായിയായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്‍സ്) ഉണ്ട്. ഇതിനു കീഴിലായി ഡപ്യുട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എന്ന പേരില്‍ സംസ്ഥാനത്തെ നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
ഇതില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകള്‍ നോര്‍ത്ത് സോണിന്റെ പരിധിയിലും, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകള്‍ സെന്‍ട്രല്‍ സോണിന്റെ പരിധിയിലും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകള്‍ സൗത്ത് സോണിന്റെ പരിധിയിലും ഉള്‍പ്പെടുന്നു. സൗത്ത് സോണിന്റെ ആസ്ഥാനം പൂജപ്പുരയിലെ ഹെഡ് ക്വാര്‍ട്ടേര്‍സില്‍ തന്നെയാണ്. വിജിലന്‍സ് ഓഫീസായും ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. നോര്‍ത്ത് സോണിന്റെ ആസ്ഥാനം കോഴിക്കോടും സെന്‍ട്രല്‍ സോണിന്റെ ആസ്ഥാനം തൃശ്ശൂരുമാണ്. 1981-ലാണ് ഈ കാര്യനിര്‍വ്വഹണ രീതി നിലവില്‍ വന്നത്. അതതു പ്രദേശങ്ങളിലെ സബ്ബ് ജയിലുകള്‍, സ്‌പെഷല്‍ സബ്ബ് ജയിലുകള്‍, വനിതാ ജയില്‍, തുറന്ന ജയില്‍, ദുര്‍ഗുണ പരിഹാര പാഠശാല, ജില്ലാ ജെയില്‍, സെന്‍ട്രല്‍ ജയില്‍ എന്നിവയുടെ കാര്യനിവ്വഹണം നടത്തുന്നത് ഈ ഓഫീസുകളാണ്.
വിചാരണ ഘട്ടത്തെയും ശിക്ഷാകാലാവധിയേയും ആസ്പദമാക്കി ജയിലുകളെ സെന്‍ട്രല്‍ ജയില്‍, സബ് ജയില്‍, സ്‌പെഷ്യല്‍ സബ് ജയില്‍, ദുര്‍ഗുണ പരിഹാര പാഠശാല, വനിതാ ജയില്‍, തുറന്ന ജയില്‍ എന്നിങ്ങനെ തരം തരിച്ചിരിച്ചിട്ടുണ്ട്. ആറു മാസത്തിലേറെ ശിക്ഷിക്കപ്പെട്ടവരും സൈനിക വിചാരണ പ്രകാരം ശിക്ഷിക്കപ്പെട്ടവരും സിവില്‍ തടവുകാരുമാണ് സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെടുന്നത്. സബ് ജയിലുകളില്‍ തിരക്കേറുമ്പോള്‍ വിചാരണ തടുവുകാരേയും ഇവിടേക്ക് അയക്കാറുണ്ട്. തിരുവന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നിവടങ്ങളിലാണ് സെന്‍ട്രല്‍ ജയില്‍ ഉള്ളത്.
ഒരു മാസമോ അതില്‍ കുറഞ്ഞ കാലാവിധിയോ ശിക്ഷവിധിക്കപ്പെട്ടവരെയാണ് സബ് ജയിലുകളില്‍ പാര്‍പ്പിക്കുക. ഇവരെ കൂടാതെ വിചാരണ തടവുകാരെയും സബ് ജയിലിലിടാറുണ്ട്. കേരളത്തില്‍ 29 സബ് ജയിലുകളാണുള്ളത്. ഹോസ്ദുര്‍ഗ്ഗ്, കാസര്‍ഗോഡ്, കണ്ണൂര്‍, മാനന്തവാടി, വൈത്തിരി, വടകര, കൊയിലാണ്ടി, മഞ്ചേരി, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, ചിറ്റൂര്‍, ഒറ്റപ്പാലം, ആലത്തൂര്‍, വിയ്യൂര്‍, ചാവക്കാട്, ഇരിഞ്ഞാലക്കുട, ആലുവ, എറണാകുളം, മട്ടാഞ്ചേരി, മൂവാറ്റുപുഴ, പീരുമേട്, ദേവീകുളം, മീനച്ചില്‍, പൊന്‍കുന്നം, മാവേലിക്കര, പത്തനംതിട്ട, കൊട്ടാരക്കര, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് സബ്ബ് ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്.
മൂന്നു മാസം വരെ തടവു ശിക്ഷ ലഭിച്ചവരാണ് സ്‌പെഷ്യല്‍ സബ് ജയിലുകളിലെ തടവുകാര്‍. കൂടാതെ വിചാരണ തടവുകാരെയും ഇവിടെ പാര്‍പ്പിക്കാറുണ്ട്. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, വിയ്യൂര്‍, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലായി കേരളത്തില്‍ 8 സ്‌പെഷല്‍ സബ്ബ് ജയിലുകളുണ്ട്. 18-നും 21-നും മധ്യേ പ്രായമുള്ള കൗമാര കുറ്റവാളികളേയാണ് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പാര്‍പ്പിക്കുന്നത്. ജയില്‍ എന്ന പേര്‍ മനപൂര്‍വം ഒഴിവാക്കിയിരിക്കുന്നു. 2002 ജൂലൈ 5-നു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല. എറണാകുളത്തിനടുത്തുള്ള തൃക്കാക്കരയിലാണ് കേരളത്തലെ ഏക ബോര്‍സ്റ്റല്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
ശിക്ഷാകലാവധി ഭേദമന്യേ എല്ലാ സ്ത്രീകളേയും വനിതാ ജയിലുകളില്‍ മാത്രമേ പാര്‍പ്പിക്കൂ. വിചാരണ നേരിടുന്ന വനിതകളേയും വനിതാ ജയിലുലളില്‍ മാത്രമേ പാര്‍പ്പിക്കൂ. തിരുവനന്തപുരത്തും തൃശൂരിലും കണ്ണൂരിലുമാണ് വനിതാ ജയിലുകളുള്ളത്. കൂടാതെ പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപം വനിതകള്‍ക്കായുള്ള തുറന്ന ജയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആറു മാസം വരെ തടവു ലഭിച്ചവരും വിചാരണ തടവുകാരുമാണ് ജില്ലാ ജയിലുകളില്‍ കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ ജില്ലാ ജയിലുകള്‍.
മറ്റു തടവുകാര്‍ക്കും സമൂഹത്തിനും ഭീഷണിയല്ല എന്നുറപ്പാക്കപ്പെട്ട തിരഞ്ഞെടുത്ത തടവുകാരെയാണ് തുറന്ന ജയിലുകളില്‍ പാര്‍പ്പിക്കുക. മതില്‍കെട്ടുകളോ മറ്റു കനത്ത സരക്ഷാ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് തുറന്ന ജയിലുകളുടെ പ്രത്യേകത. തിരുവനന്തപുരത്ത് നെയ്യാര്‍ഡാമിനടുത്തുള്ള നെട്ടുകാല്‍ത്തേരി, കാസര്‍ഗോഡിനടുത്തുള്ള ചീമേനി എന്നിവിടങ്ങളിലാണ് തുറന്ന ജയിലുകളുള്ളത്. നിരവധി പ്രത്യേകതകളുള്ളതാണ് കേരളത്തിലെ ആദ്യത്തെ തുറന്ന ജയിലായ നെട്ടുകാല്‍ത്തേരി. 472 ഏക്കറിലാണ് ഈ ജയില്‍ സ്ഥിതിചെയ്യുന്നത്. 350-ലധികം തടവുകാരുണ്ടിവിടെ.
ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും കൂട്ടായ്മയിലൂടെ സാമൂഹ്യ പ്രതിബന്ധത പുലര്‍ത്തുന്ന നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെ ജയില്‍ വകുപ്പ് ഇന്ന് പൊതുസമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്. മര്‍ദ്ദനമുറകളാലും കൊടിയ പീഡനമുറകളാലും അറിയപ്പെട്ടിരുന്ന പ്രാചീന കാരാഗ്രഹ സങ്കല്‍പ്പത്തില്‍ നിന്നും ജയില്‍ വകുപ്പ് ഏറെ മുന്നേറിയിരിക്കുന്നു. ഇവിടത്തെ അന്തേവാസികളിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരിലെ കലാവാസനകള്‍, സാമൂഹ്യബോധം, സ്വയം തൊഴില്‍ പര്യാപ്തത എന്നിവ ഉയര്‍ത്തി കൊണ്ട് വരുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാരും വകുപ്പും ചെയ്തു വരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജയിലുകളിലെ കാര്‍ഷിക മുന്നേറ്റം.
അഞ്ച് ഏക്കറില്‍ പച്ചക്കറികൃഷി ചെയ്യുന്നുണ്ട്. പയര്‍, പാവല്‍, വെണ്ട, കത്തിരി, ബീന്‍സ്, മുളക്, പടവലം, വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്. 2018 ല്‍ ഒന്നരക്കോടി രൂപയുടെ കാര്‍ഷിക ഉത്പന്നങ്ങളാണ് തുറന്ന ജയിലില്‍നിന്നു വില്പന നടത്തിയത്. തികച്ചും ജൈവ രീതിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഹൈടെക് കൃഷിരീതിയാണ് ഇവിടെ നടത്തുന്നത്. അതുപോലെ നെട്ടുകാല്‍ത്തേരി ജയില്‍ വളപ്പിനുള്ളിലെ ജലം സംഭരിക്കാനുള്ള ചെക്ക് ഡാമില്‍ മത്സ്യക്കൃഷിയും നടത്തുന്നുണ്ട്.
അതേസമയം, ജയില്‍ ഉദ്യാഗസ്ഥരും സാമ്പത്തിക കാര്യത്തിലും സ്വാധീനത്തിലും പ്രബലരായ തടവുകാരുമായി ജയില്‍ ഉദ്യാഗസ്ഥര്‍ക്ക് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നുള്ളതാണ് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അതിന്റെ ദുരൂഹതകളിലേയ്ക്ക് വെളിച്ചം വീശുന്ന ഒട്ടനവധി സംഭവങ്ങളുടെ പട്ടികയിലാണ് ഗോവിന്ദച്ചാമി എന്ന 'പെര്‍വേര്‍ട്ടഡ് സെക്‌സ് സൈക്കോ ക്രിമിനലി'ന്റെ വിവാദമായ ജയില്‍ചാട്ടം. ഇതുസംബന്ധിച്ച് പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ സംപ്രീം കോടതി തട്ടിക്കളഞ്ഞ വധശിക്ഷ ഉറപ്പിച്ചുകിട്ടാന്‍ ഇനിയുള്ള നിയമ നടപടികള്‍ക്ക് കരുത്തുണ്ടാവുമോയെന്ന് കണ്ടറിയണം.