ഒരു വാഹനം കയ്യിൽ ഉണ്ടെങ്കിൽ അപകടം ഒന്നും സംഭവിച്ചില്ലെങ്കിൽ അതിന്റെ ദിശയും ഗതിയും നിയന്ത്രിച്ചു വേണ്ടുന്ന ഇടത്തേക്ക് നയിക്കാൻ നിങ്ങൾക്ക് അനായാസം സാധിക്കും.
എന്നാൽ ജീവിതം അങ്ങനെ നിയന്ത്രിക്കാൻ പറ്റുന്ന ഒന്നാണോ.? ഒറ്റ നോട്ടത്തിൽ അതേ എന്ന് തോന്നാം. പക്ഷെ ജീവിതം ഒരു നിയോഗമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ഭാഗ്യം തന്നെയാണ്.. നമുക്ക് നിയന്ത്രിക്കാൻ പറ്റുന്നത് നമ്മുടെ ചിന്തകളെയും മനസ്സിനെയും പ്രവൃത്തികളെയും ഒക്കെയാണ്. ശേഷം വരാനുള്ളത് എങ്ങും തങ്ങി നിൽക്കാതെ നമ്മിലേക്ക് തന്നെ വന്നെത്തും
വിവാഹം പോലും ലോട്ടറി അടിയ്ക്കും പോലൊരു സൗഭാഗ്യമല്ലേ.. എത്രയോ പെൺകുട്ടികൾ എല്ലാ തരത്തിലും സുഖമായി ജീവിക്കാൻ സാധിക്കുന്നവർ പീഡനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചേയ്യുന്നു. എല്ലാം വിധി എന്ന് പറയാനേ അപ്പോൾ സാധിക്കു.. അടുക്കളച്ചു മരുകൾക്കുള്ളിൽ ഒതുങ്ങി പോകുന്ന വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾ ഇപ്പോൾ നന്നേ കുറവാണ് എന്നത് മാത്രം ഒരു ആശ്വാസം നൽകുന്നു..
അപ്പോഴും കുട്ടികളിലും അടുക്കളയിലും മാത്രം ഒതുങ്ങിപ്പോയ യ പഴയ തലമുറയിൽ പെട്ട ഒരു വിഭാഗം നമുക്കിടയിലുണ്ട്. അന്ന് ജോലിക്ക് പോകാത്തതിൽ ഇന്നു ദു ഖിച്ചിട്ടു കാര്യമില്ല. ഇനിയുള്ള ജീവിതത്തിൽ സ്വയം പര്യാപ്തരാകാൻ ശ്രമിക്കുക. ഉള്ള കഴിവുകൾ അതെത്ര ചെറുതായാലും വിനിയോഗിച്ച് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുക.. അപ്പോൾ ഏകാന്തത എന്ന രൂക്ഷമായ അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല. ധനപരമായി പിടിച്ചു നിൽക്കാൻ പറ്റാതെ വരുന്ന അവസ്ഥയിലേക്ക് വീണു പോകാതിരിക്കാൻ നല്ല കാലത്ത് അല്പം എന്തെങ്കിലും അക്കൗണ്ടിൽ ബാക്കി വെക്കുന്നതും പരമ പ്രധാനമായ ഒരു കരുതലാണ്. പലപ്പോഴും ആരും അതിന് ശ്രദ്ധ കാണിക്കാറില്ല. കാരണം അക്കാലത്തു ജീവിതം സ്വപ്നതുല്യം മനോഹരമായിരിക്കും.
പക്ഷെ കാലം കടന്നു പോകുമ്പോൾ. ജീവിതം നേരത്തെ തന്നെ നമുക്കായി അടയാളപ്പെടുത്തിയ ചില തലവര കളെ നമുക്ക് നിയന്ത്രിച്ചു കൊണ്ടു പോകാൻ പറ്റുന്നതല്ല എന്ന് ക്രമേണ ചിലർക്കെങ്കിലും ബോധ്യമാകും. അത് കൊണ്ടു മാത്രം ഇത്രയും പറഞ്ഞതാണ്.
സ്ത്രീ ഒറ്റയ്ക്കായാൽ അവൾ ശക്തമായ തായ് വേരുകൾ ഉള്ള ഒറ്റമരമായി വളരുക. കൊടുംകാറ്റിനെയും പെരുമഴയെയും അതിജീവിക്കാൻ പഠിക്കുക. കാരണം ദേഹത്ത് ഒന്ന് കൈ വെക്കാതെ ഒരു യാത്രയ്ക്കോ, ഒരു സിനിമ കാണാനോ, ഒരുമിച്ച് അൽപനേരം സംസാരിക്കാം വരൂ എന്ന് പറയാനോ മാത്രം മനോ വിശാലതയുള്ള പുരുഷ സൗഹൃദങ്ങൾ ഇപ്പോൾ അപൂർവ്വമാണ് എന്ന് അനുഭവസ്ഥർ പറയുന്നു.
ചിലപ്പോൾ ഒരു നിയോഗം പോലെ ഈശ്വരൻ നമ്മിലേക്ക് എത്തിച്ച ഒരാൾ ഉണ്ടാകും. എങ്കിൽ അതൊരു സൗഭാഗ്യം തന്നെയാണ്.. അയാളെ അല്ലെങ്കിൽ അവളെ ഹൃദയത്തോട് ചേർത്ത് പിടിക്കുക. സ്വന്തം പരിശ്രമത്താൽ നേട്ടങ്ങൾ ഉണ്ടാക്കാവുന്ന ഒരു നിമിഷവും പാഴാക്കാതിരിക്കുക.
സമകാലിക സംഭവങ്ങൾ കേൾക്കുമ്പോൾ വളരെ വേദന തോന്നാറുണ്ട്. സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയുള്ള ഒരു പെൺകുട്ടിയുടെയും ജീവിതം ഒരു മരണക്കുരുക്കിൽ പിടഞ്ഞു തീരാൻ ഉള്ളതല്ല. വീട്ടിൽ നിന്നും കല്യാണം കഴിഞ്ഞു അവൾ ഇറങ്ങിപ്പോന്ന ആ പടി വാതിൽ അവൾക്കായി വീണ്ടും തുറന്നിടേണ്ടി വന്നാൽ തീർച്ചയായും മാതാപിതാക്കൾ അതിനു മടിക്കേണ്ടതില്ല. അതിൽ ദുരഭിമാനം തോന്നേണ്ട കാര്യവുമില്ല. വിവാഹം എന്ന ലോട്ടറിയിൽ അവൾക്കു ഒന്നും നേടാൻ ആയില്ല എന്ന് ആശ്വസിച്ചു കൊണ്ടു അവൾക്കായി ഒരിക്കൽ കൂടി നിങ്ങളുടെ ചൂണ്ടു വിരൽതുമ്പു നീട്ടി കൊടുക്കുക. അവൾക്കിനിയും പ്രകാശ പൂർണ്ണമായ നാളെകൾ ഉണ്ടാകും എന്ന് ഓർമ്മിപ്പിക്കുക.
മുന്നിൽ ഇനി ഇരുണ്ട ശൂന്യത മാത്രമേ ഉള്ളു എന്ന അവസ്ഥയിൽ മാത്രമേ നൊന്തു പെറ്റ പൂ പോലുള്ള കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച് ഒരു തീവണ്ടിപ്പാളത്തിലേക്കോ കുത്തി മറിയുന്ന പുഴയുടെ ആഴച്ചുഴികളിലേക്കോ അവൾ സ്വയം സമർപ്പിക്കുന്നത്. അതിനിട വരാതെ നോക്കേണ്ടത് അവളുടെ പ്രിയപ്പെട്ടവർ തന്നെയാണ്.
ഇത്തിരി നേരം അവൾ സ്വന്തം വീട്ടിലെ തന്റെ പഴയ മുറിയിൽ ആ മക്കളെ ചേർത്ത് പിടിച്ച് സമാധാനത്തോടെ ഉ റങ്ങിക്കോട്ടെ. അവൾക്കു നൽകിയ സ്ത്രീധനം തിരികെ വാങ്ങിയാൽ അതവൾക്ക് ആജീവനാന്തമുള്ള കരുതലും ആയിക്കൊള്ളും. ഈ സമയവും കടന്നു പോകും എന്നും ഈ ഭൂമിയിൽ ഇനിയും ജീവിച്ചു തീർക്കാൻ ഏറെ വസന്തങ്ങൾ അവൾക്കുണ്ടാകും എന്നും ഓരോ നിമിഷവും അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുക. ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുക.