മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സംഗീത ലോകവും സിനിമാ ലോകവും. ഓരോ മലയാളിയും ഒറ്റ കേള്‍വിയില്‍ തിരിച്ചറിയുന്ന ആ നാദത്തിന് പ്രായം ഒട്ടുമേ തെളിമ കുറച്ചിട്ടില്ല.വിവിധ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്.
സിനിമയിൽ പാടുന്നതിനൊപ്പം ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ സ്വീകരണമുറികളിലെ സജീവ സാന്നിധ്യമാണ് ഇപ്പോഴും ചിത്ര.
അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കെ എസ് ചിത്ര ആദ്യമായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലേക്ക് എത്തുന്നത്. 2005 ല്‍ പത്മശ്രീയും 2021 ല്‍ പത്മഭൂഷനും ലഭിച്ച ചിത്രയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ആറ് തവണയാണ് ലഭിച്ചത്
അരവിന്ദന്റെ കുമ്മാട്ടി (1979) എന്ന ചിത്രത്തില്‍ കോറസ് പാടി സിനിമാ രംഗത്തേക്ക് എത്തിയത് ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. ആ അവസരം ലഭിച്ചത് എം ജി രാധാകൃഷ്ണനിലൂടെ ആയിരുന്നു. പതിനാലാം വയസ്സില്‍ ‘അട്ടഹാസം’ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മലയാളത്തിന്റെ മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, മറാഠി, തുളു തുടങ്ങിയ ഭാഷകളിലും കെ എസ് ചിത്ര ഗാനം ആലപിച്ചിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും 43 സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.
ആലാപന സൗന്ദര്യത്തിനൊപ്പം പെരുമാറ്റത്തിലെ ലാളിത്യം കൂടിയാണ് ചിത്രയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കുന്നത്.