Image

പുട്ടിനു യുദ്ധം അവസാനിപ്പിക്കാൻ നൽകിയ സമയം 10-12 ദിവസമായി കുറയ്ക്കുന്നുവെന്നു ട്രംപ് (പിപിഎം)

Published on 29 July, 2025
പുട്ടിനു യുദ്ധം അവസാനിപ്പിക്കാൻ നൽകിയ സമയം 10-12 ദിവസമായി കുറയ്ക്കുന്നുവെന്നു ട്രംപ് (പിപിഎം)

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു നൽകിയ സമയം 50 ദിവസത്തിൽ നിന്നു 10-12 ദിവസമായി വെട്ടിക്കുറയ്ക്കുന്നുവെന്നു തിങ്കളാഴ്ച്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു. "ഇനി അവരുമായി സംസാരിക്കാൻ എനിക്കു താല്പര്യമില്ല," സ്കോട്ലൻഡിലെ തന്റെ ടേൺബറി ക്ലബ്ബിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാർമറുടെ ഒപ്പം മാധ്യമങ്ങളെ കണ്ട ട്രംപ് പറഞ്ഞു.  

റഷ്യയുടെ മേൽ പുതിയ ഉപരോധങ്ങൾ ഏർപെടുത്തണമോ എന്നു തീരുമാനിച്ചില്ലെന്നും ട്രംപ് വെളിപ്പടുത്തി. റഷ്യയിൽ നിന്നു എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ അദ്ദേഹം ഉപരോധ താക്കീതു നൽകിയിരുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ അത് ബാധിക്കും.

പുട്ടിനെ കുറിച്ചു താൻ നിരാശനാണെന്നു ബുധനാഴ്ച്ച പുറത്തു വരുന്ന ന്യൂ യോർക്ക് പോസ്റ്റിന്റെ പോഡ്‌കാസ്റ്റിൽ ട്രംപ് പറയുന്നുണ്ട്. "സത്യം പറയുകയാണ്. ഞങ്ങൾ തമ്മിൽ കുറെ മികച്ച സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും ഫലങ്ങൾ ഉണ്ടാക്കിയില്ല. കുറെ വളരെ, വളരെ മോശപ്പെട്ട കാര്യങ്ങൾ അതിനു ശേഷം ഉണ്ടായി. സത്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചെന്നു ഞാൻ മൂന്നോ നാലോ തവണ കരുതിയതാണ്."

പുട്ടിൻ വെറുതെ ട്രംപിന്റെ സമയം പാഴാക്കുകയാണ് ചെയ്യുന്നതെന്നു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി നേരത്തെ പറഞ്ഞു. "ട്രംപിന്റെ പിന്തുണയ്ക്കു നന്ദി, പക്ഷെ 50 ദിവസം സമയം നൽകിയാൽ ഒട്ടേറെ ജീവൻ നഷ്ടമാവും."  

Trump revises deadline for Putin  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക