Image

ഗാസയിൽ പട്ടിണിയുണ്ടെന്നു ട്രംപ്, അതിനു ഇസ്രയേൽ ഉത്തരവാദിയാണ് (പിപിഎം)

Published on 29 July, 2025
ഗാസയിൽ പട്ടിണിയുണ്ടെന്നു ട്രംപ്, അതിനു ഇസ്രയേൽ ഉത്തരവാദിയാണ് (പിപിഎം)

ഗാസയിൽ 'യഥാർഥമായ പട്ടിണി' ഉണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തിങ്കളാഴ്ച്ച സ്കോട്ലൻഡിൽ മാധ്യമങ്ങളോട് പറഞ്ഞു. അതിനുള്ള ഏറെ ഉത്തരവാദിത്തം ഇസ്രയേലിന്റെ മേലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസയിൽ യുഎസ് ഭക്ഷണം നൽകുന്ന കേന്ദ്രങ്ങൾ തുറക്കുമെന്നു പറഞ്ഞ ട്രംപ് അതിന്റെ വിശദാംശങ്ങൾ പക്ഷെ നൽകിയില്ല.  

ഗാസയിൽ പട്ടിണി ഇല്ലെന്നാണ് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു വന്നിരുന്നത്. "പച്ചക്കള്ളം" എന്നാണ് നെതന്യാഹു അതിനെ വിശേഷിപ്പിച്ചത്.

അപ്പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു ട്രംപ് പ്രതികരിച്ചത് ഇങ്ങിനെ: "എനിക്കറിയില്ല...പക്ഷെ ഈ കുട്ടികൾക്കു നന്നേ വിശക്കുന്നുവെന്നു അവരെ കണ്ടാലറിയാം. അത് യഥാർഥ പട്ടിണി മൂലമാണ്."

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമാറുടെ സാന്നിധ്യത്തിൽ സംസാരിച്ച ട്രംപ് ഗാസയെ കുറിച്ചു പറഞ്ഞു: "അവിടെ ആരും മഹത്തായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. മൊത്തം അരാജകത്വമാണ്."

മാനുഷിക സഹായം ഗാസയിൽ ലഭ്യമാവാത്തതിനു ഇസ്രയേൽ ഏറെ ഉത്തരവാദിയാണെന്നു പറഞ്ഞ ട്രംപ്, ഹമാസ് ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ 14 പേർ കൂടി പട്ടിണി മൂലം മരിച്ചെന്നു ആരോഗ്യ വകുപ്പ് ചൊവാഴ്ച്ച അറിയിച്ചു. 2023 ഒക്ടോബറിന് ശേഷം പട്ടിണി മൂലം മരിച്ചവരുടെ എണ്ണം ഇതോടെ 147 ആയി. അതിൽ 88 കുട്ടികളും ഉൾപെടുന്നു.

'നടക്കുന്ന മൃതദേഹങ്ങൾ'

പലസ്തീൻ അഭയാർഥികൾക്കായുളള യുഎൻ ഏജൻസിയുടെ മേധാവി ഫിലിപ്പെ ലാസറാനി പറഞ്ഞത് ഗാസയിൽ മനുഷ്യർ 'നടക്കുന്ന മൃതദേഹങ്ങൾ' ആയി മാറിയെന്നാണ്. അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കി ഭക്ഷണവും മറ്റും വിതരണം ചെയ്യണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. "അപലപിച്ചതു കൊണ്ടോ രോഷം കൊണ്ടതു കൊണ്ടോ കാര്യമില്ല."

ഇസ്രയേൽ സൃഷ്ടിച്ച പട്ടിണി തുടരുന്ന കാലത്തോളം ആ രാജ്യത്തിനു സഹായം നൽകാൻ പിന്തുണ നൽകില്ലെന്നു യുഎസ് സെനറ്റിലെ സ്വതന്ത്ര അംഗം ആംഗസ് കിംഗ് പറഞ്ഞു. ഇസ്രയേലിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയതിനു അവർ ട്രംപിനു നന്ദി പറഞ്ഞു.

Trump says Israel responsible for Gaza starvation 

ഗാസയിൽ പട്ടിണിയുണ്ടെന്നു ട്രംപ്, അതിനു ഇസ്രയേൽ ഉത്തരവാദിയാണ് (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക