സാഹസികതയും, സംസ്കാരവും, പ്രകൃതിഭംഗിയും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ പെറുവിലേക്കൊരു യാത്ര പ്ലാൻ ചെയ്യുകയാണോ നിങ്ങൾ? മാച്ചു പിച്ചുവിൻ്റെ നിഗൂഢതകളിലേക്കും ആണ്ടിസ് പർവതനിരകളുടെ വശ്യതയിലേക്കും ഇൻകാ സംസ്കാരത്തിൻ്റെ ശേഷിപ്പുകളിലേക്കും ആഴ്ന്നിറങ്ങാൻ തയ്യാറെടുക്കുക. തുടർന്നു വരുന്ന അധ്യായങ്ങളിലൂടെ യാത്ര ചെയ്താൽ നിങ്ങളുടെ മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിക്കുമെന്ന് തീർച്ച!
ലിമയിലേക്കുള്ള (Lima) യാത്ര ആരംഭിക്കുമ്പോൾ, പെറുവിൻ്റെ (Peru) നിഗൂഢതകളും സാഹസികതയും നിറഞ്ഞ കാഴ്ചകൾ എൻ്റെ മനസ്സിലേക്ക് ഓടിയെത്തി. ലാറ്റിനമേരിക്കൻ സംസ്കാരത്തിൻ്റെ ഈറ്റില്ലമായ പെറു, ചരിത്രവും പ്രകൃതിഭംഗിയും ഒരുപോലെ ഒത്തുചേരുന്ന ഒരിടമാണ്. ഇൻകാ (Inca) സംസ്കാരത്തിൻ്റെ കളിത്തൊട്ടിലായ ഈ ദേശം, സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആൻഡിസ് (Andes) പർവതനിരകളും, ആമസോൺ (Amazon) മഴക്കാടുകളും, മരുഭൂമികളും, പസഫിക് തീരങ്ങളുംകൊണ്ട് സമ്പന്നമാണ്.
വളരെ നാളത്തെ തയ്യാറെടുപ്പിനും ആസൂത്രണത്തിനും ശേഷമാണ് എൻ്റെ പെറുയാത യാഥാർത്യമായത്. പെറുവിനെ കുറിച്ചു വളരെ കുറച്ചു മാത്രം കേട്ടിട്ടുള്ള ഞാൻ പെറു, ലീമ, മാച്ചുപിച്ചു (Machu Picchu) എന്നീ മൂന്ന് വാക്കുകൾ മാത്രം മനസ്സിൽ വെച്ചു കൊണ്ടാണ് ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ നിന്നും പെറു യാത്ര തുടങ്ങിയത്. നീണ്ട എട്ട് മണിക്കൂർ യാത്രയ്ക്കു ശേഷം പ്രഭാത സൂര്യനെ കണ്ടു കൊണ്ടാണ് ഞങ്ങൾ പെറുവിൻ്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ലിമയിൽ ചെന്നിറങ്ങിയതു. ഇമിഗ്രേഷൻ പരിശോധനയ്ക്ക് ശേഷം ഞങ്ങൾ വളരെ വേഗത്തിൽ തന്നെ പുറത്തിറങ്ങി.
ചരിത്രവും ആധുനികതയും ഒരുപോലെ സമ്മേളിക്കുന്ന ലിമയിലെ വർണ്ണാഭമായ കെട്ടിടങ്ങളും തിരക്കേറിയ കമ്പോളങ്ങളും, ടൂർ കമ്പനിയുടെ പ്രതിനിധികളും ഞങ്ങളെ സ്വീകരിക്കാനായി ലിമയിൽ കാത്തു നിന്നിരുന്നു. പസഫിക് സമുദ്രത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്ക് ഞങ്ങൾ അവരോടൊപ്പം യാത്രയായി.
പെറുവിൻ്റെ നാഗരികതയും ചരിത്രവും:
തെക്കേ അമേരിക്കയിലെ മൂന്നാമത്തെ വലിയ രാജ്യമാണ് പെറു. പടിഞ്ഞാറ് മുതൽ കിഴക്ക് വരെ മൂന്ന് ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളായി ഇതിനെ തിരിച്ചിട്ടുണ്ട്.
1 - മരുഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളുടെ നീണ്ടതും ഇടുങ്ങിയതുമായ ബെൽറ്റ് ഉൾക്കൊള്ളുന്ന കോസ്റ്റ (തീരം);
2 - ആൻഡീസ് പർവതനിരകളുടെ പെറുവിയൻ ഭാഗമായ സിയറ (ഉയർന്ന പ്രദേശങ്ങൾ);
3 - ആമസോൺ നദീതടത്തിലെ ഉഷ്ണമേഖലാ മഴക്കാടുകൾ ഉൾക്കൊള്ളുന്ന വിശാലമായ വനങ്ങളുള്ള കിഴക്കൻ മലനിരകളും സമതലങ്ങളുമായ ആമസോണിയ.
കാലകാലങ്ങളിലായ് പല നാഗരികതകളിലൂടെ (Civilizations) ഈ സമ്രാജ്യം കടന്ന് പോയിട്ടുണ്ടെങ്കിലും ഇൻകാ (INCA) സാമ്രാജ്യമാണ് ഇതിൽ ഏറ്റവും പ്രധാനമായിരുന്നത്.
Caral-Supe Civilization (around 2600 B.C.):
Chavín Culture (around 1000 B.C. – 200 B.C
Cupisnique Culture (around 900 B.C. – 200 B.C.)
Paracas Culture (around 400 B.C. – 200 A.D.)
Moche Culture (around 0 – 600 A.D.)
Nazca Culture (around 0 – 800 A.D.)
Inca Empire (around 1400 – 1533 A.D.)
പന്ത്രണ്ടാം നൂറ്റാണ്ടിൽ ആധുനിക പെറുവിലാണ് ഇൻകാ (INCA) നാഗരികത ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
അവയുടെ ഉത്ഭവ ഐതിഹ്യങ്ങളുടെ ചില പതിപ്പുകൾ അനുസരിച്ച്, സൂര്യദേവനായ ഇന്തിയാണ് (INTI) ഇൻകയെ സൃഷ്ടിച്ചത്. പക്കാരി തമ്പു ഗ്രാമത്തിലെ മൂന്ന് ഗുഹകളുടെ നടുവിലൂടെ ഇന്തി തൻ്റെ മകൻ മാങ്കോ കപാക്കിനെ (Manco Capac) ഭൂമിയിലേക്ക് അയച്ചു. തൻ്റെ സഹോദരന്മാരെ പരാജയപ്പെടുത്തിയ ശേഷം, മാങ്കോ കപാക്ക് തൻ്റെ സഹോദരിമാരെയും അനുയായികളെയും മരുഭൂമിയിലൂടെ നയിച്ചു. തുടർന്ന് കുസ്കോയ്ക്കടുത്തുള്ള ഫലഭൂയിഷ്ഠമായ താഴ്വരയിൽ സ്ഥിരതാമസമാക്കി.
ഏകദേശം 1400 നും 1533 നും ഇടയിൽ പുരാതന പെറുവിൽ ഇൻകാ (INCA) നാഗരികത അഭിവൃദ്ധി പ്രാപിച്ചു. ഇൻകാ സാമ്രാജ്യം ഒടുവിൽ തെക്ക് പടിഞ്ഞാറൻ അമേരിക്കയിലുടനീളം വടക്ക് ക്വിറ്റോ മുതൽ തെക്ക് സാന്റിയാഗോ വരെ വ്യാപിച്ചു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യവുമായിരുന്നു ഇത്.
ഇൻകാകൾ തങ്ങളെ "സൂര്യൻ്റെ മക്കൾ" “Children of the Sun” ആയി കണക്കാക്കി. അവരുടെ ഭരണാധികാരി സൂര്യദേവനായ ഇന്തിയുടെ (sun god INTI) ജീവിച്ചിരിക്കുന്ന പ്രതിനിധിയായും അവർ കരുതിപോന്ന്.
സവിശേഷമായ കലയ്ക്കും വാസ്തുവിദ്യയ്ക്കും പേരുകേട്ടവരായിരുന്നു ഇൻകാകൾ. 30 ലധികം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 10 ദശലക്ഷം പ്രജകളുള്ള ഒരു സാമ്രാജ്യം അന്ന് അവർ ഭരിച്ചിരുന്നു.
1532-ൽ സ്പാനിഷ് അധിനിവേശം നടത്തിയിട്ടും, ഇൻകാ നാഗരികതയുടെ സ്വാധീനം അതിൻ്റെ ആകർഷകമായ കാർഷിക സാങ്കേതികവിദ്യകളിലൂടെയും വാസ്തുവിദ്യാ അത്ഭുതങ്ങളിലൂടെയും നിലനിന്നു.
ഇൻകാ നാഗരികത മനുഷ്യബലി പരിശീലിച്ചു പോന്നിരുന്നു, പ്രത്യേകിച്ച് കുട്ടികളെ ഉപയോഗിച്ചു.
ഖ്വാഖ് ഹുച്ച (Qhapaq hucha,): പ്രധാനമായും കുട്ടികളെ ഉപയോഗിച്ചുള്ള മനുഷ്യബലിയുടെ ഇൻകാ സമ്പ്രദായമായിരുന്നു ഇത്.
സാപ (Sapa) ഇൻകയുടെ (ചക്രവർത്തി) മരണം സംഭവിക്കുമ്പോഴോ, ക്ഷാമം പോലുള്ള പ്രധാന സംഭവങ്ങളുടെ സമയത്തോ അതിനുശേഷമോ ശിശുബലികൾ നടത്തിയിരുന്നു. പർവത ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനും മേധാവിയുടെ കുടുംബവും ഇൻകാ ചക്രവർത്തിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗം കൂടിയായിരുന്നു ഇത്.
കുട്ടികളെ ഏറ്റവും പരിശുദ്ധരായ ജീവികളായി കണക്കാക്കിയിരുന്നത് കൊണ്ടാണ് അവരെ ബലിയർപ്പിക്കപെടുവനായി തിരഞ്ഞെടുത്തത്.
കഴുത്ത് ഞെരിച്ച് കൊല്ലൽ, തലയ്ക്ക് അടി, ശ്വാസംമുട്ടിക്കൽ അല്ലെങ്കിൽ അബോധാവസ്ഥയിൽ ജീവനോടെ കുഴിച്ചിടൽ തുടങ്ങിയ രീതികളിലൂടെയാണ് ബലി നടത്തിയത്. ചില സ്പാനിഷ് രേഖകൾ ഹൃദയം നീക്കം ചെയ്യുന്നതിനെക്കുറിച്ച് പരാമർശിക്കുന്നു, പക്ഷേ ഇൻകാകൾക്കിടയിൽ ഈ സമ്പ്രദായത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല.
ഇൻകാ കുടുംബങ്ങൾ തീർച്ചയായും തങ്ങളുടെ മക്കളെ ബലിയർപ്പിക്കാൻ തയ്യാറായിരുന്നു, അത് ഒരു മാന്യമായ പ്രവൃത്തിയായി അവർ കണക്കാക്കി പോന്ന്.
ഒരിക്കൽ ഒരു കുട്ടിയെ തിരഞ്ഞെടുക്കുകയോ ചക്രവർത്തിക്ക് സമർപ്പിക്കുകയോ ചെയ്തുകഴിഞ്ഞാൽ, കുട്ടിയുടെ സ്വന്തം ഗ്രാമത്തിൽ നിന്ന് ഇൻക സാമ്രാജ്യത്തിൻ്റെ ഹൃദയമായ കുസ്കോയിലേക്ക് ഒരു വലിയ ഘോഷയാത്ര ആരംഭിക്കും.
കുട്ടിയുടെ അന്തസ്സ് അനശ്വരമാക്കുകയും കുടുംബത്തിന് ബഹുമാനം നൽകുകയും ചെയ്യുന്ന ആചാരപരമായ വിരുന്നുകൾ കുസ്കോയിൽ നടക്കും. ബലിയർപ്പിച്ച കുട്ടിയെ ഒരു ദേവതയായി അവർ കണക്കാക്കി. ഇത് മേധാവിയും ഇൻക ചക്രവർത്തിയും തമ്മിലുള്ള ശാശ്വതമായ ബന്ധം ഉറപ്പാക്കനായി അവർ ഉപയോഗിച്ചു.
ആൺകുട്ടികൾ പത്തിൽ കൂടുതൽ പ്രായമുള്ളവരാകരുത്. പെൺകുട്ടികൾക്ക് പതിനാറ് വയസ്സ് വരെയാകാമെങ്കിലും കന്യകകളായിരിക്കണം. അവർ തികഞ്ഞവരായിരിക്കണം, ഒരു ചുളിവുകളോ പാടുകളോ പോലും കളങ്കമായി കണക്കാക്കിയിരുന്നു. ഇതായിരുന്നു തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം:
ഏറ്റവും പരിശുദ്ധരായ കുട്ടികൾ മാത്രമേ ദൈവങ്ങളിലേക്ക് അയയ്ക്കാൻ യോഗ്യരാകൂ എന്ന് ഇൻകൾ വിശ്വസിച്ചു.
ചടങ്ങിലേക്ക് തങ്ങളുടെ കുട്ടിയെ തിരഞ്ഞെടുത്തത് ഒരു ബഹുമതിയായി കുടുംബങ്ങൾ കണക്കാക്കി. ത്യാഗം ചെയ്യപ്പെട്ട കുട്ടികൾ മരണാനന്തര ജീവിതത്തിൽ ജനങ്ങളുടെ പ്രതിനിധികളായി പ്രവർത്തിക്കുമെന്ന് അവർ കരുതിയിരുന്നു.
തുടരും Episode -2