Image

ഗോവിന്ദച്ചാമിമാരെ മട്ടൺ കൊടുത്ത് ഇനിയും പോറ്റണോ? (ഷുക്കൂർ ഉഗ്രപുരം)

Published on 28 July, 2025
ഗോവിന്ദച്ചാമിമാരെ മട്ടൺ കൊടുത്ത് ഇനിയും പോറ്റണോ? (ഷുക്കൂർ ഉഗ്രപുരം)

മലയാളിക്ക് മറക്കാൻ കഴിയാത്ത ഒരു പേരാണ് സൗമ്യ. ആ പെൺകുട്ടിയെ 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവമാണ് സൗമ്യ വധക്കേസ്. എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. നമ്മുടെ രാജ്യത്തെ വനിത കമ്പാർട്ട്മെൻ്റിലെ ട്രെയിൻ യാത്രകൾ എത്രത്തോളം സുരക്ഷിതമാണെന്ന വലിയ ചോദ്യമാണ് ഈ സംഭവം ഉയർത്തുന്ന ഓർമ്മകൾ. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി എന്നയാൾ ആ മോളെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണമടയുകയാണ് ചെയ്തത്. സൗമ്യ തൻ്റെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് വരികയായിരുന്നു. തന്നെ പെണ്ണുകാണാൻ വരുന്നുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് അവർ വീട്ടിലേക്ക് യാത്ര തിരിച്ചത്. പക്ഷേ യാത്രക്കിടെയിലാണ് ധാരുണമായ ആ സംഭവം നടക്കുന്ന്. അവരുടെ കുടുംബവും നാടും സമൂഹവും ഒന്നങ്കം ഞെട്ടിമരവിച്ച സംഭവമായിരുന്നു അത്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്.

തടവുശിക്ഷ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഗോവിന്ദച്ചാമിയുടെ ശരീരം അല്പം ശോഷിച്ചെന്നല്ലാതെ കരുത്തിനും ക്രൂരമനസ്സിനും ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് ഇയാളുടെ വാക്കിൽനിന്ന് മനസ്സിലാകുന്നതായി ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷാ കാലാവധി ഏതാണ്ട് അവസാനിക്കാറായിട്ടും ഇയാൾക്ക് മാനസാന്തരമുണ്ടായിട്ടില്ല. 
2011 നവംബർ 11-നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്. അതീവ സുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കിലെ ഡി സെല്ലിലാണ് പാർപ്പിച്ചിരുന്നത്. കേരളം നടുങ്ങിയ കൊടും ക്രൂരതയെപ്പറ്റി സഹതടവുകാരും ജയിൽ ജീവനക്കാരും കുറ്റപ്പെടുത്തുമ്പോഴൊക്കെ അവരോട് കയർത്തും ക്ഷുഭിതനായും പൊട്ടിത്തെറിക്കുന്ന ഗോവിന്ദച്ചാമിയെ കാണാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. മറ്റു ചിലപ്പോൾ ചിരിച്ചുകൊണ്ടായിരിക്കും പ്രതികരണം. കുറ്റബോധത്തിൻറെ കണികപോലും ആ മുഖത്ത് കാണാറില്ല. മലം വാരി ജയിൽ ജീവനക്കാരെ എറിയുക എന്നതായിരുന്നു ഗോവിന്ദച്ചാമിയുടെ ഒരു വിനോദം. ആഴ്ചയിൽ ഒരു തവണ ആട്ടിറച്ചിയും ജയിൽ മെനുവിലുള്ള നല്ല ഭക്ഷണവും കഴിച്ച് കൊഴുത്തു തടിച്ച ചാമി ജയിൽ ചാടാൻ തടി കുറച്ചു ഭക്ഷണവും ചപ്പാത്തിയാക്കി ക്രമീകരിച്ചു എന്നതാണ് വാർത്ത.

ഒരുപാട് അന്ധവിശ്വാസങ്ങൾ ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഒരു മന്ത്രവാദിയുടെ അനുഗ്രഹമുണ്ടെന്നും തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ലെന്നും ഗോവിന്ദച്ചാമി പറയുന്നു. ജയിൽ ജീവനക്കാരോട് നിരന്തരം കലഹിക്കുന്ന സ്വഭാവമാണെങ്കിലും അടുത്തകാലത്തായി ശാന്തനായിരുന്നു. ജയിൽ ചാടുകയെന്ന ആഗ്രഹം എപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഗോവിന്ദച്ചാമി സുഖസൗകര്യങ്ങൾക്കും നല്ല ഭക്ഷണത്തിനുംവേണ്ടി ജയിൽ ജീവനക്കാരുമായി നിരന്തരം കലഹിച്ചിരുന്നു. തനിക്ക് കൃത്രിമ കൈ വേണമെന്ന് അന്നത്തെ ജയിൽ ഡിജിപിയോട് നേരിട്ട് ആവശ്യപ്പെടുകയും നിവേദനം നൽകുകയും ചെയ്തു. ബീഡി വലിക്കുന്ന ശീലമുള്ള തനിക്ക് ദിവസവും ബീഡി നൽകണമെന്നതായിരുന്നു മറ്റൊരാവശ്യം. പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരോട് തമിഴ്നാട്ടിലെ ജയിലിൽ ഇതൊക്കെ കിട്ടുമെന്നും ജയിൽ ചട്ടങ്ങൾ തനിക്ക് ബാധകമല്ലെന്നും ഭീഷണിപ്പെടുത്തി.

മറ്റു തടവുകാരെപ്പറ്റി നിരന്തരം പരാതിയുമായി അധികൃതരെ സമീപിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. ദിവസവും ബിരിയാണി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഒരുദിവസം നിരാഹാരം കിടന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സെല്ലിനുമുന്നിലെ വരാന്തയിൽ നിരത്തിവെച്ച പാത്രങ്ങളിൽ മട്ടൻകറി വിളമ്പുന്നത് കണ്ടതോടെ അയഞ്ഞു. മണപ്പിച്ച് പ്രകോപിപ്പിക്കാനായി കറി പാത്രത്തിൽ നിറയ്ക്കുന്നത് ഇയാളുടെ സെല്ലിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. മണമടിച്ചതോടെ ഗോവിന്ദച്ചാമി ലോഹ്യം പറയാനെത്തി.

നിരാഹാരം അവസാനിപ്പിച്ചതായി എഴുതിനൽകണമെന്ന് ജീവനക്കാർ പറഞ്ഞതനുസരിച്ച് മട്ടൻകറി കഴിച്ച് സമരമവസാനിപ്പിച്ചു. എല്ലാ ശനിയാഴ്ചയും 210 ഗ്രാം ആട്ടിറച്ചി തടവുകാർക്ക് നൽകാറുണ്ട്. അതേ ഇയാൾക്കും നൽകാറുള്ളൂ. രാത്രി പൊറോട്ടയും കോഴിക്കറിയും കഞ്ചാവും വേണമെന്ന് ഇയാൾ നിരന്തരം ആവശ്യപ്പെട്ടിരുന്നത്.
പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇടയ്ക്ക് ആത്മഹത്യാശ്രമവുമുണ്ടായി. പ്രഭാതകർമങ്ങൾക്കും മറ്റും പുറത്തിറക്കിയപ്പോൾ എല്ലാവരും കാൺകെ മേൽക്കൂരയിലെ കഴുക്കോലിൽ ഒറ്റക്കൈകൊണ്ട് മുണ്ട് കെട്ടാൻ ശ്രമിച്ചപ്പോൾ ജയിൽജീവനക്കാരും മറ്റു തടവുകാരും ചേർന്ന് മുണ്ട് പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ധരിക്കാൻ ബർമുഡ നൽകി. നാട്ടിലുള്ള സഹോദരൻ രണ്ടുതവണ ജയിലിൽവന്ന് കണ്ടിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ എത്തുന്ന തടവുകാർക്കുണ്ടാകുന്ന മാനസിക സമ്മർദങ്ങളൊന്നും തുടക്കംമുതലേ ഗോവിന്ദച്ചാമിയിൽ കണ്ടിരുന്നില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. വധശിക്ഷയിൽനിന്ന് രക്ഷപ്പെടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റാൽ സ്വന്തം വസ്ത്രങ്ങൾ അലക്കുന്ന ശീലമുണ്ട്. ഇടയ്ക്ക് ടിവി കാണും.(Mathrubhumi.com- 26 - July).
ജയിൽചാടി കിണറിൽ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടയാൾക്കുനേരെ വധഭീഷണി മുഴക്കിയിരുന്നു ഗോവിന്ദച്ചാമി. ഒച്ചവെച്ച് മറ്റുള്ളവരെ വിളിച്ചു വരുത്തിയാൽ കുത്തിക്കൊല്ലുമെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ ഭീഷണി.

സെക്ഷ്വൽ സൈക്കോ

തൃശൂർ അതിവേഗ കോടതിയിൽ നടന്ന ഈ കേസിന്റെ വിചാരണയിൽ പ്രതിയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളിൽ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി വെളിപ്പെടുത്തിയ ജഡ്ജി രവീന്ദ്രബാബു പ്രസ്താവിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. 2011 നവംബർ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാർട്ടുമെന്റിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.

തൃശ്ശൂർ അതിവേഗ കോടതിയിൽ പതിനൊന്നു ദിവസം കൊണ്ട് പൂർത്തിയാകുമെന്നു കരുതിയ വിചാരണ നടപടികൾ അഞ്ചുമാസം കൊണ്ടാണ് പൂർത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാൽപ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയിൽ സമർപ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പോലീസ് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ചത്.

കേരളാ ഹൈക്കോടതി തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിന്യായം ശരിവച്ചു. സുപ്രീം കോടതി കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസികുഷന് കഴിഞ്ഞില്ലെന്നു വിധിക്കുകയും അതിനു നൽകിയ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറക്കുകയും ചെയ്തു. എന്നാൽ ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് കീഴ്കോടതി അതിനു നല്കിയ ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും.
സുപ്രീം കോടതി ആറംഗ ബെഞ്ച് ഏപ്രിൽ 28, 2017ൽ കേരള ഗവണ്മെന്റ് നൽകിയ തിരുത്തൽ ഹർജിയും തള്ളിക്കളഞ്ഞു.

ഇന്ന് ഗോവിന്ദച്ചാമി എന്ന പേര് തന്നെ ഒരു അശ്ലീല വാക്കായി മാറിയിരിക്കുന്നു. 2011 ഫെബ്രുവരി ഒന്നിന്, വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ, സൗമ്യ എന്ന ഒരു കുടുംബത്തിന്റെ വെളിച്ചമായിരുന്ന 23കാരിയെ ബാലാത്സഗം ചെയ്ത് കൊന്ന ഈ നികൃഷ്ട ജീവി, അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്തയാണ് നമ്മുടെ കേരളത്തെ തേടിയെത്തിയത്. ഇടത് കൈപ്പടമില്ലാത്ത, ആരോഗ്യ ദൃഢഗാത്രനായ ആളാണ് ഗോവിന്ദച്ചാമി, ആകാശപ്പൊക്കമുള്ള രണ്ട് കൂറ്റൻ മതിലുകളിലൂടെ, തുണികെട്ടി കയറാക്കി സിനിമകളെ പോലും അമ്പരപ്പിക്കുന്ന രീതിയിലാണ് ആൾ രക്ഷപ്പെട്ടത്. ജയിൽ ചാടി മണിക്കൂറുകൾക്കുള്ളിൽ ഗോവിന്ദച്ചാമി പിടിയിലായെങ്കിലും, അയാൾ സൃഷ്ടിച്ച ഭീതി ഇനിയും മാറിയിട്ടില്ല.

യാതൊരു കുറ്റബോധവുമില്ലാത്ത, ആരെയും കൂസലില്ലാത്ത, പാതി ചതഞ്ഞരഞ്ഞ ശരീരത്തെപ്പോലും മാനഭംഗപ്പെടുത്താൻ കഴിയുന്ന ഒരു സൈക്കോ ക്രിമിനലിനെ ഇനിയും പൊതുഗജനാവിലെ പണമെടുത്ത് തീറ്റിപ്പോറ്റേണ്ടതുണ്ടോ? തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അയാൾ എങ്ങനെ ഇത്രയും വലിയ ക്രിമിനലായി.

കുടുംബം - അച്ഛൻ്റെ കൊടും മദ്യപാനം

കള്ളനായി മാറിയ സൈനികന്റെ മകൻ

തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമി ജനിച്ചത്. ഇന്ന് പലർക്കും വിശ്വസിക്കാൻ കഴിയില്ല. ഇന്ത്യൻ ആർമിയിലെ ഒരു സൈനികനായിരുന്നു ഗോവിന്ദച്ചാമിയുടെ പിതാവ്. ഗോവിന്ദ് സ്വാമിയെന്നാണ് ഇവന്റെ യഥാർത്ഥപേര് എന്നും തമിഴ്മാധ്യമങ്ങൾ ജൻമനാട്ടിൽ അന്വേഷണം നടത്തി പറയുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്. പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ടോക്സിക്കായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം, അച്ഛൻ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂർവ്വിക സ്വത്ത് വിറ്റുതുലച്ചു. അതോടെ അദ്ദേഹം ഗുണ്ടാപ്പണിയിലേക്കും, ചില്ലറ മോഷണങ്ങളിലേക്കും തിരിഞ്ഞു. സൈനികൻ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി! എല്ലാം വിറ്റുതലഞ്ഞതോടെ അവർ സമത്വപുരത്തെ ഒരു ചെറിയ കുടിലേക്ക് മാറി. പിതാവിന്റെ പീഡനം സഹിക്കവയ്യാതെ അമ്മ മാനസിക രോഗിയായി. അവർ തെരുവുകളിൽ അലഞ്ഞ് നടക്കയായിരുന്നുവെന്നാണ്, തമിഴ് മാധ്യമങ്ങൾ പറയുന്നത്. ഒടുവിൽ ഒരു വാഹനാപകടത്തിൽ മരിച്ചു.

അതുപോലെ തന്നെ അച്ഛനും ഒരു റോഡപകടത്തിൽ മരിച്ചു. ഇതോടെ കുടുംബം അനാഥമായി. പിതാവിനെ കണ്ട് നേരത്തെ തന്നെ കുട്ടികളും അല്ലറചില്ലറ മോഷണം പഠിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം അവർ ഇത് തൊഴിലാക്കി. റെയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മോഷണത്തിലുടെയായിരുന്നു അവരുടെ തുടക്കം.മാതാപിതാക്കൾ രണ്ടുപേരും മരിച്ചതോടെ സ്‌ക്കൂളിൽ പോലും പോവാതെ ഗോവിന്ദച്ചാമിയും ചേട്ടനും ക്രമിനൽ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. തിരക്കേറിയ ട്രെയിനിൽ പോക്കറ്റടി നടത്തുക, മാലപൊട്ടിച്ച് ഓടുക, മദ്യം കടത്തുക തുടങ്ങിയവയായിരുന്നു ആദ്യകാലപരിപാടികൾ. ക്രമേണെ ആ ഗ്യാങ്ങ് വലിയ കൊള്ളകളിലേക്കും, കഞ്ചാവ് കടത്തിലേക്കുമൊക്കെ തിരിഞ്ഞു. ഗോവിന്ദച്ചാമിയുടെ ജീവിതം പഠിച്ചവർ പറയുന്നത്, കുട്ടിക്കാലത്തെ അനുഭവങ്ങൾ ഗോവിന്ദച്ചാമിയുടെ പിൽക്കാല വ്യക്തിത്വത്തെയും മനോഭാവങ്ങളെയും കുറ്റകൃത്യ സ്വഭാവത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്നാണ്.

കൗമാരകാലത്തുതന്നെ അയാൾ നിർദയനായ ഒരു ക്രമിനലായി മാറിയിരുന്നു. 20വയസ്സ് ആയപ്പോൾ തന്നെ ഗോവിന്ദച്ചാമിയുടെ നേതൃത്വത്തിൽ ഒരു കവർച്ചാ സംഘംതന്നെ രൂപപ്പെട്ടുവന്നു. സേലം, ഈ റോഡ്, കടലൂർ, തിരുവള്ളൂർ, താംബരം എന്നിവടങ്ങളിലൊക്കെ അവർ തീവണ്ടിക്കവർച്ചകൾ നടത്തി. മിക്കയിടത്തും യാചകന്റെ വേഷത്തിലെത്തിയാണ് മോഷണം.

കൈ പോയതിലും ലൈംഗിക അതിക്രമമെന്ന് സംശയം.

മോഷണവും ലഹരിമരുന്ന് കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമിയെന്നാണ് തന്റെ സംശയമെന്നും ന്യൂസ് മിനുട്ടിന് നൽകിയ അഭിമുഖത്തിൽ ആളൂർ തുറന്നടിക്കുന്നുണ്ട്. നേരത്തെയും പൻവേൽ ഗ്രൂപ്പിന്റെ കേസിൽ താൻ ഹാജരായിരുന്നുവെന്നും ആളൂർ പറഞ്ഞിരുന്നു. എന്നാൽ ആളൂർ കാശുവാങ്ങിയതിന് കാര്യമുണ്ടായി. കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് ഉണ്ടായത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. ഇതിനിതിരെ ഗോവിന്ദച്ചാമി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകി. ഹൈക്കോടതി ശിക്ഷ ശരിവച്ചപ്പോൾ, കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ ഏഴ് വർഷത്തെ തടവായി സുപ്രീം കോടതി കുറച്ചു. ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു.

കോടതിയിൽ കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതായിരുന്നു വധശിക്ഷ ഒഴിവാക്കാനുള്ള കാരണം. ഈ വിധിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ഇത്രയും ഭീകരനായ ഒരു ക്രിമിനൽ സമൂഹ സുരക്ഷക്ക് ഭീഷണിയാണെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്. ഇപ്പോൾ അത് ശരിയാവുകയാണ്. ജയിലിലും വൻ പ്രശ്നമാണ് ഗോവിന്ദച്ചാമി സൃഷ്ടിച്ചത്. ജയിൽമാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകം നടത്തി. എല്ലാം ദിവസും ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് അടിയുണ്ടാക്കി. സെല്ലിനുള്ളിലെ സിസിടിവി തല്ലിത്തകർത്തു. ജയിൽ ജീവനക്കാർക്കുനേരെ മലമെറിഞ്ഞു. ഈ അക്രമത്തിന്റെ പേരിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിന് വിധിച്ചു. നേരത്തെ ഇയാൾ മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീർത്ത് ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയതിനുശേഷമാണ് സ്വയം മനോരോഗിയായി അഭിനയിക്കുന്നത് നിർത്തിയത്.

നേരത്തെ ഒരു സഹതടവുകാരനെ ഇയാൾ സ്വവർഗരതിക്ക് വിധേയനാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു! പക്ഷേ ഇത് പുറം ലോകം അറിഞ്ഞില്ല.

സെക്സാണ് ഗോവിന്ദച്ചാമിയുടെ ഏറ്റവും വലിയ പ്രശ്നമെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ കൺമുന്നിൽ വരുന്ന ആരെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ് ചാമി. 
തെറ്റിൽ നിന്നും മാറ്റം ആഗ്രഹിക്കാത്ത ഈ ക്രിമിനലിനെയൊക്കെ ഇനിയും തീറ്റിപ്പോറ്റാൻ ശ്രമിക്കുന്നതി യുക്തിയുണ്ടെന്ന് തോന്നുന്നില്ല. ആധുനിക നിയമങ്ങൾ തെറ്റിൽ നിന്നും മനുഷ്യനെ പരിവർത്തനം ചെയ്യാനുള്ളതാണ്. ജയിലും തടവുമെല്ലാം അതിനുള്ളതാണ്. എന്നാൽ യാതൊരു പരിവർത്തനവും ആഗ്രഹിക്കാത്ത ഒരുത്തനെ എന്തിനാണ് ഇങ്ങനെ വെച്ചുകൊണ്ടിരിക്കുന്നത്? സാമൂഹിക ക്രമത്തിന് ഭീഷണിയായ ഇത്തരം കുറ്റവാളികളെ കൊന്നു തീർക്കുക തന്നെയാണ് ചെയ്യേണ്ടത്. ആധുനിക ധൈഷണിക സമൂഹത്തിൽ ചെയ്യേണ്ടത് ധൈഷണിക യുക്തിക്കും നടക്കുന്ന ഇത്തരം നിയമങ്ങൾ തന്നെയാണ്. നീതിക്കായി കാത്തിരിക്കാം. 
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-28 17:17:41
മലയാളിക്ക് ഒരിക്കലും മറക്കാൻ ആവാത്ത മറ്റൊരു പേര് ആണ് നിമിഷ പ്രീയ. എന്താണ് ഉഗ്രപുരം , താങ്കളുടെ ആ "പെൺകുട്ടിവിഷയ" -ത്തിന്റെ മേലുള്ള നിലപാട്? സൗകര്യപ്പെടുമെങ്കിൽ, സമയം ഉണ്ടെങ്കിൽ ഒന്ന് വിശദീകരിക്കാമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക