നൃത്തം കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല, ലളിതമായ ജീവിതം കൊണ്ടും ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ 'മലർ' എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ സ്നേഹം നേടുന്നതിന് മുൻപ്, മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ 'കസ്തൂരിമാൻ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ സായ് പല്ലവി മുഖം കാണിച്ചിരുന്നു. 2003-ൽ പുറത്തിറങ്ങിയ 'കസ്തൂരിമാനിൽ' മീരാ ജാസ്മിനും കുഞ്ചാക്കോ ബോബനുമായിരുന്നു നായികാനായകന്മാർ. ഈ ചിത്രം ലോഹിതദാസ് തമിഴിലെടുത്തപ്പോൾ അതിൽ മീരാ ജാസ്മിൻ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളിൽ ഒരാളായി ഒരു പാട്ടുസീനിൽ സായ് പല്ലവി നൃത്തം ചെയ്തിരുന്നു. എന്നാൽ, അന്ന് പേരുകൊണ്ടോ മുഖം കൊണ്ടോ ആരാലും അറിയാതെ പോയ ആ പെൺകുട്ടി പിൽക്കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായി മാറി.
അൽഫോൺസ് പുത്രന്റെ 'പ്രേമം' എന്ന ചിത്രത്തിലെ 'മലർ' എന്ന കഥാപാത്രത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. ഈ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം നേടിയതോടെ സായ് പല്ലവിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 'പ്രേമത്തിൽ' അഭിനയിച്ച സമയത്ത് 10 ലക്ഷം രൂപയായിരുന്നു സായ് പല്ലവിയുടെ ശമ്പളം. എന്നാൽ, ഇന്ന് ബോളിവുഡ് ചിത്രമായ 'രാമായണ'യ്ക്ക് വേണ്ടി 5 കോടി രൂപയാണ് താരം പ്രതിഫലമായി കൈപ്പറ്റുന്നത്. രൺബീർ കപൂർ നായകനാവുന്ന ഈ ചിത്രത്തിൽ സീതയായാണ് സായ് പല്ലവി അഭിനയിക്കുന്നത്.
അഭിനയം മാത്രമല്ല, നൃത്തം കൂടിയാണ് സായ് പല്ലവിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. 'പ്രേമത്തിലെ' റൊക്കാങ്കൂത്ത് മുതൽ, 'മാരി 2'-വിലെ 'റൗഡി ബേബി'യും 'അതിരനി'ലെ കളരി ചുവടുകളും അനായാസമായി സായ് പല്ലവി അവതരിപ്പിച്ചു. അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും താരം തിളങ്ങുന്നുണ്ട്. അടുത്തിടെ കോടികൾ വാഗ്ദാനം ചെയ്തിട്ടും ഒരു ഫെയർനെസ്സ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാകാത്ത സായ് പല്ലവിയുടെ നിലപാടും ഏറെ ശ്രദ്ധ നേടിയിരുന്നു.
English summary:
From a dancer in Kastoorimaan to Sita in Ramayana; the girl who once went unnoticed in a crowd is now a South Indian film superstar.