Image

മലയാള സിനിമയിലെ ഇടവേളയ്ക്ക് കാരണം വ്യക്തമാക്കി ജയറാം; കാളിദാസിനൊപ്പം പുതിയ ചിത്രം

രഞ്ജിനി രാമചന്ദ്രൻ Published on 26 July, 2025
മലയാള സിനിമയിലെ ഇടവേളയ്ക്ക് കാരണം വ്യക്തമാക്കി ജയറാം; കാളിദാസിനൊപ്പം പുതിയ ചിത്രം

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാം, മലയാള സിനിമയിൽ താൻ എടുത്ത ഇടവേളയുടെ കാരണം വ്യക്തമാക്കി. മകൻ കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകൾ ആയിരം' എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ജയറാം അഭിനയിച്ച ചിത്രങ്ങൾ ഇപ്പോഴും റിപ്പീറ്റഡ് വാല്യു ഉള്ളവയാണെങ്കിലും, ഇടക്കാലത്ത് മലയാളത്തിൽ നിന്ന് വിട്ടുനിന്ന് അന്യഭാഷാ ചിത്രങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ സമയത്ത് മലയാളത്തിൽ ചെയ്ത ചിത്രങ്ങൾക്കൊന്നും കാര്യമായ വിജയം നേടാനായിരുന്നില്ല.

ജയറാമിന്റെ വാക്കുകൾ:

"ഒന്നര വർഷത്തിന് മുകളിലായി ഞാൻ മലയാളത്തിലൊരു സിനിമ ചെയ്തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്തത്."

തെലുങ്കിൽ 12 ഓളം സിനിമകൾ ചെയ്തതായും, ആദ്യം ചെയ്ത സിനിമ ഇഷ്ടമായതുകൊണ്ടാണ് പിന്നീട് വിളിക്കുന്നതെന്നും ജയറാം പറഞ്ഞു. "എന്നെ സംബന്ധിച്ച് ഞാൻ അതൊരു ക്രെഡിറ്റ് ആയാണ് കാണുന്നത്. കന്നഡയിൽ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാൻ പോവുന്നു. 'കാന്താര' പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാൻ കഴിയുന്നു. എന്നെ വിളിക്കാവുന്നവയിൽ ഏറ്റവും നല്ല വേഷങ്ങൾക്കാണ് അവർ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാൻ പാടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ താനും കാളിദാസും ചേർന്ന് ഒരു മലയാള സിനിമ ചെയ്യാൻ പോവുകയാണെന്നും ജയറാം അറിയിച്ചു. "ജൂഡ് ആന്റണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും ആയിരുന്നില്ല. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്," ജയറാം പറഞ്ഞു.

English summary:

Jayaram explains reason for break from Malayalam cinema; new film with Kalidas on the way.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക