വിവാദങ്ങൾക്കൊടുവിൽ ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള പ്രദർശനത്തനത്തിനു എത്തിയിരിക്കുകയാണ്. ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നല്കനാവില്ല എന്ന പിടിവാശി സെൻസർ ബോർഡും അതിനു പിന്നാലെ അഡ്വൈസറി ബോർഡും ഉയർത്തുന്നത് നാം പല ദശകങ്ങളായി കണ്ടു വരുന്നതാണ്. ഒരു ചലച്ചിത്രവും പൂർണമായി നിരോധിക്കാനാവില്ല എന്ന വിവേകം പിന് ബുദ്ധിയായി മാറി ചില രംഗങ്ങളും സംഭാഷണങ്ങളും വെട്ടി നീക്കിയാൽ സർട്ടിഫിക്കറ്റ് നൽകാം എന്ന നിലപാട് ബോർഡ് ഇത്തവണയും സ്വീകരിച്ചു. ഫിലിം നിര്മ്മാതാക്കൾക്കും ബോർഡിനും ചില അധിക ചെലവ് വേണ്ടി വന്നു, റിലീസിംഗ് തീയതി മാറ്റി വയ്ക്കാനും മറ്റുമായി. സെൻസർ ബോർഡ് ഒടുവിൽ സർട്ടിഫിക്കറ്റ് നൽകി. പത്രമാസികകളിൽ പേജുകൾ മാറ്റി വച്ച് ഓവർ ടൈമിൽ അച്ചുകൾ നിരത്തിയതും ചാനലുകൾ പല ദിവസങ്ങളിൽ ബ്രേക്കിംഗ് ന്യൂസ് നടത്തിയതും വെറുതെ ആയിരുന്നു എന്ന് ഒരിക്കൽ കൂടി വ്യക്തമായി. 1980, 90 കളിലെ ഒരു പോട്ട് ബോയ്ലർ ഹിന്ദി ചിത്രത്തിന്റെ 'നിലവാരം' മാത്രം പുലർത്തുന്ന 'ജെ (വി )എസ് കെ'യെ 'യോഗ്യമായ' രീതിയിൽ പരിഗണിച്ചു തീയേറ്ററുകളിൽ എത്താൻ അനുവദിച്ചിരുന്നെങ്കിൽ ബോർഡിൻറെ വിശ്വാസ്യത സംരക്ഷിക്കുവാൻ കഴിയുമായിരുന്നു.
കഥയുടെ പശ്ചാത്തലം സാധാരണ കണ്ടു വരുന്നത് പോലെ ഇടുക്കി, പത്തനംതിട്ട ജില്ല കൾ അല്ല എന്നത് മാത്രമാണ് ആശ്വാസകരമായ ഒരു ഘടകം. കഥയുടെ പശ്ചാത്തലം കേരളത്തിന്റെ ജുഡീഷ്യറി സിസ്റ്റം ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ പശ്ചാത്തലം ഇന്ത്യയിൽ എവിടെയും ആകാം. ഈയിടെ പുറത്തു വന്ന കന്നഡ ചത്രം, 'കർണാടക സ്റ്റേറ്റ് വേഴ്സ്സ് എ നോബോഡി'യിലും ഇത്തരമൊരു പ്രമേയം ഉണ്ടായിരുന്നു. ഒരു ഹരിജൻ യുവാവിനെ അവൻ ചെയ്യാത്ത പോക്സോ കുറ്റത്തിന് പ്രതിയാക്കി, ക്രൂര മർദനങ്ങൾക്കു വിധേയനാക്കുന്ന പ്രമേയമാണ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ കോളേജ് വിദ്യാർത്ഥിനിയായ നായികയെ (ജാനകിയെ ) ബലാത്സംഗം ചെയ്യുകയും തുടർന്ന് അവൾക്കു നിയമസഹായം നൽകുവാൻ പോലും തയ്യാറാകാത്ത നിയമ വ്യവസ്ഥയും സമൂഹത്തിൽ അവൾക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ഒറ്റപെടുത്തലുകളുമാണ് പ്രമേയം.
ഡേവിഡ് എന്ന അഭിഭാഷകൻ ആദ്യം പ്രതിഭാഗത്തിനു വേണ്ടിയും പിന്നീട് കേസ് അപ്പീലിന് പോകുവാൻ സഹായിക്കുകയും അപ്പീൽ വാദിയുടെ വക്കീലായി കേസിന്റെ ഗതി തന്നെ മാറ്റുവാൻ സഹായിക്കുകയും ചെയ്യുന്നു. (സൂപ്പർ സ്റ്റാർ പട്ടം ക്രെഡിറ്റുകളിൽ നൽകുന്ന) സുരേഷ് ഗോപിയാണ് ഡേവിഡ് ആയി പ്രത്യക്ഷപ്പെടുന്നത്. തന്റെ റോൾ ഒരു തമാശയായി മാത്രം കണ്ടു പ്രകടനം നടത്തുന്ന അഭിനേതാവായാണ് സുരേഷ് ഗോപിയെ കുറെ വർഷങ്ങളായി പ്രേക്ഷകർ കാണുന്നത്. ഈ ചിത്രത്തിലും 'എസ് ജി' വ്യത്യസ്തനല്ല. ഒരു ഇരുത്തം വന്ന സമീപനം ഈ നടനിൽ നിന്ന് പ്രതീക്ഷിച്ചവർക്കു നിരാശയാണ് ലഭിക്കുന്നത്. ജാനകിയുടെ ടൈറ്റിൽ റോളിൽ എത്തുന്ന അനുപമ പരമേശ്വരന്റെ കഴിവുകൾ പ്രയോജനപ്പെടുത്തുവാൻ അവരോ സംവിധായകനോ ശ്രമിച്ചിട്ടില്ല. അഡ്വക്കേറ്റ് നിവേദിത ഏബിളായി ശ്രുതി രാമചന്ദ്രനും, നവീൻ മാത്യൂസായി മാധവ് സുരേഷും, കോൺസ്റ്റബിൾ ഫിറോസ് മുഹമ്മദായി അസ്ഗർ അലിയും, നാവിന്റെ സഹോദരി സൈറ ഫാത്തിമയായി ദിവ്യ പിള്ളയും എസ് ഐ കനകരാജ് ആയി ബൈജു സന്തോഷും മറ്റു കഥാപാത്രങ്ങളായി കുറെ അധികം നടീനടന്മാരും പ്രത്യക്ഷപ്പെടുന്നു.
രണദിവെയുടെ സിനിമാട്ടോഗ്രഫിയും സംജിത് മൊഹമ്മദിന്റെ എഡിറ്റിംഗും സാധാരണം മാത്രമായി. ഗിരീഷ് നാരായണന്റെ വരികൾക്ക് ഈണം പകർന്നത് ജിബ്രാനാണ്. കുറേകൂടി ഹൃദ്യമായ വരികളും സജീവമായ സംഗീതവും പ്രതീക്ഷിച്ചവർ നിരാശരരാകും.
കെ എ അബ്ബാസിന്റെ നാലു നഗരങ്ങളുടെ കഥ എന്ന ഡോക്യൂമെന്ററിയാണ് സ്കൂളിൽ പഠിക്കുന്ന കാലത്തു സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വലഞ്ഞതായി ആദ്യ പത്ര റിപോർട്ടുകൾ വന്നതായി ഓർക്കുന്നത്. തുടർന്ന് കോടതിയുടെ സഹായത്തോടെ, ചില വെട്ടികുറക്കലുകൾക്കു ശേഷം, ഈ ലഘു ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി അറിഞ്ഞു. 1975 ൽ ഇന്ത്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം 'കിസ്സ കുർസി കാ' എന്ന ചിത്രത്തിന് പൂർണമായ വിലക്ക് ഏർപ്പെടുത്തുക മാത്രമല്ല, നെഗറ്റിവ്‌സ് ഉൾപ്പടെ എല്ലാ നിർമ്മാണ സാമഗ്രികളും കത്തിച്ചു കളയുവാനും അന്നത്തെ പ്രധാന മന്ത്രിയുടെ രണ്ടാമത്തെ മകന്റെ നിർദേശപ്രകാരം ചിത്രവുമായി ബന്ധപ്പെട്ടവർ തയ്യാറായി എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിലീസിംഗ് പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ആ ചിത്രത്തെ കുറിച്ച് പിന്നീട് രണ്ടു വർഷത്തേക്ക് ഒരു വിവരവും ഉണ്ടായില്ല. 1979 ൽ അടിയന്തിരാവസ്ഥ പിൻവലിച്ചതിനു ശേഷമാണ് ചിത്രം റീഷൂട് നടത്തി പ്രദർശനത്തിന് എത്തിക്കും എന്ന് വാർത്ത വരികയും തുടർന്ന് ചിത്രത്തിന്റെ പുരോഗതിയെ കുറിച്ച് നിർമാതാവ് നഹാത പത്ര സമ്മേളനങ്ങൾ നടത്തി അറിയിക്കുകയും ചെയ്തത്. മാസങ്ങൾക്കു ശേഷം ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. എന്നാൽ റീഷൂട് ചെയ്ത ചിത്രം എല്ലാ രംഗത്തും പരാജയമായി. വളരെ പെട്ടെന്ന് ഏവരും മറക്കുകയും ചെയ്തു.
ജാനകിക്കും കിസ്സയ്ക്കും ഇക്കാര്യത്തിൽ ഏറെ സമാനതകൾ ഉള്ളത് പോലെ തോന്നി. രണ്ടു ചിത്രങ്ങളെയും ബാധിച്ചത് കെട്ടുറപ്പുള്ള തിരക്കഥയുടെയും സംഭാഷണത്തിന്റെയും അഭാവമാണ്. അഭിനേതാക്കളെങ്കിലും രക്ഷിക്കുമെന്ന പ്രതീക്ഷ ചിത്രം കാണുന്നതോടെ അസ്ഥാനത്തായിരുന്നു എന്ന് ബോദ്ധ്യപ്പെടും. ജെ എസ് കെയുടെ കഥയും സംവിധാനവും പ്രവീൺ നാരായണന്റേതാണ്. ചലച്ചിത്ര നിർമാണത്തിന്റെ ഈ രണ്ടു വിഭാഗങ്ങളിലും ഇനിയും ഏറെ പഠിക്കുവാനും മനസിലാക്കുവാനും ഉണ്ട് എന്ന് ഈ ചിത്രത്തിന്റെ അനുഭവത്തിൽ നിന്ന് പ്രവീണിന് തിരിച്ചറിയുവാൻ കഴിഞ്ഞാൽ ഇനി സംവിധാനം നിർവഹിക്കുന്ന ചിത്രങ്ങൾക്കെങ്കിലും നല്ല നിലവാരം പുലർത്താൻ കഴിഞ്ഞേക്കും.