വിദേശത്തു ഏറ്റവുമധികം ആളുകൾ ജീവിക്കുന്ന രാജ്യം ഇപ്പോൾ ഇന്ത്യയാണെന്നു യുഎൻ കണക്കുകളെ ആധാരമാക്കി ഡാറ്റ ഫോർ ഇന്ത്യ 2025 റിപ്പോർട്ട് പറയുന്നു. 18.5 മില്യൺ ഇന്ത്യക്കാരാണ് വിദേശത്തു ജീവിക്കുന്നത് എന്നതാണ് അവർ ആധാരമാക്കുന്ന 2024ലെ കണക്ക്.
ലോകമൊട്ടാകെയുള്ള കുടിയേറ്റക്കാരിൽ ഏതാണ്ട് 6% ആണിത്. ഇന്ത്യ ഇത്തരം കണക്കുകൾ സൂക്ഷിക്കാറില്ല. അതു കൊണ്ട് വിദേശരാജ്യങ്ങളിൽ നിന്നാണ് കണക്കുകൾ എടുത്തിട്ടുള്ളത്.
കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ ഗ്രൂപ് ഇന്ത്യക്കാരാണെന്നു റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ മെക്സിക്കോക്കാർ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തും.
1990നും 2024നും ഇടയ്ക്കു ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ 6.5 മില്യണിൽ നിന്നു 18.5 മില്യണായി വളർന്നുവെന്നു റിപ്പോർട്ട് പറയുന്നു. ആഗോള തലത്തിൽ 4% ഉണ്ടായിരുന്നത് 6% ആയി.
അധികവും ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യക്കാർ എത്തുന്നത്: സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ പ്രവാസികളിൽ പകുതിയോളം ഇന്ത്യക്കാരാണ്.
നോർത്ത് അമേരിക്കയിൽ വിദേശത്തെ ഇന്ത്യക്കാരിൽ ഏതാണ്ട് 25% ഉണ്ട്. യൂറോപ്പിൽ കുറഞ്ഞു വരികയാണ്.
2024 ആയപ്പോഴേക്കു യു എ ഇയും യുഎസുമായി ഏറ്റവുമധികം ഇന്ത്യക്കാർ എത്തുന്ന രാജ്യങ്ങൾ. രണ്ടിടത്തും ഏതാണ്ട് 17% വീതമുണ്ട്. യു എ ഇയിലെ പ്രവാസികളിൽ 40% ഇന്ത്യക്കാരാണ്: രാജ്യത്തു താമസിക്കുന്നവരിൽ മൂന്നിലൊന്നിൽ കൂടുതൽ.
സൗദിയിലും കുവൈറ്റിലും ജനസംഖ്യയുടെ 25 ശതമാനത്തോളം ഇന്ത്യക്കാർ ആണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ നിന്നു സ്ത്രീകൾ കൂടുതലായി എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. 2024ൽ ഇന്ത്യൻ പ്രവാസികളിൽ മൂന്നിലൊന്നു സ്ത്രീകളായിരുന്നു: ഏതാണ്ട് 6.6 മില്യൺ.
ഗൾഫിൽ പക്ഷെ പുരുഷന്മാർ തന്നെ കൂടുതൽ.
യുഎസിൽ ഇന്ത്യൻ പ്രവാസികളിൽ ഏതാണ്ട് കാൽ ഭാഗം സ്ത്രീകളാണ്.
Indians are largest number of emigrants