ജന്‍മനാടായ ആലപ്പുഴയിലെ തന്റെ സ്വന്തം പേരിലുള്ള വലിയ ചുടുകാട്ടില്‍ വി.എസ് അച്യുതാനന്ദന്‍ എന്ന ജനകീയ സഖാവ് എരിഞ്ഞടങ്ങിയിട്ടും 'ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ്' വിവാദം സി.പി.എമ്മിന് തീരാ തലവേദനയാവുന്നു. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും എം.എല്‍.എയുമായിരുന്ന പിരപ്പന്‍കോട് മുരളിയുടെ തുറന്നു പറച്ചിലിന് പിന്നാലെ മുന്‍ എം.പി സുരേഷ് കുറുപ്പും സമാന പ്രതികരണവുമായി രംഗത്തു വന്നതോടെ വിഷയം കത്തിപ്പടരുകയാണ്.
വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണീഷ്‌മെന്റ് നല്‍കണമെന്ന് 2012-ലെ തിരുവനന്തപുരം സമ്മേളനത്തില്‍ ഒരു യുവ നേതാവ് ആവശ്യപ്പെട്ടിരുന്നതായാണ് പിരപ്പന്‍കോട് മുരളി വെളിപ്പെടുത്തിയത്. ഈ യുവ നേതാവിന് വളരെപ്പെട്ടെന്ന് പാര്‍ട്ടിയിലെ ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞു. ക്യാപിറ്റല്‍ പണീഷ്‌മെന്റ് നല്‍കണമെന്ന് കോണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിക്കുന്നത് വെറും കെട്ടുകഥയാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നതിനിടെയാണ് സമ്മേളന പ്രതിനിധിയായിരുന്ന പിരപ്പന്‍കോട് മുരളിയുടെ തുറന്നു പറച്ചില്‍. യുവനേതാവിന്റെ പേര് പറഞ്ഞില്ലെങ്കിലും പിരപ്പന്‍കോട് മുരളി നല്‍കിയ സൂചനകളില്‍നിന്ന് ആള് എം സ്വരാജാണെന്ന് വ്യക്തം.
അതേസമയം ഇന്നലെ, ഞായറാഴ്ച മാതൃഭൂമിയുടെ വാരാന്തപ്പതിപ്പില്‍ സുരേഷ് കുറുപ്പ്, 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി.എസ്' എന്ന പേരിലെഴുതിയ ലേഖനത്തില്‍ 2015-ലെ ക്യാപ്പിറ്റല്‍ പണീഷ്‌മെന്റിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു...''അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊട്ടു പെണ്‍കുട്ടി വി.എസിന് ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റതെ വി.എസ് വേദിവിട്ട് പുറത്തേയ്ക്കിറങ്ങി. ഏകനായി. ദുഖിതനായി. പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്തുനിന്നും വീട്ടിലേയ്ക്ക് പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല...''
സുരേഷ് കുറുപ്പിന്റെ ഈ പരാമര്‍ശവും ചിലരെ ചൊടിപ്പിച്ചു. അദ്ദേഹം ''ഒരു കൊച്ചു പെണ്‍കുട്ടി...'' എന്നല്ലാതെ ആരുടെയും പേര് പറഞ്ഞില്ല. പക്ഷേ, ട്രോളര്‍മാരുടെ ഇഷ്ട പുത്രിയായ ചിന്താ ജെറോം ഇത് സ്വയം ഏറ്റുപിടിച്ചു. ''ആലപ്പുഴയിലേത് എന്റെ ആദ്യ സംസ്ഥാന സമ്മേളനമായിരുന്നു. ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് എന്നൊരു വാക്ക് ഒരു പ്രതിനിധിയും ഉന്നയിച്ചിട്ടില്ല. അത് മാധ്യമസൃഷ്ടി മാത്രമാണ്...'' എന്നായിരുന്നു ചിന്തയുടെ ന്യായവാദം. സുരേഷ് കുറുപ്പിനെപ്പോലെ സമാദരണീയനായ ഒരു ജെന്റില്‍മാന്‍ കോമ്രേഡ് ഒരിക്കലും കള്ളം പറയില്ലെന്ന് അദ്ദേഹത്തിന്റെ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും സമ്മതിക്കുന്നു. ആലപ്പുഴ സമ്മേളനത്തില്‍ ചിന്ത, വി.എസിന് ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് നല്‍കണമെന്ന് പറഞ്ഞതായി പല മുതിര്‍ന്ന നേതാക്കളും മാധ്യമ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
എന്താണ് ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ്..? കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് വധശിക്ഷയാണ്. എന്നാല്‍ ജനാധിപത്യത്തില്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് തോല്‍പ്പിക്കുകയെന്നതായിരിക്കാം അവര്‍ക്കുള്ള ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ്. വി.എസിന് ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ്‌കൊടുക്കണം എന്ന് എം സ്വരാജ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ വേദിയിലുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെല്ലാം കൈകൊട്ടി ആര്‍ത്ത്ചിരിച്ചുവെന്നാണ് പിരപ്പന്‍കോട് മുരളി പറഞ്ഞത്. അതിനുശേഷം വി.എസ് ഒരു വേദിയില്‍ പറഞ്ഞതിങ്ങനെ...
''വി.എസ് അച്യുതാനന്ദനെ ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് നടത്തണം എന്നുള്ള തരത്തില്‍ ക്രൂശിക്കാനുള്ള മുദ്രാവാക്യങ്ങള്‍ ഇന്ന് വിളിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞല്ലോ നാല്പത്തിമൂന്നില്‍ (1943) കൈയ്യൂര്‍ കൃഷിക്കാര്‍ അവരുടെ പാട്ടവാരസമ്പ്രദായങ്ങള്‍ കുറയ്ക്കുന്നതിനും നിലത്തില്‍ സ്ഥിരാവകാശം കിട്ടുന്നതിനും വേണ്ടി പോരാടിയതിന്റെ ഫലമായി നാല് കൃഷിക്കാരുടെ യുവാക്കളെയാണ് തൂക്കുമരമേറ്റിയത്. തൂക്കുകയറും എല്ലാം വെല്ലുവിളിച്ചുകൊണ്ടിപ്പോള്‍ ക്യാപ്പിറ്റല്‍പണീഷ്‌മെന്റ് എന്നു പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ലെന്നു കൂടി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുകയാണ്...''
താമസിയാതെ തന്നെ സ്വരാജിനെ രക്ഷിക്കാനായി, ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് എന്താണെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍ എത്തി. ''വി.എസിന്റെ ഒരു ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു കേസുണ്ടാക്കി, വിജിലന്‍സ് കേസെടുത്ത് വി.എസിനെ ജയിലില്‍ അടയ്ക്കും എന്നാണ് ഇപ്പോള്‍ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സഖാവ് വി.എസ് ഈ ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് കാണിച്ച് തന്നെ പേടിപ്പിക്കേണ്ട എന്ന് പറഞ്ഞത്...''
ഇതിനിടെ ഒരുസമയത്ത് വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയോട് വിരട്ടലും വിലപേശലും ഒന്നും വേണ്ടെന്ന് പിണറായി മുന്നറിയിപ്പു നല്‍കിയത് ഒരു പാര്‍ട്ടി യോഗത്തിലാണ്. അത്ര വലിയ ത്യാഗമൊന്നും സഹിച്ച ആളല്ല വി.എസ് എന്ന കുറ്റപ്പെടുത്തലും പിണറായി അന്ന് നടത്തി.''വിരട്ടലും വിലപേശലുമൊന്നും ഈ പാര്‍ട്ടിയോടു വേണ്ട, വിരട്ടലിനും വിലപേശലിനുമൊന്നും വഴങ്ങിക്കൊടുക്കുന്നതല്ല ഈ പാര്‍ട്ടി. എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതും നമ്മള്‍ ഓര്‍ക്കേണ്ടതാണ്. അല്ലെങ്കില്‍ ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കേണ്ടതാണ്...'' എന്നായിരുന്നു ആ ശാസന.
എന്നാല്‍ ഇതിലൊന്നും അദ്ദേഹം വീണില്ല. പലവിധത്തിലുള്ള അപമാനങ്ങള്‍ തനിക്കെതിരെ ഉണ്ടായിട്ടും വി.എസ് പാര്‍ട്ടി വിട്ട് പോയില്ല, പാര്‍ട്ടിയെ ഒരിക്കല്‍പ്പോലും കുറ്റപ്പെടുത്തിയിട്ടുമില്ല. സി.പി.എമ്മിന്റെ സ്ഥാപക നേതാവായ വി.എസിനെ പാര്‍ട്ടിയില്‍നിന്ന് സാങ്കേതികമായി പുറത്താക്കിയില്ലെങ്കിലും പോളിറ്റ് ബ്യൂറോയില്‍ നിന്നുള്ള തരംതാഴ്ത്തല്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ വെട്ടിക്കുറച്ചതും പരസ്യമായി ശാസിച്ചതും പുറത്താക്കലിനേക്കാള്‍ കഠിനമായ ശിക്ഷയായിരുന്നു. എന്നാല്‍ താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനുവേണ്ടി അദ്ദേഹം എല്ലാം സഹിച്ചു.
മരണത്തില്‍ നിന്ന്, അല്ല കൊലക്കളത്തില്‍ നിന്ന് അത്ഭുതമായി രക്ഷപെട്ട വ്യക്തിയാണ് അച്യൂതാനന്ദന്‍. പുന്നപ്ര വയലാര്‍ സമരത്തിന്റെ മുഖ്യകണ്ണിയും സൂത്രധാരനുമായ വി.എസിനെ പോലീസ് പിന്‍തുടര്‍ന്നു. കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നും പാലാ പോലീസ് വി.എസിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്നും പാലായില്‍ എത്തിയ പോലീസ് സംഘത്തിന്റെ തലവന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വാസുപിള്ള ആയിരുന്നു.
സമരത്തിലെ മറ്റു നേതാക്കളായ ഡി സുഗതനേയും സൈമണേയും പിടികൂടിയതിനൊപ്പം വി.എസിനെ പിടികൂടാന്‍ കഴിയാതിരുന്നതിനാല്‍ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട പോലീസുകാരന് വി എസിനോടുള്ള വൈരാഗ്യം ചെറുതായിരുന്നില്ല. പക തീര്‍ക്കാന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇടിയന്‍ നാരായണ പിള്ളയെ ഏര്‍പ്പാടാക്കിയിട്ടാണ് വാസുപിള്ള പാലായില്‍ നിന്ന് ആലപ്പുഴയ്ക്ക് തിരിച്ചത്. ആ കഥ ഒരിക്കല്‍ നടന്‍ ഇന്നസെന്റിനോട് ഒരു ടി.വി ഷേയില്‍ വി.എസ് പറഞ്ഞു.
''നാലപ്ത്തി ആറിലാണ് ആ കുത്ത് കുത്തിയത്. ലോക്കപ്പിന്റെ അഴികള്‍ക്കിടയിലൂടെ രണ്ടുകാലുകളും പുറത്തേയ്ക്ക് വലിച്ചിട്ടിട്ട് പാദങ്ങള്‍ക്ക് മുകളിലും താഴെയും രണ്ട് ലാത്തികള്‍ ചക്കരകയറു കൊണ്ട് കെട്ടിയതിനു ശേഷം നല്ല ചൂരല്‍ വടി കൊണ്ട് കാല്‍വെള്ളയില്‍ ശക്തിയായി അടിക്കുകയാണ്. ഓരോ പ്രാവശ്യവും അടിക്കുമ്പോള്‍ അതി ഭയങ്കരമായ വേദനയാണ്. പത്തിരുപത്തഞ്ച് പ്രാവശ്യം ഏറ്റവും നിഷ്ഠൂരമായിട്ട് അടിക്കുമ്പോഴും ഒന്നും പറയുന്നില്ല എന്ന് വന്നുകഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ അയാളുടെ തോക്കില്‍ ബയണറ്റ് ഫിറ്റ് ചെയ്തിട്ട് കാല്‍വെള്ളയില്‍ കുത്തിക്കയറ്റി. അപ്പോള്‍ വളരെ ശക്തമായ നിലയില്‍ ആ മുറിവില്‍ കൂടി രക്തം അങ്ങോട്ട് പ്രവഹിച്ച് മുറിക്കകത്തും പുറത്തും നിറയുകയാണുണ്ടായത്. അപ്പോഴേയ്ക്കും അണ്‍കോണ്‍ഷ്യസ് ആയിപ്പോയി...'' വലതു പാദം തുളച്ച് മുകളിലെത്തിയ മുറിപ്പാട് ഇന്നസെന്റിന് കാട്ടിക്കൊടുത്തുകൊണ്ട് അദ്ദേഹം തുടര്‍ന്നു.
''ഉടനെ തന്നെ നാരയണപിള്ള, അവന്‍ ചത്തുകാണും. അവനെ കാട്ടിലെവിടെയെങ്കിലും എറിഞ്ഞേച്ചു പോര് എന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. സാറന്മാര്‍ക്ക് സഹായിയായി ഞാനും വരാമെന്നു പറഞ്ഞ് 42-ലധികം കേസില്‍ പ്രതിയായ കള്ളന്‍ കോലപ്പനും അവര്‍ക്കൊപ്പം കൂടി. എല്ലാവരും എന്നെ എടുത്ത് ജീപ്പിലിട്ട് കാട്ടിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അനങ്ങുകയോ മറ്റോ ചെയ്യുന്നതു കണ്ടിട്ട് കോലപ്പന്‍ പോലീസുകാരോട് പറഞ്ഞു... ആള് മരിച്ചിട്ടില്ല, നമ്മുക്ക് പാലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാം. എന്നു പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു. ഇതായിരുന്നു അന്നത്തെ സംഭവം....''
ഇങ്ങനെ ശാരീരികമായ വേദനകള്‍ സഹിച്ചും സഹപ്രവര്‍ത്തകരില്‍നിന്ന് ഏറെ അപമാനിതനായിട്ടും വി.എസ് മരണം വരെ പാര്‍ട്ടിക്കൊപ്പം നിന്നു. അതാണ് അദ്ദേഹത്തിന്റെ മഹത്വം. തന്റെ കൊച്ചുമകളാവാന്‍ പോലും പ്രായമില്ലാത്തവര്‍ ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ വി.എസ് ആ നരന്തുകളെയോര്‍ത്ത് മനസില്‍ ചിരിച്ചിട്ടുണ്ടാവും. ഒടുവില്‍ സംസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും അതിലുപരി ജനകോടികളുടെയും ആദവ് ഏറ്റുവാങ്ങി ചെങ്കൊടി പുതച്ച് വി.എസ് മണ്ണിലലിഞ്ഞു. ഇങ്ങനെ ജനങ്ങള്‍ക്കുവേണ്ടി ഒരു ഒറ്റയാള്‍ പോരാട്ടം നടത്തിയ ഒരുനേതാവും ഇതുവരെ
പിറന്നിട്ടില്ല. ഇനി പിറക്കുകയുമില്ല.
ലാല്‍ സലാം...