Image

പാലോട് രവി ചെന്നുചാടിയ വിവാദങ്ങളും ''ജനഗണ മംഗള ദായക ജയഹേ...'' ആലാപനവും (എ.എസ് ശ്രീകുമാര്‍)

Published on 27 July, 2025
പാലോട് രവി ചെന്നുചാടിയ വിവാദങ്ങളും ''ജനഗണ മംഗള ദായക ജയഹേ...'' ആലാപനവും (എ.എസ് ശ്രീകുമാര്‍)

ഇടതു മുന്നണിക്ക് തുടര്‍ഭരണം ലഭിക്കുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നുമൊക്കെയുള്ള തരത്തില്‍ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് പിന്നില്‍ ഗ്രൂപ്പ് പോര്. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തന രീതികളിലും ആശങ്കപ്പെട്ട് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭവം വലിയ വിവാദമായതോടെ പാലോട് രവി ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു.

എല്‍.ഡി.എഫിന് തുടര്‍ഭരണവും കോണ്‍ഗ്രസിന്റെ ദയനീയ പതനം പ്രവചിച്ചുമുള്ള പാലോട് രവിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി. ഇതിനെ തുടര്‍ന്ന് രവി വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും രാജിക്ക് സമ്മര്‍ദമുണ്ടായി. ഫോണ്‍ സംഭാഷണത്തിലുടനീളം കോണ്‍ഗ്രസിന്റെ ഭാവി തകര്‍ച്ചയിലേക്കാണ് പോകുന്നതെന്നാണ് രവി പറയുന്നത്.

''പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നീ നോക്കിക്കോ. അവര്‍ കാശ് കൊടുത്ത് 40,000-50,000 വോട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും...'' എന്നാണ് വിവാദ ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറയുന്ന പ്രസക്ത ഭാഗം.

അതേസമയം, പാലോട് രവിയുമായുള്ള തന്റെ സംഭാഷണം പുറത്തുവന്നത് തന്റെ വീഴ്ചയാണെന്ന് എ ജലീല്‍ പറയുന്നു. ഫോണ്‍ സംഭാഷണം പുറത്തുപോയത് പുല്ലമ്പാറ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെംമ്പറായ രതീഷ് വഴിയാണ്. പാലോട് രവിയെ താന്‍ കാണാന്‍ പോകും സംസാരിക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ രതീഷ് തെളിവായി വോയിസ് ചോദിച്ചതാണെന്നും അങ്ങനെയാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നതെന്നും ജലീല്‍ പറഞ്ഞു. പാലോട് രവിക്കുണ്ടായ സ്ഥാനചലനത്തില്‍ തനിക്ക് ദുഖമുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജലീല്‍ മനപ്പൂര്‍വം ഈ ഫോണ്‍ സംഭാഷണം പലര്‍ക്കും അയച്ചുകൊടുത്തുവെന്നാണ് മറുഭാഗം ആരോപിക്കുന്നത്.

ഇതിനിടെ എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിലൂടെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാലാണ് ജലീലിനെ പുറത്താക്കിയത്. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായും കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഫോണ്‍ സംഭാഷണം ചോര്‍ന്നതിനെ തുടര്‍ന്ന് പാലോട് രവി രാജിവെച്ചതിന് പിന്നാലെ മധുരവിതരണം നടത്തിയ പെരിങ്ങമ്മല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദ് പാലോടിനെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് തല്‍സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്.

മുസ്ലീം വിഭാഗം കോണ്‍ഗ്രസിനെ കൈവിട്ട് മറ്റുപാര്‍ടികളിലേക്കും സി.പി.എമ്മിലേക്കും പോകുമെന്നും സംഭാഷണത്തിലുണ്ട്. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബി.ജെ.പിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകുമെന്നും രവി തുറന്നു പറയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍ കോണ്‍ഗ്രസ് സജീവമായിരിക്കെ പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് പാര്‍ടിക്ക് വലിയ ആഘാതമുണ്ടാക്കി. ''നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ഒറ്റൊരാള്‍ക്കും ആത്മാര്‍ഥമായി പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല്‌വാരാമോ അത് ചെയ്യും...'' പാലോട് രവി ആക്ഷേപിക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ പാലോട് രവിയുടെ വിശദീകരണം പാര്‍ട്ടി മുഖവിലയ്‌ക്കെടുക്കുന്നില്ല. ഒരു പഞ്ചായത്തിലെ പ്രാദേശിക തര്‍ക്കം തീര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തകനെ ഉപദേശിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നു പാലോട് രവി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശികമായാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. അതിനാല്‍ തര്‍ക്കം പരിഹരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് തോറ്റാല്‍ നിയമസഭയും തോല്‍ക്കുമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും രവി വിശദീകരിക്കുന്നു.

തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായിരിക്കെ പാലോട് രവി പല വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്. തന്റെ സ്വന്തം പഞ്ചായത്തായ പെരിങ്ങമ്മലയില്‍ 2024-ല്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ഇദ്ദേഹം രാജിക്കത്ത്  സമര്‍പ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി അത് തള്ളുകയുണ്ടായി. ദേശീയഗാനം തെറ്റായി ആലപിച്ചത് പാലോട് രവിക്ക് വലിയ നാണക്കേടുണ്ടാക്കി. കഴിഞ്ഞവര്‍ഷം തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ ഗാനം, ''ജനഗണ മംഗള ദായക ജയഹേ...'' എന്ന് തെറ്റായി പാടിയത്. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. ദേശീയ ഗാനം തെറ്റിയതിന് പിന്നാലെ ടി സിദ്ദിഖ് എം.എല്‍.എ ഇടപെടുകയും സി.ഡി ഇടാമെന്ന് പറഞ്ഞ് പാലോട് രവിയെ മൈക്കിനടുത്ത് നിന്ന് മാറ്റുകയുമായിരുന്നു.

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമന സമയത്ത് 2023-ല്‍ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനുമെതിരേ ജില്ലയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ കെ.പി.സി.സി ഓഫീസിന് മുന്നിലടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. ''കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് ഫോര്‍ സെയില്‍... കോണ്‍ടാക്ട് പാലോടന്‍ ആന്‍ഡ് പരവൂരന്‍ കമ്പനി...'', ''തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കിയ പിരിവ് വീരന്‍, നാടക നടന്‍ പാലോടന്റെയും അഹങ്കാരമൂര്‍ത്തി പരവൂര്‍ രാജാവിന്റേയും നടപടിയില്‍ പ്രതിഷേധിക്കുക. സേവ് കോണ്‍ഗ്രസ് ഫോറം...'' എന്നിങ്ങനെയായിരുന്നു അന്ന് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. ഇപ്പോഴത്തെ സംഭാഷണ വിവാദത്തിലും പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ട്.

നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കറും നെടുമങ്ങാട് നിന്ന് മൂന്ന് തവണ നിയമസഭാംഗവുമായിരുന്ന വ്യക്തിയാണ് പാലോട് രവി. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ഡി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായും നിര്‍വാഹക സമിതി അംഗവുമായിരുന്ന രവി എ.ഐ.സി.സി, കെ.പി.സി.സി എന്നിവയില്‍ നിര്‍വാഹക സമിതി അംഗമാണ്. ഐ.എന്‍.ടി.യു.സിയുടെ അഖിലേന്ത്യ സെക്രട്ടറിയും നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയുമാണ്. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക