ന്യൂ യോർക്കിൽ തിങ്കളാഴ്ച്ച വൈകിട്ട് തിരക്കേറിയ സമയത്തു ഒരു പോലീസ് ഓഫിസർ ഉൾപ്പെടെ നാലു പേരെ വെടിവച്ചു കൊന്ന 27കാരൻ സ്വന്തം ജീവനൊടുക്കി. ആക്രമണത്തിനു പിന്നിൽ മറ്റാരും ഉള്ളതായി സംശയിക്കുന്നില്ലെന്നു ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്മെന്റിലെ (എൻ വൈ പി ഡി) കമ്മീഷണർ ജെസീക്ക ട്രിഷ് പറഞ്ഞു.
മിഡ്‌ടൗൺ മൻഹാട്ടനിലെ 345 പാർക്ക് അവന്യു എന്ന 44 നില കെട്ടിടത്തിൽ വൈകിട്ട് ആറരയോടെയാണ് ഷെയിൻ തമുറ ആക്രമണം നടത്തിയത്. പിന്നീട് 33ആം നിലയിൽ സ്വയം വെടിവച്ചു മരിച്ച അയാളുടെ ജഡം കണ്ടെത്തി.
എട്ടു മണിയോടെ കമ്മീഷണർ സോഷ്യൽ മീഡിയയിൽ അറിയിച്ചു: “അക്രമി കൊല്ലപ്പെട്ടു, സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്.” ട്രിഷും മേയർ എറിക് ആഡംസും രാത്രി മാധ്യമങ്ങളെ കാണുന്നുണ്ട്.
ബംഗ്ലാദേശിയായ ദിദാറുൽ ഇസ്ലാം (36) ആണ് കൊല്ലപ്പെട്ട ഓഫിസറെന്നു മേയർ എറിക് ആഡംസ് അറിയിച്ചു. അദ്ദേഹം വിവാഹിതനാണ്, രണ്ടു മക്കളുമുണ്ട്
ലാസ് വെഗാസിൽ സെക്യൂരിറ്റി ഗാർഡ് ആയിരുന്നു കൊലയാളി എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മനോരോഗത്തിന്റെ ചരിത്രമുണ്ടെന്നു റിപോർട്ടുണ്ട്.
നൂറു കണക്കിനു പോലീസ് ഓഫിസർമാർക്കൊപ്പം എഫ് ബി ഐയും രംഗത്തിറങ്ങി.
ആളുകൾ ജോലി കഴിഞ്ഞു മടങ്ങുന്ന സമയമായതിനാൽ കൂടുതൽ പേർക്ക് പരുക്കേറ്റിട്ടുണ്ടാവാം എന്നാണ് നിഗമനം. റൂഡിൻ മാനേജ്‌മെന്റ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമയിലുള്ള കെട്ടിടത്തിൽ എൻ എഫ് എൽ, ബ്ലാക്‌സ്‌റ്റോൺ ഗ്രൂപ് എന്നിവ ഉൾപ്പെടെ വൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എൻ വൈ പി ഡി 17ആം പ്രിസിങ്ക്ട് ഇതിനു തൊട്ടടുത്താണ്.
നിരവധി ഹോട്ടലുകളും ഉള്ള സ്ട്രീറ്റിൽ ടൂറിസ്റ്റുകളുടെ തിരക്ക് എപ്പോഴും ഉണ്ടാവാറുണ്ട്. സമീപത്തു ലെക്സിങ്ങ്ടൺ അവന്യുവിൽ നിരവധി മികച്ച ഹോട്ടലുകളുണ്ട്.
Lone shooter kills 4, including officer in Manhattan