സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് അറിയിച്ച് മന്ത്രി സജി ചെറിയാൻ. തിയേറ്റർ ലാഭകരമായി നടത്താൻ കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിംഗ് നടപ്പാക്കുകയെന്നും ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റൽ സർവകലാശാലയുമായി കരാർ ഒപ്പുവച്ചുവെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടർ ചാനലിനോട് ആണ് സജി ചെറിയാൻ പ്രതികരിച്ചത്. ‘ഇ-ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റൽ സർവകലാശാലയുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. അവർ സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യും. അതിനുള്ള പണം കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്, മന്ത്രി പറയുന്നു.
ഇ- ടിക്കറ്റിംഗ് സംവിധാനം വരുമ്പോൾ ടിക്കറ്റ് നിരക്കിൽ ഏകീകരണം വരും. തിയേറ്ററുകളിലെത്തുന്ന പണം ആവശ്യമായ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറാൻ പുതിയ സംവിധാനം സഹായിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം, തിയേറ്ററുകൾ ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്നതിന് തന്നെയായിരിക്കും പ്രധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു