സാൻ ഫ്രാൻസിസ്കോയിൽ ശനിയാഴ്ച്ച രാത്രി ഇറങ്ങിയ ഡെൽറ്റ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റിനെ കോക്‌പിറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത് യാത്രക്കാർക്ക് അമ്പരപ്പായി.
ആയുധമേന്തിയ ഫെഡറൽ ഏജന്റുമാർ എന്തിനാണ് അറസ്ററ് നടത്തിയതെന്ന് ഔദ്യോഗികമായ അറിയിപ്പില്ല.
എന്നാൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇന്റർനെറ്റ് സൈറ്റുകളുമായി ബന്ധപ്പെട്ട റെയ്‌ഡുകളുടെ ഭാഗമാണ് അറസ്റ്റെന്നു ഫോക്സ് ന്യൂസ് പറഞ്ഞു. മില്യൺ കണക്കിനു ഫയലുകളുള്ള 2,000ത്തിലേറെ സൈറ്റുകൾ ജസ്റ്റിസ് ഡിപ്പാർട്മെന്റ് ശനിയാഴ്ച്ച അടച്ചുപൂട്ടിയിരുന്നു.
മിനാപോളിസിൽ നിന്നാണ് വിമാനം രാത്രി 9:25നു എത്തിയത്.
ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഉൾപ്പെടെ പല ഫെഡറൽ ഏജൻസികളുടെ പത്തോളം ഏജന്റുമാർ വിമാനത്തിൽ കുതിച്ചെത്തി കോക്ക്പിറ്റിൽ നിന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നു യാത്രക്കാർ പറഞ്ഞു. യാത്രക്കാർക്ക് ഒരറിയിപ്പും നൽകിയില്ല.
ഫ്ലൈറ്റ് ക്രൂവിനും കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നു യാത്രക്കാർ പറഞ്ഞു. പൈലറ്റിന്റെ ഇമിഗ്രെഷൻ സ്റ്റാറ്റസുമായി ബന്ധപ്പെട്ടാവാം അറസ്റ്റ് എന്ന നിഗമനവും ഉണ്ടായി.
കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫിന്റെ ഉത്തരവനുസരിച്ചാണ് അറസ്റ്റെന്നു ഹോംലാൻഡ് സെക്യൂരിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Delta pilot arrested from cockpit