അയാൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് ‘വാർ 2’. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്.
സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. വ്യാപക വിമര്‍ശനമാണ് ട്രെയ്ലറിന് നേരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി നടന്മാർ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ സ്പൈ ചിത്രമാണ് വാർ 2. 400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂനിയർ എൻടിആർ 70 കോടി പ്രതിഫലം വാങ്ങിയപ്പോൾ ഹൃത്വിക് റോഷന് 50 കോടിയും സിനിമയുടെ ലാഭ വിഹിതവും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആഗസ്റ്റ് 14 ന് ‘വാർ 2’ തിയേറ്ററുകളിൽ റിലീസ് ചെയ്യും. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ‘വാർ 2’.