ബതൂമി (ജോർജിയ): പത്തൊമ്പതാം വയസിൽ ഫിഡെ വനിതാ ലോക ചെസ് ചാംപ്യൻ പട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ദിവ്യ ദേശ്‌മുഖ്. ഇന്ത്യയുടെ തന്നെ ഒന്നാം നമ്പർ താരവും നിലവിലുള്ള ലോക റാപ്പിഡ് ചാംപ്യനുമായ കൊനേരു ഹംപിയെയാണ് ദിവ്യ ഫൈനലിൽ പരാജയപ്പെടുത്തിയത്.
പതിനഞ്ചാം സീഡായി ടൂർണമെന്‍റിനെത്തിയ ദിവ്യ ലോകത്തെ ഏറ്റവും പ്രഗൽഭരായ നിരവധി താരങ്ങളെ മറികടന്നാണ് ലോക കിരീടവും ഒപ്പം ഗ്രാൻഡ്മാസ്റ്റർ സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ 88ാം ഗ്രാൻഡ്മാസ്റ്ററായി ഇതോടെ ദിവ്യ. ഇതിൽ ഹംപിയും ദിവ്യയും ഉൾപ്പെടെ നാലു വനിതകൾ മാത്രമാണുള്ളത്.
ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ദിവ്യ കളിച്ചത്. മുപ്പത്തിനാലാം നീക്കത്തിനൊടുവില്‍ ഹംപിയും ദിവ്യയും സമനില സമ്മതിച്ചു. നാല്‍പത്തിയൊന്നാം നീക്കത്തിന് ശേഷമായിരുന്നു ആദ്യ മത്സരം സമനിലയിലായത്. ഇരുവര്‍ക്കും ഓരോ പോയിന്റ് വീതമായതോടെയാണ് ടൈ ബ്രേക്കറിലേക്ക് കിരീടപ്പോരാട്ടം നീണ്ടത്. റാപ്പിഡ്, ബ്ലിറ്റ്സ് ഫോര്‍മാറ്റുകളിലാണ് ടൈ ബ്രേക്കര്‍ ഗെയിമുകള്‍. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള 10 മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം. ഹംപിയോ ദിവ്യയോ ആര് ജയിച്ചാലും ഇന്ത്യക്ക് ആദ്യ വനിതാ ലോകകപ്പ് ചാമ്പ്യന്‍ ഉറപ്പായിരുന്നു.
ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.