വാഷിംഗ്ടൺ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയിട്ട് 7 മാസം തികയുന്നതേ ഉള്ളൂ. ഇപ്പോഴേ അടുത്ത പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2028 നവംബറിൽ നടക്കുമ്പോൾ ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ ) പാർട്ടിയുടെ സ്ഥാനാർഥി ആരായിരിക്കും എന്ന ചർച്ചകൾ മാധ്യമങ്ങൾ സജീവമാക്കുകയാണ്. ആഴ്ചകൾക്കു മുൻപ് ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർഥി ആകാൻ സാധ്യത ഉള്ളവരുടെ ജനപ്രീതിയും മറ്റു ചില മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. ആ കൂട്ടത്തിൽ മുൻ വൈസ് പ്രസിഡന്റും കാലഫോണിയ ഗവർണ്ണർ ആകാൻ മത്സരിക്കുന്ന സ്ഥാനാർത്ഥിയുമായ കമല ഹാരിസിനെ ഉൾപെടുത്തിയിരുന്നില്ല. 2028 ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക്ക് പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ ഹാരിസിന്റെ പേരു് കാണാനാവും എന്നതിനാൽ ആ ഗാലോപ് പോളിന് വലിയ വില കല്പിക്കാനാവില്ല.
ഇപ്പോൾ ഒരു ജെ എൽ പാർട്നെർസ് പോൾ ജി ഓ പി സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക പരിശോധിക്കുകയാണ്. 46% പേർ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ സ്ഥാനാർത്ഥിത്വം അനുകൂലിക്കുന്നതായാണ് അവരുടെ (ജെ എൽ പാർട്ടിനേഴ്സിന്റെ ) സർവേ പറയുന്നത്. ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസിനെ 8% വും വിവേക് രാമസ്വാമിയെ 7% വും മാർക്കോ റുബിയോയെ 6% വും പിന്തുണക്കുന്നതായി പോൾ കണ്ടെത്തി . ഒരു എക്കണോമിസ്ട് /യു ഗവ. സർവ്വേയിലും വാൻസ് 43% പിന്തുണയുമായി മുന്നിലെത്തി. ഇത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് വളരെ നേരത്തെ നടത്തിയ സർവേ ആണ്. ശേഷിച്ച മൂന്നു വർഷങ്ങൾക്കുള്ളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ പല ചലനങ്ങളും മാറ്റങ്ങളും സാധ്യമാണ്. തന്റെ സ്വന്തം പാർട്ടിയുമായി ഈലോൺ മസ്‌ക് രംഗ പ്രവേശം ചെയ്തേക്കാം. മസ്കിനും മസ്കിന്റെ പാർട്ടിക്കും എന്തെങ്കിലും വലിയ മാറ്റങ്ങൾ രാഷ്ട്രീയ സമവാക്യങ്ങളിൽ ഉണ്ടാക്കുവാൻ കഴിയുമോ എന്ന് പ്രവചിക്കുവാൻ ഇപ്പോൾ സാധ്യമല്ല.
താൻ വീണ്ടും പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ തന്റെ ഭാഗ്യം പരീക്ഷിക്കും എന്ന് പ്രസിഡന്റ് ട്രംപ് ഇടയ്ക്കിടെ പറയാറുണ്ട്. എന്നാൽ ഈ പ്രസ്താവനകൾ പ്രസിഡന്റിന്റെ തമാശകൾ ആണെന്ന് കരുതുന്നവർ ധാരാളം ഉണ്ട്. അമേരിക്കൻ ഭരണഘടന ഒരാൾക്ക് രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാകാൻ അനുവദിക്കുന്നില്ല എന്ന് വാദിക്കുന്നവർ ധാരാളമാണ്. ട്രംപ് അസാധ്യമാണെന്ന് പലരും പറഞ്ഞിട്ടുള്ള പല കാര്യങ്ങളും സാദ്ധ്യമാക്കാം എന്ന് പല തവണ തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. പക്ഷെ ഒരു മൂന്നാം ഊഴത്തിനു ശ്രമിച്ചാൽ വോട്ടർമാർ അനുകൂലിക്കണമെന്നില്ല എന്ന് തിരിച്ചറിയുന്നതിനാൽ വീണ്ടും ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിർന്നേക്കില്ല.
ഒരു വൈസ് പ്രസിഡന്റെന്ന നിലയിൽ വാൻസ് പ്രധാനമായും അണിയറയിൽ കഴിയുന്ന ഒരു വ്യക്തിയായി അല്ല ജനങ്ങൾ കണ്ടിട്ടുള്ളത്. എന്നാൽ അരങ്ങത്തു നിറഞ്ഞു നിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ട്രംപിന്റെ ഉപഭരണകർത്താവ് എന്ന നിലയിൽ ആർക്കും അതിനു കഴിയുമെന്ന് തോന്നുന്നുമില്ല. പക്ഷെ സമീപകാലത്തെ വി പി മാരിൽ വിമർശകർക്ക് ഏറെ പഴി ചാരാനും നിശിത വിമർശനം നടത്തുവാനും സാധ്യമാകാതിരുന്ന ഒരു വി പി ആണെന്ന് കഴിഞ്ഞ മാസങ്ങളിൽ വാൻസ് തെളിയിച്ചു. പക്ഷെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ കൂടുതൽ തീവ്ര പരിശോധനകൾ ഉണ്ടാകും. വിസ്മൃതിയിലാണ്ടു കിടക്കുന്ന പല കാര്യങ്ങൾക്കു പുനർ ജീവനം ഉണ്ടാകും.
യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ജനപ്രിയത കുറയുന്നതായി ചില സർവേകൾ തുടർച്ചയായി പറഞ്ഞു. മറ്റു ചില അഭിപ്രായ വോട്ടെടുപ്പുകളിൽ പ്രസിഡന്റിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്നു വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തു വന്നത്. ഓരോ അഭിപ്രായ സർവേ വിലയിരുത്തുമ്പോഴും സർവേ ആരാണ് നടത്തിയത്, എന്തിനാണ് നടത്തിയത് ആരാണ് സർവേ ഫലം ഉപയോഗിക്കുവാൻ താൽപര്യപ്പെടുന്നത് എന്ന ഘടകങ്ങൾ പ്രധാനമാണ്. ഓരോ സർവേയുടെ പിന്നിലും പ്രവർത്തിച്ചവർക്ക് അത് കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാവുക എന്നറിയേണ്ടതുണ്ട്. വിപണിയിൽ നിന്ന് വാങ്ങുന്ന ഓരോ സാധനവും രജിസ്റ്റർ ചെയ്യുവാൻ ശ്രമിക്കുന്ന ഉപഭോക്താവ് എത്തിപ്പെടുക അയാൾക്ക് അവശ്യമില്ലാത്ത, അയാളെ ദീർഘകാലത്തേക്ക് ബന്ധനത്തിലാക്കുന്ന വെബ് സൈറ്റുകളിലാണ്. അതിനാൽ അഭിപ്രായ സർവേയുടെ ഉദ്ധിഷ്ടകാര്യം എന്തായിരുന്നു എന്ന് കണ്ടെത്തുക വിഷമകരമാണ്.
എങ്കിലും നാലു വർഷത്തിലേക്കു ജനഹിതം അനുസരിച്ചു അധികാരത്തിലേറിയ ഒരു രാഷ്ട്രീയ നേതാവിനെ ആരൊക്കെ ഇഷ്ടപെടുന്നു ആരെല്ലാം വെറുക്കുന്നു എന്ന് സമയാസമയങ്ങളിൽ മനസിലാക്കുന്നത് ഉചിതമായിരിക്കും. ട്രംപ് അധികാരത്തിലേറിയിട്ട് ഏഴു മാസത്തോളമായി. അമേരിക്കൻ ജനതയിൽ എത്ര ശതമാനം അദ്ദേഹത്തെ ഇഷ്ടപെടുന്നു എത്രപേർ വെറുക്കുന്നു എന്നറിയാൻ 50 സംസ്ഥാനങ്ങളിൽ നിന്നുള്ള 39,770 പേരെ സമീപിച്ചു അവരുടെ അഭിപ്രായം അറിഞ്ഞു സമഗ്രമായ ഒരു ചിത്രം പ്രസിദ്ധീകരിക്കുവാൻ ശ്രമിച്ച 'സിവിക്സിനു' ഒരു സമ്മിശ്ര ചിത്രമാണ് ലഭിച്ചത് 31സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രസിഡന്റിനെ ഇഷ്ടപ്പെടുന്നില്ല എന്നും 19 സംസ്ഥാനങ്ങൾ പ്രസിഡന്റിനെ അനുകൂലിക്കുന്നു എന്നും. ന്യൂസ് വീക്ക് എന്ന മാധ്യമം ഈ വിവരങ്ങൾ ഉപയോഗിച്ച് ഒരു മാപ്പും പ്രസിദ്ധീകരിച്ചു.