ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി(സിബിപി). ഇനി മുതല്‍ മാംസം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും കാര്‍ഷിക ഉല്‍പന്നങ്ങളും കൊണ്ടുപോകുന്നവര്‍ അവ മുന്‍കൂട്ടി ഡിക്ലയര്‍ ചെയ്യണമെന്ന് സിബിപി കര്‍ശന നിര്‍ദ്ദേശം നല്‍കി.
യാത്രക്കാര്‍ കൊണ്ടുപോകുന്ന വസ്തുക്കള്‍, അവ ക്യാരി-ഓണ്‍ ബാഗുകളിലോ, ചെക്ക് ചെയ്ത ലഗേജുകളിലോ, വാഹനങ്ങളിലോ ആണെങ്കില്‍ പോലും സിബിപിക്ക് മുന്നില്‍ ഡിക്ലയര്‍ ചെയ്യണം. സിബിപിയുടെ നായ പന്നിയുടെ വേവിച്ച തലയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ഈ നിര്‍ദ്ദേശം പുറത്തുവിട്ടത്. പ്രവേശന കവാടങ്ങളിലെ സിബിപി അഗ്രികള്‍ച്ചര്‍ സ്‌പെഷലിസ്റ്റുകള്‍ ഡിക്ലയര്‍ ചെയ്ത എല്ലാ വസ്തുക്കളും പരിശോധിച്ച് അവ യു.എസ്. പ്രവേശ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് തീരുമാനിക്കും.
വാണിജ്യേതര വസ്തുക്കള്‍ ഡിക്ലയര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ആദ്യതവണ കുറ്റക്കാര്‍ക്ക് $1000(ഏകദേശം 86,500 രൂപ) വരെ പിഴ ചുമത്തും. വാണിജ്യപരമായ ലംഘനങ്ങള്‍ക്ക് ഇതിലും ഉയര്‍ന്ന പിഴകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര തപാല്‍ വഴിയുള്ള സാധനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ഡിക്ലയര്‍ ചെയ്യാത്ത കാര്‍ഷിക ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് അപകടകരമായ സസ്യ കീടങ്ങളെയും മൃഗരോഗങ്ങളെയും എത്തിക്കാന്‍ സാധ്യതയുണ്ട്. ഈ ഭീഷണികള്‍ അമേരിക്കന്‍ കൃഷിക്കും സമ്പദ് വ്യവസ്ഥയ്ക്കും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയേക്കാം. ഇത് തടയുന്നതിനാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.