എന്നെ കഥാലോകത്തേക്കു കൈപിടിച്ചുയര്‍ത്തിയ മധുചന്ദ്രന്‍ ഏറെക്കാലത്തെ സേവനത്തിനുശേഷം'വനിത'യില്‍നിന്നു വിരമിക്കുന്നു എന്നറിഞ്ഞു. നേരില്‍കാണുന്നതിനും പരിചയപ്പെടുന്നതിനും എത്രയോ മുമ്പ്, എന്റെ ആദ്യത്ത കഥയായ 'ചില പെണ്‍കുട്ടികള്‍ അങ്ങനെയാണ്' 2013-ലെ ക്രിസ്തുമസ് പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ ധൈര്യംകാണിച്ച പത്രാധിപരാണു മധുചന്ദ്രന്‍.
ഇടയ്ക്കിടെ കവിതകളെഴുതുമായിരുന്നെങ്കിലും പലപ്രാവശ്യം കഥയെഴുതി പരാജയപ്പെട്ട ഞാന്‍ എന്റെകോളേജ്പഠനകാലത്തെ ഒരനുഭവം വെറുതെ എഴുതി. അന്നു കൈകൊണ്ടെഴുതിയ ആ അനുഭവക്കുറിപ്പ് സുഹൃത്തും എഴുത്തുകാരനുമായ വിഷ്ണുമംഗലം കുമാറാണ് മലയാളത്തിൽ ടൈപ്പ് ചെയ്തുതന്നത്. അനുഭവവും ഭാവനയും ചേര്‍ന്നുള്ളരചനയായതുകൊണ്ട് കഥയാണോ എന്ന ഉറപ്പുപോലും എനിക്കില്ലായിരുന്നു. എന്നാലും കഥയുടെ തലക്കെട്ടില്‍ ഒരു'പെണ്‍കുട്ടി'യുണ്ടായിരുന്നതതുകൊണ്ടാണ് വനിതയ്ക്കയയ്ക്കാന്‍ തീരുമാനിച്ചത്. ഗൂഗളില്‍ വനിതയുടെ എഡിറ്ററെ തെരഞ്ഞു. കിട്ടിയ മെയിലില്‍ ആരോടും പറയാതെ രചന
അയച്ചുകൊടുത്തു. വന്നില്ലെങ്കില്‍ ആരുമറിയാതിരിക്കട്ടെ എന്നതായിരുന്നു
വിചാരം. അങ്ങനെയെങ്കില്‍ അതെന്റെ
ആദ്യത്തെയും അവസാനത്തെയും കഥയായി എന്റെഓഫീസിലെ ചവറ്റുകൊട്ടയില്‍ അന്ത്യവിശ്രമംകൊള്ളുമായിരുന്നു. കഥയയച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയൊന്നും
വരാഞ്ഞതുകൊണ്ട് വനിതയുടെ ഓഫീസിലെചവറ്റുകൊട്ടയിലായിരിക്കും അതിനു
ചത്തുകിടക്കാന്‍ വിധിയെന്നു വിചാരിച്ചു. എന്നിട്ടും പ്രതീക്ഷ കൈവെടിഞ്ഞില്ല. വിഷ്ണുമംഗലത്തെ വിളിച്ച് വീണ്ടും അഭിപ്രായം ചോദിച്ചു.ധൈര്യമായിരിക്കാനും അതൊരു നല്ല കഥയാണെന്നും വിഷ്ണുപറഞ്ഞു. വനിതയിലല്ലെങ്കില്‍ മറ്റെവിടെയെങ്കിലും കൊടുക്കാമെന്നു പറഞ്ഞു സമാധാനിപ്പിച്ചു.
ഏതായാലും മധുചന്ദ്രനോടു നേരിട്ടു വിളിച്ചു
ചോദിക്കാൻ തീരുമാനിച്ചു. രണ്ടിലൊന്നറിയാമല്ലോ! ഗൂഗിളില്‍നിന്നുതന്നെ
വനിതയുടെ ഓഫീസ് നമ്പര്‍ കണ്ടെത്തി വിളിച്ചു. ഏതോ ഒരുപെണ്‍കുട്ടിയാണെടുത്തത്. ഭാഗ്യത്തിനു പേരുപറഞ്ഞപ്പോള്‍ത്തന്നെ മധുവിനെ കണക്ട് ചെയ്തു.
'ഹലോ മധുചന്ദ്രന്‍, ഇതു തമ്പി ആന്റണിയാണ്.'
'അറിയാം, അറിയാം. ബാബു ആന്റണിയുടെ ബ്രദറല്ലേ?'
അങ്ങനെയാണല്ലോ ആദ്യമൊക്കെ അറിയപ്പെട്ടിരുന്നത്!
'അതെ. ഞാനൊരു കാര്യമറിയാനാണു വിളിച്ചത്.ഞാനൊരു മാറ്ററയച്ചിരുന്നു. കഥയാണോ
അനുഭവക്കുറിപ്പാണോ എന്ന് എനിക്കറിയില്ല. അനുഭവംകഥയാക്കാനുള്ള ശ്രമമായിരുന്നു.'
'മാറ്ററിന്റെ പേരെന്തായിരുന്നു?'
മധുചന്ദ്രന്‍ അങ്ങനെ ചോദിച്ചതോടെ എന്റെ
എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. പിന്നെയാലോചിച്ചപ്പോള്‍ ആചോദ്യത്തില്‍ കുറ്റമില്ലെന്നു മനസ്സിലായി. കാരണം, ആയിരക്കണക്കിനു കഥകളും അഭിമുഖങ്ങളും
ലേഖനങ്ങളുമൊക്കെ വരുന്ന, ഒരു മാസികയുടെ തിരക്കുള്ളഓഫീസില്‍ എല്ലാ കഥകളുടെയും ടൈറ്റിലുകള്‍ പത്രാധിപര്‍ക്ക് ഓര്‍ത്തിരിക്കാന്‍
കഴിയില്ലല്ലോ! മറുപടി പറയാതായപ്പോൾ മധുചന്ദ്രന്‍ വീണ്ടും ആവശ്യപ്പെട്ടു:
'തമ്പി ആന്റണി കഥയുടെ പേരു പറയൂ.'
'ചില പെണ്‍കുട്ടികള്‍ അങ്ങനയാണ്!'
പിന്നെ കുറെ നേരത്തേക്ക് അനക്കമൊന്നുമില്ല. ഞാന്‍ആകാംക്ഷയുടെ മുള്‍മുനയില്‍, ശ്വാസംപിടിച്ചിരുന്നു. മധുആരെയോ വിളിച്ച്, കഥ വീണ്ടും മേശപ്പുറത്തു കൊണ്ടുവരാൻ നിര്‍ദ്ദേശിക്കുന്നത് ഫോണില്‍ക്കൂടി കേട്ടു.
'നല്ല കഥയാണല്ലോ! അതുകൊണ്ടതു ക്രിസ്തുമസ്പതിപ്പിലേക്കു മാറ്റിവയ്ക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു.'
തമ്പി ആന്റണി എന്ന കഥാകൃത്തിന്റെ ജനനം ശരിക്കും അന്നായിരുന്നുവെന്നാണ്
ഞാനിന്നും വിശ്വസിക്കുന്നത്. നേരേമറിച്ച്, ഇതൊരു കഥയല്ലല്ലോ, അതുകൊണ്ടുപ്രസിദ്ധീകരണയോഗ്യമല്ല എന്നാണു മധു പറഞ്ഞിരുന്നതെങ്കില്‍ഞാനെന്ന കഥാകൃത്തും അതോടുകൂടി മരിക്കുമായിരുന്നു! അങ്ങനെ അന്ത്യശ്വാസം വലിച്ച എത്രയോ
പ്രതിഭാശാലികളുണ്ടായിരിക്കും! ഇവിടെയാണ് ഒരുപത്രാധിപരുടെ മഹത്വം മനസ്സിലാക്കേണ്ടത്. പ്രതിഭയുടെഎന്തെങ്കിലും നാമ്പുണ്ടെങ്കില്‍ അതു കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കാന്‍
കഴിവുണ്ടാകണം, പത്രാധിപര്‍ക്ക്.എന്നെപ്പോലെ വളരെ വൈകിയ വേളയില്‍ എഴുതിത്തുടങ്ങിയഒരാളെ എഴുത്തിന്റെ ലോകത്തേക്കെത്തിച്ചതില്‍ പ്രധാനപങ്കുവഹിച്ചത് മധുചന്ദ്രന്‍തന്നെ.
പിന്നീട് ഒരു കാത്തിരുപ്പായിരുന്നു, വനിതയുടെക്രിസ്തുമസ് പതിപ്പു വരാന്‍! അന്നു
വനിത ഇവിടെക്കിട്ടുമായിരുന്നില്ലെങ്കിലും പതിപ്പിറങ്ങിയപ്പോള്‍ അഭിപ്രായങ്ങള്‍ ഇ-മെയിലില്‍ വന്നിരുന്നു.അന്നത്തെവായനക്കാരുടെ അഭിപ്രായങ്ങളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും എഴുതാനുള്ള ആത്മവിശ്വാസംവര്‍ദ്ധിച്ചു. അതേ കഥ, പിന്നീട്
അമേരിക്കയില്‍നിന്നിരങ്ങിയിരുന്ന മലയാളം പത്രത്തിലുംവന്നിരുന്നു. ജേക്കബ് റോയിയായിരുന്നു അന്നത്തെപത്രാധിപര്‍. അദ്ദേഹം എന്റെ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സത്യത്തില്‍ കവിതയില്‍നിന്നു കഥയിലേക്കുള്ളൊരു എടുത്തുചാട്ടമായിരുന്നു എന്റേതെന്നുപറയാം. അങ്ങനെ അനുഭവങ്ങളോടൊപ്പം കുറച്ചു കള്ളങ്ങളുംദൃശ്യങ്ങളും ചേര്‍ത്താല്‍ കഥയാകും എന്നു മനസ്സിലായി!
ഭാവന അവിഭാജ്യഘടകമാണ്.
ഇതിനുശേഷം, 'മിസ് കേരളയും പുണ്യാളനും'
എന്നൊരു അനുഭവകഥയെഴുതി വായിക്കാന്‍ കൊടുത്തത് എഴുത്തുകാരൻ ഷിഹാബുദ്ദീന്‍
പൊയ്ത്തുംകടവിനാണ്. അദ്ദേഹം അതുചന്ദ്രികയില്‍ വളരെ പ്രാധാന്യത്തോടെ കൊടുത്തു. അതുവായിച്ച മധുപാല്‍ വിളിച്ച്, നല്ല സുഖമുള്ള കഥയാണെന്നു പറഞ്ഞത് വലിയ അംഗീകാരമായിത്തോന്നി. പിന്നീട്, പ്രസാദ് ലക്ഷ്മണന്‍ പത്രാധിപരായിരിക്കെ കലാകൗമുദിയിലേക്കാണ്
ഞാന്‍ കഥകളയച്ചത്. അദ്ദേഹത്തിന് എന്റെ കഥകളിലെഹാസ്യം ഇഷ്ടമായിരുന്നു. ഇതുവരെ ഞാനയച്ച എല്ലാരചനകളും കലാകൗമുദി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിനുശേഷമാണ് 'വാസ്‌കോഡിഗാമ' മാതൃഭൂമിയിലേക്കയച്ചത്. അതു പ്രസിദ്ധീകരിച്ചത് അന്നത്തെപത്രാധിപരായിരുന്ന കമല്‍റാമായിരുന്നു. എന്റെ കഥകള്‍ ഇഷ്ടപ്പെട്ടിരുന്ന കമലിനെയും ഒരിക്കലും മറക്കാന്‍ കഴിയില്ല. പിന്നീടു നാലു കഥകള്‍കൂടി മാതൃഭൂമി പ്രസിദ്ധീകരിച്ചു.ക്രമേണ, മലയാളം വാരിക,(എഡിറ്റർ സജി ജെയിംസ് )ഭാഷാപോഷിണി(എഡിറ്റർ ജോസ് പനച്ചിപ്പുറം )മാധ്യമം (എഡിറ്റർ ബിജു രാജ് ), ദേശാഭിമാനി( എഡിറ്റർ ഷിബു മുഹമ്മദ് ) എഴുത്തു മാഗസിൻ (എഡിറ്റർ സി രാധാകൃഷ്ണൻ )തുടങ്ങി മലയാളത്തിലെ എല്ലാ അനുകാലികങ്ങളിലും പത്രങ്ങളുടെ വാരാന്ത്യങ്ങളിലും അവയുടെ ഓണ്‍ലൈന്‍ പതിപ്പുകളിലും തുടര്‍ച്ചയായി എഴുതി; അതു തുടരുന്നു.
ഇനിയിപ്പോള്‍ എന്റെ അന്‍പതാമത്തെ കഥയാണു
വരാനിരിക്കുന്നത്. അതു ദേശാഭിമാനി വാരികപ്രസിദ്ധീകരിക്കുന്നു. ഇതിനോടകം നാലു കഥാസമാഹാരങ്ങൾ വന്നുകഴിഞ്ഞു. അഞ്ചാമത്തേത് തയ്യാറായിവരുന്നു. മൂന്നുനോവലുകളും പ്രസിദ്ധീകരിച്ചു.
പറഞ്ഞുവന്നത്, എന്നെ ഈ രചനകള്‍ക്കെല്ലാം
പ്രാപ്തനാക്കിയ പത്രാധിപര്‍ മധുചന്ദ്രനാണെന്ന വസ്തുതയാണ്. ഒരു പത്രാധിപര്‍ക്ക് അയാള്‍ വളര്‍ത്തിവിട്ട എഴുത്തുകാരനെ ഓര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എഴുത്തുകാരന് അദ്ദേഹത്തെ മറക്കാനാവില്ല; മറന്നുകൂടാ! വനിതയില്‍നിന്നു വിരമിക്കുന്ന
മധുചന്ദ്രന്‍ അക്ഷരങ്ങളുടെ ലോകത്തുതന്നെ
തുടരമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന് അതിനുള്ളആരോഗ്യവും മനസ്സുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.
മധുചന്ദ്രന്‍ എനിക്കയച്ച ഒരു സന്ദേശം: 'കൈപിടിച്ചുകയറ്റിയ തലത്തില്‍നിന്ന് എത്രയോഉയരങ്ങളിലേക്കു വളരുന്നതുകണ്ട് ഏറെ സന്തോഷിച്ചിട്ടുണ്ട്! ഒരുവര്‍ഷം പ്രസിദ്ധീകരിച്ചതില്‍ ഏറ്റവും മികച്ച കഥകള്‍മാതൃഭൂമി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ചേട്ടന്റെ കഥഉള്‍പ്പെട്ടതായിരുന്നു ഒരു വലിയ ആനന്ദമുഹൂര്‍ത്തം.സ്‌നേഹംനിറഞ്ഞ പ്രാര്‍ത്ഥനകള്‍ നേരുന്നു.'