പതിനഞ്ചാം വയസ്സിൽ കന്യാസ്ത്രീ മഠത്തിൽ ചേർന്നവർക്കായി .
അനുസരണം , ദാരിദ്ര്യം വ്രതമായി ജീവിക്കുന്ന ആയിരമായിരം കന്യാസ്ത്രീകൾക്കായി .
രണ്ട് പതിറ്റാണ്ട് കോൺവെന്റു മതിലുകൾക്കുള്ളിൽ എനിക്ക് കൂട്ടായിരുന്ന ക്രിസ്തുവിൻ പ്രിയ സഖികൾക്കായി...
മഠത്തിൽ വിട്ടവൾ
മഠം വിട്ടവൾ ( ഒരു മുൻ കന്യാസ്ത്രീയുടെ ആത്മകഥ )
എന്ന പേരിൽ മരിയ റോസ എഴുതിയ പുസ്തകത്തിന്റെ ആരംഭ പേജുകളിലൊന്ന് മുകളിലെ വാക്യങ്ങളോടെയാണ് തുടങ്ങുന്നത്.
തുടർന്ന് പങ്കപ്പാടുകളെ കൂട്ടിയിണക്കി കുടുംബം നയിച്ച അമ്മച്ചിമാരെയും പെൺമക്കളെ മഠത്തിൽ ചേർക്കാൻ നിർബന്ധിതരായ കൂലിപ്പണിക്കാരായ ചാച്ചൻമാരെയും സമർപ്പിച്ചതിന് ശേഷം, സ്ത്രീസ്വാതന്ത്ര്യം കന്യാസ്ത്രീ മഠത്തിൽ ഹോമിക്കാതെ തിരിച്ചിറങ്ങിയ തന്നെപ്പോലെയുള്ള തന്റേടികൾക്കായും മരിയ റോസ പുസ്തകം പ്രതിഷ്ഠിക്കുകയാണ്.
ക്രിസ്തുവിന്റെ മുന്തിരിത്തോട്ടത്തിൽ നിത്യവേല ചെയ്യുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ എന്നതോടൊപ്പം
സ്വർഗ്ഗീയ മണവാട്ടികളുമായിരുന്നു അവർ.
മഠത്തിലെ മണി മുഴക്കങ്ങൾക്കനുസരിച്ച് ചിട്ടപ്പെട്ട ജീവിതചര്യകൾ ...
കണ്ണടക്കവും ആശയടക്കങ്ങളും വഴി നടത്തിയവർ..
പരിത്യാഗ പ്രതീകങ്ങൾ...
സ്വർഗ്ഗീയ മണവാളന് ശുഭരാത്രി നേർന്ന് ഉറങ്ങാൻ പോകുന്നവർ.
1978- ൽ മഠത്തിലേക്ക് പോയി വ്രതവാഗ്ദാനങ്ങളനുസരിച്ച് ജീവിച്ച മരിയ റോസ 25 വർഷങ്ങൾക്കു മുൻപ്, താൻ സ്വീകരിച്ച അർത്ഥിനിയുടെ സ്വതന്ത്ര വ്യാപ്തികളില്ലാത്ത കുപ്പായം ഉപേക്ഷിച്ച് സ്നേഹിച്ച സർവ്വരാലും വലിച്ചെറിയപ്പെട്ട്
സാധാരണ ലോകത്തിന്റെ വെല്ലുവെളികളും കല്ലേറുകളുമണിഞ്ഞ് ഏകയായി തന്റേടത്തോടെ നടന്നുകയറിയ വഴികളാണ് ഈ പുസ്തക വായനയിലൂടെ നാം താണ്ടിയെത്തുന്നത്.
ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന ഇറ്റാലിയൻ കോൺഗ്രിഗേഷനായിരുന്നു മരിയ റോസയുടെ 15 വയസ്സിലുണർന്ന ദൈവവിളിയെ സ്വീകരിച്ചാനയിച്ചത്.
ക്ലാരമഠവും കർമ്മലീത്ത മഠവുമൊക്കെ കണ്ടുവളർന്ന എനിക്ക് ഉർസുലൈൻ സഭ തികച്ചും അപരിചിതമായിരുന്നു.
വലതുകൈ വീശിയാൽ അഗതിമന്ദിരവും കോൺവെന്റും സ്ക്കൂളും
ഇടതുകൈ വീശിയാൽ ക്ലാരിസ്റ്റ് പ്രൊവിൻഷ്യാൾ ഹൗസ്.. രണ്ടു മഠങ്ങൾക്കിടയിലായി ഞാനും.
അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന കന്യാസ്ത്രീകളെ കാണാത്ത അവധി ദിനങ്ങൾ പോലുമില്ല.
സ്കൂളിലെ കാര്യം പറയാനുമില്ല.
തീരെ ചെറുപ്പത്തിൽ ഇടത്തോ വലത്തോ അമ്മമാർ പ്രത്യക്ഷരായാൽ ഓടിച്ചെന്ന് 'ഈശോ മിശിഹായ്ക്ക് സ്തുതി' ചൊല്ലിയ നാളുകൾ...
കന്യാവ്രത പരിശീലനക്കാലത്ത്, ഇടയ്ക്കിടെ കണ്ടുമുട്ടുന്ന കാരുണ്യവും സ്നേഹവും വഴിയുന്ന സിസ്റ്ററിന്റെ മുഖം..
കടന്നുപോയെങ്കിൽ പുറകെ ഓടിച്ചെന്നിരുന്നതെല്ലാം ഓർമ്മകൾ..
അന്ന് കണ്ടതെല്ലാം അധ്യാപികമാർ ആയതോ ആകാനുള്ളതോ ആയ കന്യാസ്ത്രീകളെ മാത്രം..
ക്ലാസ്സ് കയറ്റത്തോടൊപ്പം അവരിൽ ഭൂരിഭാഗത്തോടും പേടിയായിത്തുടങ്ങി.
എല്ലാമറിയുന്നവരാണ് അധ്യാപകർ; അവരുടെ സമീപനം കാർക്കശ്യം നിറഞ്ഞതാവുന്തോറും ഒന്നുമറിയാത്തവർ പരവശരാകുന്നു.
കണക്കു ടീച്ചറായ കന്യാസ്ത്രീ എന്റെ ഉറക്ക സ്വപ്നങ്ങളിൽപോലും ഭയപ്പെടുത്താൻ വന്നു.
അവരിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിച്ച എനിക്കു കിട്ടിയ പണി ഭയങ്കരമായിരുന്നു.
8, 9, 10 ക്ലാസ്സുകളിലേക്ക് സിസ്റ്ററും എന്റെയൊപ്പം ജയിച്ചു വന്നു.
കൂട്ടലും കിഴിക്കലും കഴിഞ്ഞുള്ള ഹരണം മുതൽ ഞാൻ തളർന്നു വാടി.
കണക്കിനല്ലാതെ ഇംഗ്ലീഷ് ക്ലാസ്സിലുമെത്തിയ ആ സിസ്റ്ററിന്റെ ഇംഗ്ലീഷ് ക്ലാസ്സ് എന്നെ ആശ്വസിപ്പിച്ചെങ്കിലും കണക്കെന്നെ പടുകുഴിയിലാഴ്ത്തി.
എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞ് കോളജിലെത്തിയപ്പോഴും കന്യാസ്ത്രീകളുടെ അധീനതയിൽ തന്നെ. എന്നാൽ അവിടമെനിക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വിടർത്തിത്തന്നു.
സ്കൂൾ കൂട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെത്തിയപ്പോഴല്ലേ മനസ്സിലായത് എല്ലാവർക്കും ഒന്നല്ലേൽ മറ്റൊരു തരത്തിൽ കന്യാസ്ത്രിപ്പേടി കിട്ടിയിരുന്നെന്ന്. ഇപ്പോൾ അതൊക്കെ വിചാരിച്ച് ചിരിക്കുന്നു..
വീടിന്റെ ഇടത്തൂന്നും വലത്തൂന്നും അവരിൽ ജീവിച്ചിരിക്കുന്നവരൊക്കെ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ ബന്ധുവായ കന്യാസ്ത്രി രാത്രിയിൽ സാരി കഴുകിയിടുന്ന ഒരു ചിത്രം ഇന്നും ഉള്ളിലുണ്ട്. കെനിയയിൽ സേവനമനുഷ്ഠിച്ചിരുന്ന അവർക്ക് രണ്ട് സാരികളാണുള്ളത്. ഒന്നുടുക്കുമ്പോൾ അടുത്തത് കഴുകി ഉണക്കാനിടും.
എന്റെയൊയൊപ്പം സ്കൂളിൽ പഠിച്ച ഒരു കുട്ടി അന്നേ കന്യാമഠത്തിൽ ചേരാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു. അവളുടെ രണ്ട് ചേച്ചിമാർ കന്യാസ്ത്രീകളായിരുന്നു..
കോളജ് കാലത്ത് ആൾ കന്യാവസ്ത്രമണിഞ്ഞ് കർത്താവിന്റെ മണവാട്ടിയായി വരുന്നതും കാണാൻ കഴിഞ്ഞു.
ഒരിക്കലും മഠത്തിൽ ചേരില്ലെന്ന് കരുതിയ മറ്റൊരു കുട്ടി കന്യാവ്രതം സ്വീകരിച്ചത് വലിയ അത്ഭുതമായിരുന്നു അന്ന് ഞങ്ങൾക്കൊക്കെ .
അന്ന് കണ്ട കന്യാസ്ത്രീകളൊക്കെ പള്ളിയും പള്ളിക്കൂടവും മാത്രമായി ജീവിച്ചവരായിരുന്നു. മഠത്തിനുള്ളിലെ അവരുടെ ജീവിതം ഞാൻ കണ്ടിട്ടുമില്ല.
എന്നാൽ ഏറെക്കഴിഞ്ഞാണ് ഉർസുലൈൻ സിസ്റ്റർമാരുമായിട്ട് പരിചയപ്പെടാൻ കഴിഞ്ഞത്.
സാജനുമായുള്ള സൗഹൃദം വഴി എനിക്കും അവരോടൊക്കെ സ്വാതന്ത്യത്തോടെ ഇടപഴകാൻ അവസരമായി..
ഞാൻ കണ്ട ഉർസുലൈൻ കന്യാസ്ത്രീകൾ ആശുപത്രി സേവന രംഗത്തുള്ളവരായിരുന്നു. പുസ്തകമെഴുതിയ മരിയ റോസ ഇംഗ്ലീഷ് അധ്യാപികയും. അതുകൊണ്ടു തന്നെ മരിയ റോസയെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ തുടങ്ങി ഡോക്ടർ, നേഴ്സിങ് സൂപ്രണ്ട് , മെഡിക്കൽ ലാബ് ഡയറക്ടർ, കമ്യൂണിറ്റി മെഡിസിൻകാർ, നഴ്സുമാർ , ഓഫീസ് സ്റ്റാഫ് അങ്ങനെ വലിയ , തിരക്കുള്ള ഒരാശുപത്രിയുടെ നടത്തിപ്പുകാരായിരുന്നു അവരെല്ലാം .
അധ്യാപികമാരായ ക്ലാരമഠംകാരെക്കാൾ സന്തോഷവതികളും മിടുക്കരുമായിരുന്നു ആശുപത്രിയിലെ ഉർസുലൈൻകാർ. സൗഹൃദവും അതിന്റെ കിലുക്കങ്ങളും ആസ്വദിക്കുന്നവർ. അടുപ്പമുള്ളതു കൊണ്ട് ഞാനവരോട് വർത്താനങ്ങളൊക്കെ ധാരാളം പറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന വിവിധതരം മനുഷ്യരോട് ഇടപെടുന്നതു കൊണ്ടാവാം അവർക്കതിന് കഴിയുന്നത്.
മഠം വിട്ടവൾ മഠത്തിൽ വിട്ടവൾ എന്ന മരിയ റോസയുടെ പുസ്തകത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞത്. ഉർസുലൈൻ സഭയിലെ മുൻ കന്യാസ്ത്രീയുടെ ആത്മകഥയാണെന്നറിഞ്ഞപ്പോൾ വലിയ കൗതുകമായി.
പുസ്തക പ്രകാശന ഫോട്ടോകളും എഴുത്തുകളും കാണാനിടയായി.
ഇതിനിടയിലാണ് ഉർസുലൈൻ കോൺവന്റിൽ പോകേണ്ടി വന്നത്.
ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു ഞങ്ങളുടെ സുഹൃത്തുക്കളായ കന്യാസ്ത്രീകൾ മിക്കവരും. മുൻപ് കണ്ടിട്ടുള്ളപ്പോഴൊക്കെ ഉൽസാഹം നിറഞ്ഞ് ജോലികളുടെയും പദവികളുടെയും ഭാരം പേറി നടന്നിരുന്നവരൊക്കെ പ്രായത്തിന്റെ ഏറ്റങ്ങൾക്കനുസരിച്ചും ചിലർ രോഗങ്ങളുടെ പിടിയിലും സാവധാന നടത്തക്കാരായി മാറി. അവരെയൊക്കെ കണ്ടു സംസാരിച്ചു പോകുന്നതിനിടയിലാണ് വലിയൊരു മുറിയിൽ കട്ടിലിൽ നിന്നെഴുന്നേൽക്കാനാവാത്ത സ്ഥിതിയിൽ അവശരായ രണ്ടു സിസ്റ്റർമാരെ കാണുന്നത്. ഒരാൾ 93 വയസ്സിന്റെയും അസുഖങ്ങളുടെയും സ്വസ്ഥതയില്ലായ്മയിൽ കിടക്കുന്നു.
അപ്പുറത്തെ കട്ടിലിലെ ആൾ താൻ ജീവിച്ചിരിക്കുന്നതുപോലുമറിയാതെ , മൂക്കിലൂടെയൊക്കെ ട്യൂബുകൾ ഘടിപ്പിച്ച നിലയിൽ അബോധ നിദ്രയിലും .
കൂടിക്കാഴ്ചക്കിടയിൽ തന്റെ ഓർമ്മകൾ ഏറ്റു പറഞ്ഞു കൊണ്ടിരുന്നു പ്രായമായ ആ സിസ്റ്റർ..
കൂടെവന്നവർ തിരിച്ചിറങ്ങിയിട്ടും അവിടെത്തന്നെ നിന്ന ഞാൻ ആ വിശുദ്ധ സ്ത്രീയുടെ കൈകൾ ചേർത്തുപിടിച്ച് ഏറ്റം ആത്മാർത്ഥതയോടെ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.. എന്നുപറഞ്ഞു..
മടക്കിത്തന്ന സ്തുതിയോടൊപ്പം ' എനിക്കു വേണ്ടി പ്രാർത്ഥിക്കണം ... മറക്കരുത് ' എന്ന് 93 വയസ്സിലും വിശ്വാസ ദൃഢതയോടെ ആ കന്യാസ്ത്രി പറയുന്നത് കേട്ട് ഞാൻ തല കുലുക്കി.
ഈ വ്യത്യസ്തമായ അനുഭവത്തിനു ശേഷമാണ് മരിയ റോസയുടെ പുസ്തകം വാങ്ങുന്നതും വായിക്കുന്നതും.
പെട്ടെന്നൊരുനാൾ , കിട്ടിയ പെട്ടിയുമെടുത്ത് മഠമുപേക്ഷിച്ച് പുറത്തിറങ്ങിയതല്ല മരിയ റോസ.
വ്രതവാഗ്ദാനം ഉപേക്ഷിക്കണമെന്ന അവസ്ഥ മറ്റുള്ളവരെ ധരിപ്പിക്കുക പ്രയാസമെന്ന് പുസ്തകത്തിൽ പറയുന്നു.
സന്യാസം ത്യജിക്കുന്ന ഘട്ടത്തിലേക്കുള്ള നടപടികൾക്കെല്ലാം ഒടുവിലാണവർ പുറത്തുവരുന്നത്.
മരിയ റോസയുടെ തീരുമാനത്തിൽ, വിഷമിപ്പിക്കുന്ന അനാരോഗ്യ അവസ്ഥകൾക്കും മുഖ്യ സ്ഥാനമുണ്ടായിരുന്നു. ( വർഷങ്ങൾക്കു ശേഷം 50 വയസ്സിലാണ് ലോഥാർ ജോർജിയഫ് എന്ന ആസ്ട്രേലിയൻ പൗരൻ അവർക്ക് തുണയായെത്തുന്നത്.)
തിരുവസ്ത്രമുപേക്ഷിച്ച് വരുന്നവരെ സഭ മാത്രമല്ല സമൂഹവും , സ്വന്തം ഭവനം പോലും തിരസ്കരിച്ച് ആട്ടിയകറ്റുകയാണ്.
ഇറങ്ങിപ്പോകലിന്റെ ദുസ്സഹമായ അന്നത്തെ ആ രാത്രിക്കറുപ്പിൽ അവൾ എവിടെയായിരിക്കും എന്ന് സ്വന്തം മാതാപിതാക്കളോ സ്നേഹിച്ച സഹോദരങ്ങളോ ഓർക്കാത്തത്ര ഭീകര തിരസ്കരണം ... ( വിവാഹമുപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് ചെല്ലാമെന്നതും വ്യാമോഹം തന്നെ... )
മഠം വിട്ടു പോന്നവളുടെ അടിസ്ഥാന ആവശ്യങ്ങൾ ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവ മാത്രമാണ്. അല്ലാതെ കന്യാവ്രതം ഭഞ്ജിക്കാനുള്ള ത്വരയല്ല എന്നും മരിയ റോസ പുസ്തകത്തിൽ പറയുന്നു.
ചില പേജുകൾ വായിക്കുമ്പോൾ ഹൃദയഹാരിയായ സ്നേഹ വാത്സല്യങ്ങൾ.. ചില പേജുകൾ നിറയെ ഹൃദയഭേദകമായ സത്യങ്ങൾ.
പൊതുവിടങ്ങളിലും ആൾക്കൂട്ടങ്ങളിലും ബഹുമാന്യതയുടെ മറവിലും എന്തിന്; ഗൃഹാന്തരീക്ഷങ്ങളിൽ പോലും പെൺപിറപ്പുകൾ അനുഭവിക്കേണ്ടി വരുന്ന മര്യാദകേടുകൾ...
മഠത്തിലായിരുന്നപ്പോഴത്തെ നല്ല ഓർമ്മകളും സൗഹൃദങ്ങളും മരിയ റോസയിൽ ഇന്നും ആനന്ദമുണർത്തുന്നു.
നിയമങ്ങളുടെ തിരുത്തിയെഴുത്താണ് അവരാഗ്രഹിക്കുന്നത്.
ഓരോ പതിനഞ്ചുകാരിയും മഠത്തിൽ പോകുന്നതല്ല; അവരെ മഠത്തിലേക്ക് വിടുന്നതാണ്.
1978 - ൽ മഠത്തിൽ ചേർന്നതിനു ശേഷം തന്റെ കുടുംബത്തിൽ ജനിച്ച തലമുറകളിലാരും ആ വഴി തിരഞ്ഞെടുത്തില്ല. ആരും അവരെ മഠത്തിൽ ചേർത്തു മില്ല എന്ന് മരിയ റോസ പറയുന്നു.
ശരിയാണ് .
പളളി മാത്രം ശരണമായി കരുതിയ പഴയ കാലം മാറിപ്പോയി. പോഷക സമൃദ്ധവും ആശ്ചര്യഭരിതവുമായ ജീവിതവും സ്വാതന്ത്ര്യങ്ങളും ആഘോഷിക്കുന്നവരിൽ നിന്നും ആരെയാണ് മഠത്തിൽ വിടുന്നത് !
ആർക്കാണ് മഠത്തിൽ ചേരേണ്ടത്..!
അതിസമർത്ഥരെന്നും ധീരരെന്നും കരുതിയ എത്രയോ പുതുകാല വനിതകൾ ആത്മഹത്യ തേടുന്നത് തുടർച്ചയായി കാണുന്നു..
എന്താണവർക്ക് പറ്റുന്നത്? ഇതിനൊക്കെ ഇടയിലൂടെ
കപട ദാമ്പത്യത്തിന്റെ 10, 20, 30 വർഷങ്ങളൊക്കെ ആഘോഷിക്കുന്നതും ഇന്നിന്റെ കാഴ്ചയാണല്ലോ ..!
ഇവിടെയാണ് മരിയ റോസ പോരാളിയാകുന്നത്.
അവരുടെ പുസ്തകം പ്രചോദനത്തിന്റെ പാഠശാലയാകുന്നതും ഇതേ അർത്ഥങ്ങളിലാണ്.
സിസ്റ്റർ . ജെസ്മി
സിസ്റ്റർ . ലൂസി
കുറവിലങ്ങാട്ടെ കന്യാസ്ത്രിമാർ..
രഹസ്യങ്ങളുടെ മറനീങ്ങുന്ന ജിജ്ഞാസകൾക്കപ്പുറത്തേക്ക് , പുസ്തക കമ്പോളത്തിലെ വില്പനയുടെ ചാകരക്കോളിനുമപ്പുറത്തേക്ക്
മരിയ റോസയുടെ പുസ്തകം സമൂഹ മനസാക്ഷിയെ വിമലീകരിക്കട്ടെ.
പ്രാചീന ഗോപുരങ്ങൾ
ഇടിയാൻ തുടങ്ങും.
കാലത്തിനനുസരിച്ച നിർമ്മിത രീതികൾ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും.
മാനുഷികതയിലൂന്നിയ മാറ്റങ്ങൾ എവിടെയും ഉണ്ടാവട്ടെ. മനുഷ്യാവകാശങ്ങളുടെ അവകാശികളാകാൻ ഏവർക്കും കഴിയുന്നൊരു സ്ഥിതി നാട്ടിലുണ്ടാകട്ടെ.!
മഠത്തിൽ വിട്ടവൾ
മഠം വിട്ടവൾ
ഒരു മുൻ കന്യാസ്ത്രിയുടെ ആത്മകഥ
മരിയ റോസ
കറന്റ് ബുക്സ്
വില ₹ 199
മരിയ റോസ
1962 - ൽ കണ്ണൂർ ജില്ലയിൽ ജനനം. വിമൻസ് കോളജ് കണ്ണൂർ , ആചാര്യ നരേന്ദ്ര ദേവ് കോളജ് കാൺപൂർ, ദേവ് സമാജ് കോളജ് ഓഫ് എഡ്യൂക്കേഷൻ - ചണ്ഡിഗഡ് , ജ്ഞാനദീപ വിദ്യാപീഠം - പൂണെ എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം. അധ്യാപികയായി കേരളം ഉത്തർപ്രദേശ്, ഒമാൻ ( മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ) എന്നിവിടങ്ങളിൽ ജോലി ചെയ്തു.
ജീവിത പങ്കാളി: ലോഥാർ ജോർജിയഫ്.