1980,90 കാലഘട്ടത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നാടകങ്ങൾ കാണാൻ വേണ്ടി മാത്രം ഞാൻ യാത്ര ചെയ്യുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി സംഘടിപ്പിച്ചിരുന്ന മേഖലാ നാടകോത്സവങ്ങളും ദേശീയ നാടകോത്സവങ്ങളും മുടങ്ങാതെ കാണാൻ പോകുമായിരുന്നു. ഡൽഹിയിലെ രബീന്ദ്ര ഭവനിലെ കേന്ദ്ര സംഗീത നാടക അക്കാദമി, കേന്ദ്ര ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ, ദൂരദർശൻ കേന്ദ്രം, കമാനി ഓഡിറ്റോറിയം, ശ്രീറാം ഓഡിറ്റോറിയം... ഈ സ്ഥാപനങ്ങളെല്ലാം മണ്ഡീ ഹൗസിനെ കേന്ദ്രീകരിച്ചായിരുന്നു സ്ഥിതിചെയ്യുന്നത്. 1987ൽ എന്റെ വിവാഹശേഷം ഭാര്യ റാണിയുമൊത്ത് നടത്തിയ ആദ്യ യാത്രപോലും ഡൽഹിയിലേക്കായിരുന്നു, ആ വർഷത്തെ ദേശീയ നാടകോത്സവം കാണാൻ. ഗുജറാത്തി ഭവനായിലിയിരുന്നു ഞങ്ങൾ താമസിച്ചത്. അക്കാദമിയുടെ നാടകോത്സവം എപ്പോഴും ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട കമാനി ഓഡിറ്റോറിയത്തിലാണ് നടത്താറുള്ളത്. ദിവസവും നാടകം കാണാൻ വരുന്ന പ്രശസ്തരും അപ്രശസ്തരുമായ നിരവധിയാളുകളുടെ ഇടയിലിരുന്ന് നാടകം കാണുന്നതിനിടയിലാണ് രത്തൻ തിയ്യവുമായി ഞാൻ ആദ്യം പരിചയപ്പെടുന്നത്. പിന്നീടും ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളതും സംസാരിച്ചിട്ടുള്ളതും ഇതുപോലെ ഡൽഹിയിലെ ദേശീയ നാടകോത്സവത്തിനിടയിലാണ്. നാടകങ്ങൾ കാണുമ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഞാനോർക്കുന്നു. "ബ്രിട്ടീഷുകാർ നമ്മെ വിട്ടു പോയിട്ടും അവരുടെ റിയലിസ്റ്റിക് നാടകസങ്കേതത്തിൻ്റെ ബാധ നമ്മെ വിട്ടൊഴിയുന്നില്ല".
പലർക്കും അറിഞ്ഞുകൂടാത്ത ഒരു യാഥാർത്ഥ്യം, രത്തൻ തിയ്യം അദ്ദഹത്തിന്റെ career തുടങ്ങിയത് കവി, കഥാകൃത്ത്, നോവലിസ്റ്റ്, പത്രസ്ഥാപനങ്ങളിലെ എഡിറ്റർ തുടങ്ങിയ നിലകളിൽ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിച്ച ശേഷമാണ്. മാത്രവുമല്ല, സംഗീതത്തിലും ചിത്രകലയിലും അഭിനയകലയിലും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. പിന്നീടാണ് നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ പഠനത്തിന് പോയത്. ഇബ്രാഹിം അൽഖാസി എന്ന പ്രഗത്ഭനായ നാടകസംവിധായകൻ ആദ്യ ഡയറക്ടറായി സ്ക്കൂൾ ഓഫ് ഡ്രാമ ആരംഭിച്ചെങ്കിലും നമ്മുടെ നാടിൻ്റെ പാരമ്പര്യത്തിലൂന്നിയുള്ള നാടകാവതരണ ശൈലി നാം കണ്ടെത്തിയിട്ടില്ലായിരുന്നു.
1965ലെ ആൾ ഇന്ത്യാ റൈറ്റേഴ്സ് കോൺഫ്രൻസിന് ശേഷമാണ് തനത് നാടകം എന്ന ആശയം പ്രാവർത്തികമാകുന്നത്. ആ കോൺഫ്രൻസ് നടന്നത് നമ്മുടെ കൊച്ചുകേരളത്തിലായിരുന്നു എന്നതും ചരിത്രമാണ്. തനത് നാടകമെന്ന ആശയത്തെ ആത്മാവിലാവാഹിച്ച ഹബീബ് തൻവീർ, ബി വി കാന്ത്, ഗിരീഷ് കർണാഡ്, വിജയ് തെണ്ടുൽക്കർ, ജബ്ബാർ പട്ടേൽ എസ് രാമാനുജം തുടങ്ങിയ ഇന്ത്യൻ നാടകവേദിയിലെ Legend കളുടെ പിന്മുറക്കാരനായാണ് രത്തൻ തിയ്യവും നാടകലോകത്ത് എത്തിയത്. രത്തൻ തിയ്യം നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിറങ്ങിയ ശേഷം സ്വന്തം നാടായ മണിപ്പൂരിൽ പോയി ആ നാടിൻ്റെ പാരമ്പര്യത്തെ ഉൾക്കൊണ്ട് നാടകം ആവിഷ്ക്കരിക്കുകയാണ് ചെയ്തത്.
രത്തൻ തിയ്യത്തിൻ്റെ നാടകങ്ങളുടെ സവിശേഷതയായി പലരും പറയാറുള്ളത് അദ്ദേഹത്തിൻ്റെ നാടകങ്ങളിലെ കൊറിയോഗ്രാഫി, മ്യൂസിക്, ലൈറ്റിംഗ്, കോസ്റ്റ്യൂം എന്നിവയിലെ പ്രത്യേകതകളെക്കുറിച്ചാണ്. വളരെ ശരിയാണ്, നാടകം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനെ ദൃശ്യ ശ്രവ്യാനുഭവത്തിന്റെ മാസ്മരികാനുഭവത്തിലേയ്ക്ക് അദ്ദേഹം കൈപിടിച്ചു കൊണ്ടുപോകുകതന്നെയാണ് ചെയ്തിരുന്നത്. അതിനുള്ള കാരണം, ആ നാടകങ്ങളിൽ അദ്ദേഹത്തിലെ കവിയും സംഗീതകാരനും ചിത്രകാരനും ലയിച്ചു നിന്നിരുന്നു എന്നതാണ്.
ഇറ്റ്ഫോക്ക് എന്നറിയപ്പെടുന്ന ഇപ്പോഴത്തെ അന്തർദ്ദേശീയ നാടകോത്സവമൊക്ക വരുന്നതിന് മുമ്പ് നമ്മൾ മലയാളികൾക്ക് ആകെക്കൂടി ഉണ്ടായിരുന്നത്, സംസ്ഥാന സർക്കാരിന്റെ പി ആർ ഡി (പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻ്റ് ) തുടങ്ങിവെച്ച വർഷത്തിലൊരിക്കലുള്ള ദേശീയ നാടകോത്സവമായിരുന്നു. അത് തുടങ്ങാനിടയായ ഒരു സംഭവമുണ്ട്. അത് മറ്റൊരു സന്ദർഭത്തിൽ പറയാം. നമ്മുടെ സർക്കാരിന് ഒരു ദേശീയ നാടകോത്സവം തുടങ്ങാൻ 1993 വരെ കാത്തിരിക്കേണ്ടി വന്നു. പിന്നീടാണ് കേരള സംഗീത നാടക അക്കാദമിയിലേയ്ക്ക് അതിൻ്റെ നടത്തിപ്പ് കൈമാറിയത്.
2003ൽ തിരുവല്ലയിൽവെച്ചു നടന്ന ദേശീയ നാടകോത്സവം കാണാൻ ഞാനുമുണ്ടായിരുന്നു. അന്ന് രത്തൻ തിയ്യത്തിന്റെ നാടകവുമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ നാടകം അവതരിപ്പിക്കാൻ പര്യാപ്തമായ സ്റ്റേജായിരുന്നില്ല തിരുവല്ലയിലേത്. രത്തൻ തിയ്യം അന്ന് എന്നോട് ചോദിച്ചു, "നിങ്ങളൊക്കെ നാടകം അവതരിപ്പിക്കുന്നത് ഇതുപോലത്തെ സ്റ്റേജിലാണോ". എന്ത് മറുപടി പറയും ? നാടകോത്സവം കഴിഞ്ഞ് 2003 മാർച്ച് 23ലെ ലക്കം കലാകൗമുദിയിൽ ഞാൻ ഒരവലോകനം എഴുതിയിരുന്നു. ആ ലേഖനത്തോടൊപ്പം കൊടുക്കാൻ എനിക്ക് ഫോട്ടോകൾ തന്നത് പ്രശസ്ത ഫോട്ടോഗ്രാഫറായ ഒ അജിത്താണ്. രത്തൻ തിയ്യത്തിനോടുള്ള യാതൊരു വിധേയത്വവും ആ അവലോകനത്തിൽ നിഴലിച്ചിരുന്നില്ല. ഈ പോസ്റ്റിനോടൊപ്പമുള്ള കലാകൗമുദിയിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
"ഭാരതത്തിലെ പ്രേക്ഷകരുടെ പ്രതീക്ഷകളെ നിറവിലെത്തിക്കുന്നതിൽ എന്നും വിജയിച്ചിട്ടുള്ള മണിപ്പൂർകാരൻ രത്തൻ കുമാർ തിയ്യം രചനയും സംവിധാനവും നിർവ്വഹിച്ച നാടകമായിരുന്നു സമാപനദിവസം. മഹാകവി കാളിദാസൻ്റെ കൃതിയായ "ഋതുസംഹാര"ത്തെ അവലംബിച്ചുള്ളതായിരുന്നു നാടകം. ഭാരതത്തിലും വിദേശത്തും ഖ്യാതി നേടിയ ഇംഫാൽ കോറസ് റെപ്പർട്ടറി തീയേറ്ററാണ് "ഋതുസംഹാര" അവതരിപ്പിച്ചത്. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നീ ഋതുക്കളെ നടീനടന്മാരെയും രംഗസാമഗ്രികളെയും ഉപയോഗിച്ച് ആവിഷ്ക്കരണം നടത്തുന്ന ഈ നാടകം ആധുനിക മനുഷ്യന് പ്രകൃതിയോടുള്ള താല്പര്യമില്ലായ്മയെ വെളിപ്പെടുത്തുന്നു. അതുവഴി അവന് നഷ്ടപ്പെടുന്നതെന്താണെന്ന് നാടകം അനുഭവവേദ്യമാക്കുന്നു. രത്തൻ തിയ്യത്തിൻ്റെ മറ്റു നാടകങ്ങളിലുള്ള ചടുലഭാവത്തെ മാറ്റി നിർത്തി ആന്തരിക ഭാവം പ്രകടിപ്പിക്കാനാണ് ഋതുസംഹാരത്തിൽ ശ്രമിച്ചിട്ടുള്ളത്. നാടകത്തിൻ്റെ ലക്ഷ്യത്തിൽനിന്ന് ഒരു നല്ല പെയിൻ്റിംഗ് കണ്ട അനുഭവം സമ്മാനിക്കുകയാണോ നാടകധർമ്മം എന്ന് നാടകം കണ്ടപ്പോൾ തോന്നിപ്പോയി. Theatre itself is a language and a form of different language എന്നതും സ്മരിക്കേണ്ടേ? എങ്കിലും നാടകോത്സവത്തിലെ മറ്റെല്ലാ നാടകത്തേക്കാളും രൂപത്തിലും ഭാവത്തിലും പ്രകാശത്തിലും വർണ്ണ സൗന്ദര്യം നിറഞ്ഞൊഴുകിയ നാടകവും ഇതായിരുന്നു".
ഡൽഹിയിൽവെച്ച് രത്തൻ തിയ്യം തന്ന അദ്ദഹത്തിന്റെ ഒരു നാടകത്തിൻ്റെ ബ്രോഷറിലെ ചിത്രമാണ് ഈ പോസ്റ്റിനോടൊപ്പമുള്ളത്. ആ മുഖമാണ് എന്റെ മനസ്സിൽ ഇപ്പോഴും പതിഞ്ഞു കിടക്കുന്നത്... എഴുപത്തേഴ് വയസ്സായില്ലെ, മതി ഇനി കാലയവനികയ്ക്കുള്ളിലേയ്ക്ക് മടങ്ങിക്കോളു എന്ന് പടച്ചോൻ വിചാരിച്ചു കാണും... എങ്കിലുമെന്ത് അദ്ദഹത്തിന്റെ സേവനങ്ങൾക്കർഹമായ ആദരവ് നമ്മുടെ ഇന്ത്യാ മഹാരാജ്യവും ലോകനാടവേദിയും അദ്ദഹത്തിന് സമ്മാനിച്ചല്ലൊ...
എന്റെ മുതിർന്ന സുഹൃത്തിന് ആത്മാഞ്ജലി...