അദ്ധ്യായം - 2
വിഭജനത്തില്‍ കീറി മുറിച്ച കാശ്മീരിന്റെ ഇരുവശങ്ങളിലും ഒരേ ജില്ലകള്‍ നിലനില്‍ക്കുന്നു. പൂഞ്ച്, രജൗറി, നൗഷറ തുടങ്ങിയ ജില്ലകള്‍ ഇന്‍ഡ്യയിലും പാകിസ്ഥാനിലുമുണ്ട്. എന്തിനേറെ രണ്ടു രാജ്യത്തിലും കാശ്മീര്‍ എന്ന സംസ്ഥാനങ്ങളുണ്ടല്ലോ! അതിര്‍ത്തിയിലെ കമ്പിവേലിയൊഴിച്ചാല്‍ ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഒരേ ജീവിത രീതി, ഒരേ ആചാരങ്ങള്‍, ഒരേ പ്രാര്‍ത്ഥന രീതി. വിഭജനത്തിനു ശേഷവും ഇവിടുത്തെ ആള്‍ക്കാര്‍ അതിര്‍ത്തി കടന്നു തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തീവ്രവാദം ഉടലെടുത്ത നാള്‍ മുതല്‍ ഗവണ്‍മെന്റ് അതിര്‍ത്തി കുറുകെ കടക്കുന്ന ക്രോസിംഗ് നിരോധിച്ചു. അതുകൊണ്ട് പഴയ പോലെ അതിര്‍ത്തി കടക്കുവാന്‍ പുതിയ തലമുറയ്ക്കു കഴിയുമായിരുന്നില്ല. എന്നിരുന്നാലും ഇപ്പോഴും ചിലരെങ്കിലും പട്ടാളക്കാരുടെ കണ്ണു വെട്ടിച്ച് അതിര്‍ത്തി കടന്നിരുന്നു. ഇങ്ങനെ വരുന്നവരെ തിരിച്ചറിയാന്‍ പട്ടാളത്തിനു യാതൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. തീവ്രവാദ സ്വഭാവമുള്ള ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരാനുള്ള ഇച്ഛാശക്തി ജനങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒട്ടില്ലതാനും. അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു കാശ്മീരിയെ സംബന്ധിച്ച് ഇന്‍ഡ്യന്‍ പട്ടാളവും അതിര്‍ത്തി കടന്നു വരുന്ന ഒളിപ്പോരാളികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം. രണ്ടു കൂട്ടരും തങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍. രണ്ടു കൂട്ടരും തങ്ങളുടെ സൈ്വര്യജീവിത്തില്‍ കടന്നു കയറുന്നവര്‍. തങ്ങളുടെ സ്വാതന്ത്ര്യത്തേയും ചിലപ്പോള്‍ ജീവിതത്തെ തന്നെയും ഹനിക്കുന്നവര്‍. അമര്‍ഷം ഉള്ളിലൊതുക്കി ഭീതിയോടെ അവര്‍ ജീവിതം തള്ളിനീക്കി.
ജനങ്ങളുടെ ഇടയിലെ തങ്ങളുടെ നിയന്ത്രണം നിലനിര്‍ത്തുന്നതിനും ശക്തി തെളിയിക്കുന്നതിനുമായി ചിലപ്പോഴൊക്കെ തീവ്രവാദികള്‍ മോഹന വാഗ്ദാനം നല്‍കി നാട്ടുകാരെ വലയിലാക്കും. ഒരു പട്ടാളക്കാരനെ കൊന്നാല്‍ ഇത്ര തുക ഇനാം! റാങ്ക് അനുസരിച്ച് പട്ടാളക്കാര്‍ക്കു വ്യത്യസ്തമായ വിലയാണ് ഇട്ടിരുന്നത്. സാദാ പട്ടാളക്കാരന് ഒരു ലക്ഷം, ഓഫീസര്‍ ഗ്രേഡിലുള്ളവര്‍ക്ക് 5 മുതല്‍ 10 ലക്ഷം വരെ. ഈ പ്രലോഭനത്തില്‍ വീഴുന്നവരെ ആവശ്യമെങ്കില്‍ അതിര്‍ത്തി കടക്കാനും ഇക്കൂട്ടര്‍ സഹായിച്ചിരുന്നു. മെഷീന്‍ ഗണ്‍ പോലുള്ള ആയുധങ്ങളും യഥേഷ്ടം നല്‍കും. തങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതാകുന്ന ചില സമയങ്ങളില്‍ ഒരു സാധാരണ ഇന്‍ഡ്യന്‍ പൗരനെ കൊന്നാല്‍ വരെ ഇവര്‍ പ്രതിഫലം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെയാണ് തീവ്രവാദികളുടെ വെടിവെയ്പില്‍ നിരവധി ജനങ്ങള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പലപ്പോഴും നമ്മള്‍ മാധ്യമങ്ങള്‍ വഴി അറിയുന്നത്.
ചമ്പനാരി എന്ന ഗ്രാമത്തിലെ ഇരുപത്തഞ്ചോളം ഗ്രാമവാസികളെ കൂട്ടകൊല ചെയ്തത്. പ്രങ്കോട്ടു കുരുതിയില്‍ ഇരുപത്തിയാറു പേര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ, കിശ്ച്വട്ടര്‍ ഗ്രാമത്തില്‍, കാലുചക്കില്‍ എന്തിനേറെ ജമ്മു നഗരത്തിന്റെ പ്രാന്ത പ്രദേശമായ ക്വസിം നഗറില്‍ വരെ എത്രയെത്ര കൊടും പാതകങ്ങള്‍. ഇവയിലൊക്കെ ഇരകളാകുന്നതാകയട്ടെ കാശ്മീരി പണ്ഡിറ്റുകളും മറ്റു ഹിന്ദു സമുദായക്കാരും. ആള്‍ക്കൂട്ടങ്ങള്‍ക്കു വ്യക്തിത്വം ഇല്ലാത്തതിനാലാകാം മാധ്യമങ്ങളില്‍ ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തള്‍ക്കപ്പുറം ഇവയ്ക്കു പ്രാധാന്യം ഇല്ലാതെയാകുന്നത്. എന്നാല്‍ ഇത് ചെയ്ത വ്യക്തികള്‍ വ്യവസ്ഥാപിതമായി സ്ഥാപിച്ച കോടതികളില്‍ നിന്നും ശിക്ഷ ഏറ്റു വാങ്ങുമ്പോള്‍ ആരാധ്യ പുരുഷന്മാരായി തീരുന്നു. സ്വാതന്ത്രത്തിന്റെ യാഥാര്‍ഥ്യ മൂല്യം അറിയാത്ത പുതുതലമുറ ഇവരെ മഹത്‌വല്‍ക്കരിക്കുന്നു. നവ മാധ്യങ്ങള്‍ ആകട്ടെ ഇക്കൂട്ടരില്‍ നിന്നും വിഗ്രഹങ്ങളെ ഉയര്‍ത്തി കൊണ്ട് വരാന്‍ വെമ്പല്‍ കൊള്ളുന്നു . നിഷ്‌കളങ്കരുടെ സ്വാതന്ത്ര്യത്തെയും ജീവനെയും തല്ലിയുടച്ചു അവര്‍ വീണ്ടും ആസാദി എന്ന് ആര്‍ത്തു വിളിക്കുന്നു. ഇതിനിടയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെയും നാടിനെയും സ്വാതന്ത്ര്യത്തെയും നഷ്ടപ്പെട്ടവരുടെ ദുഃഖങ്ങള്‍ കാണുന്നില്ല അഥവാ കാണുന്നതായി നടിക്കുന്നില്ല.
അദ്ധ്യായം - 3
നേരം പുലരാറായപ്പോഴാണ് ക്യാപ്റ്റന്‍ ജോസിന്റെ വാക്കി ടോക്കിയില്‍ മുകളിലെ ഔട്ട്‌പോസ്റ്റില്‍ നിന്നുള്ള വിളി വന്നത്. മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സുമായി എത്രയും പെട്ടെന്നു ബന്ധപ്പെടണമത്രേ! ബേസ് ക്യാംപില്‍ ഇതു സംബന്ധിച്ച് ഫോണ്‍ എത്തിയിരുന്നു. താനേറ്റെടുത്ത ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു എന്ന ബോധ്യം ക്യാപ്റ്റനുണ്ട്. ഒരൊറ്റയാള്‍പോലും അതിര്‍ത്തി കടന്നിട്ടില്ല. കൂട്ടരില്‍ ആര്‍ക്കും വെടിയേല്‍ക്കുകയോ, മറ്റു പരിക്കുകള്‍ പറ്റുകയോ ചെയ്തതായി ഒരു പോസ്റ്റുകളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. ഇനി അതിര്‍ത്തിക്കപ്പുറത്തു നിന്ന് വെടി വരുമെന്നു തോന്നുന്നില്ല. എങ്കിലും വിപല്‍ സാധ്യത കണക്കിലെടുത്തേ പറ്റൂ. ഒരു ബുള്ളറ്റിന്റെ ഛേദിച്ചു മാറി വരുന്ന ഒരു തുണ്ട് മതി ജീവന്‍ പോകാന്‍. താനിരിക്കുന്നിടത്തു നിന്നും മുകളിലേക്കുള്ള കയറ്റം സമയമെടുക്കുന്നതും അതിനാല്‍ തന്നെ അപകടകരവും. ശത്രുക്കളുടെ മുന്‍പിലെ ലക്ഷ്യമായി താന്‍ മാറിയേക്കാം. മിനിട്ടുകളുടെ ഇടവേളയില്‍ ഓരോ പോസ്റ്റുകളും അതിര്‍ത്തിയിലേക്കു ഇടവിടാതെ വെടി വെക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ക്യാപ്റ്റന്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി. ഏറ്റവും അകലെയുള്ള പോസ്റ്റില്‍ നിന്നാണ് ആദ്യ വെടിയുതിര്‍ത്തു തുടങ്ങിയത്. അതിനു ശേഷം അടുത്തതില്‍ നിന്നും. ഇടതടവില്ലാതെ ഫയറിംഗിനിടയില്‍ സുരക്ഷിതനായി ക്യാപ്റ്റന്‍ മുകളിലെത്തി. എതിര്‍ ഭാഗത്തു നിന്നും ഒരൊറ്റ വെടി പോലും ഉണ്ടായില്ല. ശത്രുക്കള്‍ പാലായനം ചെയ്തു കഴിഞ്ഞിരിക്കണം.
ഇനിയും പത്തുമിനിറ്റോളം മലയിറങ്ങിയാലേ ബേസ് ക്യാംപില്‍ എത്തുവാന്‍ കഴിയൂ. അവിടെ ഹോട്ട് ലെനില്‍ ബ്രിഗേഡിയര്‍ രാജു ക്യാപ്റ്റന്‍ ജോസിനെ കാത്തിരിക്കുകയായിരുന്നു. മിഷ്യന്‍ വിജയകരമായി പൂര്‍ത്തിയായെന്നും ഒരൊറ്റയാള്‍ പോലും അതിര്‍ത്തി കടന്നില്ലെന്നും ക്യാപ്റ്റന്‍ കമാന്‍ഡിംഗ് ഓഫീസറെ അറിയിച്ചു. അങ്ങേ തലയ്ക്കല്‍ പക്ഷേ ബ്രിഗേഡിയര്‍ വ്യാകുലനായിരുന്നു.
'ജോസേ, അവര്‍ നമ്മളെ പറ്റിച്ചെന്നാണു തോന്നുന്നത്. ഇന്റലിജന്‍സ് ഇപ്പോള്‍ സൂചിപ്പിച്ചത് യഥാര്‍ത്ഥ ക്രോസിംഗ് മറ്റൊരു സ്ഥലത്തായിരുക്കുമെന്നാണ്.'
ബ്രിഗേഡിയര്‍ രാജുവിന്റെ കീഴില്‍ ഒരേ യൂണിറ്റില്‍ മൂന്നു വര്‍ഷത്തോളം ജോസ് പ്രവര്‍ത്തിച്ചിരുന്നു. അന്യോന്യം ബഹുമാനവും സ്‌നേഹമുള്ളവര്‍. ജോസിനെ തന്റെ മകനെ പോലെയാണ് ബ്രിഗേഡിയര്‍ കരുതിയിരുന്നത്. ജോസാകട്ടെ തന്റെ ഓഫീസറുടെ ഏതു ഓര്‍ഡറും യാതൊരു മടിയുമില്ലാതെ ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു. അന്യോന്യമുള്ള ഈ ബഹുമാനവും സ്‌നേഹവും ഇരുവരുടെയും പ്രമോഷനു ശേഷവും തുടര്‍ന്നിരുന്നു. ബ്രിഗേഡിയറിന്റെ ആവശ്യപ്രകാരമാണ് ക്യാപ്റ്റനെ ഒളിപ്പോരാളികളെ നേരിടാന്‍ മാത്രമായി നിയമിച്ചത്. സുരക്ഷയ്ക്കായി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക തസ്തികയില്‍ നിയമിച്ചതും.
അവിടെ നടന്നത് ഇടയ്ക്കിടെ നടക്കുന്ന കൂലി പട്ടാളക്കാരുടെ ക്രോസിംഗ് ശ്രമം മാത്രമാണെന്നും കൊടും ഭീകരവാദി പി.ബി പോസ്റ്റിനു സമീപം ക്രോസ് ചെയ്‌തേക്കും എന്നാണ് മിലിട്ടറി ഇന്റലിജന്‍സ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയതെന്നും ബ്രിഗേഡിയര്‍ രാജു പറഞ്ഞു. നാളുകളായി സമാധാനം നിലനിന്നിരുന്ന രജൗറി മേഖലയില്‍ തീവ്രവാദത്തിന്റെ ആക്കം കൂട്ടാനും ഇന്‍ഡ്യന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരെ വകവരുത്താനും ഉദ്ദേശിച്ച് ഒരു കൊടും ഭീകരന്‍ ഈ ദിവസങ്ങളില്‍ അതിര്‍ത്തി കടന്നേക്കും എന്ന വിവരം മിലിട്ടറി ഇന്റലിജന്‍സിനു ലഭിച്ചിരുന്നു. അന്ന് അവിടെ അതു നടന്നേക്കും എന്നു വിചാരിച്ചാണത്രേ ബ്രിഗേഡിയര്‍ അതു തടയാനുള്ള ചുമതല ക്യാപ്റ്റന്‍ ജോസിനെ ഏല്പിച്ചത്. എന്നാല്‍ ഈ വൈകിയ വേളയില്‍ അതേ മിലിട്ടറി ഇന്റലിജന്‍സ് തന്നെ വ്യത്യസ്തമായ മറ്റൊരു ലീഡാണ് നല്‍കിയത്. സാധാരണ നടക്കാറുള്ള ക്രോസിംഗിലേക്ക് പട്ടാളത്തിന്റെ ശ്രദ്ധ തിരിച്ച ശേഷം മറ്റൊരു പാതയിലൂടെ കൊടും ഭീകരനെ ക്രോസ് ചെയ്യിക്കുക. വിവരം ലഭിച്ചതു വൈകിയാണെങ്കിലും എടുക്കാവുന്ന മുന്‍കരുതല്‍ എടുത്തേ മതിയാകൂ! ബ്രിഗേഡിയറുടെ നിര്‍ദ്ദേശം ഇതായിരുന്നു. ക്യാപ്റ്റന്‍ ജോസ് എത്രയും പെട്ടെന്ന് പി.ബി പോസ്റ്റിലേക്കു പോകുക. തിരച്ചിലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക.
Read More: https://www.emalayalee.com/writers/243