ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ, പ്രസ്തുത സ്ഥാനത്തെത്തുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ മുസ്ലീമാകും.എന്നാൽ, ന്യൂയോർക്ക് സിറ്റിയിലെ നിരവധി കുടിയേറ്റ സമൂഹങ്ങൾക്ക് അദ്ദേഹത്തിന്റെ നയപരമായ നിലപാടുകളോട് എതിർപ്പുണ്ട്. മംദാനി ഹിന്ദു വിരുദ്ധനാണെന്ന് അവകാശപ്പെടുന്ന ദക്ഷിണേഷ്യൻ വോട്ടർമാരിൽ നിന്നാണ് അദ്ദേഹം കടുത്ത വിമർശനം നേരിടുന്നത്. ഇന്ത്യൻ മാതാപിതാക്കൾക്ക് ഉഗാണ്ടയിൽ ജനിച്ച മകനാണ് സൊഹ്‌റാൻ മംദാനി.അദ്ദേഹത്തിന്റെ പിതാവ് മുസ്ലീമും അമ്മ ഹിന്ദുവുമാണ്. ഇന്ത്യയിലേതുൾപ്പെടെ ഹിന്ദു പ്രവാസിസമൂഹത്തിൽ നിന്ന് നിരവധി ഇസ്ലാമോഫോബിക് ആക്രമണങ്ങൾ മംദാനി പ്രചാരണവേളമുതൽ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള മംദാനിയുടെ പ്രസ്താവനകളാണ് മംദാനിക്ക് വിനയാകുന്നത്.കഴിഞ്ഞയാഴ്ച ക്വീൻസിലെ സാംസ്കാരിക കേന്ദ്രമായ ഗുജറാത്തി സമാജിൽ നടന്ന ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ വളരെ മോശമായ വിമർശനത്തിന് അദ്ദേഹം പാത്രമായി. ഇന്ത്യയിൽ നിന്നുള്ള വിവാദ ഹിന്ദു പ്രഭാഷക കാജൽ ഹിന്ദുസ്ഥാനി, മംദാനി രാമരാജ്യത്തിന്" തടസ്സമായി നിൽക്കുന്ന പുതുയുഗ രാക്ഷസനാണെന്ന് വിശേഷിപ്പിച്ചു. പരിപാടിയിൽ 350 പേരാണ് പങ്കെടുത്തത്. ഭൂമിയിൽ അസുരന്മാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം, രാമരാജ്യം വരാൻ പോകുന്നില്ലെന്നാണ് അവർ പറഞ്ഞത്. മംദാനിക്കെതിരെ വോട്ട് ചെയ്യണമെന്നും അവർ സദസ്സിനോട് ആഹ്വാനം ചെയ്തു.
മതപരമായ സംഘർഷങ്ങൾ ന്യൂയോർക്ക് നഗരത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നും നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ ദക്ഷിണേഷ്യൻ പോളിംഗ് ശതമാനത്തെ ഇതെങ്ങനെ സ്വാധീനിക്കുമെന്നുമാണ് കാണേണ്ടത്. ബഹുസ്വരതയുടെ വക്താവ് എന്ന് അവകാശപ്പെടുന്ന ഹിന്ദുക്കളിൽ നിന്ന് മംദാനിക്ക് പിന്തുണയുണ്ട്. മതപരമായ ഭിന്നതകൾ പരിഹരിക്കാൻ അദ്ദേഹം എങ്ങനെ ശ്രമിക്കുമെന്ന് ഇതുവരെയുമൊരു സൂചനയുമില്ല.
255,000 ഇന്ത്യക്കാരും 103,000 ബംഗ്ലാദേശികളും 64,000 പാകിസ്ഥാനികളും ഉൾപ്പെടെ 450,000 ദക്ഷിണേഷ്യൻ നിവാസികൾ ന്യൂയോർക്ക് നഗരത്തിലുണ്ട്. ഇന്ത്യൻ-അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം ഹിന്ദുക്കളാണെങ്കിലും ഇവിടുള്ള ബംഗ്ലാദേശികളും പാകിസ്ഥാനികളും 60 ശതമാനവും മുസ്ലീങ്ങളാണ്. മംദാനി വിരുദ്ധത പ്രചരിപ്പിക്കുന്ന ഒരു ഗ്രൂപ്പ് തന്നെ ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്.ഗ്ലോബൽ ഇൻതിഫാദയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയെ രക്ഷിക്കൂ. മംദാനി നിരസിക്കൂ എന്ന് പറയുന്ന ഇക്കൂട്ടർ കോമോയ്‌ക്ക് വോട്ട് ചെയ്യാനും അഭ്യർത്ഥിക്കുന്നുണ്ട്.
ഭൂരിപക്ഷം ഇന്ത്യൻ സമൂഹവും" മുസ്ലീം വിരുദ്ധ വിശ്വാസങ്ങൾ സ്വീകരിക്കുന്നവരല്ല എന്ന് ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവാദത്തെക്കുറിച്ചും അമേരിക്കയിലെ വെളുത്ത ദേശീയതയെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്ന കാർണഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിൽ നിന്നുള്ള സമീപകാല സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
'തീവ്രവാദി', 'ഫാസിസ്റ്റ്' എന്നീ വിശേഷണങ്ങളും ചിലർ മംദാനിയുടെ പേരിൽ ചാർത്തുന്നുണ്ട്. നവംബറിൽ മംദാനി തിരഞ്ഞെടുക്കപ്പെടുമെന്ന ആശങ്ക നിരവധി ഭക്തരിൽ നിന്ന് തനിക്ക് വിവരം ലഭിച്ചതായി ഫ്ലഷിംഗിലെ ഗണേഷ് ക്ഷേത്രം നടത്തുന്ന ഹിന്ദു ടെമ്പിൾ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ഉമ മൈസൂർക്കർ പറഞ്ഞു, ഹിന്ദുക്കൾക്ക് ന്യായമായ പരിഗണന ലഭിച്ചേക്കില്ലെന്നാണ് അവർ കരുതുന്നത്. എന്നാൽ മംദാനി ഇസ്ലാമിന്റെ അനുയായി ആണെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിലയിരുത്തുന്നത് ന്യായമല്ല എന്നും അഭിപ്രായമുണ്ട്.മൻഹാട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വേരുകളുള്ളവരും ശ്രീലങ്കൻ, നേപ്പാളി, ടിബറ്റൻ, ഇന്തോ-കരീബിയൻ അംഗങ്ങളും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഹിന്ദുക്കൾ മംദാനിക്ക് അനുകൂലമാണ്.
റിഡ്ജ്‌വുഡിലെ നേപ്പാളി ഹിന്ദു ക്ഷേത്രത്തിൽ നടന്ന ഹിന്ദു ആഘോഷങ്ങളിൽ മംദാനി പങ്കെടുത്തിട്ടുണ്ട്.കഴിഞ്ഞ നവംബറിൽ ക്വീൻസിൽ നടന്ന ദിവ്യ ജ്യോതി അസോസിയേഷന്റെ ലെറ്റ്സ് ലൈറ്റ് അപ്പ് ലിബർട്ടി അവന്യൂ ദീപാവലി ആഘോഷത്തിലും അദ്ദേഹമുണ്ടായിരുന്നു.
ദീപാവലി, ഇരുട്ടിനു മുകളിലുള്ള വെളിച്ചത്തിന്റെ വിജയമാണെന്നും വാടക ഉൾപ്പെടെയുള്ള ജീവിതച്ചിലവുകൾ താങ്ങാനാവാതെ വരുമ്പോൾ വെളിച്ചത്തിനുള്ള മാർഗം കണ്ടെത്തണമെന്നും ഹിന്ദു മൂല്യങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.മേയർ ഏതുമതത്തിൽപ്പെട്ട ആളാണെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് വിശ്വസിക്കുന്ന ജനസമൂഹത്തിലാണ് ജനാധിപത്യത്തിന്റെ വിജയമിരിക്കുന്നത്.